27 April 2024, Saturday

സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കാൻ നിർദേശം

സ്വന്തം ലേഖകൻ
ആലപ്പുഴ
February 1, 2024 9:20 pm

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സർക്കാരിന് കത്ത് നൽകി. അമ്പലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് 150 മീറ്റർ ദൂരത്താണ് ഈ കെട്ടിടം. 40 വർഷമായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാനുള്ള പണത്തിനായാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയത്. 

ഗോപാലകൃഷ്ണകുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ആഡംബര ജീവിതത്തിനായി അന്ന് നിർമിച്ചു കൊണ്ടിരുന്ന വണ്ടാനം മെഡിക്കൽ കോളജിന് അടുത്തുള്ള കൂറ്റൻ വീട് ഇന്നും പാതി വഴിയിൽ നിർമാണം നിലച്ച് നിൽക്കുന്നു. 40 വർഷം മുൻപ് നിർമിച്ച വീടാണെന്ന് കണ്ടാൽ തോന്നില്ല. അന്നത്തെ ഇഷ്ടികയുടെ ഗുണനിലവാരം നിർമാണത്തിൽ വ്യക്തമാണ്. വാർത്ത കെട്ടിടത്തിലെ കോൺക്രീറ്റിന് പോലും വിള്ളലുണ്ടായിട്ടില്ല. 

സുകുമാരക്കുറുപ്പ് പ്രതിയായതിന് ശേഷം ഇവിടേക്ക് ബന്ധുക്കൾ പോലും എത്തി നോക്കിയിട്ടില്ല. ഒരു പ്രേതാലയം പോലെയാണ് ഈ കെട്ടിടം നിലനിൽക്കുന്നത്. നാട്ടുകാർ ഇവിടെ കാർഷിക ആവശ്യങ്ങൾക്കുള്ള വളങ്ങളും മറ്റും ശേഖരിച്ച് വയ്ക്കാൻ ഉപയോഗിച്ചു വരികയാണ്. 1984 ലാണ് പുന്നപ്ര ഗ്രാമപഞ്ചായത്തിൽ അത്യാഡംബര സൗധം സുകുമാരക്കുറുപ്പ് നിർമിക്കാൻ തുടങ്ങിയത്. അക്കാലത്ത് ഇയാൾ വിദേശത്ത് ജോലി നോക്കുകയായിരുന്നു. അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിലായിരുന്നു ജോലി. മുൻപ് എയർ ഫോഴ്സിൽ ജോലി ചെയ്തിരുന്ന കാലത്ത് മുംബൈയിൽ വച്ച് പരിചയപ്പെട്ട നഴ്‌സ് സരസമ്മ എന്ന യുവതിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇവരെ വിവാഹം കഴിച്ച് വിദേശത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഇരുവരും അവിടെ ഉയർന്ന ശമ്പളത്തിലായിരുന്നു ജീവിച്ചത്. എന്നാൽ ആഡംബര ജീവിതം നയിച്ചതിനാൽ പണമൊന്നും മിച്ചമില്ലായിരുന്നു. ഇതിനിടയിലായിരുന്നു നാട്ടിൽ സ്വന്തമായി വീട് നിർമിക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂരിലെ വീട്ടിൽ നിന്നും മാറി ആലപ്പുഴ നഗരത്തോട് ചേർന്ന് സ്ഥലം വാങ്ങി വീടു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വണ്ടാനത്തിന് സമീപം വീടു നിർമ്മാണം ആരംഭിച്ചത്. 

Eng­lish Sum­ma­ry: Suku­maraku­rup’s bun­ga­low in Alap­puzha is pro­posed to be con­vert­ed into a vil­lage office

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.