27 April 2024, Saturday

ഇരുന്തത് ഒരേയൊരു ചേല

മോഹൻകുമാർ വള്ളിക്കോട്
January 29, 2024 7:46 pm

നിർമ്മിതബുദ്ധിയുടേയും മൊബൈലിന്റെയും സൈബർ സാങ്കേതികതയുടേയും കാലത്ത് ജീവിക്കുമ്പോൾ നാം പുലർത്തേണ്ട ജാഗ്രതയേയും അകപ്പെട്ടുപോകുന്ന ചില കുരുക്കുകളേയും ഓർമ്മിപ്പിക്കുന്നതാണ് സമകാലിക മലയാളം വാരികയിൽ കൃപ അമ്പാടി എഴുതിയ ‘ഇരുന്തത് ഒരേയൊരുചേല’ എന്ന കഥ.

കഥാനായകനായ ധാനിഷ് എന്ന ചെറുപ്പക്കാരന്റെ നിർമ്മിത സുന്ദരിക്കൊപ്പമുള്ള ഒരു പോൺ വീഡിയോ എഫ്.ബി. മെസഞ്ചറിൽ പ്രത്യക്ഷപ്പെടുകയും, അത്, അയാളുടെ കസിനായ ബ്രിജിത്തും സഹപ്രവർത്തകയും സഹശയനക്കാരിയുമായ ദിൽഷയും നാട്ടുകാരും സുഹൃത്തുക്കളും മതിലകത്ത് ഫാമിലി ഗ്രൂപ്പിലെ അംഗങ്ങളും പ്രിയപ്പെട്ട വല്യമ്മ പങ്കജാക്ഷി ടീച്ചറുമടക്കം എല്ലാവരും കാണുകയും അയാൾ നാണംകെട്ട് കിളിപോയ അവസ്ഥയിലുമാകുന്നു.

സുഹൃത്തിന്റെ മകളെ അയാൾക്കുവേണ്ടി വിവാഹത്തിന് നിശ്ചയിച്ചിരിക്കുന്ന അമ്മയുടെ മാനസികാവസ്ഥ അയാളെ ഭ്രാന്തിന്റെ വക്കോളമെത്തിക്കുന്നു. എല്ലാ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ബ്ലോക്കു ചെയ്യപ്പെട്ട അയാൾ കടുത്ത പനി പിടിപെട്ട്,ദു:സ്വപ്നങ്ങളിലൂടെ കടന്നുപോകുന്നു.
അയാൾ കാണുന്ന ഒരു സ്വപ്നവർണ്ണനയോടെയാണ് കഥ തുടങ്ങുന്നത്. സ്വപ്നത്തിൽ അയാൾ ആത്മഹത്യ ചെയ്യാനായി പെരിയാറിലേക്ക് ചാടുന്നതായും അയാളുടെ ഫ്ളാറ്റിൽ ബയോവേസ്റ്റ് എടുക്കാൻ വരുന്ന കനിമൊഴിയും മകനുംകൂടി അയാളെ രക്ഷിക്കുന്നതായും കണ്ടാണ് ഞെട്ടിയുണരുന്നത്. തന്നെ രക്ഷിക്കാൻ ഇനി കൂട്ടുകാരി ദിൽഷയ്ക്കു മാത്രമേ കഴിയൂ എന്ന വിശ്വാസത്തോടെ അയാൾ അവളെ ഫോൺ ചെയ്ത് വരുത്തുകയും ദിൽഷ അയാൾക്ക് സ്നേഹവും സാന്ത്വനവും ആശ്വാസവചനങ്ങളും ശരീരത്തിന്റെ ചൂടും പകർന്ന് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നതാണ് കഥ.

കൃപ അമ്പാടി

കൃപ അമ്പാടി

അലസവായനയെ പ്രതിരോധിക്കുന്നവയാണ് കൃപ അമ്പാടിയുടെ കഥകൾ. ഇക്കഥയും അതിൽനിന്നു ഭിന്നമല്ല.
രതിസംബന്ധമായ ചില വർണ്ണനകളും കല്പനകളും സിദ്ധാന്തങ്ങളും കാവ്യാത്മകവും മനോജ്ഞവുമായ ഭാഷയിൽ ആഖ്യാനം ചെയ്തിരിക്കുന്ന ഈ കഥയിലെ പല ഭാഗങ്ങളും സൂക്ഷ്മമായ വായനയിലൂടെയാണ് ആസ്വാദ്യകരമാകുന്ന
ത്. ഉദാ: കഥയുടെ തുടക്കത്തിലെ സ്വപ്നവർണ്ണന.

“അടിവയറ്റിലിഴയുന്ന ചെറുപുല്ലുകളുടെ നിര തെറ്റിക്കാൻ വലത്തോട്ടു തിരിയുന്ന.. പൊക്കിൾച്ചുഴിയിലേക്ക് അവൻ കൊതിയോടെ നോക്കി. ” പൊക്കിൾച്ചുഴിക്കു മുന്നിലെ പെരിയാർ അലസവായനയിലോ, തിടുക്കത്തിലോ കണ്ടില്ലെങ്കിൽ കുഴപ്പമാണ്. കാരണം തുടർന്നു വരുന്ന വാചകം ഇങ്ങനെ.

“ആഴമളക്കാൻ പൊക്കിളിനകത്തേക്ക് പൂതിയോടെ എടുത്തു ചാടി. വീറും പേറുമുള്ളവളുടെ ഉടൽ തൊട്ടാൽ എത്ര പോന്നവനാണെങ്കിലും അവളിൽ മുങ്ങിച്ചാകുമെന്നുറപ്പ്. ”

“വെളുപ്പാൻ കാലത്ത് ധാനിഷിന്റെ ചുണ്ടുകിട്ടാൻ കുറച്ചുനേരം ആവി പൊക്കിക്കിടന്നെങ്കിലും ഒടുക്കം.…..

വളരെ ആകാംക്ഷയോടെ, രസം പിടിച്ച് വായിച്ചു വരുന്ന വായനക്കാരുടെ ചുണ്ടിൽ
‘കാപ്പിക്ക് തിളച്ചു വറ്റേണ്ടി വന്നു’ എന്ന് വായിക്കുമ്പോൾ സൈക്കിളിൽ നിന്ന് വീഴുമ്പോലുള്ള ഒരു ചിരി ഉണ്ടാകുമെന്നുറപ്പ്.

ചൂഷകന്റേയും, ചൂഷിതന്റേയും, സമ്പന്നതയുടെയും ഇല്ലായ്മയുടേയും അന്തരവും ലോകവും കഥാകാരി ‘ചേല’ എന്ന ബിംബത്തിലൂടെ സമർത്ഥമായി അടയാളപ്പെടുത്തുന്നു.
ജീവന്റെ നിലനിൽപ്പിനു വേണ്ടിയുള്ള ഒരു പ്രതീകമായും ചേല മാറുന്നുണ്ട്. വെള്ളത്തിൽ മുങ്ങിച്ചാകാൻ പോകുന്ന ധാനിഷിന് സ്വന്തം ചേലയഴിച്ച് കനിമൊഴി കൊടുക്കുന്നു. ചേലയുടെ രണ്ടറ്റത്തും ജീവനു വേണ്ടിയും നിലനിൽപിനു വേണ്ടിയുമുള്ള പിടിവലി കാണാം.( ഊരുന്നവന്റെ വലിയ ലോകത്തേക്കുള്ള വലിച്ചിലിൽ, ഉടുക്കാനില്ലാത്തവളുടെ ( ദാരിദ്ര്യം ) ചെറിയ ലോകത്തിന് കാലുകൾ വഴുക്കിത്തുടങ്ങി )
“വയറിലെ പഷ്ണിക്കുഴികൾ തുടുത്ത പൊക്കിളിന്റെ ഇരുവശത്തായി ജയിച്ചു നിന്നു.”( പട്ടിണി )

ചേല മാനം മറയ്ക്കലിനും, ജീവന്റെ രക്ഷോവസ്ത്രമായും, ലൈംഗിക സംതൃപ്തിയുടെ സൂചകമായും മാറുന്നു. ( ഉടുത്തുടുത്ത് സ്പ്രിങ്ങ് പോലെ ചുരുണ്ടിരിക്കുന്ന, മുഷിഞ്ഞ് കരിമ്പനടിച്ച പഴന്തുണി/ ഇരുന്തത് ഒരേയൊരു ചേല, അതും നശിപ്പിച്ചു എന്ന കനിമൊഴിയുടെ ചീത്ത വിളി / തുണി യാചിച്ച് കരയുമ്പോൾ വെള്ളക്കൂറയ്ക്ക് തന്റെ തുണി ഊരിക്കൊടുക്കുന്ന ധാനിഷ് )

നർമ്മത്തിന്റെ കാക്കപ്പുള്ളികൾ

പോൺ വീഡിയോയിലെ കാഴ്ച ഗ്രെയിൻസ് കയറി പിടച്ചുരുളുന്ന സ്പേസിലേക്ക്, കൂറയ്ക്ക് ശ്വേതരക്തമെന്ന് എഴുതിച്ച്, റിക്കാർഡ് ബുക്ക് തുളച്ച് മാർക്കിട്ട ജനാർദ്ദനൻ മാഷ് വെളുത്ത ജുബയിട്ട് ചൂരലുമായി സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നതും പണ്ട് ബാക്കിവച്ച ചൂരൽപ്രയോഗം സമ്മാനിക്കുന്നതും അടി കൊണ്ടത് തനിക്കെന്ന മട്ടിൽ വെള്ളക്കൂറയെന്ന നഗ്നസുന്ദരി തുണി യാചിച്ച് കരയുന്നതും കൃഷ്ണകഥയിലെ ഗോപികമാരുടെ ചേലാപഹരണത്തെ അവലംബിച്ച്, ഒരുത്തിയെങ്കിലും ചങ്കൂറ്റത്തോടെ കയറിവന്ന് അവളുടെ തുണി മോഷ്ടിച്ചവനെ മരക്കൊമ്പിൽ നിന്നും വലിച്ചിറക്കി രണ്ടെണ്ണം പൊട്ടിച്ചു വിടാത്തതെന്ത് ? എന്ന ട്വിസ്റ്റ് ചോദ്യവും കറുത്തപൂവായി തുടയിൽ വിരിഞ്ഞുകിടക്കുന്ന അന്നത്തെ പൊട്ടീരും ഊരിയൂരി ഒരിക്കലും തീരാത്ത ചേലയോ പാഞ്ചാലിയ്ക്ക് എന്ന സംശയത്തിനുള്ള മറുപടിയായി അമ്മ തട്ടാനെ വരുത്തി മൂക്കു കുത്തിച്ചു വിടുന്നതും ശുക്ലമെന്ന വെളുത്ത രക്തം വാർന്ന് വെള്ളക്കൂറയ്ക്ക് മോക്ഷം കിട്ടുന്നതും തന്റെ രഹസ്യങ്ങളൊന്നും എന്തായാലും പുറത്തായിട്ടില്ല എന്ന സമാധാനത്തോടെ നടുവിരലും ചൂണ്ടുവിരലും ഞൊട്ടയിട്ട് മടക്കിവച്ച് പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകയറുന്ന, സ്ത്രീസഹജമായ ചില ഭാവങ്ങൾ ഈ കഥയിലെ ശുദ്ധമായ നർമ്മത്തിന്റെ കാക്കപ്പുള്ളികളാണ്.

പുരുഷപ്രജകളിൽ നല്ലൊരു ശതമാനവും പോൺ വീഡിയോ ദൃശ്യങ്ങളും അതിലെ അഭിനേതാക്കളുടെ കൈകളുടെയും ചുണ്ടുകളുടെയും ചലന രീതികളും വൈകാരിക ഭാവപ്രകടനങ്ങളും കണ്ട് പരിചയമുള്ളവരാണ്. എന്നാൽ ഒരു യുവതി പോൺ വീഡിയോ കണ്ട് ആസ്വദിക്കുന്നതിന്റെ ഇത്രത്തോളം സമഗ്രവും വ്യക്തവുമായ ആഖ്യാനം മലയാളത്തിലിറങ്ങിയ മറ്റൊരു കഥയിലും ഇന്നേവരെ വന്നിട്ടുള്ളതായി അറിവില്ല.( നിർമ്മിത സുന്ദരിയുടെ വിരലുകൾ കൊണ്ടുള്ള ഉടലിന്റെ നടുവിലെ കുഴിയെടുപ്പ്‌ /അരയിലെ നേർത്ത പാടയുടെ കാലിലൂടെയുള്ള ഉരിച്ചിടൽ /വെർജീനിയ സിഗരറ്റ് പായ്ക്കിലെ കണ്ടൻ പൂച്ചയെപ്പോലെ ധാനിഷിന്റെ ഇടയ്ക്കിടെയുള്ള നാവുകാട്ടൽ/ കണ്ണടച്ച് കൈനക്കിത്തോർത്തൽ / പോയിപ്പോയി പൂച്ചയുടേത് വീർത്തുവീർത്ത് പൊട്ടാറാവുന്നു/ നെഞ്ച് മദിച്ചു പൊങ്ങിയ ഒരു ചുഴലിയിൽപ്പെട്ട അവളുടെ അണപ്പല്ലിനിടയിൽ കവിൾത്തുമ്പ് പെടുന്നു/
വായവരണ്ടും നാവിറങ്ങിയും അടിവയർ വേദനിച്ചും ശങ്ക കയറുന്നു/ അപ്രതീക്ഷിതമായ ഒരു നിരാശയെ കഴുകിയുള്ള തിരിച്ചുവരവ് )

കാലിക മൊബൈൽ യുഗത്തിന് യോജിച്ച പച്ചയായ ചില ജീവിത നിരീക്ഷണങ്ങൾ വളരെ ഹൃദ്യമായി കഥാകാരി അവതരിപ്പിച്ചിരിക്കുന്നു. ഉദാ:

“ഒരാളെ വിളിച്ചിട്ട് കിട്ടാതായാലും, ഓൺലൈനിൽ കാണാതായാലും അയാൾ അപകടപ്പെട്ടെന്ന് കരുതി തിരക്കുന്നവരെയാണ് ഈ കാലത്ത് മനുഷ്യരായി കാണേണ്ടത്. ”

“ഒതുക്കത്തിൽ പരിശീലിക്കേണ്ട ഭക്തി പരസ്യമാക്കിയും, ഒച്ചയെടുത്ത് പരിശീലിക്കേണ്ട തൃപ്തി രഹസ്യമാക്കിയും ശീലിക്കുന്നവരാണ് നാം”.

“ആളുകൾ നൃത്തം ചെയ്യുന്നത് ഉടലു കൊണ്ടല്ലേ? അതൊരു കലയല്ലേ? നിന്റെ ഉടലു കൊണ്ടുള്ള കലയിൽ നിന്റെ രൂപമാണ് ആഘോഷിക്കപ്പെടേണ്ടത്.”

“താളം അതിനുവേണ്ട ഉടൽ കണ്ടെത്തുന്നു. രതിയും അതിനു വേണ്ട ഉടൽ കണ്ടെത്തുന്നു. നീയല്ലെങ്കിൽ മറ്റൊരു ഉടലിൽ അത് നൃത്തം തുടരും. രതി രതിക്കു വേണ്ടി മാത്രമാണ്. ”

“കാമത്തിന്റെ അർമാദാവസ്ഥയിൽ ഒരുവൻ എത്രമേൽ ഉടൽഭാരം ഇല്ലാത്തവനാകുന്നുവോ, അത്രമേൽ കനപ്പെട്ടുപോവും പ്രേമം വറ്റുമ്പോഴും. ”

രക്ഷിക്കലിന്റെ മന:ശാസ്ത്രം

ഒരേ വള്ളത്തിൽ യാത്ര ചെയ്യുന്നവരിൽ ഒരാൾ പെട്ടെന്ന് വെള്ളത്തിലേക്ക് വീണാൽ, പുറത്തുള്ളവരേക്കാൾ സഹയാത്രികനാവും രക്ഷപ്പെടുത്തൽ സുഗമമാകുക എന്ന മന:ശാസ്ത്രമാണ് ഈ കഥയുടെ കാതൽ.
ധാനിഷും ദിൽഷയും അത്തരത്തിലുള്ള രണ്ട് കഥാപാത്രങ്ങളാണ്.
ഫാസ്റ്റ് രതി ലൈഫിൽ തനിക്ക് മൊബൈൽ റിസ്ക്കുകളുണ്ടെന്ന് ഉറപ്പുള്ളവളാണ് ദിൽഷ.
ധാനിഷിനെപ്പോലെ മറ്റൊരു സുഹൃത്തായ നീരജിനു വേണ്ടിയും
നിറത്തിന്റെ ഭൂപടാതിർത്തികൾ അവൾ തുറന്നിട്ടുണ്ട്.

മാംസനിബദ്ധമല്ലാത്ത രാഗം

രഹസ്യമായി ഉടൽ പകുക്കുന്നതിനിടയിലും മാംസനിബദ്ധമല്ലാത്ത രാഗം എന്നൊന്നുണ്ട് എന്ന് തെളിയിക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് ഈ കഥയിലെ ദിൽഷ.

രതിക്കുപരി ജീവിത പ്രതിസന്ധിയിൽ പരസ്പരം താങ്ങായി നിൽക്കുന്നതിന്റെ സുഖത്തിലും സംതൃപ്തിയിലും വിശ്വസിക്കുന്നവൾ. കറയറ്റ സ്നേഹം ഉള്ളിലെവിടെയോ കാത്തു സൂക്ഷിക്കുന്നവൾ.
ജീവത്യാഗം വരെ ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഒരാളിന്റെ തകർന്നു തരിപ്പണമായ ജീവിതത്തിൽ പ്രത്യാശയുടെ ഉപ്പും ചോറും നിറയ്ക്കാൻ അത്തരമൊരാളിനേ കഴിയൂ.

നിന്നെ ചുംബിക്കുകയെന്നാൽ കോടാനുകോടി നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും മറ്റാരുമറിയാതെ മടിക്കുത്തിലൊളിപ്പിക്കുക എന്നാണെന്നും നിനക്കു മാത്രമായി ഒരു നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ല.…നിനക്കു മാത്രമായി ഒരു കുറ്റവുമില്ല എന്ന് ആശ്വസിപ്പിക്കുവാനും അവൾക്ക് കഴിയുന്നത് അതുകൊണ്ടാണ്.

അവന്റെ കണ്ണിനോട് ചേർന്ന് മുഴച്ച് മൂത്തു നിൽക്കുന്ന കാക്കപ്പുള്ളി പകർന്ന് അവളുടെ വയറിൽ കറുത്തപൊട്ട് മുളയ്ക്കുമെന്ന് ഏതാണ്ടുറപ്പായപ്പോൾ, എങ്കിലത് അവനിൽ നിന്ന് നുള്ളിവയ്ക്കാതെ അവളിൽ അടയാളപ്പെടുന്ന ആദ്യത്തെ പുള്ളിയാവണം എന്ന് അവൾ ആശിക്കുന്നത് അതുകൊണ്ടാണ്. ചത്തിരുന്ന ധാനിഷിന്റെ കണ്ണുകൾ ചുവക്കുന്നതും അത്രമേൽ നിഗൂഢമായി തനിക്കുവേണ്ടി ഉടൽ പകുത്തവളുടെ ഉയിര് തൊട്ട് ഉള്ളിൽ തൊഴാൻ അവൻ തയ്യാറാകുന്നതും ഈ രാഗം ഒന്നുകൊണ്ടു മാത്രമാണ്.

ഒരു സായാഹ്നത്തിൽ രണ്ട് ജീവബിന്ദുക്കൾ നടക്കാനിറങ്ങിയതിൽനിന്നും തികച്ചും വ്യത്യസ്തവും ചൂടുള്ളതുമായ രണ്ട് നക്ഷത്രങ്ങളുടെ കഥ പറഞ്ഞാണ് കൃപ ഈ കഥ അവസാനിപ്പിക്കുന്നത്.

“നേരം പുലർന്നാലും പൊലിയാതിരിക്കാൻ രണ്ടു നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി പുണർന്നു കിടന്നു ; നേരമൊന്ന് വെളുപ്പിക്കാൻ. മാനം വാശിയോടെ അവരെത്തന്നെ നോക്കിനിന്നു. സർവ്വശക്തിയും നിറച്ച ഒരു നക്ഷത്രം മറ്റതിന്റെ ചെവിയിൽ മന്ത്രിച്ചു.

“അണയരുത്, അപകടകരമായി കത്തി നിൽക്കണം. ”

കഥ വായിച്ചുതീർന്നാലും വായനക്കാരുടെ മനസ്സിലേക്ക് ഈ കഥാവണ്ടി ഇടയ്ക്കിടെ വന്നു പോകുമെന്നുറപ്പ്. കാരണം കാലികവും സ്ഫോടനാത്മകവുമായ ഒരു പ്രമേയവാതകവും അതിനൊത്ത ഭാഷയും ഉള്ളിൽ കുത്തിനിറച്ചാണ് അതിന്റെ വരവ്.

അതിന്റെ ഒരു വശത്ത് ചുവന്ന അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നതും സത്യമാണ്.
സൂക്ഷിക്കണം.

HIGHLY INFLAMMABLE.….

 

സചീന്ദ്രൻ കാറഡുക്ക

 ചിത്രീകരണം — സചീന്ദ്രൻ കാറഡുക്ക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.