16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 23, 2024
March 31, 2024
March 6, 2024
January 15, 2024
December 7, 2023
September 16, 2023
August 26, 2023
August 25, 2023
August 18, 2023
May 17, 2023

വ്യക്തിവിവര സംരക്ഷണ നിയമം: റിപ്പോർട്ടിലും വീഴ്ച

Janayugom Webdesk
ന്യൂഡൽഹി
December 21, 2021 9:55 pm

വ്യക്തിവിവര സംരക്ഷണ നിയമ ബില്ലിനെ കുറിച്ചുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ ശുപാർശകളും ആശങ്കകളുയർത്തുന്നതാണെന്ന് വിമര്‍ശനം. രണ്ടുവർഷത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് അന്തിമ റിപ്പോർട്ട് അംഗീകരിച്ചത്. പല കാര്യങ്ങളിലും സമിതിയുടെ ശുപാർശകളിൽ നിരവധി പാളിച്ചകളും സുതാര്യമല്ലാത്ത നിർദേശങ്ങളുമുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പ്രസാധകരായി കണക്കാക്കണമെന്നും അവയിലെ ഉള്ളടക്കത്തിന് നിയന്ത്രണം വേണമെന്നുമുള്ള ശുപാർശ തെറ്റായി ഉപയോഗിക്കപ്പെടുമെന്നാണ് ആശങ്കകളിലൊന്ന്. നിർദ്ദിഷ്ട ശുപാർശ ബില്ലുകളിൽ കടന്നുകയറിയാൽ, അത് ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം ഉറപ്പുനൽകുന്ന പരിരക്ഷകൾ ഇല്ലാതാക്കും. ഒരാൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ബാധ്യതയിൽ നിന്ന് ഇടനിലക്കാരായ മാധ്യമത്തിന് നേരത്തെ സംരക്ഷണമുണ്ടായിരുന്നു. ഈ ‘പ്ലാറ്റ്ഫോമുകൾക്ക്’ ഉള്ളടക്കം അവലോകനം ചെയ്യാനും സ്വീകർത്താവിനെ തിരഞ്ഞെടുക്കാനും ഉള്ളടക്കങ്ങളിൽ നിയന്ത്രണം ചെലുത്താനും കഴിയണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. എന്നാൽ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ പ്രായോഗികമായി കഴിയില്ല എന്നതാണ് വസ്തുത. 

എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ആവശ്യമായ രേഖകൾ നൽകിക്കൊണ്ട് അവരുടെ ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ സ്വമേധയാ പരിശോധിക്കാൻ സംവിധാനം നടപ്പിലാക്കണമെന്നും നിർദ്ദേശമുണ്ട്. അങ്ങനെ പരിശോധിച്ച അക്കൗണ്ടുകൾക്ക് സ്ഥിരീകരണത്തിനുള്ള അടയാളം നൽകും. സ്ഥിരീകരിക്കാത്ത അക്കൗണ്ടുകളിൽ നിന്നുള്ള മൂന്നാം കക്ഷി ഉള്ളടക്കത്തിന് സർക്കാർ പിഴ ഈടാക്കണം. ചുരുക്കത്തില്‍ എല്ലാ ഉപയോക്താക്കളെയും അവരുടെ അക്കൗണ്ടുകൾ സ്ഥിരീകരിക്കാൻ നിർബന്ധിക്കുന്നതാണ് ശുപാര്‍ശ. ഈ നിയമം പ്രാബല്യത്തിൽ വരികയും ഉള്ളടക്കം നിയന്ത്രിക്കാനും ഉപയോക്താക്കളെ പരിശോധിക്കാനും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ നിർബന്ധിക്കാൻ സർക്കാർ തയാറായാല്‍ അത് ഇന്റർനെറ്റിലെ വിമർശന ശബ്ദങ്ങളെ ഇല്ലാതാക്കും. 

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള സർക്കാർ സമീപനം വിയോജിപ്പുകളെ ക്രിമിനൽ കുറ്റമാക്കുന്ന രീതിയാണെന്ന് നേരത്തെ രാജ്യം കണ്ടതാണ്. കർഷക സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു ടൂൾകിറ്റ് ഷെയർ ചെയ്തതിന് 21 കാരിയായ കാലാവസ്ഥാ പ്രവർത്തക ദിഷാ രവി അറസ്റ്റിലായത് ഉദാഹരണം. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പകർച്ചവ്യാധിയെ സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുന്ന ട്വീറ്റുകൾ ട്വിറ്ററിന് തടയേണ്ടി വന്നു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഔദ്യോഗികമായി പരിശോധിച്ച ട്വീറ്റുകൾ പോലും ഒഴിവാക്കപ്പെട്ടില്ല.
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഇന്ത്യയിൽ ഓഫീസ് വേണമെന്നും ശുപാർശയിലുണ്ട്. എന്നാൽ 2021 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത ഇന്റർമീഡിയറി മാർഗനിർദേശ നിയമങ്ങൾ അനുസരിച്ച്, അഞ്ച് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ ഇടനിലക്കാർക്ക് മാത്രമേ ഈ ആവശ്യകത ബാധകമാകൂ.

ENGLISH SUMMARY;Personal Pro­tec­tion Act: Fail­ure to report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.