2 March 2024, Saturday

മാന്ത്രിക സ്പര്‍ശം

ദേവേഷ് ഭാരതി
March 26, 2023 2:00 am

”നീ ആരാണ്.?”
അവളുടെ ഭാവം മാറി. കണ്ണുകൾ ചുവന്നു… വാസുദേവനെ രൂക്ഷമായി നോക്കിക്കൊണ്ടവൾ പറഞ്ഞു.“എന്റെ ആവാസസ്ഥലത്തു വന്ന് എന്നെ ചോദ്യം ചെയ്യുന്നോ? നീ വിളിച്ചിട്ട് വന്നതല്ല ഞാൻ. എന്റെ കളത്തിലേക്ക് നിന്നെ എത്തിച്ചതാണ്.”
അവളുടെ ഭാവമാറ്റം കണ്ട് വാസുദേവൻ ഞെട്ടിപ്പോയി. ഓടി രക്ഷപ്പെടാനായി ചുറ്റും നോക്കി. “എന്നെ ഒന്നും ചെയ്യരുത്. ഞാൻ പൊക്കോളാം.”
അയാൾ അവളുടെ നേരെ കൈ കൂപ്പി… അട്ടഹസിച്ചു കൊണ്ടവൾ അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞ അയാളെയുംകൊണ്ട് കിണറ്റിലേക്ക് എടുത്തു ചാടി. വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. അവളുടെ കണ്ണുകളിലെ അഗ്നി സ്ഫുരണങ്ങളാൽ കിണറ്റിലെ വെള്ളം തിളച്ചുപൊന്തി കുമിളകൾ ഉയർന്നു വന്നു. തെക്കെയറ്റത്തു നിന്ന കരിമ്പന ആടിയുലഞ്ഞു…

സിജിത അനില്‍ എന്ന പാലാക്കാരി ഹൊറര്‍ നോവലുകളിലൂടെ മലയാളി വായനക്കാരുടെ സ്വാസ്ഥ്യം കെടുത്തുകയാണ്. ഭയത്തിന്റെ കരിമ്പടംകൊണ്ട് സിജിത വായനക്കാരെ പുതപ്പിക്കുന്നു. പഴമയുടെ കഥകള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന പാലായിലെ ഞൊണ്ടിമാക്കല്‍ എന്ന ക്രിസ്ത്യന്‍ തരവാട്ടിലക്ക് ഇരുപതാമത്തെ വയസിലാണ് സിജിത, അനിലിന്റെ ഭാര്യയായി എത്തുന്നത്. തറവാട്ടിന്റെ അറപ്പുരയിലൊക്കെ ഹൈന്ദവ രീതിയിലുള്ള ജീവിതവും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ തളംകെട്ടി കിടന്നു. അമ്പലവും പാലയുമൊക്കെ തറവാടിനോട് ചേര്‍ന്നുണ്ട്. ഇത്തരമൊരു അന്തരീക്ഷത്തില്‍ നിന്നാണ് സിജിതയുടെ ഭാവനാലോകം വികസിച്ചത്. അത് പ്രേതകഥകളുടെ എഴുത്തിലേക്ക് സിജിതയെ തള്ളിയിട്ടു. അന്ധകാരം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന മുറികളിലൂടെ നടക്കുമ്പോൾ, തലയോട്ടികളിൽ ചവിട്ടി തട്ടിവീഴുമ്പോഴും വായനക്കാരന്റെ കണ്ണുകളിൽ തെളിയുന്ന ഭയത്തെ മുൻനിർത്തി തറയിലെ ധൂളികൾ ഉയർത്തിക്കൊണ്ട് അവർക്കും ചുറ്റും കഥയുടെ കാലബോധവലയം സൃഷ്ടിക്കുകയാണ് സിജിത. സംഹാരരുദ്രരായ രക്ഷസുകളുടെ കൂർത്ത ദംഷ്ട്രകൾ ശത്രുവിന്റെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും നിലവിളി പുറത്തേക്കു പോകാതെ ഇരുട്ടു കട്ട പിടിച്ചു നിന്ന മുറിയുടെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടുന്ന ബീഭത്സദൃശ്യങ്ങളിൽ ശ്വാസമടക്കിയാണ് വായന പൂർത്തിയാക്കുന്നത്. 

വാർധ്യക്യത്തിന്റെ അരുചിയുള്ള രക്തം പോലും, ഉള്ളിലടക്കി നിർത്തിയിരുന്ന പകയുടെ കനലുകൾ ആളിക്കത്തിച്ച് രുചികരമാക്കി രുധിര പാനത്തിനൊരുങ്ങുന്ന യക്ഷികളെ സ്നേഹിക്കുന്ന വായനക്കാരും ഉണ്ട് എന്നുള്ളതാണ് സിജിതയുടെ ആഖ്യാനശൈലിയുടെ മറ്റൊരു പ്രത്യേകത. അതിനു കാരണം, ആഗ്രഹങ്ങൾ സാധിക്കാതെ മോഹങ്ങൾ പാതിവഴിയിലാക്കി നിഷ്കരുണം കശക്കിയെറിഞ്ഞവർ മിടുക്കരായി നടക്കുമ്പോൾ, അവരുടെ അന്തകനാവാൻ ഏതു പെണ്ണും അറിയാതെ കൊതിച്ചു പോകും. അതിനായി അവൾ ശിഖണ്ഡിനികളായോ, യക്ഷികളായോ പുനർജ്ജനിച്ചെന്നും വരും. അവതാരങ്ങൾ മാത്രം പോരല്ലോ. തിന്മയെ തിന്മകൊണ്ടു നേരിടുന്നവരും വേണം. ആരുടെയും മുഖം നോക്കാതെ ശിക്ഷിക്കാൻ വേണ്ടി കണ്ണുമൂടിക്കെട്ടിയ നീതിദേവതപോലും കോടതിമുറിയിൽ ഗാന്ധാരിയായി കരഞ്ഞു തളരുകയാണ്. ഒരേസമയം ഭീകരതയിൽ നിന്നും പ്രണയഗാനങ്ങളിലേക്കും കവിതകളിലേക്കും കാമ്പുള്ള കഥകളിലേക്കും സന്നിവേശം നടത്തിക്കൊണ്ട് സാമൂഹികപരമായ വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ടും സിജിത അനിൽ എഴുത്തിന്റെ വഴിയേ യാത്ര തുടരുന്നു.

കോട്ടയം ജില്ലയുടെ മധ്യത്തിലൂടെ പാറകഷ്ണങ്ങളുടെ മൂർച്ചയുള്ള അഗ്രങ്ങൾ തലോടി മിനുസമുള്ള വെള്ളാരംകല്ലുകൾ തീർത്ത് ഒരു ദേശത്തിന്റെ അടയാളമായി ഒഴുകുന്ന കൗണിനദിയെന്ന് അറിയപ്പെട്ടിരുന്ന മീനച്ചിലാറിന്റെ തീരത്ത് താമസിക്കുന്ന പാലക്കാരിയായ സിജിത അനിലിന് അവരറിയാതെ മനസിലേക്ക് കഥകളും കവിതകളും ഒരു പുഴപോലെ ഒഴുകിയെത്തുന്നു.മനസിൽ കോറിയിട്ട പഴങ്കഥകളും, മിത്തുകളും ഇഷ്ടപ്പെട്ട സിജിതക്ക് വ്യത്യസ്തവും വേറിട്ടു നിൽക്കുന്നതുമായ എഴുത്തുകളോടായിരുന്നു താത്പര്യം. അതുകൊണ്ടാണ് സ്ത്രീകള്‍ എഴുതാന്‍ മടിക്കുന്ന സാഹിത്യ ശാഖയിലേക്ക് സിജിത അനിൽ തന്റെ എഴുത്തിനെ വഴി തിരിച്ച് വിട്ടത്. കോട്ടയം പുഷ്പനാഥും ഏറ്റുമാനൂർ ശിവകുമാറുമൊക്കെ വഴിതെളിച്ചിട്ട പാതയിലൂടെ സിജിതയും അനായാസം യാത്ര തുടരുകയാണ്.
വായനക്കാരന്റെ ചിന്താമണ്ഡലത്തെ മാനുഷികതയിൽ നിന്നും അമാനുഷികതയിലേക്ക് 

ഉയർത്തുമ്പോഴാണ് ഭീതിസാഹിത്യത്തിൽ നല്ലൊരു വായനാനുഭവം സമ്മാനിക്കാൻ എഴുത്തുകാരന് കഴിയുന്നത്. എഴുത്തുകാരനും വായനക്കാരനും നേരിട്ടു പരിചിതമല്ലാത്ത കാലത്തിനു പിന്നിൽ നടന്ന സംഭവങ്ങളെയും മിത്തുകളെയും ഐതിഹാസിക ബിംബങ്ങളെയും കോർത്തിണക്കി വർത്തമാനകാലത്തിനനുയോജ്യമായ പശ്ചാത്തലമൊരുക്കി ഭ്രമാത്മകമായ പരിസരസൃഷ്ടിയിലുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഭാവനയുടെ മേമ്പൊടിയും ചേർത്ത് പഴയതലമുറക്കും പുതുതലമുറക്കും
ഒരുപോലെ ആസ്വാദ്യകരമാകുന്നവിധം കഥകളെ ഒരേമീറ്ററിൽ കോർത്തു വക്കാൻ സിജിതക്ക് കഴിയുന്നുണ്ട്. മനുഷ്യമനസിന്റെ സഞ്ചാരവും ചിന്തകളിലെ വിശ്വാസവും യുക്തിയും ശാസ്ത്രീയതയും ഇടകലർത്തി വായനക്കാരന്റെ ഉപബോധമണ്ഡലത്തിൽ നിന്നും ബോധമണ്ഡലത്തിലേക്ക് തൂലികത്തുമ്പിനാൽ പരകായപ്രവേശം നടത്തുകയാണ് സിജിതയെന്ന് പാതാള ഭൈരവി, നിഴലേ നീ സാക്ഷി, കറുത്തവാവ് തുടങ്ങിയ നോവലുകൾ വായിച്ചാൽ നമുക്ക് തോന്നും. 

മലയാളത്തിൽ സ്ത്രീകൾ കാര്യമായി കൈവയ്ക്കാത്ത ഇടത്തിലേക്കാണ് പതിനഞ്ചുകൊല്ലം മുമ്പ് ‘യുദ്ധകാണ്ഡം’ എന്ന ഹൊറർ നോവലിലൂടെ സിജിത അനിൽ ഹൊറർ വിഭാഗത്തിൽ ചുവടുറപ്പിച്ചത്. മന്ത്രങ്ങളുടെയും താന്ത്രികവിദ്യയുടെയും ഒരു കലവറയാണ് മാന്ത്രിക നോവലുകൾ. ശരിയായ അർത്ഥവും പ്രയോഗിക്കുന്ന രീതിയും കൃത്യമായി മനസ്സിലാക്കാതെ എഴുതാൻ സാധിക്കില്ല. ഉച്ചാരണത്തിലും സമയത്തിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിഗൂഢമാണ് ഓരോ മന്ത്രങ്ങളും തന്ത്രങ്ങളും. തന്റെ കഥയിലെ വായനക്കാരൻ വിശ്വാസിയോ അവിശ്വാസിയോ ആണെങ്കിൽ കൂടി മന്ത്രമറിയുന്ന താന്ത്രികവിദ്യ അറിയുന്ന ഒരാളാണെങ്കിൽ താൻ എഴുതി വച്ചിരിക്കുന്നതിൽ അപാകതയുണ്ടങ്കിൽ ചോദ്യം ചെയ്യപ്പെടുമെന്ന ബോധ്യമുള്ളതുകൊണ്ടുതന്നെ ശ്രദ്ധ പുലർത്തിയാണ് ഓരോ നോവലും പൂർത്തിയാക്കുന്നത്. ചില കഥകളിൽ യക്ഷികൾക്ക് നീതി നടപ്പിലാക്കിക്കൊടുക്കുന്ന സിജിതയെ കാണാം.
വളരെ ചെറിയപ്രായത്തിൽ കലാ-കായികരംഗത്ത് മികവ് തെളിയിച്ച സിജിത വി അൽഫോന്‍സാമ്മയുടെ ജീവചരിത്രത്തിന്റെ കഥാപ്രസംഗ സിഡി പുറത്തിറക്കി ആരാധകരെ സൃഷ്ടിച്ചിരുന്നു. ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ ഉരുകിത്തെളിയുന്ന രചനകൾ അതിതീവ്രതയോടെ ആസ്വാദക മനസിൽ പ്രതിഷ്ഠിക്കാൻ സിജിതക്ക് കഴിയുന്നുണ്ട്. 

ഭാവനയുടെ ഉന്നതതലത്തിൽ നിന്ന്, ക്രിസ്ത്യൻ കുടുംബത്തിൽപ്പെട്ട ഒരു സ്ത്രീ ഹൊറർ മേഖലയിലേക്ക് കടന്നു വരുമ്പോൾ അനുഭവിക്കുന്ന വെല്ലുവിളികൾ നിരവധിയാണ്. പ്രധാനമായും ഇത്തരം കഥകളിൽ ചേർക്കുന്ന മന്ത്രതാന്ത്രിക ചേരുവകളെക്കുറിച്ച് പരിജ്ഞാനം കുറവാണങ്കിൽ അത് എഴുത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തും. ജീവിത സാഹചര്യത്തിൽ വന്ന മാറ്റംകൊണ്ട് പുതുതലമുറ അത്തരം താന്ത്രികപഠനം തമുറകൾക്ക് മുന്നേ ഉപേക്ഷിച്ചു. ഇന്ന് ചിട്ടയോടെ, ഉപസനയോടെ സാധനം ചെയ്യുന്ന വളരെ കുറച്ചുപേരിൽ ഈ അറിവ് ചിതറികിടക്കുകയാണ്. അതെല്ലാം കണ്ടെത്തിയും കുറെയൊക്കെ പഠിച്ചും കൃത്യതയോടെ അവതരിപ്പിക്കുവാൻ കഴിയുന്നത് എഴുത്തിനോടുള്ള പ്രണയം കൊണ്ടാണെന്ന് സിജിത പറയുന്നു. മന്ത്രതന്ത്രങ്ങൾ അറിയുന്നവരുമായുള്ള സൗഹൃദവും എഴുത്തിനെ കുറെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. 

സാധാരണ പലരും തങ്ങളുടെ എഴുത്തിന്റെ മേഖല കണ്ടെത്തി അതിൽ ഒന്നിൽ മാത്രം ശ്രദ്ധ കൊടുത്ത് മുന്നോട്ടു പോകുമ്പോൾ സിജിതയുടെ സർഗാത്മകജീവിതം വ്യത്യസ്തമാണ്. പ്രൊഫഷണൽ കോളേജിൽ കമ്പ്യൂട്ടർ അധ്യാപികയായിരുന്ന ഈ സാംസ്കാരിക പ്രവര്‍ത്തക ഷോർട്ട് ഫിലിമുകൾക്ക് തിരക്കഥയും, നാടകരചനയും ചെയ്യാറുണ്ട്. കഥ, കവിത, പ്രഭാഷണം, ഗാനരചന, കഥാപ്രസംഗം, ലേഖനം തുടങ്ങി വ്യത്യസ്ത സാഹിത്യശാഖകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. കാലത്തിന്റെ പ്രതിഫലനങ്ങളും പ്രകൃതിയുടെ ദുരവസ്ഥകളും ജീവിതത്തിന്റെ നിരർത്ഥതകളും ഓരോ രചനയിലും നിഴലിച്ചു നിൽക്കുന്നുണ്ട്. വർത്തമാനകാലത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ ഒരു ചലച്ചിത്രത്തിലെന്ന പോലെ വായനക്കാരന്റെ മനസുകളിലേക്ക് ആലേഖനം ചെയ്യുന്നതാണ് സിജിത അനിലിന്റെ കവനരീതി. സിജിതയുടെ എട്ടുപുസ്തകങ്ങളിൽ ചിലതൊക്കെ തമിഴിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തിരക്കിനിടയിലും സമയം കണ്ടെത്തി തടിവേരുകളിൽ മനോഹരങ്ങളായ ശില്പങ്ങൾ ഉണ്ടാക്കാറുള്ള ഈ മാന്ത്രിക നോവലിസ്റ്റിന്റെ നിരവധി ലളിതഗാനങ്ങളും കഥകളും ഓൾ ഇന്ത്യ റേഡിയോയിലൂടെ ഇടയ്ക്കിടെ ഒഴുകിയെത്താറുണ്ട്. ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും സിജിതയെ തേടിയെത്തിയിട്ടുണ്ട്. പുരസ്കാരങ്ങളുടെയും പ്രശസ്തിയുടെയും നിറവിൽ നിൽക്കുമ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ, തുറന്നമനസോടെ സംസാരിക്കുന്ന കലാ-സാഹിത്യ‑സാംസ്കാരിക മണ്ഡലങ്ങളിൽ സജീവസാന്നിധ്യമായ ഈ എഴുത്തുകാരിയുടെ പോസിറ്റീവ് എനർജി മറ്റൊരു വിസ്മയമാണ്. 

മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘നിഴലേ നീ സാക്ഷി’ എന്ന ഹൊറർ നോവലിന്റെ 72 മത്തെ ലക്കം കഴിഞ്ഞയാഴ്ച വായനക്കാരിലേക്ക് എത്തിക്കഴിഞ്ഞു. . അടുത്തലക്കം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി വായനക്കാരെ ഉദ്വേഗജനകമായ കാത്തിരിപ്പിലേക്ക് പ്രേരിപ്പിക്കുകയാണ്. എഴുത്ത് ആത്മാംശമായി കരുതുന്നവരുടെ രചനകൾക്ക് ജീവൻ തുടിക്കുന്നത് സ്വാഭാവികം. മരണാനന്തരജീവിതത്തിന്റെയും പുനർജന്മത്തിന്റെയും പകയുടെയും പ്രണയത്തിന്റെയും വ്യത്യസ്തങ്ങളായ കഥകൾ വിരിയിക്കുന്ന വിഭ്രാത്മകമായ ലോകത്തേക്ക് സിജിതയോടൊപ്പം ആസ്വാദകരും യാത്ര തുടരുന്നു…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.