27 April 2024, Saturday

Related news

March 31, 2024
March 6, 2024
February 1, 2024
January 15, 2024
January 3, 2024
December 14, 2023
December 7, 2023
November 9, 2023
September 26, 2023
September 16, 2023

ഹിന്‍ഡന്‍ബര്‍ഗ് 2.0? ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ 

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2023 10:09 pm
ഇന്ത്യയിലെ പ്രധാന വ്യവസായ ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനൊരുങ്ങി അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള ശൃംഖലയായ ഒസിസിആര്‍പി.
യുഎസ് ശതകോടീശ്വരനായ ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി).
ഇന്ത്യന്‍ കോര്‍പറേറ്റ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ലിസ്റ്റു ചെയ്ത ഇന്ത്യന്‍ കമ്പനികളിലേക്ക് ഒഴുകുന്ന വിദേശ ഫണ്ടുകളെ കുറിച്ചായിരിക്കും റിപ്പോര്‍ട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര ധനവിപണികളില്‍ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെപ്പറ്റി ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരി 24ന്  അഡാനി ഗ്രൂപ്പിനെ കുറിച്ചു യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ആഘാതം സൃഷ്ടിച്ചു.
ഓഫ്‌ഷോര്‍ കമ്പനികളിലൂടെയും വെളിപ്പെടുത്താത്ത അനുബന്ധ ഇടപാടുകളിലൂടെയും ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലയില്‍ അഡാനി ഗ്രൂപ്പ് കൃത്രിമം നടത്തിയതായിട്ടാണു ഹിന്‍ഡന്‍ബെര്‍ഗിന്റെ പ്രധാന ആരോപണം. ഈ വിഷയങ്ങളില്‍ സെബി അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അഡാനി ഗ്രൂപ്പ് ഇനിയും റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ നിന്നും മുക്തമായിട്ടില്ല. അഡാനിയുടെ ഓഹരി തട്ടിപ്പ് വിവാദം ഇന്ത്യയിൽ മോഡിയുടെ തകർച്ചയുടെ തുടക്കമാകുമെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ ജോർജ് സോറോസ് പറഞ്ഞിരുന്നു. ഈ തട്ടിപ്പ് ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിന് വഴി തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
2006 ല്‍ സ്ഥാപിതമായ ഒസിസിആർപി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അന്വേഷണ മാധ്യമ കൂട്ടായ്മ എന്നാണ് അറിയപ്പെടുന്നത്. യുറോപ്പ്, ആഫ്രിക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലായി 24 ഓളം കേന്ദ്രങ്ങൾ ഇതിന്റെ ഭാഗമായുണ്ട്. കണ്ടെത്തുന്ന റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമസ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെയാണ് ലേഖനങ്ങളായി പ്രസിദ്ധീകരിക്കുന്നത്. ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക്‌ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ട്, ഓക് ഫൗണ്ടേഷന്‍ എന്നിവരുടെ സാമ്പത്തിക പിന്തുണയും ഒസിസിആർപിക്ക് ലഭിക്കുന്നുണ്ട്.

അഡാനി: സെബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അഡാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സെബി സുപ്രീം കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആകെ 24 വിഷയങ്ങളിലാണ് അന്വേഷണം നടത്തിയിട്ടുള്ളത്. ഇതിൽ 22 എണ്ണത്തിൽ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും രണ്ടെണ്ണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സെബി അറിയിച്ചു. 13 അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഇടപാടുകളാണ് പരിശോധിക്കുന്നത്. ചില ആരോപണങ്ങളില്‍ വിദേശ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ കിട്ടാനുണ്ടെന്നും സെബി പറയുന്നു.
അഡാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപങ്ങളും മിനിമം പബ്ലിക് ഷെയർഹോൾഡിങ് നിയമങ്ങളിലും ലംഘനം നടന്നെന്ന ഹിൻഡൻബർഗ് ആരോപണങ്ങളാണ് സെബി അന്വേഷിക്കുന്നത്. അഡാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ പല വിദേശനിക്ഷേപകർക്കും കമ്പനിയുടെ പ്രൊമോട്ടർമാരുമായി ബന്ധമുണ്ടെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. അഡാനിയുടെ ആറ് കമ്പനികളിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളിൽ വൻ വർധന രേഖപ്പെടുത്തിയെന്ന് നേരത്തെ സെബിയുടെ കണ്ടെത്തലുണ്ടായിരുന്നു. ഈ മാസം 29 നകം സെബി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Eng­lish sum­ma­ry; Hin­den­burg 2.0? Inves­ti­ga­tion report against Indi­an indus­tri­al group soon
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.