24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ഗുലാംനബി ആസാദും കോണ്‍ഗ്രസ് വിടുന്നു; ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും

പുളിക്കൽ സനിൽരാഘവൻ
ന്യൂഡല്‍ഹി
December 4, 2021 12:53 pm

ബിജെപിക്ക് എതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ബാധ്യതയുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്നും,നിരവധി നേതാക്കളും, പ്രവര്‍ത്തകരും പുറത്തു പോകുന്നു. ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയത്തില്ലെന്ന സാഹചര്യത്തിലാണ് ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടിയിലേക്ക് നേതാക്കളും, പ്രവര്‍ത്തകരും ചേരുന്നത്. കോണ്‍ഗ്രസില്‍ കൂടിയാലോചനകളോ, ചര്‍ച്ചകളോ ഒന്നും നടക്കില്ല. രാഹുല്‍ഗാന്ധിയും അദ്ദേഹത്തിന്‍റെ ഉപജാപകവൃന്ദങ്ങളുമായി മാത്രം പാര്‍ട്ടി മാറിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഏറെ ദുര്‍ബലമാണ്. അതിനാല്‍ ഇനിയും ആ പാര്‍ട്ടിയില്‍ നില്‍ക്കുന്നതും, പ്രവര്‍ത്തിക്കുന്നതും ആത്മഹത്യാപരമാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നതായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ തന്നെ അഭിപ്രായപ്പെട്ടു പാര്‍ട്ടി വിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മുതിര്‍ന്ന ജനകീയരായ നേതാക്കളും പാര്‍ട്ടി വിടുന്നത്. 23 ജി നേതാക്കള്‍ പല പ്രാവശ്യവും സോണിയ ഗാന്ധിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിട്ടും. കാര്യങ്ങളെല്ലാം പഴയതുപോലെയാണ്. ആരോഗ്യ കാരണങ്ങളാല്‍ മുഴുവന്‍സമയ പ്രസിഡന്‍റായി പ്രവര്‍ത്തിക്കാന്‍ സോണിയ ഗാന്ധിക്ക് കഴിയുന്നുമില്ല. പാര്‍ട്ടിയില്‍ പ്രധാന ചുമതലകള്‍ ഒന്നും തന്നെ രാഹുല്‍ ഗാന്ധിക്ക് ഇല്ലെങ്കിലും അദ്ദേഹമാണ് ഇപ്പൊഴും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കേരളത്തില്‍ നിന്നുമുള്ള കെ.സി വേണുഗോപാലാണ് എഐസസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി. കെ സിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നത്. ഇതു മുതിര്‍ന്ന നേതാക്കളില്‍ വലിയ നീരസമാണ് ഉണ്ടാക്കിയിട്ടുള്ളത്. സോണിയഗാന്ധിക്ക് രേഖാമൂലവും, അല്ലാതെയും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നു മാത്രമല്ല രാഹുലും, കെസി അടക്കമുള്ള ആളുകളും പാര്‍ട്ടിയെ നിയന്ത്രിക്കുന്നു. ഇനിയും കോണ്‍ഗ്രസില്‍ പരാതി പറഞ്ഞിട്ടു കാര്യമില്ലെന്ന തിരിച്ചറവില്‍ നിന്നാണ് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. അതിനിടെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കോണ്‍ഗ്രസിലെ വിമതരെന്ന് അറിയപ്പെടുന്ന ജി-23 ഗ്രൂപ്പിന്റെ ഭാഗമായ ഗുലാം നബി ആസാദ് ജമ്മു കശ്മീരില്‍ നിരന്തരം പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീ‍‍ഡര്‍, എഐസിസി ജനറല്‍ സെക്രട്ടറി, കേന്ദ്രമന്ത്രി കാശ്മീര്‍ മുഖ്യമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഗുലാംനബി കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു. യോഗങ്ങളിലെല്ലാം കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മാത്രമല്ല, ആസാദിനെ കേള്‍ക്കാന്‍ വലിയ ജനക്കൂട്ടമാണ് പലയിടത്തുമെത്തുന്നത്. സംസ്ഥാനത്തെ പല നേതാക്കളും ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെന്തുണയ്ക്കുന്നുണ്ടെന്നാണ്റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് പുറത്തുള്ളവരും ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചതായാണ് വിവരം.

ഇക്കഴിഞ്ഞ നവംബറില്‍ ഗുലാം നബി ആസാദിനോട് അടുപ്പമുള്ള 20 നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് ജി.എ. മിറിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. മുന്‍ മന്ത്രിമാര്‍ എം.എല്‍.എമാര്‍, പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ജില്ലാ വികസന കൗണ്‍സില്‍ അംഗം, മുന്‍ ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചവരില്‍ പ്രധാനിയാണ് ഗുലാം നബി ആസാദ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റുകള്‍ കിട്ടുമെന്ന് തോന്നുന്നില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. നിലവിലെ രാഷ്ട്രീയം വിലയിരുത്തിയാല്‍ അതാണ് വ്യക്തമാകുന്നതെന്നും ഗുലാംനബി പറഞ്ഞു. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഗുലാംനബി ആസാദ് ഇങ്ങനെ പറഞ്ഞത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി റദ്ദാക്കണമെങ്കില്‍ ഒന്നുകില്‍ സുപ്രീംകോടതി വിചാരിക്കണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസ് 300 ലധികം സീറ്റ് നേടി അധികാരത്തില്‍ വരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിന് (300 സീറ്റ് നേടുന്നതിന്) താന്‍ സാധ്യതയൊന്നും കാണുന്നില്ലെന്നും ദൈവം സഹായിക്കട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഭരണഘടന മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ. പക്ഷേ, അത് കശ്മീര്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്തുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകണം എന്നാണ് നിലപാട്. പാര്‍ലമെന്റ് മാത്രമായി കശ്മീരിന്റെ കാര്യത്തില്‍ തീരുമാനം എടുക്കരുതെന്നും ആസാദ് പറഞ്ഞു. കശ്മീരിലെ വിവിധ ജില്ലകളില്‍ പര്യടനത്തിലാണ് ആസാദ്. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ വലിയ ആള്‍ക്കൂട്ടം എത്തുന്നത് കോണ്‍ഗ്രസിനെ ആകുലപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ നാല് ദശാബ്ദ കാലത്തോളമായി രാജ്യസഭാംഗമായിരുന്നു ഗുലാം നബി ആസാദ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ ഉധംപൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും തോറ്റു. 2015ല്‍ രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുകയായിരുന്നു. ഇപ്പോള്‍ രാജ്യസഭാ കാലാവധിയും അവസാനിച്ചിരിക്കുന്നു. ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വിവരം. ഒട്ടേറെ പ്രാദേശിക നേതാക്കള്‍ ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ടത്രെ. പുതിയ പാര്‍ട്ടി വന്നാല്‍ കശ്മീരില്‍ കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാകും. കശ്മീരില്‍ നിലവില്‍ കോണ്‍ഗ്രസിന്റെ മുഖമാണ് ആസാദ്

Eng­lish Sum­ma­ry : Ghu­lam Nabi Azad also leaves Con­gress, may form new par­ty in Jam­mu and Kashmir

You May also like his video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.