കാര്‍ഷിക പരിഷ്‌കരണ നിയമം വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പ്രതിഷേധം ശക്തമായതോടെ തിരുത്തി. പുതിയ രൂപത്തില്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. നിയമം ഇനിയും കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മന്ത്രി തിരുത്തിയത്.
ഒരു വര്‍ഷക്കാലത്തെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. നാഗ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍വെച്ച് കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സൂചന നല്‍കിയിരുന്നു. ഇത് വലിയ ചർച്ചകള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി. കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പിലാക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നല്ല ഭേദഗതിയായിരുന്നു കാര്‍ഷിക നിയമത്തിലൂടെ നടപ്പിലാക്കിയതെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് അത് പിന്‍വലിക്കേണ്ടി വന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും തോമര്‍ വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ വലിയ പരിഷ്‌കാരമായിരുന്നു അത്. പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന് നിരാശയില്ല. ഇനിയും മുന്നോട്ട് വരാന്‍ നമുക്ക് സാധിക്കും. കാരണം കര്‍ഷകര്‍ എന്നത് രാജ്യത്തിന്റെ നട്ടെല്ലാണ്- മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
മന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണ് നിയമം പിന്‍വലിച്ചതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പിലാക്കുമെന്നും ആരോപണം ഉയര്‍ന്നു. പ്രതിപക്ഷവും കര്‍ഷക സംഘടനകളും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്. ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷെ, ചില ആളുകള്‍ക്ക് ആ നിയമങ്ങള്‍ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വന്‍ പരിഷ്‌കാരമായിരുന്നു അവ.
എന്നാല്‍ സര്‍ക്കാരിന് നിരാശയില്ല. ഞങ്ങള്‍ ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങള്‍ വീണ്ടും മുന്നോട്ടുപോകും, കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ല്, എന്നായിരുന്നു തോമര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ലക്ഷക്കണക്കിന് കര്‍ഷകരുടെ ഒരുവര്‍ഷത്തിലധികം നീണ്ട പ്രതിഷേധത്തിന്റെ ഫലമായാണ് മൂന്ന് വിവാദകാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്.
തുടര്‍ന്ന് നിയമം പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്യുകയായിരുന്നു. കര്‍ഷക പ്രക്ഷോഭം അരങ്ങേറുന്നതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ കമ്മിറ്റി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
താങ്ങുവില നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കാര്‍ഷിക രംഗത്തെ വിദഗ്ധര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സമരം ചെയ്ത കര്‍ഷകരെ വളരെ മോശമായിട്ട് ചിത്രീകരിക്കാന്‍ ശ്രമം നടന്നിരുന്നു.
ഖലിസ്താനികളെന്നും രാജ്യ വിരുദ്ധരെന്നും ചില ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. എന്നാല്‍ സമരം ചെയ്യുന്ന പലരുടെയും മക്കളും ബന്ധുക്കളും സൈനികരാണ്. ഇക്കാര്യം സൂചിപ്പിച്ചാണ് കര്‍ഷകര്‍ പ്രചാരണങ്ങളെ പ്രതിരോധിച്ചത്. സമരത്തിനിടെ മരിച്ച 700ഓളം കര്‍ഷകര്‍ക്ക് ഹരിയാന, യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു കേന്ദ്രം അറിയിച്ചിരുന്നു.
എന്നാല്‍ ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കില്ലെന്നാണ് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. അടുത്ത ഫെബ്രുവരിയില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്. കര്‍ഷകര്‍ ശക്തമായ സ്വാധീനമുള്ള ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയും ഇതില്‍പ്പെടും.
English sumamry:Union Minister Narendra Singh Tomar changed his mind for fear of protests; Agriculture Act will not be brought back
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.