23 December 2024, Monday
KSFE Galaxy Chits Banner 2

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പ്

കെ പി ശങ്കരദാസ്
January 24, 2022 6:00 am

ഇന്ത്യൻ രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പാണ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്നത്. ദേശീയ രാഷ്ട്രീയ ഗതിവിഗതികൾ എക്കാലവും നിയന്ത്രിച്ചിട്ടുള്ള ഉത്തർപ്രദേശിൽ ഉൾപ്പെടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവ ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും രാഷ്ട്രീയഭാവിയെ നിര്‍ണയിക്കുമെന്നു മാത്രമല്ല, ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലത്തേയും ഗണ്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് ലോകസഭാ, നിയമസഭാ സീറ്റുകളുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്താണ്. 80 ലോകസഭാ സീറ്റും, 403 നിയമസഭാ സീറ്റും. വോട്ടറന്മാരുടെ എണ്ണത്തിന്റെ കാര്യത്തിലും ഉത്തർപ്രദേശിന്റെ സ്ഥാനം ഇതുതന്നെയാണ്. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലെ ആകെ നിയമസഭാ സീറ്റുകള്‍ 690 ആണ്. ഈ സംസ്ഥാനങ്ങളിലെ 18.34 കോടി വോട്ടര്‍മാരിൽ 15.05 കോടിയും യുപിയിലാണ്. 543 അംഗ ലോക്‌സഭയിലെ 80 സീറ്റുകളും യുപിയിൽ നിന്നാണെന്നത് തന്നെയാണ് ഒരു പൊതു തെരഞ്ഞെടുപ്പിന് തുല്യമായ രാഷ്ട്രീയ പ്രാധാന്യം ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് നൽകുന്നത്.

പഞ്ചാബ് ഒഴിച്ചുള്ള നാലു സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരണം നടത്തുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടരകൊല്ലം കാത്തിരിക്കണം. ലോക്‌സഭയിലെ മൊത്തം അംഗങ്ങളിൽ അഞ്ചിലൊന്ന് സീറ്റുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് 12 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. രാജ്യത്തെ 45 കോടി കർഷകരുടെ കടുത്ത എതിർപ്പിനും വൻ രോഷത്തിനും ഇടവരുത്തിയ കാർഷിക കരിനിയമങ്ങൾ കൊണ്ടുവരികയും അതിനെതിരായ കർഷകപ്രക്ഷോഭത്തെ തകർക്കാൻ ശ്രമിക്കുകയും 720 കർഷകരുടെ മരണത്തിനിടയാക്കുകയും ചെയ്ത നരേന്ദ്രമോഡി സർക്കാരിന്റെ കർഷകവിരുദ്ധ നടപടികളുടെ ഹിതപരിശോധനയായിരിക്കും ഈ നിയമസഭാതെരഞ്ഞെടുപ്പ്.
2021 നവംബറിൽ മൂന്ന് ലോക്‌സഭാ മണ്ഡലത്തിലും 14 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ പരാജയമാണ് നേരിടേണ്ടിവന്നത്. ഹിമാചൽപ്രദേശ്, ഹരിയാന, ബംഗാൾ എന്നിവിടങ്ങളിലെ സിറ്റിങ് സീറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ബംഗാളിൽ വോട്ടുവിഹിതം വൻതോതിൽ ഇടിഞ്ഞു. ബിജെപി തിരിച്ചുവരാൻ ആഗ്രഹിക്കുന്ന രാജസ്ഥാനിലും, മഹാരാഷ്ട്രയിലും ഒരു നിയമസഭാ സീറ്റും പിടിച്ചെടുക്കാനായില്ല. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചത് 29 ൽ ഏഴിടത്തുമാത്രം. മൂന്ന് വർഷം മുൻപ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയം ആഘോഷിച്ച ബിജെപിക്ക് അതിന്റെ തനിയാവർത്തനം പ്രതീക്ഷീക്കാനാവാത്തവിധം കേന്ദ്ര ഭരണവിരുദ്ധവികാരം ശക്തമാണ്.

കർഷകരോഷത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ യുപി ഭരണം കൈവിട്ടുപോകുമൊയെന്ന ആശങ്ക നരേന്ദ്രമോഡിക്കും ബിജെപിക്കുമുണ്ട്. ആയിരക്കണക്കിന് കോടികളുടെ വികസന പദ്ധതി തുടങ്ങാനെന്ന പേരിൽ സംസ്ഥാനത്തുടനീളം തറക്കല്ലുകൾ ഇട്ടതും ഇതിന്റെ സൂചനയാണ്. പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി ഉയർന്നുവന്നിരിക്കുന്ന സുപ്രധാന സംഭവവികാസം ഡൽഹി ഭരണം പിടിച്ചെടുത്ത അരവിന്ദ്കേജ്‌രി വാളിന്റെ ആം ആദ്മി പാർട്ടിയുടെ സജീവ സാന്നിധ്യമാണ്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്, ശിരോമണി‍ അകാലിദൾ സഖ്യം, ബിജെപിയും കോൺഗ്രസിൽ നിന്നു രാജിവച്ചിറങ്ങിയ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിങ്ങിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസും ചേർന്നുള്ള മുന്നണി, കർഷകസമരം ആളിക്കത്തിച്ച സംഘടനകളിൽ ചിലതൊക്കെ ചേർന്നുണ്ടാക്കിയ മറ്റൊരു മുന്നണി എന്നിവയെല്ലാം കടത്തിവെട്ടി പഞ്ചാബിൽ തികച്ചും വലിയ ഒറ്റ കക്ഷിയായി ആം ആദ്മി പാർട്ടി ഉയർന്നു വരുമെന്നാണ് സർവേ റിപ്പോർട്ടുകൾ പറയുന്നത്.
അഞ്ചു സംസ്ഥാനങ്ങളിൽ പഞ്ചാബിലും ഉത്തരഖണ്ഡിലുമാണ് കോൺഗ്രസിന് കാര്യമായ മത്സരം കാഴ്ചവയ്ക്കാൻ കെൽപുള്ളത്. യുപിയിലെ 403 അംഗ നിയമസഭയിൽ 9 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ് കളത്തിനു പുറത്താണ്. ഗോവയിലും മണിപ്പുരിലും പാർട്ടി ദുർബലമാണ്. ഗോവയിൽ കഴിഞ്ഞ തവണ 40 അംഗ നിയമസഭയിൽ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ ഭരണമേൽക്കാൻ ബിജെപി അനുവദിച്ചില്ല. തുടർന്ന് കോൺഗ്രസിന്റെ 10 എംഎൽഎമാർ ബിജെപിയിലേക്കും അഞ്ചുപേർ മറ്റു പാർട്ടികളിലേക്കും കാലുമാറിയതോടെ പാർട്ടിക്ക് രണ്ട് എംഎൽഎമാർ മാത്രമായി.

 


ഇതുംകൂടി വായിക്കാം; ജനാധിപത്യം പ്രതിസന്ധിയിൽ


മണിപ്പുരിലും കോൺഗ്രസ് കുടുതൽ സീറ്റ് നേടിയെങ്കിലും ചെറു പാർട്ടികളെ ചാക്കിട്ട് ബിജെപി ഭരണം കൈക്കലാക്കി. 60 അംഗ നിയമസഭയിൽ 28 സീറ്റിൽ ജയിച്ച കോൺഗ്രസിന്റെ 13 എംഎൽഎമാരാണ് ബിജെപിയിലേക്ക് പോയത്. 21 സീറ്റിൽ ജയിച്ച ബിജെപി നാല് സീറ്റ് വീതമുള്ള നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും നാഷണൽ പീപ്പിൾസ് ഫ്രണ്ടിന്റെയും പിന്തുണയോടെ അധികാരം കൈക്കലാക്കുകയായിരുന്നു. ബിജെപിയും കോൺഗ്രസും നേർക്കുനേർ നിന്നു മൽസരിക്കുന്നത് ഉത്തരഖണ്ഡിലും മണിപ്പൂരിലും മാത്രം. ഉത്തരഖണ്ഡിൽ ബിജെപിയും കോൺഗ്രസും അല്ലാതെ മറ്റു പാർട്ടികൾ ഗോദയിലില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിലെ 57 സീറ്റുകളും ബിജെപി കൈക്കലാക്കിയപ്പോൾ കോൺഗ്രസിനെ 11 സീറ്റിലൊതുക്കി. അഞ്ചു വർഷംകൊണ്ട് നരേന്ദ്രമോഡി സർക്കാർ സംസ്ഥാനത്തു ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കിയെന്ന ബിജെപിയുടെ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാനാണ് കോൺഗ്രസിന്റെ ശ്രമം. അടിക്കടി മുഖ്യമന്ത്രിയെ മാറ്റിയതും വിവാദപരമായ ചാർധാം ക്ഷേത്ര ദേവസ്ഥാനം ബോർഡ് രൂപീകരണവും എതിർപ്പിനെ തുടർന്നുള്ള റദ്ദാക്കലും ന്യായീകരിക്കാൻ ക്ലേശിക്കുന്ന ബിജെപിക്ക് ഇവിടെയും തീവ്രവർഗീയത തന്നെയാണ് അവസാന അവലംബം. അഞ്ചുവർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ മാറ്റേണ്ട ഗതികേടാണ് ബിജെപിക്കുണ്ടായത് ത്രിവേന്ദ്രസിങ്ങിനെ മാറ്റി തീരത്ത് സിങ്ങിനെ കൊണ്ടുവന്നെങ്കിലും അദ്ദേഹത്തെയും താഴെയിറക്കി പുഷ്കർ ദാമിയെ അവരോധിക്കുകയായിരുന്നു.

യുപിയിലെ ജനസംഖ്യയുടെ 19 ശതമാനം വരുന്ന ന്യൂനപക്ഷ മുസ്‌ലിം വോട്ട്ബാങ്ക് എട്ടു സംവത്സരങ്ങൾക്കുശേഷം വീണ്ടും നിർണായകമായി മാറും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സീറ്റുകൾ തൂത്തുവാരുകയായിരുന്നു. ബിജെപി കനത്ത തോൽവി ഏറ്റുവാങ്ങിയ മുന്‍ തെരഞ്ഞെടുപ്പുകളിൽ നല്ല തോതില്‍ മു‌സ്‌ലിം പ്രാതിനിധ്യം നിയമസഭയിൽ ഉണ്ടാകുകയും ബിജെപി വൻവിജയം നേടിയ തെരഞ്ഞെടുപ്പുകളിൽ മു‌സ്‌ലിം പ്രാതിനിധ്യം കുത്തനെ കുറയുകയായിരുന്നു.
സമാജ് വാദി പാർട്ടിയുടെ നായകൻ അഖിലേഷ് യാദവിന്റെ വളർച്ച ബിജെപിക്ക് വൻ വെല്ലുവിളിയായി തീർന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയത്തിലേക്ക് ബിജെപിയെ കൊണ്ടെത്തിച്ച രാഷ്ട്രീയ സാമുദായിക ഘടകങ്ങൾ ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബിഎസ്‌പിക്കുണ്ടായ വമ്പിച്ച പരാജയം നാല് തവണ മുഖ്യമന്ത്രി പദമേറിയ മായാവതിയുടെ നേതൃപ്രഭാവം വല്ലാതെ കെടുത്തിയിരുന്നു. പ്രിയങ്ക ഗാന്ധി പ്രചണ്ഡ പ്രചാരണം നടത്തുന്നുവെങ്കിലും കോൺഗ്രസിന്റെ അതീവദുർബലാവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിലുള്ള ഉഗ്ര പോരാട്ടമായി മാറാനാണ് സാധ്യത. ഉത്തരാഖണ്ഡില്‍ നിലവിലെ മുഖ്യമന്ത്രി പുഷ്കർസിങ് ദാമിയെ മുന്നിൽ നിര്‍ത്തിയാണ് ബിജെപി അങ്കം. അതേസമയം കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രീതം സിങ്, എഐസിസി ജനറൽ സെക്രട്ടറി ദേവശ്വർയാദവ് എന്നിവർ തമ്മിലടി തുടരുകയാണ്. കേണൽ അജയ് കോട്ടിയാൽ ആണ് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.

മണിപ്പുരില്‍ നിലവിലുള്ള ബിജെപി മുഖ്യമന്ത്രി എൻ ബീരേൻസിങ് രണ്ടാമൂഴത്തിന് ശ്രമിക്കുമ്പോൾ മൂന്നുതവണ മുഖ്യമന്ത്രിയായ ഒക്രം ഇബോബി സിങ് കോൺഗ്രസിനെ നയിക്കുന്നു. യുപിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടാതെയാണ് ജനവിധി നേടിയത്. എന്നാൽ കടുത്ത വർഗീയ ധ്രുവീകരണം ഉണ്ടാക്കിയെടുത്ത് കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച തകർപ്പൻ ജയം ബിജെപി നേടിയപ്പോൾ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും മായാവതിയുടെ ബിഎസ്‌പിയും കോൺഗ്രസും ഏറ്റുവാങ്ങിയത് ദയനീയ തോൽവിയായിരുന്നു. അന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് നിയമസഭയിലേക്ക് മത്സരിക്കുകപോലും ചെയ്യാതിരുന്ന ആദിത്യനാഥിനെ നാടകീയമായി മുഖ്യമന്ത്രിയാക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനും ഗോരഖ്പുരിൽ നിന്നും ലോക്‌സഭാംഗവുമായിരുന്ന യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് അതിതീവ്ര വർഗീയവാദി എന്ന നിലയിലായിരുന്നു.

അധികാരം കിട്ടിയപ്പോള്‍ യോഗി ആദിത്യനാഥ് കേന്ദ്രത്തിൽ നരേന്ദ്രമോഡി ചെയ്യുന്നതുപോലെ യുപി ഭരണത്തിൽ സമ്പൂർണ സ്വേഛാധിപത്യം അടിച്ചേൽപ്പിക്കുകയും മന്ത്രിമാരെയും എംഎൽഎമാരെയും പാർട്ടി നേതാക്കളെയും വിനീതദാസന്മാരാക്കി മാറ്റുകയുമായിരുന്നു. കഴിഞ്ഞ ഒരു വർഷം മുഴുവൻ പ്രധാനമന്ത്രി നരേന്ദ്രമോഡി യുപിയുടെ ഓരോ കോണുകളിലും നിരന്തരമായി വന്നിരുന്നു. പതിനായിരക്കണക്കിനു കോടി രൂപയുടെ പുതിയ ഭീമൻ പദ്ധതികൾക്കായി തറക്കല്ലിടൽ നടത്തുന്നതിനായിട്ടായിരുന്നു ഈ വരവ്.
ബിജെപിക്ക് 2002 ൽ 20. 1 ശതമാനം വോട്ടും 80 സീറ്റും, 2007 ൽ 17 ശതമാനം വോട്ടും 51 സീറ്റും, 2012 ൽ 15 ശതമാനം വോട്ടും 47 സീറ്റുമാണ് കിട്ടിയതെങ്കിൽ 2017 ൽ വോട്ട് ശതമാനം 39.7 ആയും സീറ്റിന്റെ എണ്ണം 312 ആയും കുതിച്ചുയർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ ബിജെപി മുന്നണിക്ക് ആകെ കിട്ടിയത് 325 സീറ്റ്. സഖ്യകക്ഷിയായ അപനാദള്‍ 9 സീറ്റും എസ്ബിഎസ്‌പി നാലു സീറ്റും നേടി. സമാജ്‌വാദി പാർട്ടിക്ക് 2002 ലും 2007 ലും വോട്ടിങ് ശതമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. 25.4 ശതമാനം. പക്ഷെ 2007 ൽ ലഭിച്ചത് 143 സീറ്റും. 2007ല്‍ കിട്ടിയത് 97 സീറ്റും. 29.1 ശതമാനം വോട്ടും 224 സീറ്റും നേടിയാണ് 2012 ൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നത്. ബിജെപി തരംഗം ആഞ്ഞടിച്ച 2017 ൽ വോട്ട് ശതമാനം 21.81 ശതമാനം ആയിരുന്നെങ്കിലും സീറ്റുകളുടെ എണ്ണം കുത്തനെ കുറഞ്ഞ് 47 ആയി. മായാവതിയുടെ ബിഎസ്‌പിക്ക് 2002 ൽ 23.1 ശതമാനം വോട്ടും 98 സീറ്റുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിഎസ്‌പിക്ക് 22.23 ശതമാനം വോട്ട് കിട്ടിയെങ്കിലും ലഭിച്ച സീറ്റ് വെറും 19. കോൺഗ്രസിന് 2002 ൽ 9 ശതമാന വോട്ടും 21 സീറ്റും, 2007 ൽ 8.6 ശതമാനം വോട്ടും 22 സീറ്റും, 2012 ൽ 11.7 ശതമാനം വോട്ടും 20 സീറ്റും കിട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം 6.3 ആയും സീറ്റുകൾ 7 ആയും കുത്തനെ കുറഞ്ഞു.

 


ഇതുംകൂടി വായിക്കാം;വര്‍ഗീയ വിദ്വേഷത്തിന്റെ വിഷത്തൈ നടുന്നവര്‍


 

മുസ്‌ലിം വോട്ടുകൾ ഏറെയും 2014 വരെയും മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്കാണ് ലഭിച്ചിരുന്നത്. പിന്നാക്ക യാദവ — മുസ്‌ലിം വോട്ടുകളിലൂടെ അംഗബലം ഉയർത്താൻ എസ്‌പി ക്ക് കഴിഞ്ഞിരുന്നു. കുറെ മുസ്‌ലിം വോട്ട് കോൺഗ്രസിനും കിട്ടുമായിരുന്നു. എന്നാൽ 2014 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷവോട്ടുകൾ മുഴുവൻ സമാഹരിക്കാൻ എസ്‌പി ഉൾപ്പെടെയുള്ള ബിജെപി വിരുദ്ധ പാർട്ടികൾക്ക് കഴിയാതെ പോയി. മുസ്‌ലിം വോട്ടുകൾ ഭിന്നിച്ചുപോകുകയും നല്ലൊരു ശതമാനം വോട്ട് ബിജെപിക്ക് കിട്ടുകയും ചെയ്തു. ഇത്തവണ വോട്ട് ഭിന്നിച്ചുപോകരുതെന്ന പൊതുവികാരം മുസ്‌ലിം വോട്ടർമാർക്കിടയിലുണ്ട്. ബിജെപിയെ തറപറ്റിക്കാൻ കഴിയുന്ന പാർട്ടിയുടെ പിന്നിൽ അണിനിരക്കാനുള്ള അവരുടെ ഇംഗിതം ബിജെപിക്കെതിരെ ഇഞ്ചോടിഞ്ചു പൊരുതുന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് തുണയാകുമെന്നാണ് കരുതപ്പെടുന്നത്. ജനജീവിതം ദുസഹമാക്കുന്ന അടിസ്ഥാന ജീവൽ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ കേന്ദ്രത്തിലെ മോഡി സർക്കാരോ സംസ്ഥാനത്തെ ആദിത്യനാഥ് സർക്കാരോ ഒന്നും ചെയ്തില്ലെന്ന വിമർശനത്തെ പ്രതിരോധിക്കാൻ ബിജെപി ബുദ്ധിമുട്ടുന്നു. കാർഷികോല്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താനുള്ള നിയമനിർമ്മാണം നടത്താത്തത് കർഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ വില അടിക്കടി വര്‍ധിപ്പിക്കുന്നതും അവശ്യസാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റവും കുതിച്ചുയരുന്ന തൊഴിലില്ലായ്മയും കേന്ദ്ര — സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരവും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും. മോഡി — യോഗി സർക്കാരുകളുടെ ഭരണപരാജയം തുറന്നുകാണിച്ചുകൊണ്ടാണ് സമാജ്‌വാദി പാർട്ടിയും അഖിലേഷ്‌യാദവും നീങ്ങുന്നത്. ബിജെപിയുടെ ഭൂരിപക്ഷ വർഗീയതയെ തളയ്ക്കാൻ പോന്ന സാമുദായിക സമവാക്യങ്ങള്‍ക്കാണ് അഖിലേഷ് യാദവ് രൂപം നല്കിയിരിക്കുന്നത്.

ജാട്ട് സമുദായത്തിന്റെ അനിഷേധ്യ നേതാവായിരുന്ന മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ പൗത്രൻ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ (ആൽഎൽഡി), കുറുമി സമുദായ പാർട്ടിയായ അപ്നാദൾ വിഘടിത വിഭാഗം, രാജ്ഭര്‍ സമുദായത്തിനിടയിൽ ഗണ്യമായ സ്വാധീനമുള്ള ഓംപ്രകാശ് രാജ്ഭര്‍ നയിക്കുന്ന എസ്ബിഎസ്‌പി തുടങ്ങിയ പതിനഞ്ചോളം ചെറുകിട പാർട്ടികളുമായി സമാജ്‌വാദി പാർട്ടി സഖ്യമുണ്ടാക്കിയത് ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനത്തിനിടയാക്കുമെന്നും ബിജെപിയെ പരുങ്ങലിലാക്കുമെന്നുള്ള ധാരണ ശക്തമാണ്. ഉത്തർപ്രദേശിൽ തുടർഭരണത്തിന്റെ പ്രതീക്ഷയുമായി തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിയെ അങ്കലാപ്പിലാക്കിയ സംഭവമാണ് യോഗി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന മൂന്നുപേരുടെ രാജി. തൊഴിൽ വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സയ്നി, ദാരാസിങ് ചൗഹാന്‍ എന്നിവരടക്കം പന്ത്രണ്ട് എംഎൽഎമാരും രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. രാജി വച്ചവർ സമാജ്‌വാദി പാർട്ടിയിലേക്ക് നീങ്ങിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.
യാദവ്, മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ സമാജ്‌വാദി പാർട്ടിക്ക് ഏറെ സ്വാധീനമുള്ളതായാണ് റിപ്പോർട്ട്. യാദവേതര പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയുള്ളവരാണ് എൻഡിഎ വിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നവര്‍. യാദവേതര പിന്നാക്ക വിഭാഗങ്ങൾ ഉത്തർപ്രദേശ് ജനസംഖ്യയുടെ 35 ശതമാനം വരുമെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കാള്‍ ഉപരി ജാതി, സമുദായ സമവാക്യങ്ങളായിരിക്കും യുപി തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണായകമാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.