രണ്ടാംഘട്ട ചര്‍ച്ച നടക്കാനിരിക്കെ ഉക്രെയ്നില് ആക്രമണം ശക്തമാക്കി റഷ്യ. ജീവഹാനിയും വര്‍ധിക്കുകയാണ്. കീവ്, കര്‍കീവ്, മരിയുപോള്‍, ബെര്‍ഡ്യാന്‍സ്ക്, കേര്‍സന്‍ എന്നീ നഗരങ്ങളിലാണ് ഇന്നലെ പ്രധാനമായും ആക്രമണങ്ങളുണ്ടായത്. 64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉക്രെയ്ന് തലസ്ഥാനമായ കീവിന് സമീപം നിലയുറപ്പിച്ചു. പ്രദേശവാസികള്‍ കീവ് വിട്ടുപോകണമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങളും പൗരന്മാരോട് കീവ് വിടാന്‍ നിര്‍ദേശിച്ചു. കീവ് കീഴടക്കുന്നതിന് റഷ്യ മുന്നോട്ട് നീങ്ങിയെന്നാണ് സൂചനകള്‍.
നഗരത്തിന്റെ വടക്കുഭാഗത്ത് മിസൈലാക്രമണം ശക്തമാക്കി. ഇവിടെ ടെലിവിഷന്‍ കേന്ദ്രത്തിനുനേരെയും ആക്രമണമുണ്ടായി. ഇന്നലെ നടന്ന ആക്രമണങ്ങളില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര് കൊല്ലപ്പെട്ടതായും 37 പേര്‍ക്ക് പരിക്കേറ്റതായും കീവ് മേയര്‍ പറഞ്ഞു. കര്‍കീവില്‍ ശക്തമായ റോക്കറ്റ് ആക്രമണം തുടരുകയാണ്. പാര്‍പ്പിട സമുച്ചയത്തിനുനേരെയുണ്ടായ ആക്രമത്തില്‍ എട്ടുപേരും സര്‍ക്കാരിന്റെ മേഖലാ ഓഫീസ് സമുച്ചയത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ പത്തുപേരും കൊല്ലപ്പെട്ടു. കര്കീവിനും കീവിനും ഇടയിലുള്ള ഒഖ്തിര്‍കയിലെ പട്ടാളകേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ 70 ഉക്രെയ്ന് സൈനികര്‍ കൊല്ലപ്പെട്ടു. മരിയുപോളിലും ഷെല്ലാക്രമണം ഉണ്ടായി.
തെക്കന്‍ ഉക്രെയ്ന് നഗരമായ കേര്‍സന്‍ റഷ്യന്‍ സൈന്യം വളഞ്ഞുവെന്ന് നഗരത്തിന്റെ മേയര്‍ അറിയിച്ചു. അഞ്ച് ദിവസത്തിനിടെ 56 റോക്കറ്റ് ആക്രമണങ്ങളും 113 ക്രൂയിസ് മിസൈലാക്രമണങ്ങളും റഷ്യ നടത്തിയതെന്നാണ് ഉക്രെയ്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി ആരോപിച്ചത്. കര്‍കീവില്‍ പ്രാകൃതമായ ആക്രമണമാണ് റഷ്യ നടത്തുന്നതെന്ന് ഉക്രെയ്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ആരോപിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഹായങ്ങളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഉക്രെയ്ന് പാശ്ചാത്യരാജ്യങ്ങള്‍ നല്കുന്ന സഹായങ്ങള്‍ തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെങ്കിലും, പ്രസിഡന്റുമാര്‍ നേരിട്ട് സംസാരിക്കാനുള്ള പദ്ധതി ഇല്ലെന്നും വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന് അംഗത്വത്തിന് ഔപചാരിക അപേക്ഷ നല്കിയ സെലന്‍സ്കി തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കുവാന്‍ അവരോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
english summary; Russia intensifies attack on five cities
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.