മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചു നിന്ന കാലം കടന്ന് അതിജീവനത്തിന്റെ പാതയിലൂടെ മുന്നേറുന്ന കേരളം. വര്‍ധിതവീര്യത്തോടെ ലോകത്തെ നിശ്ചലമാക്കിയ പകര്‍ച്ചവ്യാധിയെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട മലയാളികള്‍. അതിന് നേതൃത്വം നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.. കോവിഡിന്റെ രണ്ടാം തരംഗത്തെയും അതിജീവിച്ച് ഒരു വര്‍ഷം കടന്നുപോകുമ്പോള്‍ നാടെങ്ങും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീതിയിലാണ്. എന്നാല്‍ “നമ്മളൊരുമിച്ച് ഇറങ്ങി“യാല്‍ എന്തു വെല്ലുവിളികളെയും നേരിടാമെന്ന ഉറപ്പുണ്ട് കേരളത്തിന്. മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും മലയാളികള്‍ സമാനതകളില്ലാത്ത ഐക്യത്തോടെ ചേര്‍ന്നുനിന്ന കാഴ്ച നമുക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അന്യന്റെ കഷ്ടപ്പാടുകളില്‍ കൂട്ടുചേരാനും അവരെ നെഞ്ചോട് ചേര്‍ക്കാനും യുവാക്കള്‍ എല്ലാം മറന്നിറങ്ങുന്ന കേരളത്തില്‍ തന്നെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ അന്യന്റെ ജീവനെടുക്കുന്ന സംഭവങ്ങളും ഈ വര്‍ഷമുണ്ടായി. സാംസ്കാരിക‑സാക്ഷര കേരളത്തിന് അപമാനമാകുന്ന തരത്തില്‍ സ്ത്രീധനത്തിന്റെയും പ്രണയം നിരസിച്ചതിന്റെയും പേരിലുള്ള കൊലപാതകങ്ങളും അന്ധവിശ്വാസത്തിന്റെ പേരിലുള്ള നരബലിയുമുള്‍പ്പെടെ വാര്‍ത്തകളായി. പുതിയ പ്രതീക്ഷകളിലേക്ക്, പുതിയ ചിന്തകളിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ 2021ലെ പ്രധാന സംഭവങ്ങള്‍ ഓര്‍മ്മകളിലേക്ക് തിരിച്ചുകൊണ്ടുവരികയാണിവിടെ..
കേരള രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2021. ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടര്‍ച്ചയായ രണ്ടാം തവണയും ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ വര്‍ഷം. കോണ്‍ഗ്രസിലെ ആഭ്യന്തരകുഴപ്പം പതിവ് വാര്‍ത്തയാണെങ്കിലും മുന്‍പെങ്ങുമില്ലാത്ത വിധം പ്രധാന നേതാക്കളുള്‍പ്പെടെ പാര്‍ട്ടി വിട്ട് പോകുന്ന സ്ഥിതി. മുതിര്‍ന്ന നേതാക്കള്‍ പോലും നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനങ്ങളുമായി രംഗത്തെത്തുന്ന കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും വന്‍ തോല്‍വി ഏറ്റുവാങ്ങിയ സംസ്ഥാന കോണ്‍ഗ്രസിലേതുപോലെയാണ് ബിജെപിയിലും അവസ്ഥ. കുഴല്‍പ്പണ ഇടപാടും സ്ഥാനാര്‍ത്ഥിയാകാന്‍ കോഴ നല്‍കിയതിലും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തന്നെ പ്രതിയാകുന്നു. ഹരിത വിവാദത്തിലും ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും പ്രതിരോധത്തിലായ മുസ്‌ലിം ലീഗ് അത് മറച്ചുവയ്ക്കാന്‍ വര്‍ഗീയ മുതലെടുപ്പിന് ഇറങ്ങിയെങ്കിലും വിലപ്പോയില്ല. 2021ലെ പ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം..
കോണ്‍ഗ്രസിനെ നന്നാക്കിയെടുക്കാമെന്ന് വ്യാമോഹിച്ചുകൊണ്ട് കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയെങ്കിലും തമ്മിലടി അതിരൂക്ഷമാകുന്ന സ്ഥിതിയാണ് പിന്നെയുണ്ടായത്. 2021ലെ മിക്ക ദിവസങ്ങളിലും പ്രധാന വാര്‍ത്ത കോണ്‍ഗ്രസിലെ ചേരിതിരിവുകളും കൊഴിഞ്ഞുപോക്കുമൊക്കെയായിരുന്നു. പി സി ചാക്കോ, ലതിക സുഭാഷ്, അഡ്വ. പി എം സുരേഷ്ബാബു, കെ സി റോസക്കുട്ടി ടീച്ചര്‍, എം എസ് വിശ്വനാഥന്‍, കെ പി അനില്‍കുമാര്‍, പി കെ അനില്‍കുമാര്‍, എ വി ഗോപിനാഥ്, പി എസ് പ്രശാന്ത്, ജി രതികുമാര്‍, പി വി ബാലചന്ദ്രന്‍ തുടങ്ങിയ നിരവധി നേതാക്കളാണ് ഈ വര്‍ഷം കോണ്‍ഗ്രസ് വിട്ടത്.
കെ സുധാകരന്‍ കെപിസിസി പ്രസിഡന്റും വി ഡി സതീശന്‍ പ്രതിപക്ഷ നേതാവുമായതോടെ ഒതുക്കപ്പെട്ടതിന്റെ പരാതിയിലാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും മുല്ലപ്പള്ളിയുമെല്ലാം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികള്‍ക്കെതിരെയുള്ള രാഷ്ട്രീയപ്രേരിത സമരങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കാന്‍ തയാറാകാത്ത ശശി തരൂരിനെപ്പോലുള്ളവരെ കെപിസിസി പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന കാഴ്ചയാണ് ഏറ്റവുമൊടുവില്‍ കാണാന്‍ സാധിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍ച്ചയോടെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് കേരളത്തിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി ഇപ്പോള്‍.
കൊടകരയില്‍ മോഷ്ടിക്കപ്പെട്ടത് ബിജെപിക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിച്ച കുഴല്‍പ്പണമാണെന്ന് വ്യക്തമായതോടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ കുരുക്കിലാവുകയായിരുന്നു. നിലവില്‍ കേസില്‍ സാക്ഷി മാത്രമാണെങ്കിലും, കെ സുരേന്ദ്രന്റെ അറിവോടെയാണ് കുഴല്‍പ്പണം കടത്തിയതെന്ന് പൊലീസ് കണ്ടെത്തിയതോടെ ബിജെപിയിലെ എതിര്‍പക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
അതിനിടെ, സി കെ ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ 35 ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രനും ബിജെപിക്കും കനത്ത തിരിച്ചടിയായി. മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ കെ സുന്ദരയ്ക്ക് പണം നല്‍കി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച സംഭവത്തിലും നിയമനടപടികള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടി പുനസംഘടനയില്‍ ഏകാധിപത്യ നിലപാടുകള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് എതിര്‍പക്ഷത്തെ നേതാക്കള്‍ സുരേന്ദ്രനെതിരെ പ്രതിഷേധത്തിലാണ്.
എംഎസ്എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിത നേതാക്കള്‍ക്കെതിരായ ലൈംഗിക അധിക്ഷേപങ്ങളെത്തുടര്‍ന്ന് ആരംഭിച്ച വിവാദം മുസ്‌ലിം ലീഗിലെ ആണധികാരത്തിനെതിരെയുള്ള തുറന്ന പോരാട്ടമായി മാറിയത് ഈ വര്‍ഷത്തെ പ്രധാന സംഭവമായി തലക്കെട്ടുകളില്‍ നിറഞ്ഞു.
മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ള പ്രമുഖര്‍ കുരുക്കിലായതും ലീഗിന് നില്‍ക്കക്കള്ളിയില്ലാതാക്കി. പിന്നീട് വഖഫ് നിയമനത്തിന്റെ പേരില്‍ പള്ളികള്‍ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കവും സമസ്തയുടെ എതിര്‍പ്പോടെ പൊളിഞ്ഞു. ഇതേത്തുടര്‍ന്ന് കോഴിക്കോട് നടന്ന റാലിയില്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളോടെ നേതാക്കള്‍ രംഗത്തെത്തിയത് കേരളത്തില്‍ മുസ്‌ലിം ലീഗിനെതിരെ കടുത്ത എതിര്‍പ്പിന് കാരണമായി.
1921 ലെ മലബാർ കലാപത്തെ ഹിന്ദു വിരുദ്ധ ലഹള മാത്രമായി ചിത്രീകരിക്കാൻ കേന്ദ്ര സർക്കാറും സംഘപരിവാറും നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നത്. കലാപത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാതായി ചിത്രീകരിക്കാനും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്‌ലിയാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുമുള്ള ശ്രമമായിരുന്നു നടന്നത്.
1971 ൽ സ്വാതന്ത്ര്യ സമരമായി സർക്കാർ അംഗീകരിച്ച സമര ചരിത്രത്തെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്.
കേരളത്തോട് തൊട്ടുകിടക്കുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന തരത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നു. അയിഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതിനെതിരെയും ശക്തമായ പ്രതിഷേധമാണ് കേരളത്തിലുയര്‍ന്നത്.
മണിക്കൂറുകളുടെ ഇടവേളയിലാണ് ആലപ്പുഴയില്‍ എസ്ഡിപിഐയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ കൊല്ലപ്പെട്ടത്. കേരളത്തിനാകെ ഞെട്ടലുണ്ടാക്കിയ സംഭവത്തെത്തുടര്‍ന്ന് സമൂഹത്തില്‍ വിഭജനത്തിന് കോപ്പുകൂട്ടുന്ന ശ്രമങ്ങളായിരുന്നു ഹിന്ദു-മുസ്‌ലിം വര്‍ഗീയ സംഘടനകളില്‍ നിന്നുണ്ടായത്. സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പോരടിക്കുന്ന കാഴ്ച സമൂഹത്തിലെ വലിയൊരു ആപത്തിന്റെ സൂചനയായി കാണേണ്ടിവരുമെന്ന ആശങ്കയിലാണ് ഈ വര്‍ഷം അവസാനിക്കുന്നത്.
പ്രണയവും സൗഹൃദവും ജീവനെടുക്കുന്നതിന്റെ ഒടുവിലത്തെ ഇരയായിരുന്നു കോഴിക്കോട് തിക്കോടിയിൽ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ 22 കാരിയായ കൃഷ്ണപ്രിയ. കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനി പി വി മാനസയും കോട്ടയം പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിഥിനമോളുമെല്ലാം പ്രണയപ്പകയുടെ ഇരകളായി മാറി.
വിസ്മയയെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അതിക്രൂരമായി മര്‍ദിച്ചതിന്റെയും വിസ്മയയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിന്റെയും വാര്‍ത്തകള്‍ പുറത്തുവന്നു. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും സാംസ്കാരിക കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ പതിവാകുന്നതോടെ ശക്തമായ ഇടപെടലുകളുമായി സര്‍ക്കാരും വിവിധ യുവജന സംഘടനകളും മുന്നോട്ടുവന്നു. സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കുമെന്ന സത്യവാങ്മൂലം സര്‍വകലാശാലകളില്‍ നിര്‍ബന്ധമാക്കിയതുള്‍പ്പെടെ നിരവധി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ഉണ്ടായത്.
അമ്മ അറിയാതെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ദത്ത് നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞിനായുള്ള അന്വേഷണം മാധ്യമങ്ങളില്‍ ദിവസങ്ങളോളം വാര്‍ത്തയായി. ആന്ധ്രപ്രദേശിലെ ദമ്പതികള്‍ക്കായിരുന്നു കുഞ്ഞിനെ ശിശുക്ഷേമസമിതി ദത്ത് നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചു. സ്വന്തം കുഞ്ഞിനായുള്ള പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരും അനുപമയ്ക്കൊപ്പം നിലകൊണ്ടതൊടെ നടപടികള്‍ വേഗത്തിലാവുകയായിരുന്നു.
കേരളത്തിന്റെ കേസന്വേഷണ ചരിത്രത്തിൽ തന്നെ ഏറ്റവും അപൂർവതകൾ നിറഞ്ഞതായിരുന്നു അഞ്ചലിലെ ഉത്രാ വധക്കേസ്. പ്രതിയായ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴ് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചു. എല്ലാ ശിക്ഷയും വെവ്വേറെ അനുഭവിക്കണം. മൂർഖൻ പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമായി പരിഗണിച്ച കേരളത്തിലെ ആദ്യ കേസാണിത്. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയ്ക്ക് ശിക്ഷ നല്‍കാനായത്.
റാസ്‌പുടിൻ എന്ന ഗാനത്തിന് ചുവടുവച്ച് വൈറലായി മാറിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനും എതിരെ വിദ്വേഷ പ്രചരണം ഉണ്ടായത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലവ് ജിഹാദ് ആരോപിച്ചായിരുന്നു ഇരുവർക്കും എതിരെ ആരോപണം. സാംസ്കാരിക കേരളം ഇവര്‍ക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തി.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഒക്ടോബര്‍ രണ്ടിന് യാഥാര്‍ത്ഥ്യമായി. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്റെ തീരത്താണ് സർവകലാശാലയുടെ താല്‍ക്കാലിക ആസ്ഥാനമന്ദിരം. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവായ ശ്രീനാരായണഗുരുവിന്റെ പേരിലാണ് കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു പാലക്കാട് നടന്ന നരബലി. ഷാഹിദ എന്ന 35 കാരി യുവതിയാണ് തന്റെ മൂന്നാമത്തെ മകൻ ആറു വയസുകാരന്‍ ആമിലിനെ കുളിമുറിയിൽവച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പൊലീസിനെ അറിയിച്ചതെന്നാണ് വാര്‍ത്തകള്‍.
മുൻ മിസ് കേരളയും റണ്ണർ അപ്പും കൊച്ചി വൈറ്റിലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. 2019ലെ മിസ് കേരളയും മോഡലുമായ തിരുവനന്തപുരം അൻസി കോട്ടേജിൽ അബ്ദുൾ കബീറിന്റെയും റസീനയുടെയും മകൾ അൻസി കബീർ(24), റണ്ണർ അപ്പ് തൃശൂർ ആളൂർ അമ്പാടൻ വീട്ടിൽ ഷാജന്റെ മകൾ ഡോ. അഞ്ജന ഷാജൻ (25) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടഞ്ഞു കിടന്ന വിദ്യാലയങ്ങള്‍ തുറന്നു. ഒന്നു മുതൽ ഏഴു വരെയും 10, 12 ക്ലാസുകളിലുമായുള്ള കുട്ടികളാണ് ആദ്യ ദിനമെത്തിയത്.
കേരളപ്പിറവിദിനത്തിൽ നിയമനിർമ്മാണ സഭകളിലെ മലയാളി വനിതകളെ സാംസ്കാരിക വകുപ്പ് ആദരിച്ചു. നിയമസഭാംഗങ്ങളായ വനിതകളെയും ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങളായ മലയാളി വനിതകളെയുമാണ് സമം പദ്ധതിയുടെ ഭാഗമായി ആദരിച്ചത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിൽ വീണ്ടും ആരവം ഉയർന്നു. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് കാണാൻ ധാരാളം പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തിയത് തിയേറ്റർ ഉടമകൾക്കും ജീവനക്കാർക്കും ആശ്വാസമായി.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നെത്തി മലയാളത്തെ സ്നേഹിച്ച റോക്ഷത് ഖാത്തൂൻ. ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ പെൺകുട്ടി മലയാളികളെ അത്ഭുതപ്പെടുത്തിയിരുന്നു. കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ച റോക്ഷത് ഖാത്തൂൻ പുതിയ കൂട്ടുകാരെ ലഭിക്കുന്നതിലുള്ള സന്തോഷത്തിലുമാണ്. സർക്കാർ ജോലി നേടണം എന്ന ആഗ്രഹവുമായി മലയാളത്തെ ചേർത്തുപിടിച്ച് മുന്നോട്ടുപോവുകയാണ് ഈ ബംഗാളി പെൺകുട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.