23 November 2024, Saturday
KSFE Galaxy Chits Banner 2

മോഡിയുടെ വീഴ്ച തുടങ്ങിയ 2021

Janayugom Webdesk
January 1, 2022 12:05 am

2014 മുതൽ കേന്ദ്രഭരണം കയ്യാളുന്ന നരേന്ദ്രമോഡി-അമിത് ഷാ സഖ്യത്തിന് കാലിടറിത്തുടങ്ങിയ വർഷമാണ് 2021. പാർലമെന്റിനെ നോക്കുകുത്തിയാക്കിയും പ്രതിപക്ഷത്തെയും ജനങ്ങളെയും അവഗണിച്ചും കരിനിയമങ്ങൾ പാസാക്കിയെടുക്കുമ്പോഴും തുടർച്ചയായ തോല്‍വികളാണ് സംഘപരിവാര്‍ ഭരണകൂടം കഴിഞ്ഞ വർഷം നേരിട്ടത്. 2014 ലെ വിജയവും 2019 ലെ തുടർ വിജയവും മൂലമുണ്ടായ അമിതവിശ്വാസം കൊണ്ട് ചെയ്തുകൂട്ടുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയതും 2021 ലാണ്. ഉപതെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തോൽവി അതിന്റെ പ്രതിഫലനമായിരുന്നു.
പരമോന്നത നീതിപീഠം ഒട്ടേറെ തവണ നിശിതമായ വിമർശനമാണ് സർക്കാരിനെതിരെ നടത്തിയത്. കോവിഡ് വീഴ്ച മുതൽ റേഷൻ തടഞ്ഞതുവരെയുള്ള ജനവിരുദ്ധ വിഷയത്തിൽ സുപ്രീം കോടതിയുടെ വിമർശനത്തിന് കേന്ദ്രഭരണം ഇരയായി. സ്വതന്ത്രഭാരതത്തിൽ കോടതിയിൽ നിന്ന് ഇത്രയേറെ പഴികേട്ട സർക്കാർ മുമ്പുണ്ടായിട്ടില്ല എന്നതും ചരിത്രം.

 

കർഷകരുടെ ‘മിഷൻ യുപി ’

യുപിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്നത് കർഷകരുടെ പ്രതിരോധം. ‘മിഷൻ യുപി’ എന്ന പേരിൽ ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കത്തിനാണ് കർഷകർ തയാറെടുത്തിരിക്കുന്നത്. വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നതിന് മുമ്പാണ് കർഷകർ ഈ ദൗത്യം പ്രഖ്യാപിച്ചതെങ്കിലും പുതിയ സാഹചര്യത്തിലും ഉപേക്ഷിച്ചിട്ടില്ല. ഓരോ മണ്ഡലത്തിലും ബിജെപിയെ തോല്പിക്കാൻ കെല്പുള്ള പാർട്ടിക്കു പിന്തുണ നൽകുമെന്നാണ് കർഷക നേതാക്കൾ പറഞ്ഞിരുന്നത്. ബംഗാളിൽ ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ തൃണമൂലിനു പിന്തുണയുമായി കർഷക നേതാക്കൾ പര്യടനം നടത്തിയിരുന്നു.

ഉപതെരഞ്ഞെടുപ്പുകളിൽ തിരിച്ചടി

നവംബറിൽ വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി സഖ്യത്തിന് തിരിച്ചടിയായിരുന്നു. ഒരു വർഷം നീണ്ട കർഷക സമരമാണ് തിരിച്ചടിക്ക് പ്രധാന കാരണമായത്. തെരഞ്ഞെടുപ്പ് നടന്ന 29 നിയമസഭാ സീറ്റുകളിൽ എട്ട് എണ്ണത്തിൽ കോൺഗ്രസിന് ജയം. 14 മണ്ഡലങ്ങളിൽ പ്രാദേശിക കക്ഷികളാണ് ജയിച്ചത്. ഏഴു സീറ്റുകളിൽ മാത്രമാണ് ബിജെപി ജയിച്ചത്. ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ദാദ്രനഗർ ഹവേലി മണ്ഡലത്തിൽ ശിവസേന വിജയിച്ചു. പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് നിയമസഭാ മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസ് വിജയിച്ചു. ബിജെപി എംഎൽഎമാർ രാജിവച്ച ദിൻഹതയും ശാന്തിപുരും അടക്കം പിടിച്ചടക്കിയാണ് തൃണമൂൽ മുന്നേറ്റം. കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സിന്ദ്ഗിയിൽ ബിജെപി വിജയിച്ചപ്പോൾ ഹംഗൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലം കോൺഗ്രസ് നിലനിർത്തി. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച റായ്ഗോണിൽ കോൺഗ്രസാണ് ജയിച്ചത്. ഹിമാചൽപ്രദേശിൽ തെരെഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിച്ചു. ജുബ്ബൽ മണ്ഡലം ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ഹരിയാനയിൽ ഇല്ലെനാബാദ് മണ്ഡലത്തിൽ ഐഎൻഎൽഡിയുടെ അഭയ് സിങ് ചൗട്ടാലയാണ് ജയിച്ചത്. രാജസ്ഥാനിലെ രണ്ട് സീറ്റുകളിൽ ഒന്നിൽ കോൺഗ്രസ് വിജയിച്ചു. ബിഹാറിലെ രണ്ട് സീറ്റുകളിലും ഭരണകക്ഷികളായ ജെഡിയു വിജയിച്ചു. ലോക്‌സഭയിലേക്ക് ഹിമാചൽപ്രദേശിലെ മണ്ഡി മണ്ഡലം ബിജെപിയിൽ നിന്ന് കോൺഗ്രസിന് പിടിച്ചെടുക്കാൻ കഴിഞ്ഞു. ഹരിയാനയിലും കർണാടകയിലും പശ്ചിമബംഗാളിലും ബിജെപിക്കേറ്റ തിരിച്ചടി നിർണായകമാണ്. കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ ജില്ലയായ ഹാവേരിയിലെ ബിജെപിയുടെ സിറ്റിംഗ് മണ്ഡലം കൈവിട്ടുപോയി. ബിജെപി ഭരിക്കുന്ന ഹിമാചൽപ്രദേശിൽ കോൺഗ്രസിന് മണ്ഡി മണ്ഡലം പിടിച്ചെടുക്കാൻ കഴിഞ്ഞു. 2019ൽ ബിജെപി നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്. കർഷക പ്രതിഷേധം ബിജെപിയുടെ തോൽവിക്ക് വലിയ കാരണമായി എന്നതിന്റെ ഉദാഹരണമാണ് ഹരിയാനയിലെ തോൽവി. കർഷക സമരം ശക്തമായിരുന്ന ഹരിയാനയിലെ എലനാബാദിൽ ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവ് അഭയ് ചൗട്ടാലയാണ് വിജയിച്ചത്. നില മെച്ചപ്പെടുത്താൻ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്ന ബംഗാളിൽപൂർണ പരാജയമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ടിറങ്ങിയാണ് ബംഗാളിലെ തന്ത്രങ്ങൾ മെനഞ്ഞത്. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ ഫലം ബിജെപിയുടെ ഉറക്കം കെടുത്തുന്നതാണ്.

സംസ്ഥാനങ്ങൾ കെെവിടുന്നു

 

ലോക്‌സഭയിൽ മൃഗീയമായ ഭൂരിപക്ഷമുണ്ടെന്ന അഹംകൃതിയിൽ കോർപറേറ്റുകൾക്ക് ഒത്താശചെയ്യുന്ന കരിനിയമങ്ങൾ അപ്പം പോലെ ചുട്ടെടുക്കാമെന്ന മോഡി സർക്കാരിന് അടിപതറിത്തുടങ്ങിയത് 2021 ലാണ്. ഏപ്രിൽ മെയ് മാസങ്ങളിൽ അഞ്ച് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ദേശീയ രാഷ്ട്രീയ ചിത്രം മാറി. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വർധിച്ചു. യുപി, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടകം, ബിഹാർ, അസം, ഹരിയാന, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിയോ എൻഡിഎയോ അധികാരത്തിലുള്ളത്. രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ കോൺഗ്രസിനൊപ്പമാണ്. മഹാരാഷ്ട്രയിൽ ശിവസേനാ നേതൃത്വത്തിലുള്ള സർക്കാരും കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, ഒഡിഷ, ബംഗാൾ, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇതര പാർട്ടികളുടെ ഭരണവുമായി.

 

ഇടതുപക്ഷ കേരളം

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ ആറിന് നടന്നു. മെയ് രണ്ടിന് ഫല പ്രഖ്യാപനവും നടന്നു. ഭരണത്തിലുണ്ടായിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി മുൻ തെരഞ്ഞെടുപ്പിനേക്കാൾ എട്ട് സീറ്റുകൾ കൂടുതൽ നേടി 99 സീറ്റുകളുമായി അധികാരം നിലനിർത്തി. 1982 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു സഖ്യം സംസ്ഥാനത്ത് തുടർച്ചയായി വിജയിക്കുന്നത് ഇതാദ്യമാണ്. ബിജെപിക്ക് സംസ്ഥാനത്ത് 2016 ൽ ആദ്യമായി ലഭിച്ച നിയമസഭാ മണ്ഡലം ഇടതുപക്ഷം തിരിച്ചു പിടിച്ചു. അക്കൗണ്ട് പൂട്ടിക്കുക മാത്രമല്ല, 80 ലേറെ സീറ്റുകളിൽ മുൻ തെരഞ്ഞെടുപ്പിനെക്കാൾ വോട്ടു കുറച്ച് കേന്ദ്രത്തിലെ സംഘപരിവാർ ഭരണത്തിന് കനത്ത പ്രഹരവും കേരള ജനത നൽകി. 2016 ൽ നിന്ന് ആറ് സീറ്റുകൾ കുറഞ്ഞ യുഡിഎഫ് 41 സീറ്റുകൾ നേടി.

 

അസമിൽ വോട്ട് കുറഞ്ഞു

അസമിൽ ബിജെപി-ബിപിഎഫ് സഖ്യത്തിന് 86 സീറ്റുകളോടെ അധികാരം നിലനിർത്താനായി. എന്നാൽ, വോട്ടുവിഹിതത്തിൽ ബിജെപി സഖ്യവും ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യവും തമ്മിൽ വലിയ വ്യത്യാസമില്ല. ബിജെപി മുന്നണിയെ പ്രതിരോധിക്കുന്നതിലും സംഘപരിവാർ വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിലും ദയനീയമായി പരാജയപ്പെട്ടതാണ് അസമിൽ കോൺഗ്രസിനെ വീണ്ടും തറപറ്റിച്ചത്. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ 2016ൽ അധികാരത്തിലെത്തിയ എൻഡിഎ പരാജയപ്പെട്ടിട്ടും അത് വോട്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.

 

ബംഗാളിലും തിരിച്ചടി

അധികാരരാഷ്ട്രീയം ഉപയോഗിച്ചുള്ള കൃത്രിമങ്ങളും പണക്കൊഴുപ്പും പയറ്റിയിട്ടും പശ്ചിമ ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റു. മമത സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടായിരുന്നിട്ടും ബിജെപിക്കെതിരെ ജനം ഒറ്റക്കെട്ടായി നിന്നു. വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതും വിനാശകരവും ജനവിരുദ്ധവുമായ ബിജെപി ക്യാമ്പയിൻ തിരിച്ചറിഞ്ഞ ജനം തൃണമൂൽ കോൺഗ്രസിനുപിന്നിൽ അണിനിരക്കാൻ നിർബന്ധിതരായി. ഒരർത്ഥത്തിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ബിജെപിക്ക് നൽകാവുന്നതാണ്.

 

പുതുച്ചേരിയിൽ ചാക്കിടൽ

പുതുച്ചേരിയിൽ എൻആർ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിനാണ് ജയമുണ്ടായത്. ദക്ഷിണേന്ത്യയിൽ അവശേഷിച്ചിരുന്ന ഏക കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ മറുകണ്ടം ചാടിയെത്തിയ നേതാക്കളിലൂടെ പുതുച്ചേരിയിൽ ബിജെപി അക്കൗണ്ട് തുറന്നു. വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് അട്ടിമറിച്ചതിനുശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 30 അംഗ സഭയിൽ എൻ ആർ കോൺഗ്രസ്, എഐഎഡിഎംകെ, ബിജെപി സഖ്യം 16 സീറ്റിൽ മുന്നിലെത്തി.

തമിഴ്‌നാട്

ബിജെപിക്കെതിരെ ശക്തമായ നിലപാടെടുത്ത ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയാണ് തമിഴ്‌നാട്ടിൽ മികച്ച വിജയം നേടിയത്. ബിജെപിയുമായി കെെകോർത്ത എഐഎഡിഎംകെ സർക്കാരിനെ തമിഴ് ജനത നിഷ്കരുണം താഴെയിറക്കി. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തിയത്. എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി. ജയലളിതയുടെ മരണശേഷം ബിജെപിയുടെ പണയവസ്തുവായി മാറിയതാണ് എഐഎഡിഎംകെക്ക് കനത്ത തിരിച്ചടിയായത്. എന്നാൽ നാലു സീറ്റുമായി തമിഴ്‌നാട്ടിൽ നുഴഞ്ഞുകയറാൻ ബിജെപിക്ക് എഡിഎംകെ വഴിയൊരുക്കി.

 

മുഖം മോടിയാക്കിയിട്ടും ജനം തിരിച്ചറിഞ്ഞു

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം നരേന്ദ്ര മോഡിയുടെ ജനപ്രീതിയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലായിരുന്നു രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷം ഒഴിവാക്കി ജനങ്ങള്‍ക്കിടയിലേക്ക് പോകാന്‍ പ്രവര്‍ത്തകരോട് പറഞ്ഞത് ഭീതിയോടെയാണ്. തുടര്‍ന്ന് ജൂലൈ ഏഴിന് ജ്യോതിരാദിത്യ സിന്ധ്യയും സര്‍ബാനന്ദ് സോനോവാളുമടക്കം 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു. 12 പേരെ ഒഴിവാക്കി. പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ ആകെ 77 മന്ത്രിമാരായി മോഡി മന്ത്രിസഭയില്‍. എന്നാല്‍ മുഖത്തു ചായം തേച്ചാലും ഉള്ളിലെ കാപട്യം പുറത്തുകാണിക്കാതിരിക്കാന്‍ സംഘപരിവാര്‍ ഭരണത്തിന് കഴിയില്ല എന്നതായിരുന്നു പിന്നീടും ജനം കണ്ടത്. ചരിത്ര നിരാസവും സ്വേച്ഛാധിപത്യവും വര്‍ഗീയ പ്രീണനവും നിറഞ്ഞ നടപടികള്‍ക്ക് തന്നെയാണ് ഈ വര്‍ഷവും ദേശീയ ഭരണകൂടം നേതൃത്വം നല്‍കിയത്.

ഖേല്‍രത്നയില്‍ രാജീവ് ഗാന്ധി പുറത്ത്

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന്റെ പേര് മോഡി സര്‍ക്കാര്‍ മാറ്റിയത് ഓഗസ്റ്റ് ആറിനായിരുന്നു. ഹോക്കി മാന്ത്രികനായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരാണ് ഖേല്‍രത്ന പുരസ്കാരത്തിന് നല്‍കിയത്. ഇന്ത്യന്‍ ഹോക്കി ശക്തമായ തിരിച്ചുവരവ് അറിയിക്കുന്ന കാലത്ത് രാജ്യത്തെ പരമോന്നത കായിക പുരസ്കാരത്തിന് ഹോക്കി മാന്ത്രികന്റെ പേര് നല്‍കുന്നത് അംഗീകരിക്കപ്പെടും എന്ന തന്ത്രമാണ് മോഡി പയറ്റിയത്. മുന്‍ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കുന്നതിലെ ചരിത്ര നിഷേധം അങ്ങനെ അവര്‍ നിറവേറ്റി.

 

ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍

വോട്ടര്‍പട്ടികയിലെ പേരുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനടക്കമുള്ള തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്‍ പ്രതിപക്ഷാംഗങ്ങളുടെ എതിര്‍പ്പിനിടെ ലോക്‌സഭയും രാജ്യസഭയും ചര്‍ച്ചയില്ലാതെ പാസാക്കി. രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമമാവും. ഇരട്ടവോട്ടു തടയലും വോട്ടര്‍പട്ടിക ശുദ്ധീകരണവുമാണ് ഉദ്ദേശിക്കുന്നതെന്ന് ബില്ലവതരിപ്പിച്ച് നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. എന്നാല്‍ ചില വിഭാഗങ്ങളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുന്ന തരത്തിലാണ് നീക്കമെന്ന് തെലങ്കാനയിലെ മുന്‍ അനുഭവം പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

 

എയര്‍ ഇന്ത്യയെ ടാറ്റക്ക് വിറ്റു

പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കിയത് 2021 ലെ പ്രധാന വാര്‍ത്തയാണ്. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറിയത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്. ഇതോടെ സ്വന്തമായി വിമാന കമ്പനിയില്ലാത്ത രാജ്യം എന്ന ദുര്‍ഗതിയിലേക്ക് രാജ്യം കൂപ്പുകുത്തി.

 

പെണ്‍കുട്ടികളുടെ വിവാഹപ്രായം

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ചത് സാമൂഹ്യമായും രാഷ്ട്രീയമായും ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിലെ രാഷ്ട്രീയ ലക്ഷ്യത്തിന് എതിരാണ്. ഏകീകൃത സിവില്‍ കോഡ് എന്ന ബിജെപി ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് ബില്‍.

 

പെഗാസസ് വിവാദം

പെഗാസസ് ചാര സോഫ്റ്റ്‍വേര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതും ഇക്കഴിഞ്ഞ വര്‍ഷമാണ്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും പെഗാസസ് ചൂടേറിയ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷത്തിനായി. പെഗാസസ് വിവാദം കോടതി കയറുന്നതും രാജ്യം കണ്ടു. കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതില്‍ അതിരൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയത്. ദേശസുരക്ഷയുടെ പേര് പറഞ്ഞ് എല്ലാ കാര്യങ്ങളില്‍ നിന്നും കേന്ദ്രത്തിന് ഒഴിയാനാവില്ലെന്ന് കോടതി തുറന്നടിച്ചു. പൗരന്മാരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാപരമായിരിക്കണമെന്ന സുപ്രധാന നിരീക്ഷണവും വാദത്തിനിടെ കോടതി നടത്തി.

 

കാർഷിക നിയമങ്ങളിൽ വടിയെടുത്ത് കോടതി

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ പരിഹരിക്കാൻ ഇനിയും സമയം നീട്ടിനൽകാനാവില്ലെന്ന് പറഞ്ഞ് ജനുവരി 11 ന് പുതുവർഷാരംഭത്തിൽ തന്നെ സുപ്രീം കോടതി മോഡി സർക്കാരിന് ആദ്യത്തെ താക്കീത് നൽകി. ആവശ്യത്തിനു സമയം ഇക്കാര്യത്തിൽ ഇതിനകം നൽകിയതായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. നിയമങ്ങൾ നടപ്പാക്കുന്നത് മരവിപ്പിച്ചുകൂടേയെന്ന് വാദത്തിനിടെ ബെഞ്ച് ആരാഞ്ഞു. സമരം നടത്തുന്ന കർഷകരെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ”സമരക്കാരിൽ ചിലർ ആത്മഹത്യ ചെയ്തു, പ്രായമായവരും സ്ത്രീകളുമെല്ലാം സമരത്തിന്റെ ഭാഗമാണ്. പല സംസ്ഥാനങ്ങളും നിയമത്തിന് എതിരാണ്. നിയമങ്ങൾക്കെതിരെ ഒട്ടേറെ പരാതികളുണ്ട്, അനുകൂലിച്ച് ഒന്നു പോലുമില്ല” കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളിലായിരുന്നു ബെഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചത്. സമരംനടത്തുന്ന കർഷകരുമായി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്ന സര്‍ക്കാര്‍വാദത്തെയും വിമർശനത്തോടെയാണ് കോടതി പരിഗണിച്ചത്. ചർച്ചകൾ നിലച്ച അവസ്ഥയാണെന്നാണ് മനസിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ”ആവശ്യത്തിനു സമയം നിങ്ങൾക്കു നൽകി. ഇനിയും ക്ഷമയെക്കുറിച്ച് ഞങ്ങൾക്കു ക്ലാസ് എടുക്കരുത്” ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചു.

 

കോവിഡിൽ പലതവണ പ്രഹരം

രാജ്യത്തെ കോവിഡ് വ്യാപന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളിലെ പോരായ്മകളിൽ ഇരട്ട പ്രഹരമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ഏ­പ്രിൽ 22 ന് വിഷയത്തിൽ സ്വമേധയാ കേസെടുത്ത പരമോന്നത കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ്‍ക്യൂറി ആയി നിയമിച്ച കോടതി ഓക്സിജൻ, വാക്സിനേഷൻ എന്നിവയുടെ കാര്യത്തിലെല്ലാം ദേശീയനയം രൂ­പീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിരോധ വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിന് കാരണമായ വാക്സിൻ നയത്തെ മെയ് 31 ന് കോടതി നിശിതമായി വിമർശിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രങ്ങൾക്കുമായി എങ്ങനെയാണ് രണ്ടുവില ഈടാക്കുകയെന്നു ചോദിച്ച കോടതി ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ എങ്ങനെ കോവിൻ പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുമെന്നും ചോദിച്ചു. വാക്സിൻ വാങ്ങാൻ സംസ്ഥാനങ്ങൾ എന്തിനാണ് കൂടുതൽ തുക അധികമായി നൽകുന്നത്. വ്യത്യസ്തമായി വില ഈടാക്കുന്ന നടപടി അനുവദിക്കില്ല. ഒരേ വാക്സിൻ രണ്ട് പേർക്ക് രണ്ട് വിലയ്ക്കാണ് നൽകപ്പെടുന്നത്. നികുതിപ്പണമാണ് വാക്സിൻ വാങ്ങാൻ ഉപയോഗിക്കുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു. വാക്സിന്റെ വില നിർണയിക്കാനുള്ള അധികാരം എന്തിനാണ് മരുന്ന് കമ്പനികൾക്ക് നൽകിയതെന്ന് കോടതി ചോദിച്ചു. ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യുന്നതിന് സുഹൃത്തുക്കളുടെ സഹായം തേടാമെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെയും കോടതിയിൽ നിന്ന് രൂക്ഷ വിമർശനമുണ്ടായി. സർക്കാർ നയങ്ങൾ പൗരന്മാരുടെ അവകാശത്തിൽ കടന്നുകയറിയാൽ മിണ്ടാതിരിക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് ജൂൺ മൂന്നിന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി. സർക്കാർ വിവേചനാധികാരം ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന കേന്ദ്രത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.

 

ദേശസുരക്ഷ മറയാക്കി ഒളിച്ചോടരുത്

ദേശീയ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് പെഗാസസ് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് എല്ലായ്പ്പോഴും കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത് ഒക്ടോബർ 27 ന്. പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കാൻ സാങ്കേതിക വിദഗ്ധരുടെ ഒരു സ്വതന്ത്ര സമിതിക്ക് കോടതി രൂപം നൽകുകയും ചെയ്തു.
കേന്ദ്രം പെഗാസസിന്റെ ഉപയോഗം നിഷേധിച്ചിട്ടില്ലാത്തതിനാൽ ഹര്‍ജിക്കാരന്റെ നിവേദനങ്ങൾ പ്രഥമദൃഷ്ട്യാ സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ല. അതിനാൽ ഞങ്ങൾ ഒരു വിദഗ്ധ സമിതിയെ നിയമിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‍ലി എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. വിദഗ്ധ സമിതിയുടെ അധ്യക്ഷനായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ വി രവീന്ദ്രനെയും നിയമിച്ചു.

 

റേഷൻ നിഷേധത്തിനെതിരെ

ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താൽ മൂന്ന് കോടി റേഷൻ കാർഡുകൾ റദ്ദ് ചെയ്ത കേന്ദ്ര നടപടി അതീവ ഗൗരവതരമാണെന്ന് സുപ്രീം കോടതി. കൊയിലി ദേവി സമർപ്പിച്ച പൊതുതാല്പര്യ ഹര്‍ജി കേൾക്കവേയായിരുന്നു മാർച്ച് 18 ന് സുപ്രീം കോടതിയുടെ പരാമർശം. ഈ വിഷയത്തിൽ ഇടപെടാതിരിക്കാൻ ആകില്ലെന്നും അതീവ ഗൗരവമായ കാര്യമാണെന്നും ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എൽ ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു. കൊയിലി ദേവി സമർപ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് വേണ്ടി അഡ്വക്കേറ്റ് കോളിൻ ഗോൺസാൽവസാണ് കോടതിയിൽ ഹാജരായത്.

 

ക്ഷമ പരീക്ഷിക്കരുത്

കേന്ദ്ര സർക്കാർ കോടതിയുടെ ക്ഷമ പരിശോധിക്കുകയാണെന്നും വിധികളെ സർക്കാർ ബഹുമാനിക്കുന്നില്ലെന്നും സെപ്റ്റംബർ ആറിന് സുപ്രീം കോടതി പറഞ്ഞു. രാജ്യത്തെ ട്രൈബ്യുണലുകളെ ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന് കോടതി ആരോപിച്ചു. ട്രിബ്യൂണൽ പരിഷ്കരണ നിയമം ചോദ്യംചെയ്ത് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. സുപ്രീം കോടതി വിധിക്ക് കടകവിരുദ്ധമായ നിയമം പാസാക്കാൻ പാടില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.