15 November 2024, Friday
KSFE Galaxy Chits Banner 2

നിയമപരമായി ഉറപ്പാക്കിയ 84,000 കോടി രൂപയുടെ പ്രസവാനുകൂല്യം നിഷേധിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 11, 2022 10:02 pm

നിയമപരമായി ഉറപ്പാക്കിയ 84,000 കോടി രൂപയുടെ പ്രസവാനുകൂല്യം ഗുണഭോക്താക്കള്‍ക്ക് നല്‍കിയില്ല. 2013ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസവിക്കുന്ന ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ സ്ത്രീകള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി 6000 രൂപ പ്രസവാനുകൂല്യമായി നല്‍കുന്നതിന് നിഷ്കര്‍ഷിച്ചത്. രാജ്യത്ത് നടക്കുന്ന പ്രസവത്തിന്റെ ശരാശരിയെടുത്ത് അതില്‍ 90 ശതമാനത്തിനും ആനുകൂല്യം ഉറപ്പുവരുത്തണമെന്നാണ് വ്യവസ്ഥയെങ്കിലും ബജറ്റില്‍ തുക അനുവദിക്കാതെ മഹാഭൂരിപക്ഷത്തിനും ആനുകൂല്യം നിരാകരിക്കുകയായിരുന്നു. 

പ്രതിവര്‍ഷം ആയിരത്തിന് 20 എന്ന തോതിലുള്ള ജനന നിരക്കു കണക്കാക്കിയാല്‍പോലും 14,000 കോടി രൂപ ബജറ്റില്‍ അനുവദിക്കേണ്ടതുണ്ട്. 2013ല്‍ നിയമം പ്രാബല്യത്തില്‍ വന്ന് 2015–16ല്‍ പദ്ധതി ആരംഭിച്ചുവെന്ന് കണക്കാക്കിയാല്‍ 98,000 കോടി രൂപ ബജറ്റ് വിഹതമായി അനുവദിക്കേണ്ടതാണ്. 2015–16, 16–17 വര്‍ഷം നാമമാത്ര തുകയാണ് ബജറ്റില്‍ നീക്കിവച്ചത്. 2017–18ല്‍ 2,700 കോടി രൂപ പ്രഖ്യാച്ചുവെങ്കിലും പിന്നീട് അത് 2,500 കോടിയായി കുറവ് വരുത്തി. 2020–21ല്‍ അനുവദിച്ചതാകട്ടെ കേവലം 1,300 കോടി രൂപ മാത്രവും. 

2017ല്‍ പ്രധാനമന്ത്രി മാതൃവന്ദന യോജ എന്ന പേരില്‍ വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചുവെങ്കിലും ആദ്യത്തെ കുട്ടിക്ക് എന്നാക്കുകയും 6,000 രൂപ മൂന്ന് ഗഡുക്കളായി നല്‍കണമെന്ന വ്യവസ്ഥ മാറ്റി 5,000 രൂപയെന്നാക്കുകയും ചെയ്തു. നടപടിക്രമങ്ങളിലെ സങ്കീര്‍ണതയും പലര്‍ക്കും — പ്രത്യേകിച്ച് പാവപ്പെട്ടവരും നിരക്ഷരരുമായവര്‍ക്ക് — ആനുകൂല്യം ലഭ്യമാകുന്നതിന് തടസം സൃഷ്ടിച്ചു. വീട്ടില്‍ നടക്കുന്ന പ്രസവം, ആധാര്‍ കാര്‍ഡില്ലാത്തത്, മറ്റു രേഖകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കാത്തത് ഇവയെല്ലാം ആനുകൂല്യ നിഷേധത്തിന് കാരണമായി. 

അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണ രേഖകള്‍, അമ്മയുടെയും അച്ഛന്റെയും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര് കാര്‍ഡും ബാങ്ക് പാസ് ബുക്കും ബന്ധിപ്പിച്ചിരിക്കണം തുടങ്ങിയ വ്യവസ്ഥകളും സാധാരണക്കാര്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. ഫലത്തില്‍ മഹാഭൂരിപക്ഷത്തിനും പ്രസവാനുകൂല്യം നല്‍കാത്തതുവഴി നിഷേധിക്കപ്പെട്ട തുക ഏകദേശം 84,000 കോടി രൂപയിലധികമാണെന്നാണ് കണക്കാക്കുന്നത്. 

ENGLISH SUMMARY:84,000 crore legal­ly guar­an­teed mater­ni­ty ben­e­fit denied
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.