23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 18, 2024
September 26, 2024
September 19, 2024
September 10, 2024
September 2, 2024
August 15, 2024
August 9, 2024
July 20, 2024
March 25, 2024

റഷ്യ‑ഉക്രെയ്ൻ യുദ്ധം ആഗോളവൽക്കരിക്കരുത്

അഡ്വ. കെ പ്രകാശ്ബാബു
February 25, 2022 7:30 am

1991ൽ ശിഥിലമായ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിന് തുടക്കം കുറിച്ചു. റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്നുള്ള ഉക്രെയ്ന്റെ അവകാശവാദം സമാധാന കാംക്ഷികളായ ജനങ്ങൾ ആശങ്കയോടെയാണ് വീക്ഷിച്ചത്. ഉക്രെയ്ന്റെ തലസ്ഥാനമായ കീവിലും മറ്റു ചെറിയ നഗരങ്ങളിലും കുടുങ്ങിപ്പോയ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികളും വിനോദ സഞ്ചാരികളും വ്യാപാരികളും യുദ്ധാന്തരീക്ഷത്തിൽ ഏറെ ഭയചകിതരാണ്. 2014 ൽ ആണ് ഉക്രെയ്ന്റെ ഭാഗമായിരുന്ന ക്രിമിയ റഷ്യയോട് കൂട്ടിച്ചേർക്കപ്പെട്ടത്. റഷ്യൻ പാരമ്പര്യവും പൈതൃകവും ഭാഷയും സംസ്കാരവും എല്ലാം ഉൾക്കൊള്ളുന്ന ക്രിമിയൻ ജനത റഷ്യയോട് ചേരുന്നതിന് തയാറായത് തികച്ചും സ്വാഭാവികം. പക്ഷെ ഐക്യരാഷ്ട്രസഭയും അമേരിക്കൻ പക്ഷപാതിത്വ രാജ്യങ്ങളും ക്രിമിയൻ ഉപദ്വീപിനെ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർത്തത് അംഗീകരിച്ചിട്ടില്ല. തന്നെയുമല്ല ഉക്രെയ്‌നെ നാറ്റോ സഖ്യ രാഷ്ട്രത്തിന്റെ ഭാഗമാക്കി നിർത്തി റഷ്യയെ കരിങ്കടൽ തീരത്തു നിന്നും ഒഴിവാക്കാനാണവർ ശ്രമിക്കുന്നത്. ഉക്രെയ്ൻ ജനതയുടെ ഏകദേശം ഇരുപതു ശതമാനത്തോളം വരുന്ന ജനവിഭാഗം റഷ്യൻ സംസ്കൃതിയും പൈതൃകവും ഉൾക്കൊള്ളുന്നവരാണ്. അതിൽത്തന്നെ റഷ്യൻ പൈതൃകക്കാർക്ക് കൂടുതൽ ആധിക്യമുള്ള രണ്ടു റിപ്പബ്ലിക്കുകളാണ് ഡൊണട്സ്കും ലുഹാൻസ്കയും. ഉക്രെയ്‌നിലെ ആഭ്യന്തര കലാപത്തിന് തുടക്കം കുറിച്ചതും ഇവിടുത്തെ ജനവിഭാഗങ്ങളാണ്. അന്നത്തെ ഉക്രെയ്ൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും സഹായത്താൽ റഷ്യൻ പക്ഷപാതികളെന്ന് ആരോപിക്കപ്പെടുന്ന ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആഭ്യന്തരയുദ്ധം ഫലത്തിൽ റഷ്യക്കെതിരായ യുദ്ധമായി മാറുകയും ചെയ്തിരിക്കുകയാണിപ്പോൾ. 1922ൽ സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെടുമ്പോൾ റഷ്യയോടൊപ്പം ആദ്യ സോവിയറ്റ് സ്ഥാപക റിപ്പബ്ലിക്കുകളിൽ ഒന്നാണ് ഉക്രെയ്ൻ. സ്റ്റാലിനു ശേഷമുള്ള സോവിയറ്റ് പ്രധാനമന്ത്രി നികിത ക്രൂഷ്ചേവ് ഉക്രെയ്‌നിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു. ക്രിമിയ ഉപദ്വീപ് ഉക്രെയ്ന്റെ ഭാഗമായത് ക്രൂഷ്ചേവ് സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു.


ഇതുകൂടി വായിക്കാം; പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിക്കുന്ന യുദ്ധോത്സുക അന്തരീക്ഷം


1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം സ്വതന്ത്രമായ ഉക്രെയ്ൻ റിപ്പബ്ലിക് അമേരിക്കൻ സഹകരണത്തിന്റെയും സമ്മർദ്ദങ്ങളുടെയും ഫലമായി മുതലാളിത്ത കമ്പോള സമ്പദ്ഘടനയിലേക്ക് മാറി. 2008ലെ അമേരിക്കൻ സാമ്പത്തികമാന്ദ്യം ഉക്രെയ്‌നെയും സാരമായി ബാധിച്ചു. യൂറോപ്യൻ യൂണിയനുമായി തെറ്റുകയും അവരുമായി ഉണ്ടാക്കിയ വ്യാപാര കരാറുകൾ 2014ൽ പ്രസിഡന്റ് യാനുകോവിച്ച് സസ്പെൻഡ് ചെയ്തതോടുകൂടി ഉക്രെയ്‌നിലെ യൂറോപ്യൻ പക്ഷപാതികളും പ്രസിഡന്റിനും ഗവൺമെന്റിനുമെതിരെ തിരിഞ്ഞു. 2014 ൽ പ്രസിഡന്റിനെ ഉക്രെയ്ൻ പാർലമെന്റ് ഇംപീച്ച് ചെയ്യുന്ന സാഹചര്യവും ഉണ്ടായി. ഈ സന്ദർഭത്തിലാണ് റഷ്യ ക്രിമിയയുടെ കാര്യത്തിൽ പിടിമുറുക്കുന്നത്. ഉക്രെയ്‌നിലെ റഷ്യൻ പൈതൃക മേഖലയിൽ നടന്ന റഫറണ്ടത്തെ തുടർന്ന് ക്രിമിയ റഷ്യൻ ഫെഡറേഷനോട് 2014 മാർച്ചിൽ കൂട്ടിച്ചേർക്കപ്പെട്ടു. ക്രിമിയയും സീവസ്റ്റാപോൾ നഗരവും രണ്ടു റഷ്യൻ ഫെഡറൽ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭ ഈ കൂട്ടിച്ചേർക്കൽ അംഗീകരിച്ചിട്ടില്ല. നാറ്റോ സഖ്യരാജ്യങ്ങൾ റഷ്യക്കെതിരെ നീങ്ങുന്നതും ഇപ്പോൾ അമേരിക്കയും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിന് യുദ്ധത്തോടൊപ്പം ഈ പശ്ചാത്തലം കൂടിയുണ്ട്. മുൻ സോവിയറ്റ് യൂണിയന്റെ അത്യാധുനിക ആണവ യുദ്ധോപകരണങ്ങൾ കൂടുതലും സൂക്ഷിച്ചിരുന്നത് ഉക്രെയ്ൻ റിപ്പബ്ലിക്കിലാണ്. അവ സൂക്ഷിച്ചിരുന്നത് അവിടെയായിരുന്നെങ്കിലും അതിന്റെയെല്ലാം സാങ്കേതികവും നിയമപരവുമായ നിയന്ത്രണം മോസ്കോയിലുമായിരുന്നു. ഉക്രെയ്ൻ സ്വതന്ത്രമായതിനുശേഷം നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ ആണവായുധങ്ങൾ ആണവ നിർവ്യാപന കരാറിന്റെ ഭാഗമായി നശിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഉക്രെയ്ൻ ഗവൺമെന്റുമായി നടത്തിയ തന്ത്രപരമായ ചർച്ചയിൽക്കൂടി ഉക്രെയ്‌നിൽ സൂക്ഷിച്ചിരുന്ന ആണവ യുദ്ധോപകരണങ്ങളിൽ പലതും റഷ്യയ്ക്ക് തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ഉക്രെയ്‌നെ സഹായിക്കാനെന്ന പേരിൽ പരോക്ഷമായി യുദ്ധത്തിനു പുറപ്പെടുകയും ചെയ്ത നാറ്റോ സഖ്യ രാജ്യങ്ങൾ ചരിത്ര യാഥാർത്ഥ്യവും ക്രിമിയയിലെ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങളും മനസിലാക്കി ഒരു ആഭ്യന്തര യുദ്ധത്തെ അന്താരാഷ്ട്ര തലത്തിലേക്ക് പരിവർത്തനം ചെ­യ്യിക്കരുത്. ഐക്യരാഷ്ട്രസഭയുടെ മൗനവും ഉക്രെയ്‌നിൽ സമാധാനം നിലനിർത്തുന്നതിന് സഹായകരമല്ല. പുതിയ ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി റഷ്യയുമായി ഒത്തുതീർപ്പിനു തയാറാവുകയും യുദ്ധം അവസാനിപ്പിച്ച് കരിങ്കടൽ പ്രവിശ്യയിൽ സമാധാനം ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.