9 December 2024, Monday
KSFE Galaxy Chits Banner 2

അത് ഞാനല്ല ജോൺ.… . .

കെ കെ ജയേഷ്
November 8, 2023 4:17 pm

നടി മീരാകുമാരിയുടെ പോൺ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുമ്പോൾ ജോൺപോൾ നല്ല ഉറക്കത്തിലായിരുന്നു. തലേന്ന് രാത്രി വളരെ വൈകിയാണ് കിടന്നത്. ഒപ്പം മദ്യലഹരിയും. കെട്ട് പൊട്ടിച്ച് കണ്ണു തുറക്കുമ്പോൾ ഉച്ച കഴിഞ്ഞിരിക്കുന്നു. മൊബൈലെടുത്ത് നോക്കിയപ്പോൾ കുറേ കോളുകൾ വന്നു കിടക്കുന്നു. കുപ്പിയിൽ ബാക്കിയുള്ളത് വായിലേക്ക് കമഴ്ത്തിയ ശേഷം അയാളൊരു സിഗരറ്റിന് തീ കൊളുത്തി. അശ്വന്തും പാർത്ഥിപനും പലപ്രാവശ്യം വിളിച്ചിട്ടുണ്ട്. തിരിച്ചു വിളിച്ചപ്പോൾ അശ്വന്ത് ഫോണെടുത്തില്ല.
‘അളിയാ.. അറിഞ്ഞോ.. നിന്റെ മീരാ കുമാരിയുടെ ഉഗ്രൻ വീഡിയോ ഇറങ്ങിയിട്ടുണ്ട്… സംഭവം വൈറലാ.. നീ കണ്ടോ.. നിനക്ക് സെന്റ് ചെയ്തിട്ടുണ്ട്’- പാർത്ഥിപൻ നല്ല ആവേശത്തിലാണ്.
‘ഇല്ലെടാ.. ഇപ്പോൾ എഴുന്നേറ്റതേയുള്ളു.. നോക്കാം.. ’
ജോൺപോളിന്റെ തണുത്ത സമീപനത്തിൽ പാർത്ഥിപനും അമ്പരപ്പായി. മീരാകുമാരിയുടെ കഴിഞ്ഞ സിനിമയുടെ ഗ്രാഫിക്സ് വർക്കുകൾ ചെയ്തത് ജോൺ പോളാണ്. വിവാഹ ബന്ധം വേർപെടുത്തി നിൽക്കുന്ന മീരാ കുമാരിയോട് അവനുള്ള തീവ്രമായ ആഗ്രഹം ഫീൽഡിൽ പലർക്കും അറിയാം. എന്നാൽ ഇഷ്ടം പ്രകടിപ്പിച്ചു ചെന്ന അവനെ പലപ്പോഴും ആട്ടിയിറക്കി വിടുകയായിരുന്നു മീരാകുമാരി. അവളുടെ പോൺ ഇറങ്ങിയെന്ന് കേൾക്കുമ്പോൾ ആവേശത്തോടെ ജോൺ പോൾ പ്രതികരിക്കുമെന്നായിരുന്നു പാർത്ഥിപൻ കരുതിയത്. അയാൾ നിരാശയോടെ പെട്ടന്ന് തന്നെ ഫോൺ കട്ടാക്കി.
പാർത്ഥിപൻ അയച്ച വീഡിയോ ഒന്ന് കറങ്ങി ഓപ്പണായി. വെളുത്തു നീണ്ട ഒരാളുടെ നെഞ്ചിൽ പടർന്നു കയറുകയാണ് മീരാകുമാരി. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ കോർക്കുന്നു. മുല്ലക്കണ്ണുകളിൽ അവൻ ആർത്തിയോടെ ചുംബിക്കുമ്പോൾ ഫോൺ ബെല്ലടിച്ചു. മീരാകുമാരിയാണ്.
‘ഹലോ ജോൺ.. വിവരമൊക്കെ അറിഞ്ഞില്ലേ.. നിനക്ക് സന്തോഷമായില്ലേ.. ’
‘ഇപ്പോഴാണ് മീരാ അറിഞ്ഞത്.. ഞെട്ടിപ്പോയി.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. അബദ്ധം ആർക്കും പറ്റാം. തളരരുത്.. ഞാനുണ്ട് കൂടെ ’
മീര ഒന്ന് ചിരിച്ചു. വേദന നിറഞ്ഞ ചിരി.
‘താങ്ക്സ് ജോൺ.. നീയിപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടല്ലോ.. ’
‘ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നു മീരാ.. ഇതൊന്നും ഞാൻ കാര്യമാക്കുന്നില്ല… എനിക്ക് നിന്നെ ഇഷ്ടമാണ്.. ’
‘ജോൺ എനിക്ക് നിന്നെ കാണണം.. ഞാനങ്ങോട്ട് വരാം… ‘- ഇതും പറഞ്ഞ് മീരകുമാരി ഫോൺ കട്ടു ചെയ്തു.
കുളിച്ച് വസ്ത്രം മാറി ഇരിക്കുമ്പോൾ കാളിംഗ് ബെൽ മുഴങ്ങി. വാതിൽ തുറന്നപ്പോൾ ചുവന്ന വസ്ത്രങ്ങൾ ധരിച്ച് മീരാകുമാരി. മുഖത്ത് പുഞ്ചിരിയുണ്ടെങ്കിലും കണ്ണുകളിൽ ദൈന്യഭാവം.
‘ജോൺ.. ’ അവൾ മുറിയിലേക്ക് കയറി. അവനവളെ ചേർത്തുപിടിച്ചു.
‘എന്ത് വീഡിയോയും വന്നോട്ടെ.. എനിക്കതൊന്നും പ്രശ്നമല്ല.. എനിക്ക് നിന്നെ മതി മീരാ.. ’
അവളുടെ കവിളിൽ അവൻ ആർത്തിയോടെ ചുംബിച്ചു. അവളുടെ ശരീരത്തിലൂടെ ഒഴുകുമ്പോൾ അവൻ പ്രതികാരമെല്ലാം മറന്നു. ഒടുക്കം അവൾക്കപ്പുറത്ത് അവൻ തളർന്നുവീണു.
‘പോട്ടേ ജോൺ.. കാണണമെന്ന് തോന്നുമ്പോൾ വിളിച്ചാൽ മതി.. ’
മീരാകുമാരി ഇറങ്ങിപ്പോയി. എല്ലാമൊരു സ്വപ്നം പോലെയാണ് ജോണിന് തോന്നിയത്. ഇത്രവേഗം മീരാകുമാരി തനിക്ക് കീഴ്പ്പെടുമെന്ന് അവൻ കരുതിയിരുന്നില്ല. മീരാകുമാരി തന്നെ ഇനി ശല്യപ്പെടുത്തരുതെന്ന് താക്കീത് നൽകിയ ദിവസമാണ് വസന്തത്തിന്റെ വീട്ടിൽ പോയത്. തെരുവിന് ഉള്ളിലായി ഒരു കൊച്ചു വീട്. രോഗം ബാധിച്ച് കിടക്കുന്ന കുഞ്ഞിന് മുന്നിൽ ഒരു മറകെട്ടിയാണ് വസന്ത അടുത്തേക്ക് വന്നത്. കറുത്തു തടിച്ച ഒരു സ്ത്രീയാണ് വസന്ത. പല്ലുകൾ പുറത്തേക്ക് ഉന്തി നിൽക്കുന്നു. ചിരിക്കുമ്പോൾ വല്ലാത്തൊരു വൈരൂപ്യമായാണ് അയാൾക്ക് തോന്നിയത്. പുശ്ചഭാവത്തോടെ തന്നെയാണ് അയാൾ അവളിൽ പടർന്നത്. അപ്പോൾ വലിയൊരു ശല്യമായി അവളുടെ കുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ വസന്ത കാശിന് കൈനീട്ടി.
‘കാശ്.. പോടീ തേവടിശ്ശി.. നിന്റെയൊപ്പം കിടന്ന എന്റെ ഗതികേട്’ എന്നും പറഞ്ഞ് ഇറങ്ങിവരുമ്പോൾ കു‍ഞ്ഞിന്റെ കരച്ചിലിനൊപ്പം അവളുടെ കരച്ചിലും ഉയർന്നിരുന്നു.
മീരാ കുമാരി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞു. ടി വി ചാനലുകളിൽ അവളുടെ വീഡിയോ യാഥാർത്ഥ്യമല്ലെന്ന് വാർത്തകൾ വന്നു തുടങ്ങി. ഡീപ് ഫെയ്കിൽ കുടുങ്ങി നടിയെന്ന് സ്ക്രോളുകൾ പോകുമ്പോൾ ജോൺപോൾ സിഗരറ്റ് കത്തിച്ചു. പെട്ടന്ന് അയാളുടെ ഫോൺ ശബ്ദിച്ചു. മീരാകുമാരിയാണ്.
‘ഹലോ മീരാ.. സന്തോഷായില്ലേ.. വീഡിയോ ഫേക്കാണെന്ന് വാർത്തകൾ വരുന്നു.. എന്നാലും ആരാണ് ഇത്ര വലിയൊരു ചതി ചെയ്തത്… നീ വീട്ടിലെത്തിയോ’
മീര ഒന്നു ചിരിച്ചു. ആ ചിരി നീണ്ടുപോയപ്പോൾ അയാളൊന്ന് അസ്വസ്ഥമായി.
‘ഞാൻ വീട്ടിൽ നിന്ന് എവിടെയും പോയിട്ടില്ലല്ലോ ജോൺ.. രണ്ടു ദിവസമായി ഇവിടെ തന്നെയുണ്ട്. പിന്നെ ജോൺ.. വസന്ത പോയോ.. ’
‘വസന്തയോ.. ഏത് വസന്ത.… ’
‘നീ കഴിഞ്ഞ ദിവസം പണിയെടുത്തിട്ട് കാശ് കൊടുക്കാതെ പോയ ആ വസന്ത.. കറുത്ത് തടിച്ച.. പല്ലുന്തിയ ആ വിരൂപയായ വസന്ത.. ’
‘അങ്ങിനെയാരും ഇവിടെ വന്നിട്ടില്ലല്ലോ.. നീയല്ലേ ഇവിടെ നിന്നും നേരത്തെ ഇറങ്ങിപ്പോയത്.. ‘- അയാൾ അമ്പരപ്പ് നിറഞ്ഞ ചിരിയോടെ ചോദിച്ചു.
‘ജോൺ… വസന്ത രണ്ടു ദിവസത്തെ വർക്കിന്റെ പൈസ അവിടെ നിന്നും എടുത്തിട്ടുണ്ട്.. അതു മാത്രം.. അവൾ നിന്നെപ്പോലെ ചെറ്റയല്ല… ’
അയാൾക്ക് ഒന്നും മനസിലായില്ല. അമേരിക്കൻ പോൺ നടിയുടെ ശരീരഭാഗങ്ങളിലേക്ക് മീരാകുമാരിയെ കയറ്റിവിടുമ്പോൾ അയാളുടെ മുഖത്ത് വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. തുടർന്നിങ്ങോട്ട് ഇത്രയും നേരും ഉള്ളിൽ നിറഞ്ഞിരുന്ന ആ ചിരി അയാളിൽ നിന്ന് മാഞ്ഞു തുടങ്ങി.
‘ജോൺ.. ഞാനവിടെ വന്നിട്ടില്ല. വന്നത് വസന്തയാണ്.. ഒരു എഐ പണി.… നിന്റെ ഡീപ് ഫേക്കിന് തിരിച്ചൊരു സൂപ്പർ ഡീപ് ഫേക്ക് പണി.. ’
പൊട്ടിച്ചിരിയോടെ അവൾ ഫോൺ കട്ട് ചെയ്തു. ജോൺപോൾ ജനലഴി പിടിച്ച് പുറത്തേക്ക് നോക്കി. ഫ്ലാറ്റുകൾക്ക് മുമ്പിലേക്ക് ഇരമ്പിയെത്തുകയാണ് പൊലീസ് വാഹനങ്ങൾ.
.… .… .… …
ഡീപ് ഫേക്ക്- നിർമിത ബുദ്ധിയുടെ സഹായത്താൽ ഏതെങ്കിലും വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറൊരാളുടെ ചിത്രങ്ങളോ ശബ്ദമോ ഇവയിലേക്ക് ഉൾപ്പെടുത്തി യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കുന്ന പുതിയൊരു വീഡിയോ നിർമ്മിക്കുന്നതാണ് ഡീപ് ഫേക്ക്, ചുരുക്കിപ്പറഞ്ഞാൽ കൃത്രിമ വീഡിയോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.