കുരീപ്പുഴ കവിതയ്ക്കും ഒരു കപ്പ് കാപ്പിക്കുമിടയിൽ ഒരല്പനേരം തങ്ങിനിന്ന്, അധരങ്ങളിൽ നിന്ന് കാപ്പിയുടെ ചവർപ്പും മധുരവും നേർത്തുപോകും മുമ്പേ ഒന്നും പറയാതകന്നുപോയൊരു പ്രണയമെനിക്കുണ്ട്. അതുകൊണ്ടാവണം പ്രണയത്തെക്കുറിച്ചു പറയുമ്പോഴും എഴുതുമ്പോഴും എനിക്ക് മുന്നിൽ കാപ്പിയുടെ കൊഴുത്തമണം പരക്കും. വളരേ അകലെനിന്ന്, ചെറിയൊരു മുഴക്കത്തോടെ അയാളുടെ സ്വരം കേട്ടുകൊണ്ടിരിക്കും.
കവിതയുടെ ഒടുവിലത്തെ വരി
“ജെസീ, നിനക്കെന്തുതോന്നി”
അത് ചൊല്ലിനിറുത്തി അർത്ഥഗർഭമായി എന്നെ നോക്കുന്ന അയാളുടെ തവിട്ടുകണ്ണുകൾ.
തേക്കിൻകാട് അത്രയും തരളമായി പിന്നീടൊരിക്കലും എനിക്കനുഭവപ്പെട്ടിട്ടില്ല. അന്നേരം ഞങ്ങളുടെ നടപ്പാതക്കിരുവശവും കണ്ണാടിവില്പനക്കാരുണ്ടായിരുന്നു. മഴവില്ലുകൾ പോലെ നിറമെഴുതിയ ചട്ടകളിൽ ഉറപ്പിച്ച വലിയ കണ്ണാടികൾ. മരങ്ങളുടെ നീണ്ട ശിഖരങ്ങൾക്കൊപ്പം നമ്മുടെ ഛായകളും കണ്ണാടിയിൽ പതിഞ്ഞുകൊണ്ടിരുന്നു. നമ്മൾ ഒന്നിലേറെപ്പേർ, നമ്മൾ കൊരുത്ത കൈകൾ നൂറായിരം.
“എന്റെ ഉള്ള് കാട്ടുന്ന കണ്ണാടി, അത് നീയല്ലേ പെണ്ണേ”
“എന്നെ പെണ്ണേ എന്ന് വിളിക്കരുത്. പേര് വിളിക്ക്”.
“പെണ്ണെന്ന വിളിയിൽ എന്താണ് പോരായ്മ? ”
“ആ വിളിയിൽ അത്രയ്ക്ക് ഞാൻ നിസാരയാവുന്നു”.
ഞങ്ങളുടെ വാക്കുകൾക്കിടയിലേക്ക് റോഡിനഭിമുഖമായിരിക്കുന്ന പൂക്കാരികൾ കണ്ണെറിയുനുണ്ട്. തേക്കിൻകാട് വൈകുന്നേരത്തെ ചൂടുകാറ്റിനൊപ്പം സമീപത്തെ ഭക്ഷണശാലയിലെ ദോശയുടെ നെയ്മണവും കാപ്പിയുടെ പൊടിമണവും ഞങ്ങളിലേക്ക് ചൂഴ്ന്നെറിഞ്ഞു.
വാഹനത്തിലേറിയാൽ അത്രയും വേഗം പിരിയേണ്ടിവരുമെന്നതിനാൽ ഞങ്ങൾ നടക്കുകയാണ്. അത്രയും ശബ്ദസാന്ദ്രമായി ഞാൻ ആ നഗരത്തെ അതിന് മുമ്പോപിമ്പോ കണ്ടിട്ടില്ല. പാർക്കിലെ ചോപ്പുവാകപ്പൂക്കൾ പൊഴിഞ്ഞുവീണ വഴികൾ. എവിടുന്നോ പതിഞ്ഞുകേൾക്കുന്ന സിനിമാഗാനശകലങ്ങൾ. അറിഞ്ഞും അറിയാതെയും പുണരുന്ന വിരലുകൾ. അത്രമേൽ മുഗ്ദ്ധയായി പിന്നീടൊരിക്കലും ഞാൻ ആ വഴി നടന്നുപോയിട്ടില്ല.
“പോകട്ടേ പെണ്ണേ”
തീവണ്ടിയുടെ, ചായമിളകിയ പുരാതന ജാലകത്തിനരികെ അയാളുടെ തുടുത്ത മുഖം. നിറയുന്ന കണ്ണുകൾ. പിരിയാൻ സ്വയമെടുത്ത തീരുമാനത്തിന്റെ കടുപ്പം കനപ്പെട്ട വാക്കുകൾ. എരിയുന്ന കനൽച്ചൂട്.
അന്നാളുതൊട്ടിന്നുവരെ പിന്നെയാരും റോസാപൂക്കൾ നീട്ടി എന്നോട് യാത്രചോദിച്ചിട്ടില്ല.
ഇത് വാലന്റൈൻസ് ഡേ. മതപരമോ, ചരിത്രപരമോ ആയ വസ്തുതകളോ കഥകളോ എനിക്കറിയില്ല. എങ്കിലും ഇന്ന് ഞാൻ നിന്നെ ഓർത്തിരുന്നെഴുതും പോലെ, അങ്ങകലെ പൊള്ളുന്ന ഒരു നാട്ടിൽ ശീതീകരിച്ച മുറിയിലിരുന്ന് നീ എന്നേയും ഓർത്തെടുക്കാൻ വെമ്പുന്നുണ്ടാവണം.
അറിയാതെ ചുണ്ടിൽ കവിതശകലം വീണുവിതുമ്പും.
” ജെസ്സി, നിനക്കെന്തുതോന്നി”.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.