അമ്മേടെകൂടെ ഒരു കല്യാണത്തിനുപോയി, കുറേ പലാരോം ഇഷ്ടസാധനങ്ങളും തിന്നാന്‍ കിട്ടീപ്പോ, കല്യാണം നല്ല ഏര്‍പ്പാടാണെന്ന് കുഞ്ഞമ്മിണിക്ക് തോന്നി. തെളങ്ങണ സാരിയുടുത്ത്, കൊറേ സ്വര്ണമാലേം വളേമിട്ട്, തലേല് നെറ്റും മുടീം വെച്ച്, മുല്ലപ്പൂചൂടി, മിന്നണ ചെരിപ്പിട്ട്, പൂച്ചെണ്ടുപിടിച്ച് നിക്കണ കല്യാണപ്പെ ണ്ണിനെ കാണാന്‍ നല്ല ശേല്ണ്ടാര്ന്നു. കല്യാണപ്പെണ്ണിന്റെ കുനിഞ്ഞുള്ള നിപ്പും നാണോള്ള ചിരീം അവക്കിഷ്ടമായി. വീട്ടില്‍ വന്ന് പെണ്ണിന്റെ നിപ്പും നാണോക്കെ ഓര്‍ത്ത്, അതുപോലെ കുമ്പിട്ടുനാണിച്ച് കണ്ണാടീല് നോക്കി, ഒരു ശേലൂല്ല്യ. പക്ഷേ കല്യാണം കഴിക്കണോന്ന മോഹം കലശലായിട്ടുണ്ടായി. അമ്മോട് അക്കാര്യം പറഞ്ഞതാ, അമ്മയ്ക്ക് കേട്ട ഭാവോല്ല്യ.
വല്ല്യേട്ടന്റെ കല്യാണാലോചനേടെ സമയത്തുള്ളൊരു കഥേണ്ട്. കുഞ്ഞമ്മിണിക്ക് ഓര്മ്മയത്ര പോരാ. എല്ലാരും പറഞ്ഞുചിരിക്കുന്നൊരു കഥ. ആലോചനേമായി വന്ന മൂന്നാക്കാരനെ ‘കള്ളത്തോമാ’ന്നത്രേ വിളിക്കണത്. അയാള്‍ പെണ്‍വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോ, ഇടിവെട്ടും മഴേമുണ്ടായി. ഇരുട്ടീട്ടും മഴ മാറാത്തോണ്ട് അയാളെ വീട്ടില്‍ താമസിപ്പിക്കാന്ന് തീരുമാനിച്ചു. അത്താഴം കഴിഞ്ഞപ്പോ അമ്മ അപ്പനോട് സ്വകാര്യമായി പറഞ്ഞു. ‘കള്ളത്തോമാന്നാ പേര്, അത് വെറുതൊന്ന്വാവില്ല. അകത്തുക്കേറ്റി കെടത്ത്യോന്നും വേണ്ട. പടിഞ്ഞാപ്രത്ത് കെടക്കണ കട്ടിലെട്ത്ത് ഇറയത്തിട്ട് കൊടുക്കാല്ലേ.’ ‘അയാളെന്തു ചെയ്യൂന്നാ അമ്മ പറേണേ’ അപ്പന് അതിനെ നിസ്സാരവല്‍ക്കരിച്ചു. ‘ഒന്നും ചെയ്യൂന്നല്ല, പരിചയോല്ല്യാത്ത ആളല്ലേ, സൂക്ഷിക്കണോന്ന്.!’ കരണ്ടില്ലാത്തോണ്ട് വിശേഷം പറച്ചിലൊക്കെ നിര്‍ത്തി എല്ലാരും ഉറങ്ങാന്‍ പോയി. പാതിരായപ്പോ, പുതച്ചുമൂടിയുറങ്ങുന്ന പോസിന്റെ മേത്തേക്ക് ഒരു പൂച്ച ചാടി.
‘അയ്യോ…’ന്ന് അലമുറയിട്ടു കരഞ്ഞശേഷം പോസ് ഉറക്കത്തിലാണ്ടു. പക്ഷേ അതുകേട്ടുണര്‍ന്ന കുഞ്ഞേട്ടന് കള്ളന് കേറീന്നു കരുതി ‘ആരാടാ… ഇവിടെ കക്കാന്‍ കേറാന്‍ ധൈര്യോണ്ടോടാ’ ന്നൊക്കെ ഘോരഘോരം വെല്ലുവിളിച്ചു. ഗാഡനിദ്രേലായിരുന്ന കൊച്ചേട്ടന് അതു കേട്ട് പേടിച്ച് ജനലിലൂടെ ഇരുട്ടിലേക്ക് നോക്കി കരഞ്ഞു. ബഹളം കേട്ട് അമ്മ അപ്പനെ വിളിച്ചുണര്‍ത്തി, ‘ക്ടാങ്ങള്ടെ മുറീന്നല്ലേ ഒച്ച കേക്കണേ’ന്ന് പറഞ്ഞ്, എണീറ്റ് ലൈറ്റിട്ടപ്പോ കരണ്ടില്ല, തീപ്പെട്ടി തപ്പിയെടുത്ത് വിളക്ക് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും തീപ്പെട്ടി ഒരെണ്ണം പോലും കത്തീല്യ. ‘എന്തൂട്ടാ അമ്മയീ കാണി ക്കണേന്ന് പറഞ്ഞ് അപ്പന് തീപ്പെട്ടി വാങ്ങി വിളക്ക് തെളിച്ചു. ‘കൊച്ചേട്ടന്മുറീ’ ലേക്ക് ചെന്നപ്പോള്‍ കൊച്ചേട്ടന് ജനലഴി പിടിച്ച് ദീനമായി കരയുന്നു.! കുഞ്ഞേട്ടന്, കണ്ണടച്ചു മുട്ടുകുത്തിനിന്ന് ‘എന്താടാ ആരാടാ’ ഡയലോഗുകള്‍ ഉച്ചത്തില്‍ പറയുന്നു.! എല്ലാത്തിനും കാരണഭൂതനായ പോസ് ഇതൊന്നുമറിയാതെ സുഖ സുഷുപ്തിയിലുറങ്ങുന്നു.! ‘എന്തടായിവിടെ’ അപ്പന്റെ സ്വരമുയര്ന്നപ്പോ പെട്ടെന്ന് സ്വിച്ചിട്ട പോലെ ബഹളം നിലച്ചു. ‘കള്ളന് കേറ്യപോലെ തോന്നീന്ന് കുഞ്ഞേട്ടന്. ‘കേറ്യപോല്യോ’ന്ന് അപ്പന് പരിഹസിച്ചു. കൊച്ചേട്ടനോട് ‘നീയെന്താ ജന്ലീക്കൂടെ ചാടാന്‍ പോവാണോന്ന് കളിയാക്കി. ‘മിണ്ടാണ്ട് കെടന്നൊറങ്ങടാ ചെക്കന്മാരെ… പേടിത്തൊണ്ടന്മാര്.!’ന്നു പറഞ്ഞ് അപ്പന് തിരിച്ചുപോരുമ്പോള്‍ ഇറയത്തെ കട്ടിലില്‍ പേടിച്ചുവിറച്ച് എണീറ്റിരുന്നു ബീഡി വലിക്കുന്നു പാവം കള്ളത്തോമ.! ‘കള്ളത്തോമ’യെന്ന പേരിലെ കള്ളനെക്കണ്ട് പേടിച്ച ആണ്മക്കളുടെ വിവിധഭാവങ്ങളാരുന്നത്രേ പിറ്റേന്നത്തെ ചര്‍ച്ചാവിഷയം. അമ്മ ഉരച്ച തീപ്പെട്ടിക്കൊള്ള്യെല്ലാം മരുന്നില്ലാത്ത വശായിരുന്നൂന്ന്.! ‘ഒരു തീപ്പെട്ടി മുഴോനും അമ്മ തലതിരിച്ചുപിടിച്ചു ഉരച്ചു, അവസാന ഒരൊറ്റക്കൊള്ളി കൊണ്ടാ വിളക്ക് കത്തിച്ചേ’ന്നു അപ്പന് കളിയാക്കീപ്പോ ‘പിന്നേ, അഞ്ചാറെണ്ണം ഉരച്ച്ന്നുള്ളത് നേരാ, എങ്ങനെ തലതിരിയാണ്ടിരിക്കും, പാതിരാനേരത്ത് ചെക്കന്മാര്ടെ നെലോളി കേട്ടാപ്പിന്നെ വെപ്രാളോല്ല്യാണ്ടിരിക്ക്വോ..ന്ന് അമ്മ ന്യായം പറഞ്ഞു.
അങ്ങനെ വല്യേട്ടന്റെ കല്യാണൊറച്ചു. തണ്ടികപ്പൊരേല് പലാരോണ്ടാക്കണ തെരക്കായി. കല്യാണത്തിനുള്ള ഉടുപ്പ് തയ്പ്പിക്കാന്‍ ഐപ്പേട്ടന്റെ തയ്യല്‍ക്കടേല് കൊണ്ടുപോയി കൊച്ചേട്ടന്. ഉടുപ്പില്‍ റോസാപ്പൂ തുന്നിപിടിപ്പിക്കണോന്ന് പറഞ്ഞപ്പോ ഐപ്പേട്ടന്‍ മിഴിച്ചുനോക്കി. ‘റിബണ്‍കൊണ്ട് ഒരു സംഭവോണ്ട് ഐപ്പേട്ടാ… അതു ഞാന്‍ ശരിയാക്കിത്തരാം’ന്ന് പറഞ്ഞു കൊച്ചേട്ടന്. ബന്ധുക്കളും അയലത്തുള്ളോരും പണിക്കാരുമൊക്കെകൂടി മുറ്റത്ത് പന്തലിട്ട്, കസേരേം മേശേ മിട്ട്, സാരി കെട്ടിത്തൂക്കി പന്തല്‍ അലങ്കരിച്ചു, മുറ്റത്ത് ആകെ തിക്കും തിരക്കു മായി. പന്തലിലിരുന്ന് കാപ്പികുടീം വര്‍ത്താനോം ചിരീം പലാരം തിന്നലും, കൂട്ടു കാട് പൌലോസേട്ടന്റെ തകര്പ്പന്പാട്ടും.!. കാര്യങ്ങള്‍ നല്ല രസായി. കുഞ്ഞമ്മിണി പന്തലില്‍ ചുറ്റിപ്പാത്തുനടന്നും വര്‍ത്താനം പറഞ്ഞു ചിരിക്കണോര്ടെ കൂടെ ചിരിച്ചും പന്തലിലിരുന്ന് ചോറുണ്ടും അറമാദിച്ചു.
അതിനിടക്കാണ് ആശേരിപ്പടിക്കലെ മറീങ്കുട്ടിനാത്തൂന് പെറ്റെണീറ്റുവന്നത്, ആ വകുപ്പില്‍ കുറെ പലാരം വീട്ടിലേക്കെത്തി. ‘മറീങ്കുട്ടിനാത്തൂന്’ന്നു വിളിക്കണോന്ന് അവളെ പണ്ടേ ശട്ടംകെട്ടീരുന്നു, സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു പാവമാണ് മറീങ്കുട്ടിനാത്തൂന്. അമ്മേടെ കൂടെ കുഞ്ഞിനെ കാണാന്‍ അവളും പോയി. വല്ല്യേട്ടന് കല്യാണായെന്ന് കേട്ടപ്പോ ‘ആഹാ കുഞ്ഞമ്മിണിക്ക് നാത്തൂന് വരാമ്പോവാണോ…ഇനി കുളിപ്പിക്കാനും കണ്ണെഴുതിച്ച് പോഡറീടീക്കാനും തലയീരിത്ത രാനൊക്കെ ആളായല്ലോന്ന് പറഞ്ഞു കവിളില്‍ തട്ടി. നാത്തൂനെന്ന മഹാസ്നേഹ സ്വപ്നം കുഞ്ഞമ്മിണീല് മാനത്തോളയര്ന്നുപൊങ്ങി. വല്ലവിധേനേം നാത്തൂന് ഒന്നു വന്നാമതീന്നായി.
പിറ്റേന്നാണ് കല്യാണം. ചെക്കനേം പെണ്ണിനേം കൈപിടിച്ചു കേറ്റാന്‍ പോസിനേം ബേവീനേമാണ് തീരുമാനിച്ചത്. പക്ഷേ ബേവിക്ക് പറ്റില്ലെന്ന് കട്ടായം പറഞ്ഞു, നാണാവൂത്രേ.! എങ്കീ കുഞ്ഞമ്മിണി മതീന്നായി വല്ല്യേട്ടന്. അക്കാര്യത്തില്‍ അമ്മയ്ക്ക് തീരെ താല്പ്പര്യോല്ല. ‘ആ നേരത്ത് അതെവിടേന്ന് വെച്ചിട്ടാ…വിളിച്ചാ വിളി പ്പൊറത്ത് കിട്ടോ, ഇനി കിട്ട്യാത്തന്നെ ഇടഞ്ഞുനിക്കോന്ന് ആര്ക്കറിയാ..’ അമ്മ വല്ല്യേട്ടനെ നിത്സാഹപ്പെടുത്തി. പക്ഷേ ‘അതൊക്കെ ഞാനേറ്റൂ’ന്ന് പറഞ്ഞ് അമ്മയ്ക്കു ധൈര്യം കൊടുത്തു കൊച്ചേട്ടന്.
കല്യാണത്തിന്റന്ന് റോസാപ്പൂവച്ച മഞ്ഞനൈലക്സ് ഉടുപ്പിടീച്ച്, റോസ് പോഡറിടീച്ച്, കാപ്പിരിമുടിയില് നല്ല മണോള്ള ഹേറോയില്‍ പുരട്ടി ചീകിയൊതുക്കി, കുഞ്ഞമ്മിണീനെ ഒരുക്കിനിര്‍ത്തി കൊച്ചേട്ടന്. ഉടുപ്പ് കടിക്കരുതെന്നും തലമാന്തരുതെന്നും പ്രത്യേക നിര്‍ദേശവും കൊടുത്തു. കല്യാണക്കുടി (പെണ്ണിന്റെ വീട്ടീന്ന് വന്നോര്) വടക്കേപ്പെരേല് കേറീരിക്ക്യാണ്, അവിടന്ന് ചെക്കനേം പെണ്ണിനേം വീട്ടിലേക്ക് കൈപിടിച്ചുകൊണ്ടോരണം. പോസിന്റെ കൂടെ കുഞ്ഞമ്മിണീം വടക്കെപ്പെരേല്ക്ക് പോയി. വല്ല്യേട്ടനെ പോസും പെണ്ണിനെ അവളും കൈപിടിച്ചു മുറ്റ ത്തുവരെ കൊണ്ടുവന്നു. പിന്നെ ചെക്കനേം പെണ്ണിനേം കുരിശുവരപ്പിച്ച്, മാലയിടീച്ച് വീട്ടിലേക്ക് കേറ്റണം. അമ്മയാണത് ചെയ്യേണ്ടത്. ‘പെണ്ണിനെ കുരിശുവരപ്പിക്കട്ടെ’ അമ്മ എല്ലാരുടേയും അനുവാദം ചോദിച്ചു. ‘ങ്ഹാ വരപ്പിച്ചോ…’ ആരൊ ക്കെയോ സമ്മതമറിയിച്ചു. ഉടനെ അവള് പെണ്ണിനെ പിടിച്ചുവലിച്ച് വീട്ടിക്കേറ്റാന്‍ നോക്കീങ്കീലും പെണ്ണ് ബലംപിടിച്ചു. സമ്മതം ചോദിച്ച് വല്ല്യേട്ടനേം കുരിശു വരപ്പിച്ച് മാലയിട്ടു. പിന്നെ പെണ്ണിന്റെ കൈപിടിച്ചു വീട്ടിക്കേറ്റി. അങ്ങനെ വല്ല്യേട്ടന്റെ കല്യാണം കഴിഞ്ഞു. കല്യാണഫോട്ടോയില്‍ വല്ല്യേട്ടന്റേം നാത്തൂന്റേം കൂടേ ഉടുപ്പുപൊക്കി കടിച്ചുകൊണ്ട് അര്‍ദ്ധനഗ്നയായി നിക്കണ കുഞ്ഞമ്മിണിച്ചിത്രം മാനക്കേടായത് ചരിത്രവഴീലെ ബാക്കിപത്രം.
പിന്നെ കൊറേകഴിഞ്ഞപ്പേണ് കൊച്ചേട്ടന്റെ കല്യാണം. പോളിയോ വന്ന് ഒരു കാലിന് ശോഷിപ്പും മുടന്തൂണ്ടായിരുന്നോണ്ട് കല്യാണം വേണ്ടെന്ന് വാശിപിടിച്ച കൊച്ചേട്ടനെ അപ്പന് പറഞ്ഞു സമ്മതിപ്പിച്ചു. അങ്ങനെ ആലോചനകള്‍ വരാന്‍ തുടങ്ങി. കല്യാണക്കാര് വരുമെന്ന് കേട്ടാല്‍ ബേക്കറിപലാരം തിന്നാന്നുള്ള ആഹ്ലാദത്തിലാവും കുഞ്ഞമ്മിണി. വിരുന്നുകാര് വന്നുപോകുംവരെ ഒരു സമാധാനോല്ല്യ. വന്നോര് പോയിക്കഴിഞ്ഞാല്‍ പലാരം നിറഞ്ഞ മേശപ്പുറം മേച്ചില്പ്പൊറാകും. വന്നോരെപ്പറ്റ്യൊള്ള ചര്ച്ചേലാവും അപ്പനും വല്ല്യേട്ടനും കൊച്ചേട്ടന്മാരും. അടുക്കളത്തിരക്കിനെടേലും മേച്ചില്ക്കാഴ്ച്ചയ്ക്ക് ചുക്കാന്‍ പിടിക്കാന്‍ അമ്മേടെ ഒരു കണ്ണ് ലൈവുണ്ടാവും. ലഡ്ഡു, പേപ്പര്കേക്ക്, കപ്പ് കേക്ക്, പിന്നെ ക്രീമും തേനൊക്കെ നിറച്ച മധുരോള്ള ശംഖുപോലൊരു സാധനം… എല്ലാം കണ്മുമ്പില് നിരന്നിങ്ങനെ.! പ്ലേറ്റില്‍ അതിക്രമിച്ചുകേറ്യ കുഞ്ഞമ്മിണീടേ കയ്യില്‍ കപ്പ്കേക്കും പേപ്പര്കേക്കും കൊടുത്തു അടക്കിനിര്‍ത്തി വിതരണക്കാരനായ കുഞ്ഞേട്ടന്. അപ്പനും ചേട്ടന്മാര്ക്കുമുള്ള പങ്ക് മാറ്റിവച്ചു സമത്വവാദിയായ കുഞ്ഞേട്ടന്. പിന്നെ ‘ആക്ഷന്‍,ക്യാമറ,കട്ട്’ന്നൊക്കെ പറയുംപോലെ ഞൊടിയിടയില്‍ സംഭവം ക്ലീന്‍.! ‘ഇനീല്ലാരും പോയി കളിക്ക്യോ പടിക്ക്യോ എന്താന്നു വെച്ചാ ചെയ്യന്ന് പറഞ്ഞപ്പഴാ പ്ലേറ്റ് നിറയെ പലാരവും കൊണ്ടിരിക്കണ കുഞ്ഞമ്മിണീനെ അമ്മ ശ്രദ്ധിച്ചത്. ‘ആക്രാന്തം കണ്ടാ തോന്നും ഒക്കെ തിന്ന് പ്ലേറ്റും കൂടി തിന്നൂന്ന്.! ഒന്നും തിന്നേല്ല്യ, ആരേക്കൊണ്ടും തീറ്റിക്കേല്ല്യന്ന് അമ്മ ദ്വേഷ്യപ്പെട്ടു. അവള് കേക്കാത്ത പോലെ ചൂണ്ടുകൂര്പ്പിച്ചിരുന്നു. ‘അതേയ്…ഒറ്റക്ക് തിന്നാലെന്താ വിശേഷം, നീയിതൊക്കെ തിന്നോ…എല്ലാര്ക്കും കൊടുത്തുതിന്നാലല്ലേ സന്തോഷോണ്ടാവൂ. തീരും വരെ പങ്കുവച്ച് ഒരുമിച്ച് തിന്നണം, അങ്ങന്യാ നല്ല കൊച്ചുങ്ങള്…’ അമ്മ പറയണകേട്ട് ഒന്നും മിണ്ടീല്ല്യ. പക്ഷേ മെല്ലെ മനസ്സുമാറി. എല്ലാര്ക്കും പങ്കുവച്ചു. കേക്ക് പെട്ടെന്ന് തീര്‍ന്നുപോയതില്‍ ഇച്ഛാഭംഗം തോന്നീങ്കിലും ‘എന്റെ മോള് നന്നാകുന്നുണ്ട്’ന്ന് അമ്മ പറഞ്ഞപ്പോ നന്നാവുന്നതിന്റെ വഴികള്‍ കുഞ്ഞമ്മിണീല് തെളി ഞ്ഞു. പങ്കുവച്ചു കഴിക്കണേന്റെ സന്തോഷവും ഊഷ്മളതയും സ്നേഹത്തിന്റെ ആഴം കൂട്ടുന്ന കാഴ്ചയും അനുഭവപാഠങ്ങളായി.
രണ്ടൂന്നു പെണ്ണിനെ കാണാന്‍പോയി, ഒന്നും ശരിയാവില്ലെന്ന് കൊച്ചേട്ടന് നിരാശനായി. അപ്പഴാ രാമനാശാരി പുതിയ കിണറും കുളിമുറീം പണിയാന്‍ വന്നത്. ‘ഞങ്ങടെ അയലത്തൊരു സുന്ദരിപെങ്കൊച്ചുണ്ട്, അപ്പനുമമ്മേം ഇല്ല. നാല് ആങ്ങളമാര്‍ക്ക് ഒറ്റപെങ്ങളാ. നമുക്കൊന്നാലോചിച്ചാലോ മാപ്ലേ’ രാമനാശാരി ചോദിച്ചതും ‘നാളെത്തന്നെ പോകാന്നാ’യി അപ്പന്. അങ്ങനെ അപ്പന്റെകൂടെ പെണ്ണുകാണാന്‍ പോയ കൊച്ചേട്ടന് വയ്യാത്ത കാല് നീട്ടിവച്ചിരുന്നു. ‘നീ കാലൊതുക്കി വച്ചേന്ന് അപ്പന് പറഞ്ഞെങ്കിലും കൊച്ചേട്ടന് കൂട്ടാക്കീല്ല്യ. പെണ്ണിനോട് പേരും കാര്യോക്കെ ചോദിച്ചിട്ട്, ‘ഇങ്ങനേണെന്റെ കാല്…കണ്ടില്ലേ’ന്നൊരു ചോദ്യം. പുഞ്ചിരിച്ചോണ്ട് ‘കണ്ടൂ’ന്ന് തലയാട്ടി പെണ്ണ്. ‘എല്ലാം പറഞ്ഞിട്ടാ നിങ്ങളെ വരു ത്തീത്. അവള്ടെ സമ്മതോല്ല്യാണ്ടൊന്നും നടത്തില്ലെ’ന്ന് പെണ്ണിന്റെ ചേട്ടന്. അതു കേട്ടപ്പോ കൊച്ചേട്ടന് ബോധിച്ചു. ‘വെളുത്ത് നല്ല കതിരുപോലത്തെ സുന്ദരി പെണ്ണാ.!’ വീട്ടില്‍ വന്നപ്പോ അപ്പന് പറഞ്ഞു. അങ്ങനേണ് കൊച്ചേട്ടന്റെ കല്യാണം നടന്നത്. വൈകല്യം തുറന്നുകാട്ടി സമ്മതം ചോദിച്ച കൊച്ചേട്ടന്റെ നന്മയുള്ള മനസ്സാണ് ചേച്ചിക്കും ചേട്ടന്മാര്ക്കുമിഷ്ടായേന്ന് പിന്നീട് ചേച്ചി പറഞ്ഞു. ഒന്നും ഒളിക്കാതെ ഒള്ളത് ഒള്ളോണം പറയണോരെ എല്ലാര്ക്കും ഇഷ്ടാവൂന്ന് കുഞ്ഞ മ്മിണിക്ക് തോന്നി…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.