26 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 23, 2024
July 23, 2024
January 1, 2024
October 21, 2023
February 24, 2023
February 2, 2023
February 2, 2023
January 20, 2023
October 11, 2022

കാര്‍ഷികരംഗത്തെ കൈവിട്ടു; വരുമാനവും തൊഴിലവസരങ്ങളും വർധിപ്പിക്കാന്‍ പദ്ധതികളില്ല

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2022 10:25 pm

കേന്ദ്ര ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് അവഗണന. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും കോവിഡ് മൂന്നാം തരംഗത്തിന്റെയും പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചവരെ ബജറ്റ് നിരാശപ്പെടുത്തി.
കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായിട്ടില്ല. കൃഷിക്കും കാർഷിക മേഖലയ്ക്കും കർഷക ക്ഷേമത്തിനും വേണ്ടി നീക്കിവച്ചിരുന്നതിൽ 718 കോടി രൂപയുടെ കുറവ് ഉണ്ടായി.
വിള ഇൻഷുറൻസിന് കഴിഞ്ഞ വർഷം 15989 കോടി രൂപ അനുവദിച്ചിടത്ത് ഈ ബജറ്റിൽ 15500 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 489 കോടി രൂപയുടെ കുറവ്. വിപണിയിലെ ഇടപെടലിന് വേണ്ടി കഴിഞ്ഞ വർഷം 3595 കോടി രൂപ ഉണ്ടായിരുന്നത് 1500 കോടിയായി വെട്ടിച്ചുരുക്കി. 2095 കോടി രൂപയുടെ കുറവുണ്ടായി.

കാർഷിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 2347 കോടി രൂപ മാറ്റി വച്ചിരുന്ന സ്ഥാനത്ത് അത് 1995 കോടി രൂപയായി കുറഞ്ഞു. വളം സബ്സിഡിക്കായി കഴിഞ്ഞ ബജറ്റിൽ 140122 കോടി രുപ നീക്കി വച്ച സ്ഥാനത്ത് 105022 കോടി രൂപയായി കുറച്ചിരിക്കുന്നു. 34900 കോടി രൂപയുടെ കുറവ്. ഇതോടെ വളത്തിന്റെ വർധിച്ച വില കർഷകന് താങ്ങാനാകുന്നതിനും അപ്പുറത്തേക്കു പോകുമെന്ന കാര്യം ഉറപ്പായി. കാർഷിക ഉല്പന്നങ്ങളുടെ വിലസ്ഥിരതയ്ക്ക് വേണ്ടി 2250 കോടി രൂപ ആയിരുന്നത് 1500 കോടി രൂപയായി കുറച്ചു.

നെല്ല് — ഗോതമ്പ് സംഭരണത്തിനായി 2.37 ലക്ഷം കോടി രൂപ 163 ലക്ഷം കർഷകർക്ക് നൽകുമെന്നതാണ് ബജറ്റിലെ ഏറ്റവും വലിയ കാർഷിക പ്രഖ്യാപനം. എല്ലാ കാർഷികോല്പന്നങ്ങൾക്കും ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങു വില (എംഎസ്‌പി) പ്രഖ്യാപിക്കണമെന്ന കർഷകരുടെ ആവശ്യവും ധനമന്ത്രി പരിഗണിച്ചില്ല. കർഷകരുടെ ഇടയിൽ ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കിസാൻ ഡ്രോൺ പദ്ധതി നടപ്പാക്കും.

2020 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നായിരുന്നു 2016–17 ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി നടത്തിയ പ്രഖ്യാപനം. കഴിഞ്ഞ അഞ്ചു വർഷവും മോഡി സർക്കാര്‍ ബജറ്റുകളിലും പൊതുപ്രസംഗങ്ങളിലും ഇത് ആവര്‍ത്തിച്ചു. എന്നാൽ ഈ ലക്ഷ്യത്തിന് അടുത്തൊന്നുമെത്താൻ സർക്കാരിനായിട്ടില്ല. കാർഷിക മേഖലയിലെ മൂലധന നിക്ഷേപം വർധിപ്പിക്കുമെന്ന് സാമ്പത്തിക സർവേയിൽ പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും ബജറ്റില്‍ കാര്യമായി പരിഗണിച്ചിട്ടില്ല. ബജറ്റിലെ പുതിയ കാർഷിക പദ്ധതികളിൽ പലതും പൊതു-സ്വകാര്യ മേഖലകളുടെ സംയുക്ത പങ്കാളിത്തത്തോടെ നടപ്പാക്കുന്നവയാണ്. കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം നൽകുന്ന പിഎം കിസാൻ സമ്മാൻ നിധിയിലും വർധനയില്ല. കഴിഞ്ഞ വർഷത്തേക്കാൾ 500 കോടി രൂപമാത്രമാണ് പദ്ധതിക്കായി കൂടുതൽ അനുവദിച്ചിരിക്കുന്നത്. ആകെ 68,000 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ഒരു രൂപ വരുമാനത്തില്‍ 58 പെെസ നികുതി

ഖജനാവിലേക്കെത്തുന്ന ഓരോ രൂപ വരുമാനത്തിലും 58 പൈസ പ്രത്യക്ഷവും പരോക്ഷവുമായ നികുതി. 35 പൈസ വായ്പകളില്‍ നിന്നും മറ്റ് ബാധ്യതകളിൽ നിന്നും അഞ്ച് പൈസ നികുതിയേതര വരുമാനം നിക്ഷേപം പോലുള്ളവയിൽ നിന്നും രണ്ടു പൈസ വായ്പയല്ലാത്ത മൂലധന രസീതുകളിൽ നിന്നും ലഭിക്കുമെന്നും ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു.

ഓരോ രൂപ വരുമാനത്തിലും ചരക്ക് സേവന നികുതി 16 പൈസയും കോർപറേറ്റ് നികുതി 15 പൈസയും വരുമാനം നൽകും. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയിൽ നിന്ന് ഏഴ് പൈസയും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് അഞ്ച് പൈസയും സർക്കാർ പ്രതീക്ഷിക്കുന്നു.

ആദായനികുതിയിൽ നിന്ന് 15 പൈസ ലഭിക്കും. ‘വായ്പകളിൽ നിന്നും മറ്റ് ബാധ്യതകളിൽ’ നിന്നുമുള്ള പിരിവ് 35 പൈസയായിരിക്കും.
ചെലവിന്റെ ഭാഗത്താകട്ടെ ഓരോ രൂപയ്ക്കും 20 പൈസ നിരക്കിൽ പലിശ അടയ്ക്കണം. സംസ്ഥാന നികുതികളുടെയും തീരുവകളുടെയും വിഹിതം 17 പൈസയാണ്. പ്രതിരോധത്തിന് എട്ടു പെെസയും കേന്ദ്രപദ്ധതികൾക്കുള്ള ചെലവ് 15 പൈസയും കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ഒമ്പതു പൈസയുമാണ് വിഹിതം. ധനകാര്യ കമ്മിഷനും മറ്റ് കൈമാറ്റങ്ങൾക്കും വേണ്ടിയുള്ള ചെലവ് 10 പൈസയും സബ്സിഡികളും പെൻഷനും യഥാക്രമം എട്ട്, നാല് പൈസയുമാണ്.

ENGLISH SUMMARY:There are no plans to increase income and employment
You may also like this video

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.