ആരാധനാലയങ്ങൾ വർഗീയ പ്രചരണത്തിനും വിദ്വേഷ പ്രവർത്തനത്തിനും ഉപയോഗിക്കുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. മതത്തിന്റെ ലേബൽ ഉയർത്തിക്കാണിച്ച് ‘വിശ്വാസ’ങ്ങൾ മലിനമാക്കി നേട്ടം കൊയ്യുക എന്ന തന്ത്രമാണ് കാലങ്ങളായി അവർ ഉപയോഗിക്കുന്നത്. ചോര വീഴ്ത്താനൊരുങ്ങുന്ന ആയുധങ്ങൾ പോലും പുണ്യകേന്ദ്രങ്ങളിൽ സൂക്ഷിക്കാൻ മടിയില്ലാത്ത കാഴ്ചകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാം കണ്ടിട്ടുണ്ട്. വഖഫ് സമരവുമായി ബന്ധപ്പെട്ട് പള്ളികളിൽ ഖുത്ബ നടത്താമെന്ന മുസ്‌ലിം ലീഗിന്റെ ചിന്ത ആർഎസ്എസ് നിലപാടിനോട് കിടപിടിക്കുന്നതാണ്. സമൂഹത്തിൽ ഒറ്റപ്പെടുമെന്ന ഘട്ടത്തിൽ, തിരുത്തേണ്ടി വന്നെങ്കിലും മതവും പള്ളിയുമാണ് തങ്ങളുടെ രാഷ്ട്രീയക്കളരി എന്ന ഉള്ളിലിരുപ്പ് ലീഗിനെപ്പോഴും തികട്ടിവരുമെന്ന കാര്യത്തിൽ സംശയംവേണ്ട. വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. അതിനെ ആശയപരമായി നേരിടാൻ പിന്തുണയില്ലാതെ വന്നു. അതുകൊണ്ടാണ് പള്ളികളെ ഉപയോഗിച്ച് നേരിടുമെന്ന ഭീഷണിയുമായി വരുന്നത്. രാഷ്ട്രീയം തോറ്റിടത്ത് മതത്തെ കൂട്ടുപിടിച്ച് ജയിപ്പിച്ചെടുക്കാനാവുമോ എന്ന അവസാനത്തെ കൗശലത്തിനൊരുങ്ങുകയാണ് ആ പാർട്ടി. വഖഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രശ്നം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ അമ്പേ പരാജയപ്പെട്ടു. ഒരു മാസത്തിലധികമായി വഖഫ് നിയമന വിഷയം പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു മുസ്‌ലിം ലീഗ്. എന്നാൽ ഒരിടത്തുനിന്നും അതിന് സ്വീകാര്യത ലഭിച്ചില്ല. ലീഗ് ഉയർത്തുന്ന വിഷയങ്ങളോട് സമീപകാലത്തായി സമൂഹവും മുസ്‌ലിം മതവിഭാഗവും പുലർത്തുന്ന സമീപനത്തിന് ഇതിലേറെ തെളിവുകളുടെ ആവശ്യമില്ല. സമ്മർദ്ദ രാഷ്ട്രീയവും വർഗീയ നിലപാടുകളും കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ ലക്ഷണങ്ങളാണ് ഈ തള്ളിക്കളയലിനു പിന്നിലുള്ളത്. പ്രതിപക്ഷത്തെ പ്രധാന കക്ഷി എന്ന നിലയിൽ ഇത്ര ആവേശത്തോടെ കൊണ്ടുവന്ന വിഷയം ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോവുന്നതിന്റെ ക്ഷീണം തീർക്കലായിരുന്നു ഖുത്ബ വഴി നടപ്പാക്കാനുദ്ദേശിച്ചത്. ലീഗിന്റെ തീരുമാനം സമസ്ത പോലും തള്ളിക്കളയുമ്പോൾ ഇനിയെന്ത് വിശ്വാസ്യതയാണ് ആ പാർട്ടിക്കുള്ളത്. മുസ്‌ലിം മതവിശ്വാസി തന്റെ മരണാനന്തര ജീവിത വിജയം ലക്ഷ്യംവച്ച് ആരാധനാലയങ്ങൾക്കും മറ്റുമായി സമർപ്പിക്കുന്ന സ്വത്താണ് ലളിതമായി പറഞ്ഞാൽ വഖഫ് സ്വത്ത്. ഇത് കൈകാര്യം ചെയ്യുന്നത് മുതവല്ലിമാരും കമ്മിറ്റികളുമൊക്കെയാണ്. ഇതിന്റെ മേൽനോട്ടമാണ് വഖഫ് ബോർഡ് നടത്തുന്നത്. യുഡിഎഫ് കാലത്ത് മുസ്‌ലിം ലീഗ് ചെയ്യുന്ന ഈ പണി ഇനിമുതൽ ഇടതുപക്ഷക്കാർ ചെയ്യട്ടെ എന്നല്ല സർക്കാർ പറഞ്ഞത് എന്ന് പ്രത്യേകം ഓർക്കണം. സ്വന്തക്കാരെ തിരുകികയറ്റുന്ന രീതി അവസാനിപ്പിച്ച് അവിടെ പിഎസ്‌സി പരീക്ഷയിൽ വിജയിച്ച് നിയമനം നേടുന്ന മുസ്‌ലിം യുവാക്കൾ ജോലിയെടുക്കട്ടെ എന്നാണ് സർക്കാർ തീരുമാനിച്ചത്. അതുകൊണ്ടാർക്കാണ് കുഴപ്പം. അഴിമതി കടന്നുവരുമോ. അവിശ്വാസി കടന്നുവരുമോ. ഏൽപ്പിക്കപ്പെട്ട ജോലി സത്യസന്ധമായി ചെയ്യാൻ പ്രാപ്തനല്ലെങ്കിൽ നടപടി സ്വീകരിക്കാൻ സംവിധാനമുണ്ടെന്ന് അറിയാത്ത പാർട്ടിയാണോ ലീഗ്? ലീഗിന്റെ പ്രശ്നം മറ്റൊന്നാണ്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ നടത്തിയ കൊള്ളരുതായ്മകൾ പുറത്താവുമോ എന്ന ഭയം അവരെ അലട്ടുന്നുണ്ട്. കുറ്റിക്കാട്ടൂരിലെ വഖഫ് സ്വത്ത് നിലവിലെ വഖഫ് ബോർഡ് അംഗമായ എം സി മായിൻഹാജിയുടെ ബന്ധു ബഷീർ സ്വന്തമായി ട്രസ്റ്റുണ്ടാക്കി തട്ടിയെടുത്ത സംഭവം നമുക്ക് മുന്നിലുണ്ട്. തളിപ്പറമ്പിൽ 400 ഏക്കർ ഭൂമി യൂത്ത് ലീഗ് നേതാവ് സി കെ സുബൈർ ഉൾപ്പടെയുള്ളവർ തട്ടിയെടുത്തതായുള്ള ആരോപണവും കേസും നിലവിലുണ്ട്. കാസർകോട്ടെ ജാമിഅ സഅദിയ എന്ന സ്ഥാപനത്തിന്റെ വഖഫ് സ്വത്തുക്കൾ ലീഗ് നേതാവ് എം സി ഖമറുദ്ദീൻ നഷ്ടപ്പെടുത്തിയ കാര്യം ലീഗിനു മറക്കാനാവുമോ. പിന്നീട് ടി കെ ഹംസ ചെയർമാനായപ്പോഴാണ് ഈ ഭൂമി തിരിച്ചുപിടിച്ചത്. ഇതെല്ലാം അന്വേഷിക്കുമോ ചർച്ചയാവുമോ എന്ന ആധി ലീഗിനുണ്ടാവും. ഇതെല്ലാം തുടരാനും ഈ തട്ടിപ്പുകൾ മറച്ചുവയ്ക്കാനുമാണ് ലീഗ് ശ്രമിക്കുന്നത്. സമസ്തയുടെ പിളർപ്പിനുശേഷം പള്ളി മഹല്ലു കമ്മിറ്റികളിൽ തർക്കങ്ങളുണ്ടായപ്പോൾ നീതി നടപ്പാക്കാൻ വഖഫ് ബോർഡിന് കഴിഞ്ഞിട്ടുണ്ടോ.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ വിഭാഗവും മുസ്‌ലിം ലീഗ് പിന്തുണയ്ക്കുന്ന വിഭാഗവും തമ്മിലുണ്ടായ തർക്കങ്ങളിൽ അർധ ജുഡിഷ്യൽ ബോഡി ആയ വഖഫ് ബോർഡ് ഒരുപക്ഷത്തിന് മാത്രം നീതി നടപ്പാക്കി ഗുരുതരമായ നിയമലംഘനമാണ് അക്കാലത്ത് നടത്തിയത്. തങ്ങൾ നിയമിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രേഖകളിൽ കൃത്രിമം കാണിച്ച് ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച അനുഭവം ഈ നാട് മറന്നിട്ടില്ല. ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ലീഗ് ഇപ്പോൾ ഉന്നയിക്കുന്ന വിഷയം തീർത്തും രാഷ്ട്രീയമാണ്. 1988ൽ പാർലമെന്റ് പാസാക്കിയ “മതസ്ഥാപനങ്ങൾ ദുരുപയോഗ നിരോധന നിയമത്തിൽ “പറയുന്ന ഗുരുതരമായ കുറ്റമാണ് ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം ചെയ്തിരിക്കുന്നത്. നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം മതസ്ഥാപനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തിനായി ഇവ ഉപയോഗപ്പെടുത്തുന്നവർക്ക് ആറുവർഷം വരെ തടവും പിഴയും ചുമത്താമെന്നും നിയമമുണ്ട്. ആ നിയമത്തിന്റെ രണ്ട്(ഡി) വകുപ്പ്, എന്താണ് രാഷ്ട്രീയ പ്രവർത്തനമെന്നും വിവക്ഷിക്കുന്നുണ്ട്. പള്ളിയിൽ രാഷ്ട്രീയം കുത്തിനിറച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതുണ്ട്. അനേകം കേസുകളിൽപ്പെട്ട് ഉറക്കം നഷ്ടപ്പെട്ട ലീഗിന് ഇതുകൂടി താങ്ങാനുള്ള ശേഷിയുണ്ടാവുമോ എന്ന് കണ്ടറിയണം. യുഡിഎഫ് ഭരണത്തിലുള്ള കാലത്തെല്ലാം മുസ്‌ലിം ലീഗാണ് വഖഫ് ബോർഡ് കൈകാര്യംചെയ്തത്. അതുകൊണ്ടുള്ള ദോഷങ്ങളും നഷ്ടങ്ങളും വിവരണാതീതമാണ്. സമുദായത്തിന്റെ ഒരു പൊതുസ്വത്ത് മുസ്‌ലിം ലീഗിന്റെ തിണ്ണയിൽ വച്ചുകൊടുക്കേണ്ട കാര്യം ഈ സർക്കാരിനില്ല. സുതാര്യവും സൂക്ഷ്മവുമായി ആ രംഗം കൈകാര്യം ചെയ്യപ്പെടുക എന്നതിനപ്പുറം മറ്റൊന്നും അവിടെ ചെയ്യാനുമില്ല, ചെയ്തിട്ടുമില്ല. മുസ്‌ലിം സമുദായത്തിലെ വിദ്യാസമ്പന്നനായ, കടുത്ത മത്സര പരീക്ഷ വിജയിച്ചുവരുന്ന ഒരാൾക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത എന്തു സ്വകാര്യതയാണ് അതിനകത്തുള്ളത് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പള്ളികളിൽ കയറിച്ചെന്ന് പാർട്ടി വളർത്താമെന്നത് പരാജയപ്പെട്ടവരുടെ തന്ത്രമാണ്. ലീഗിനുതന്നെ അക്കാര്യത്തിൽ മുൻ അനുഭവങ്ങളുമുണ്ട്. ഐസ്ക്രീം പാർലർ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുയർന്നപ്പോൾ അത് സമുദായത്തിനെതിരെയുള്ള ആക്രമണമാണെന്ന പ്രതികരണം അന്നും ഇന്നും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് തമാശയാണ്. 2008 ൽ ഏഴാംക്ലാസ് പാഠപുസ്തകത്തിൽ ‘മതമില്ലാത്ത ജീവൻ’ എന്ന കഥ ഉൾപ്പെടുത്തിയതിന്റെ പേരിൽ വിദ്യാഭ്യാസവും സംസ്കാരവുമുള്ള നാട്ടിൽ ഒരു രാഷ്ട്രീയപാർട്ടി നടത്തിയ കലാപങ്ങൾ കേരളം കണ്ടതാണ്. അലിഗഡ് മുസ്‌ലിം സർവകലാശാല, അഞ്ചാംമന്ത്രി വിവാദം എല്ലാം ലീഗ് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളി എന്ന നിലയിലാണ്. ലീഗ് തോൽക്കുമ്പോൾ സമുദായം തോൽക്കുകയും ലീഗ് ജയിച്ചാൽ സമുദായം ജയിക്കുകയും ചെയ്യും എന്നു വിശ്വസിപ്പിച്ച കാലത്തുനിന്ന് അവർ മാത്രം മുന്നോട്ടുവന്നിട്ടില്ല. കേരളത്തിന്റെ മണ്ണിൽ മുസ്‌ലിം ലീഗിന്റെ പ്രഭാവം നഷ്ടമായിരിക്കുന്നു എന്നതിന് തെളിവായി അവസാനത്തെ വഖഫ് വിവാദം മാത്രം മതിയാവും. മാഞ്ഞുപോവുന്ന കാലത്തെ പിടിച്ചുനിർത്താനൊരു ശ്രമം. ജനമനസുകളിൽ തോറ്റ ലീഗിനെ വിശ്വാസികൾ എങ്ങനെ വിശ്വസിക്കും. വഖഫ് ബോർഡ് വില്പനയ്ക്കു വച്ചിട്ടില്ലെന്ന ഉറച്ച തീരുമാനമാണ് ഇടതു സർക്കാർ പ്രഖ്യാപിച്ചത്. വിശ്വാസത്തെ സംരക്ഷിച്ച് സുന്ദരമായി അത് കൈകാര്യം ചെയ്യുവാന്‍ കഴിയും. വിശ്വാസികൾക്ക് അത് ബോധ്യപ്പെടുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.