23 December 2024, Monday
KSFE Galaxy Chits Banner 2

യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കുന്ന നിക്ഷേപ കേന്ദ്രീകൃത ബജറ്റ്

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 16, 2022 7:00 am

മോഡി സര്‍ക്കാരില്‍ ധനമന്ത്രിയായതിനു ശേഷം നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന നാലാമത്തെ ‘സമ്പൂര്‍ണ’ ബജറ്റാണിതെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഈ ബജറ്റ് രേഖ സമ്പൂര്‍ണമാണെന്ന വിശേഷണത്തിന് ശരിയായ അര്‍ഹത നേടണമെങ്കില്‍ വരുന്ന മാസങ്ങളില്‍ ബജറ്റിനു പുറത്തുള്ള നികുതി, നികുതി — ഇതര വരുമാന നിര്‍ദേശങ്ങള്‍ ഇല്ലാതിരിക്കണം. ഒറ്റനോട്ടത്തില്‍ 2022 – 23 ലെ ബജറ്റ് ഒരു സ്വയം പുകഴ്ത്തല്‍ രേഖയാണ്. ഇത്തരമൊരു നിഗമനത്തിനുള്ള കാരണം വ്യക്തമാണ്. തീര്‍ത്തും അപ്രതീക്ഷിതവും ഗുരുതര സ്വഭാവമുള്ളതുമായ കോവിഡ് മഹാമാരി ഒന്നിനുപുറകെ മറ്റൊന്നായി മൂന്നു തരംഗങ്ങളുടെ രൂപത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാസങ്ങള്‍‍ നീണ്ടുനിന്ന ലോക്ഡൗണുകള്‍ക്ക് വിധേയമാക്കിയതിലൂടെ പ്രതികൂലമായി ബാധിച്ചിട്ടും ജിഡിപി 9.2 ശതമാനം വളര്‍ച്ചാ നിരക്ക് 2021–22 ല്‍ നേടാനായി എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. മാത്രമല്ല, ഇത്രയും ഉയര്‍ന്ന ജിഡിപി നിരക്ക് ആഗോളതലത്തില്‍ തന്നെ അപൂര്‍വമായൊരു അനുഭവമായിരുന്നുവെന്നും കാണുന്നു. അതേസമയം, മോഡി ഭരണകൂടം മറച്ചുവയ്ക്കുന്നത് 2020 – 21 ലേതായിരുന്നു ആഗോളതലത്തില്‍ തന്നെ ഏറ്റവും താണ നിരക്ക് എന്ന യാഥാര്‍ത്ഥ്യവുമാണ്. ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്താണ് സാമ്പത്തിക അവലോകന രേഖയില്‍ 2019–20നും 2020–21നും ഇടയ്ക്കുള്ള വര്‍ധന നാമമാത്രമായ 1.3 ശതമാനം മാത്രമായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നത്. അതായത് 8–7.5 ശതമാനത്തില്‍ നിന്ന് 8–8.5 ശതമാനം വരെ ഇതില്‍ വലിയ പിശകൊന്നും കണ്ടെത്താനും കഴിയില്ല. മാത്രമല്ല, പ്രതീക്ഷിക്കുന്ന തോതിലുള്ള നാമമാത്രമായ വര്‍ധനപോലും ഒമിക്രോണിന്റെ വരവോടെ അപ്രത്യക്ഷമാകുമെന്നും കരുതേണ്ടതാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പിന്നിട്ട രണ്ടു ധനകാര്യ വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയുടെ ആളോഹരി വരുമാനത്തില്‍ തുടര്‍ച്ചയായ ക്ഷതമാണുണ്ടായിട്ടുള്ളതെന്ന നിഗമനത്തില്‍ നമുക്കെത്തേണ്ടിവരും. ഏതായാലും ഡിമാന്‍ഡില്‍ ഇടിവുണ്ടായിട്ടുണ്ടെന്നത് ഒരു വസ്തുതയാണല്ലോ. കാരണം തൊഴിലവസരങ്ങളിലും വരുമാനത്തിലുമുണ്ടായ ഇടിവ് സ്വകാര്യ ഉപഭോഗ നിലവാരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു എന്നതുതന്നെ ഇതുവഴിയുണ്ടായത് മൂന്നു ശതമാനത്തോളം ഇടിവുമായിരുന്നു. ഇതാണ് 2020–21, 2021–22 എന്നീ രണ്ട് ധനകാര്യ വര്‍ഷങ്ങളിലെ യഥാര്‍ത്ഥ അവസ്ഥ.

ഇതുംകൂടി വായിക്കാം;പ്രതിസന്ധി പരിഹരിക്കാൻ പ്രാപ്തമല്ലാത്ത കേന്ദ്ര ബജറ്റ്

അതേസമയം ഇതിനു പകരമായി പൊതു ചെലവ് വര്‍ധനവിലൂടെ പൊതു ഉപഭോഗം ഉയര്‍ത്താമെന്നുള്ള ലക്ഷ്യവും ഫലവത്തായില്ല. ഇതിനുള്ള കാരണം, പൊതു ഖജനാവിലേക്കുള്ള റവന്യു വരുമാനത്തിന്റെ ഇടിവുമായിരുന്നു. ഒരുപക്ഷേ, ഇതിനുള്ള അപവാദം ജിഎസ്‌ടി വരുമാനമായിരുന്നു എങ്കിലും അത് പൂര്‍ണമായും കേന്ദ്രത്തിന്റേതല്ല. ഒരു ഭാഗമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നല്കാന്‍ ബാധ്യസ്ഥമാണ്. ഇതൊക്കെയാണ് ഇന്നത്തെ യഥാര്‍ത്ഥ സ്ഥിതിവിശേഷമെങ്കിലും പൊതുനിക്ഷേപം വരുന്ന ധനകാര്യ വര്‍ഷത്തില്‍ 35.4 ശതമാനം ഉയര്‍ത്തുക എന്നതാണ്. അതായത് ഒരു വര്‍ഷക്കാലയളവില്‍ പൊതുനിക്ഷേപത്തെ ജിഡിപിയുടെ 2.2 ല്‍ നിന്ന് 2.9 ശതമാനം കണ്ട് ഉയര്‍ത്തുക. ഇതിനുപുറമെ, സംസ്ഥാനങ്ങള്‍ക്കുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ഗ്രാന്റ് കൂട്ടിചേര്‍ത്ത് ഇത് ജി‍ഡിപിയുടെ നാലു ശതമാനം വരെ ഉയര്‍ത്താനും കഴിയുമത്രെ. ഇതിലൂടെ ധനമന്ത്രി നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതെന്തെന്നോ? ഇപ്പോള്‍ നിക്ഷേപ മേഖലയിലേക്ക് കടന്നുവരാന്‍ നാണിച്ചുനില്ക്കുന്ന സ്വകാര്യ നിക്ഷേപത്തെ പൊതുനിക്ഷേപ – കേന്ദ്രീകൃത വികസന തന്ത്രത്തിന്റെ സഹായത്തോടെ നിക്ഷേപ മേഖലയിലേക്ക് തള്ളിക്കയറാന്‍ പ്രോത്സാഹിപ്പിക്കുക എന്നതുതന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത്തരമൊരു ‘ക്രൗഡിങ് — ഇന്‍ ഇഫക്റ്റ്’ പൊതുനിക്ഷേപത്തിന് കഴിയുമോ എന്നതാണ് കാര്യവിവരമുള്ളവര്‍ പ്രകടിപ്പിക്കുന്ന സംശയം. തത്വം നല്ലതു തന്നെ. കെയ്‌നീഷ്യന്‍ ഭാഷയില്‍ ഈ പ്രക്രിയക്ക് ‘പമ്പ് പ്രൈമിങ്’ നിക്ഷേപമെന്നാണ് വിശേഷിപ്പിച്ചുവരുന്നത്. അതായത് പൊതുനിക്ഷേപമെന്ന പമ്പ് വിനിയോഗിച്ച് സ്വകാര്യ മേഖലയെക്കൂടി നിക്ഷേപ മേഖലയിലേക്ക് ആകര്‍ഷിക്കുക. ഈവിധത്തിലൊരു തന്ത്രത്തിലൂടെയാണ് നിക്ഷേപ മേഖലയിലേക്ക് സ്വയം കടന്നുവരാന്‍ മടിച്ചുനിന്നിരുന്ന സ്വകാര്യ നിക്ഷേപകരെ അതിലേക്ക് പ്രേരിപ്പിച്ചതുവഴി സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ തട്ടിയുണര്‍ത്താന്‍ കെയിന്‍സിന്റെ വികസന തന്ത്രം താല്ക്കാലിക വിജയം കൈവരിച്ചതെന്നത് ഒരു ചരിത്രസത്യം തന്നെയാണ്, സംശയമില്ല.

ഇതുംകൂടി വായിക്കാം; കേന്ദ്ര ബജറ്റ് വിളിപ്പാടകലെ: പ്രതീക്ഷകളും ആശങ്കയും

ഇന്ത്യയെ സംബന്ധിച്ചാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ആത്മവിശ്വാസം നഷ്ടമായ സ്വകാര്യ നിക്ഷേപത്തെ ഊര്‍ജസ്വലമാക്കാന്‍ സമാനമായ തന്ത്രം മാത്രമേ അനുയോജ്യമായിരിക്കുകയുള്ളു എന്നതും അംഗീകരിക്കപ്പെടേണ്ടതുതന്നെ. ഇതെങ്ങനെ പൊതുനിക്ഷേപ ഏജന്‍സി എന്ന നിലയില്‍ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയും? ധനക്കമ്മി പരമാവധി പൂജ്യത്തിലെത്തിക്കാന്‍ പെടാപ്പാടുപെടുന്ന കേന്ദ്ര ഭരണകൂടത്തിന് പൊതുനിക്ഷേപത്തിനാവശ്യമായ ധനകാര്യ വിഭവ സമാഹരണം സാധ്യമാകുമോ? ഇതിലേക്കായി അധിക നികുതി, നികുതി — ഇതര വരുമാന സ്രോതസുകളെ ആശ്രയിക്കേണ്ടിവരില്ലേ? ഉദാഹരണത്തിന് ഡിസ് ഇന്‍വെസ്റ്റ്മെന്റ് തന്നെ. എന്നാല്‍ മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ ഡിസ് ഇന്‍വെസ്റ്റ്മെന്റ് ഒരു പ്രായോഗിക വിഭവ സമാഹരണ മാര്‍ഗമാവില്ലെന്നുവേണം കരുതാന്‍. ഡിസ് ഇൻവെസ്റ്റ്മെന്റിന്റെ മുന്‍‍കാല അനുഭവം ഒന്നു പരിശോധിക്കുക. 2020–21 ല്‍ ലക്ഷ്യമിട്ടിരുന്ന വരവ് 1.75 ലക്ഷം കോടിയായിരുന്നത് 2022–23 ആയതോടെ 78,000 കോടി രൂപയാക്കി കുറച്ചിരിക്കുകയാണ്. തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്ന 2.10 ലക്ഷം കോടി രൂപയുടെ സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ കിട്ടിയത് വെറും 33,000 കോടി രൂപയിലൊതുങ്ങുകയും ചെയ്തു. ഇത്തരം തിക്താനുഭവങ്ങളോ, തിരിച്ചടികളോ ഗൗരവമായി കണക്കാക്കേണ്ട കാര്യമില്ലെന്നും ലക്ഷ്യം പ്രഖ്യാപിക്കുന്നതിന് ലാഭം വേണ്ടെന്നുമാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാട്. അതുകൊണ്ടാണ് എച്ച്പിസിഎല്‍, എച്ച്പിസി, ഒഎന്‍ജിസി തുടങ്ങിയ അങ്ങേയറ്റം ലാഭകരമായി പ്രവര്‍ത്തനം നടത്തിവരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്പനക്കുള്ള പ്രദര്‍ശനശാലയില്‍ എത്തിക്കുന്നതിനോടൊപ്പം ഭാരത് ഇലക്ട്രോണിക്സിന്റെ ഒരു യൂണിറ്റുകൂടി വില്പനയ്ക്കായി പരിഗണിക്കാനും തീരുമാനമായിരിക്കുന്നത്. ചുരുക്കത്തില്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അന്നത്തെ കേന്ദ്ര ബിജെപി സര്‍ക്കാര്‍ അരുണ്‍ഷൂറിയുടെ മുന്‍കയ്യോടെ തുടക്കമിട്ട പൊതുമേഖലാ ഡിസ് ഇന്‍വെസ്റ്റ്മെന്റ് നയത്തേക്കാള്‍ താണ ലേലം വിളിയിലാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നേട്ടം എന്തുതന്നെ ആയിരുന്നാലും കുഴപ്പമില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ നയം എന്തുവില കൊടുത്തും സജീവമായി നിലനിര്‍ത്തണം. എയര്‍ ഇന്ത്യ വിറ്റഴിക്കാന്‍ കഴിഞ്ഞതുപോലെ കാര്യങ്ങളെല്ലാം ശുഭകരമാകുമെന്നാണ് സര്‍ക്കാരിന്റെ ശുഭാപ്തി വിശ്വാസം. ഈവിധത്തിലുള്ള ചിന്തയെ അടിസ്ഥാനമാക്കിയായിരിക്കണം പൊതുനിക്ഷേപം 34.5 ശതമാനം വരെ ഉയര്‍ത്തുക വഴി സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കാനും മൊത്തത്തിലുള്ള മൂലധന നിക്ഷേപ തോത് സമ്പദ്‌വ്യവസ്ഥയില്‍ മെച്ചപ്പെടുത്താനും കഴിയുമെന്ന് പുതിയ ധനകാര്യ വര്‍ഷത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു.

യഥാര്‍ത്ഥത്തില്‍ 2021–22 ധനകാര്യ വര്‍ഷത്തില്‍ പൊതുനിക്ഷേപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വര്‍ധന ജിഡിപിയുടെ 0.2 ശതമാനം മാത്രമാണ്. എണ്ണയുടെ ഉയര്‍ന്ന വിലനല്കിയുള്ള ഇറക്കുമതി, ഫലത്തില്‍ പണപ്പെരുപ്പത്തിന്റെ ഇറക്കുമതിക്കുകൂടി വഴിയൊരുക്കുകയാണല്ലോ. ഇതിനു പുറമെ പലിശ ബാധ്യതയിലും വര്‍ധനയുണ്ടാകുന്നുണ്ട്. ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ (2022 ഫെബ്രുവരി 2) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആഗോള രാഷ്ട്രീയ‑സാമ്പത്തിക സാഹചര്യങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള യാത്ര ഏതുവിധേന രൂപപ്പെടുത്തണമെന്നതിനെപറ്റി കൂടിയാലോചനകള്‍ നടത്തിവരുന്നതെന്ന അവകാശവാദത്തില്‍ നമുക്കും വിശ്വസിക്കേണ്ടിവരും. ആഗോള സാമ്പത്തിക‑ധനകാര്യ ഇക്കോ സിസ്റ്റത്തില്‍ അതിവേഗത്തിലും തീര്‍ത്തും അപ്രതീക്ഷിതമായ നിലയിലുമാണ് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തേതിനു സമാനമായൊരു സ്ഥിതിവിശേഷമായിരുന്നു 2012–13, 2013- 14 എന്നീ ധനകാര്യ വര്‍ഷങ്ങളിലും നമുക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നതെന്ന വസ്തുത നാം മറക്കരുത്. ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.