22 November 2024, Friday
KSFE Galaxy Chits Banner 2

സമ്പദ്‌വ്യവസ്ഥ; കേന്ദ്രത്തിന്റെ അവകാശവാദം പെരുപ്പിച്ചുകാട്ടലെന്ന് സാമ്പത്തിക വിദഗ്ധർ

Janayugom Webdesk
ന്യൂഡൽഹി
December 21, 2021 8:52 am

യുഎസിലെ പണപ്പെരുപ്പം ആഗോളതലത്തിൽ ആശങ്ക ഉയർത്തുമ്പോൾ കോവിഡിനു ശേഷം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ വീണ്ടെടുക്കലുണ്ടായെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ അവകാശവാദം പെരുപ്പിച്ചുകാട്ടലെന്ന് സാമ്പത്തിക വിദഗ്ധർ. യുഎസ് പണപ്പെരുപ്പ നിരക്ക് കുതിക്കുന്നുവെന്ന വാർത്ത പുറത്തുവന്ന അതേദിവസം തന്നെയാണ് മോഡി സർക്കാർ ഈ അവകാശവാദം നടത്തിയതെന്നതും ശ്രദ്ധേയമാണ്.

മുൻ വർഷത്തെ അപേക്ഷിച്ച് 2021 നവംബറിൽ യുഎസ് പണപ്പെരുപ്പ നിരക്ക് 6.8 ശതമാനം ആയിരുന്നു. 40 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വർഷം നവംബറിൽ യുഎസിലെ പെട്രോൾ വിലയിൽ 58 ശതമാനം വർധനവാണ് ഉണ്ടായത്. ഇത് 1980 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

കോവിഡ് പ്രതിസന്ധിക്കിടെ യുഎസിൽ 21 ദശലക്ഷം ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. ഇവരിൽ ഭൂരിപക്ഷവും ഇപ്പോഴും തൊഴിൽ രഹിതരായി തുടരുകയാണ്.

പണപ്പെരുപ്പത്തിലുണ്ടായ വർധന അടുത്തവർഷം പകുതിവരെ തുടർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് നേരത്തെ തന്നെ അപകടാവസ്ഥയിലുള്ള ഇന്ത്യൻ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്നതിന്റെ തെളിവാണ് ജനങ്ങളുടെ ചെലവഴിക്കൽ ശേഷിയിലുണ്ടായ കുറവ് ചൂണ്ടിക്കാണിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടായ വർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാനുള്ള പ്രധാനപ്പെട്ട കാരണം. ഇതുമൂലം ജനങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. ആഗോളതലത്തില്‍ വിലക്കയറ്റം രൂക്ഷമാകുന്നതോടെ ഇറക്കുമതി ചെലവ് കൂടും. ഇത് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ വില വര്‍ധനക്ക് കാരണമാകും.

ഈ മാസം നടക്കുന്ന യുഎസ് ഫെഡറൽ റിസർവ് ബാങ്കിന്റെ അവസാന യോഗത്തിൽ ബോണ്ട് തിരികെ വാങ്ങൽ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും. പലിശ നിരക്കുകൾ ഉയർത്തുകയും ചെയ്യും. യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പം ഉയർന്നാൽ അയഞ്ഞ പണനയം ഉപേക്ഷിക്കാൻ കേന്ദ്ര ബാങ്കുകൾ നിർബന്ധിതാരാകും. പണനയം കർശനമാക്കുന്നതോടെ പലിശ നിരക്കുകളിൽ വർധനവുണ്ടാകും. ഇതോടെ കടംവാങ്ങുന്നതിന് നിയന്ത്രണം വരും. രാജ്യത്തിനുപുറത്തുനിന്ന് പണം സ്വരൂപിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ചെലവേറും. പലിശ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. അത് ഉല്പാദനച്ചെലവില്‍ വർധന ഉണ്ടാക്കുകയും വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Econ­o­my; Econ­o­mists say the cen­ter’s claim is an exaggeration

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.