23 October 2024, Wednesday
KSFE Galaxy Chits Banner 2

രക്തരഹിതമായ വംശഹത്യ

അബ്ദുള്‍ ഗഫൂര്‍
February 13, 2022 5:08 am

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഒരു കോടിയിലധികം തെരുവ് കച്ചവടക്കാരാണുള്ളത്. ഏറ്റവും കൂടുതൽ പേർ ഡൽഹിയിലാണ്, നാലര ലക്ഷത്തോളം. മുംബൈയിൽ 2.5,കൊൽക്കത്തയിൽ 1.5, അഹമ്മദാബാദിൽ ഒരു ലക്ഷം പേർ വീതം തെരുവുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എല്ലാ ജാതിമതസ്ഥരും ഈ മേഖലയെ ജീവിതോപാധിയാക്കിയിട്ടുണ്ട്. കോവിഡും കലാപങ്ങളും കാലാവസ്ഥയും ഈ വിഭാഗങ്ങളുടെ ജീവിതത്തിൽ വെല്ലുവിളികളായി കടന്നുവരാറുണ്ട്. എന്നാൽ ബിജെപിയുടെ അധികാരാരോഹണത്തോടെ ഈ തൊഴിൽ മേഖലയിലുണ്ടായ വലിയ പ്രതിസന്ധി, വിദ്വേഷത്തിന്റെ ഇരകളാണിവർ എന്നതാണ്. മുസ്‌ലിം മത വിഭാഗങ്ങളിൽപ്പെട്ടവർ പരമ്പരാഗതമായി കച്ചവടക്കാരാണ്. അതുകൊണ്ടുതന്നെ പലയിടങ്ങളിലും വ്യാപാരികൾക്കിടയിൽ ഈ സമുദായത്തിന് നിർണായക പങ്കാളിത്തമുണ്ട്. അത് തെരുവ് വാണിഭത്തിലും കാണാവുന്നതാണ്.

ഒരു സമുദായത്തെ തകർക്കുന്നതിനുള്ള ഏറ്റവും സുപ്രധാനമായ ഉപാധി സാമ്പത്തികമായി ഇല്ലാതാക്കുക എന്നതാണെന്ന് മനസിലാക്കിയ സംഘപരിവാർ അതുകൊണ്ടുതന്നെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി തെരുവ് കച്ചവടക്കാർക്കുനേരെ പലതരത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നത്. അതിൽ അതിക്രമങ്ങളുണ്ട്, സാമൂഹ്യമായ ബഹിഷ്കരണങ്ങളുമുണ്ട്.


ഇതുകൂടി വായിക്കൂ: അഹമ്മദാബാദിൽ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരം നിരോധിച്ചു


എട്ടുമാസത്തിനിടെ ഛത്തീസ്ഗഢ്, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇത്തരം അതിക്രമങ്ങളുടെയും ബഹിഷ്കരണാഹ്വാനത്തിന്റെയും പേരിൽ തൊഴിൽ ഉപേക്ഷിക്കേണ്ടിവന്നത് ആയിരങ്ങൾക്കാണ്. എന്തിന് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പല ഭാഗങ്ങളിലും ഹിന്ദുത്വ സംഘടനകളുടെ ഭീഷണികൾ വഴിവാണിഭക്കാർ നേരിടുകയും തൊഴില്‍ ഉപേക്ഷിച്ചുപോകുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റിലാണ് തെരുവ് വാണിഭം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെത്തിയ ഒരു സംഘം മധ്യപ്രദേശിലെ ഇൻഡോറിൽ തസ്‌ലിം അലിയെന്ന വളകളും മറ്റും വില്ക്കുന്ന യുവാവിനെ മർദിക്കുകയും വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തത്. ഹിന്ദു മേഖലയിൽ വ്യാപാരം പാടില്ലെന്ന് മുന്നറിയിപ്പ് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് അല്പദിവസം മുമ്പാണ് രാജസ്ഥാനിലെ അജ്മീരിൽ വഴിയോര കച്ചവടക്കാരനായ മുസ്‌ലിം വിശ്വാസിയെ പാകിസ്ഥാനിൽ ചെന്ന് കച്ചവടം നടത്തൂ എന്ന് ആക്രോശിച്ച് അക്രമിക്കുകയും പറഞ്ഞുവിടുകയും ചെയ്തത്. കാൺപൂരിൽ ഓട്ടോ ഡ്രൈവറോട് വണ്ടി ഓടിക്കണമെങ്കിൽ ജയ്ശ്രീറാം വിളിക്കണമെന്നാണ് നിർദേശിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് ഛത്തിസ്ഗഢിൽ മുസ്‌ലിം കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങില്ലെന്ന് ആൾക്കൂട്ടം പ്രതിജ്ഞയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്. സർഗുജ ജില്ലയിലായിരുന്നു സംഭവം. പ്രദേശത്തെ മുസ്‌ലിം വ്യാപാരികളുമായി ഹിന്ദുക്കൾ ഒരുതരത്തിലുള്ള ഇടപാടുകളും നടത്തില്ലെന്നായിരുന്നു നൂറുകണക്കിന് പേർ പ്രതിജ്ഞയെടുത്തത്. പ്രദേശത്തെ സംഘപരിവാർ സംഘടനകളായിരുന്നു ഇതിന് പിന്നിൽ. നിലപാടിനെ എതിർത്ത ഹിന്ദു വിഭാഗത്തിൽപ്പെട്ട ചിലരെ ഭീഷണിപ്പെടുത്തിയും ഒറ്റപ്പെടുത്തുമെന്ന് ഭയപ്പെടുത്തിയുമാണ് പ്രതിജ്ഞയ്ക്കെത്തിച്ചത്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെയാണ് ഒരു മതവിഭാഗത്തിന്റെ ജീവനോപാധി ബഹിഷ്കരിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതിലേക്ക് സംഘപരിവാർ നയിച്ചത്.


ഇതുകൂടി വായിക്കൂ: സോഷ്യല്‍ മീഡിയ നിരോധിക്കണം: ആര്‍എസ്എസ് തത്വചിന്തകന്‍


ഈ സംഭവങ്ങളിൽ പൊലീസിന്റെയും മറ്റും പരോക്ഷ പിന്തുണയാണ് സംഘപരിവാർ സംഘടനകൾക്ക് ലഭിച്ചിരുന്നതെങ്കിൽ മോഡിയുടെ ഗുജറാത്തിൽ ഔദ്യോഗികമായി തന്നെ ഈ വിഭാഗത്തിന്റെ തൊഴിൽ ഇല്ലാതാക്കുന്നതിനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. സസ്യേതര ഭക്ഷണവും അതുമായി ബന്ധപ്പെട്ട വില്പനകളും നിരോധിച്ചായിരുന്നു അധികൃതരുടെ നടപടി. കടകളിലും വഴിയോരങ്ങളിലും ഇത്തരം വില്പന അനുവദിക്കില്ലെന്ന അഹമ്മദാബാദ് നഗരസഭയുടെ പ്രഖ്യാപനം പക്ഷേ മുസ്‌ലിം വ്യാപാരികളെ മാത്രമല്ല ബാധിച്ചത്. അതുകൊണ്ടുതന്നെ വ്യപാരികളുടെ സംഘടന തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. സംസ്ഥാനത്ത് അഹമ്മദാബാദിനു പുറമേ രാജ്കോട്ട്, ഭാവ്നഗർ, വഡോദര എന്നീ നഗരസഭകളും ഇത്തരത്തിലുള്ള തീരുമാനം കൈക്കൊള്ളുകയുണ്ടായി. എല്ലാവരും ലക്ഷ്യംവച്ചത് ആത്യന്തികമായി മുസ്‌ലിം വ്യാപാരികളെയായിരുന്നു.

ഉത്തർപ്രദേശിൽ പക്ഷേ കാര്യങ്ങൾ ഇതിനെക്കാൾ ഗുരുതരവും വ്യാപകവുമായിരുന്നു. സംഘപരിവാറിന്റെ ജാഗ്രതാസമിതികൾ രംഗത്തിറങ്ങിയാണ് വഴിയോര കച്ചവടക്കാരെ അക്രമിക്കുകയും ബഹിഷ്കരണാഹ്വാനം നല്കുകയും ചെയ്തത്. ആദിത്യനാഥ് അധികാരത്തിലെത്തിയതിനു ശേഷമുള്ള അഞ്ചുവർഷവും ഇത് ആവർത്തിച്ചുകൊണ്ടിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളിൽ നിറയുന്ന വാർത്തകളിലുള്ളത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നേരിട്ടുള്ള ആഹ്വാനപ്രകാരമാണ് പലയിടങ്ങളിലും മുസ്‌ലിം വ്യാപാരികൾക്കെതിരായ വിദ്വേഷ പ്രചരണം അരങ്ങേറുന്നത്.


ഇതുകൂടി വായിക്കൂ: വെന്തുചത്തില്ലെങ്കിൽ വെടിയുണ്ട ശിക്ഷ!


കോവിഡിന്റെ ഒന്നാംതരംഗം നടമാടുന്ന ഘട്ടത്തിലായിരുന്നു ബിജെപി എംഎൽഎ സുരേഷ് തിവാരി മുസ്‌ലിം വ്യാപാരികളിൽ നിന്ന് പച്ചക്കറികൾ വാങ്ങരുതെന്നും അവരെ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ വാരാണസി ആസ്ഥാനമായുള്ള ഹിന്ദുത്വ സ്ഥാപനമായ ശങ്കരാചാര്യ പരിഷത്തിന്റെ മേധാവി ആനന്ദ് സ്വരൂപ് മുസ്‌ലിങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തത് വലിയ വിവാദമായിരുന്നു. അതിക്രമവും കടക്കെണിയും കാരണം കച്ചവടം ഉപേക്ഷിച്ചുപോകേണ്ടിവന്ന നിരവധി പേരെ യുപിയുടെ പല ഭാഗങ്ങളിലും കാണാമെന്ന് ചില മാധ്യങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

സവർണ വിഭാഗമായ ഠാക്കൂർ എന്ന പേരിൽ ചെരുപ്പ് വില്പന നടത്തിയതിനാണ് ബുലന്ദ്ഷഹറിലെ വ്യാപാരി കഴിഞ്ഞ വർഷം ജനുവരിയിൽ അക്രമത്തിനിരയായത്. ബജ്‌റംഗ്‌ദളുകാരായിരുന്നു ഇതിനു പിന്നിൽ. തന്റെ ചെരുപ്പുകളെടുത്ത് രക്ഷപെടാൻ പോലും അനുവദിക്കാതെ അക്രമിക്കപ്പെടുന്ന നാസിർ അലിയുടെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. നാസിർ പരാതി നല്കി. എന്നാൽ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കപ്പെട്ട നാസിറിനെയാണ് പൊലീസ് വാഹനത്തിലിട്ട് അടിച്ചത്. വായ്പയെടുത്തായിരുന്നു നാസിർ കച്ചവടം നടത്തിയിരുന്നത്.

മഥുരയിലെ കച്ചവടക്കാരന് ഇതിനെക്കാൾ ഭയാനകമായ അനുഭവമാണ് കഴിഞ്ഞ ഓഗസ്റ്റിലുണ്ടായത്. മറ്റൊരാളിൽ നിന്നുവാങ്ങിയ ഹോട്ടൽ അതേ പേരിൽ നടത്തിയതായിരുന്നു അവേദ്ഖാൻ എന്ന 32 കാരൻ ചെയ്ത കുറ്റം. ശ്രീനാഥ് ദോശകോർണർ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. ഒരുദിവസം കടയിലെത്തിയ പത്തോളം വരുന്ന സംഘപരിവാർ സംഘടനാ പ്രവർത്തകർ പേരു ചോദിക്കുകയും പിന്നീട് അസഭ്യം പറയുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കൃഷ്ണന്റെ ഭൂമിയിൽ എന്തിനാണ് ഹിന്ദു പേരിൽ താൻ കട നടത്തുന്നതെന്നും അത് ആൾമാറാട്ടമാണെന്നും പ്രവർത്തകർ വിളിച്ചു പറഞ്ഞു. കൃഷ്ണന്റെ പ്രദേശം ശുദ്ധീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനാഥെന്ന പേരുകേൾക്കുമ്പോൾ ഹിന്ദുക്കൾ തെറ്റിദ്ധരിച്ച് കടയിൽ കയറുമെന്നും അത് പറ്റില്ലെന്നും പറഞ്ഞ് അവേദിനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. കടയ്ക്ക് കേടുപാടുകളുണ്ടാക്കുകയും ചെയ്തു. ഒന്നുകിൽ അല്ലാഹുവെന്നോ മുഹമ്മദെന്നോ ഉപയോഗിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. അമേരിക്കൻ ദോശ കോർണർ എന്ന് പേരു മാറ്റിയാണ് അവേദ്ഖാന്റെ കട പിന്നീട് പ്രവർത്തിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ: വൺ ഇന്ത്യ,വൺ വില്പന


ആഗ്രയിൽ പ്രത്യേക വിഭാഗത്തിന് ലൈസൻസ് പുതുക്കി നല്കാതെ ദ്രോഹിക്കുന്ന സംഭവങ്ങളുമുണ്ടായി. മീററ്റിലെ സ്റ്റോത്തിഗഞ്ചിലെ കടകൾ അംഗീകാരമില്ലാത്തവയെന്നാരോപിച്ചാണ് മാസങ്ങളോളം അടച്ചുപൂട്ടിയത്. നിയമപരമായി അതു ശരിയാകാമെങ്കിലും എഴുപത് വർഷത്തിലധികമായി പ്രവർത്തിക്കുകയായിരുന്നു ഇവിടെയുണ്ടായിരുന്ന കടകൾ. 400 കടകളുള്ള ഇവിടെ 20,000 ത്തിലധികം പേരാണ് തൊഴിലെടുത്തിരുന്നത്. അതിൽ ഭൂരിപക്ഷവും മുസ്‌ലിങ്ങളായിരുന്നു എന്നതിനാലാണ് ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം കടകൾ മാസങ്ങളോളം അടച്ചിടേണ്ടിവന്നത്.

കോവിഡ് മഹാമാരിയും കേന്ദ്ര സർക്കാരിന്റെ ചരക്കു സേവന നികുതിയുടെ അപാകത്തിലുള്ള നടപ്പിലാക്കലും ഒക്കെ കാരണം ലക്ഷക്കണക്കിന് സംരംഭങ്ങൾ അടച്ചുപൂട്ടുകയും ആയിരക്കണക്കിനു പേർ തെരുവാധാരമാകുകയും ചെയ്യുന്ന സാഹചര്യം പൊതുവേ രാജ്യത്തുണ്ടായി. അതിന്റെ കൂടെയാണ് വംശീയ രാഷ്ട്രീയത്തിന്റെയും വിദ്വേഷ പ്രചരണത്തിന്റെയും പേരിൽ മറ്റൊരു വിഭാഗവും നിരാധാരമാകുന്നത്. ഈ നാലു സംസ്ഥാനങ്ങളിൽ മാത്രം ഇത് പരമിതപ്പെടുന്നില്ല. സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളായ പലയിടങ്ങളിലും ഇത് ആവർത്തിക്കുന്നുണ്ട്.

തങ്ങളുടെ രാഷ്ട്രീയ‑സാമുദായിക വിശ്വാസങ്ങൾ അടിച്ചേല്പിക്കുകയെന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമായാണ് ഇത്തരം ബഹിഷ്കരണ — അതിക്രമങ്ങൾ നടത്തുന്നത്. സാമ്പത്തികമായും സാമൂഹ്യമായും തകർക്കപ്പെടുന്ന ഒരാൾക്കോ ഒരു വിഭാഗത്തിനോ നിലനില്പു സാധ്യമല്ല. ഇല്ലാതാവുകയോ പലായനം ചെയ്യുകയോ മാത്രമാണ് അവർക്കു മുന്നിലുള്ള വഴി. അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ ഈ നടക്കുന്നതത്രയും വംശഹത്യയാണ്, രക്ത രഹിതമായ വംശഹത്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.