19 December 2024, Thursday
KSFE Galaxy Chits Banner 2

കുഞ്ഞമ്മിണിക്കഥകൾ; കൃഷിപ്പണീം കൊയ്ത്തും

മേഴ്‌സി ടി കെ
March 4, 2022 1:58 pm

രാവിലെ മൂരികളേയും കൊണ്ട് ഉഴുവാന്‍ പോയ തുപ്രന്‍ പത്തുമണിയായപ്പഴേ തിരിച്ചുവന്നപ്പോ. ‘ഞാറ്റൊട്ടിയായോടാ’ന്ന്‍ (ഞാറ്റടി-ഞാറ് പാകാനുള്ള കണ്ടം) വല്ല്യേട്ടന്‍ ചോദിച്ചു. ‘ഒന്നു ഉഴുതിട്ടേള്ളൂ, ചോന്നമൂരി ഒട്ടും നടക്കണില്ല. രണ്ടോസംകൊണ്ടാ അത്രായേ’ന്ന്‍ തുപ്രന്‍ പറഞ്ഞു. ‘ങാ ഇനി മൂന്നാലോസോണ്ടല്ലോ, എല്ലാരും തിങ്കളാഴ്ച ഞാറ് പാകാനിരിക്ക്യാ’ന്ന്‍ പറഞ്ഞു വല്ല്യേട്ടന്‍. വീട്ടില്‍ രണ്ടു മൂരീകള്ണ്ട്, ഒന്നു വെള്ള, പിന്നെ ചോപ്പ. വെള്ളമൂരി സുന്ദരനാണ്, നെറ്റീലൊരു ചുട്ടീണ്ട്, മിടുക്കനാ, പണിയെടുക്കും. ചോന്നമൂരിക്ക് ചെമ്പുനിറാ, മടിയനാണ് കക്ഷി. നിലമുഴുവാന്‍ കൊണ്ടോയാ നടക്കൂല്ല്യ. തുപ്രന് ദ്വേഷ്യം വന്ന്‍ നല്ല തല്ലും കൊടുക്കും. ചോന്നമൂരീം തുപ്രനും തമ്മിലെന്നും അങ്കമാണ്. അതിന്‍റെ പേരില്‍ കടുത്ത മൃഗസ്നേഹിയായ അപ്പനും തുപ്രനും തമ്മിലും കലഹോണ്.! ‘എന്താടാ നേരത്തെ വന്നേ, ഉഴുതുകഴിഞ്ഞോ’ തുപ്രനോട് അപ്പന്‍ ചോദിച്ചു. ‘ഇല്ല, ചോന്നമൂരി ഒരടി നടക്കണില്ല, കണ്ടത്തിലെറങ്ങ്യാ കല്ലുപോലൊരു നിപ്പാ… കുറേ യായപ്പോ ഞാനിങ്ങുപോന്നു’ അപ്പനൊന്നും മിണ്ടാതെ ചോന്നമൂരീനെ കെട്ടീട്ടടത്തേക്കു പാഞ്ഞു. ചോന്നമൂരീടെ രണ്ടു കാലീന്നും ചോരയൊഴുകണുണ്ട്, അടീടെ പാടുകള്‍ തിണര്‍ത്തുകിടപ്പുണ്ട്. ‘ഇന്നും തല്ല്യല്ലേ, ശ്ശൊ എന്തതിക്രമാണീ ചെക്കന്‍ ചെയ്തേന്നോക്ക്.! ഒരു മിണ്ടാപ്രാണീനെ ഇമ്മാതിരി തല്ലിച്ചതച്ചല്ലോ’ മുറിവുകള്‍ പരിശോധിച്ച് മൂരീടെ മുഖത്തും പുറത്തും തലോടി അപ്പന്‍ മ്ലാനിയായി. മൂരിക്ക് തവിടും പിണ്ണാക്കും കലക്കിക്കൊണ്ട് നില്‍ക്കണ തുപ്രന്‍റെടുത്തേക്ക് ചെന്ന്‍, ‘എടാ നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ കന്നാലീനെ ഇങ്ങനെ തല്ലരുതെ‘ന്ന് അപ്പന്‍ കലിതുള്ളി. തുപ്രന്‍ മിണ്ടാതെ തലകുനിച്ചുനിന്നു.
‘കണ്ടമുഴുവാണ്ട് ഞാറു പാവാന്‍ പറ്റ്വോ, അപ്പന്‍ പറയും മൂരീനെ തല്ലല്ലേന്ന്, മോന്‍ ചോദിക്കും കണ്ടമായോന്ന്.! ഇതിന്‍റെടേക്കെടന്ന് തുപ്രനെന്തു ചെയ്യാനാ, ആ മടിയന്‍ മൂരീനെ കൊട്ത്ത് നല്ലൊരെണ്ണത്തിനെ വാങ്ങാന്‍ പറഞ്ഞാ കേക്കൂല്ല്യ.’ അമ്മ തുപ്രനെ പിന്താങ്ങി. അപ്പന്‍ അസ്വസ്ഥനായി ചാരുകസേരേലിരുന്നു. ‘ഇനിയെന്‍റെ ഉരുക്കളെ വേദനിപ്പിച്ചാ നിന്നെ ഞാന്‍… മിണ്ടാപ്രാണീനെ തല്ല്യേക്കണ്.! അതിനെന്തെങ്കിലും വയ്യായ്കേണ്ടാവും. എനിക്കുവയ്യായേന്ന്‍ പറയാന്‍ അതിന് പറ്റ്വോ, അത് മനസ്സിലാക്കാനുള്ള വിവേകോല്ലെങ്കീ…’ അപ്പന്‍ പറഞ്ഞോണ്ടിരുന്നു. പിന്നെ വാലുമ്മേ തീപിടിച്ചമാതിരി എഴുന്നേറ്റ് ചോന്നമൂരീടടുത്തേക്ക് ചെന്നു. വെള്ളമൂരിക്ക് വെള്ളം കൊടുക്കാര്ന്നു തുപ്രന്‍. ‘ങും, നീയതിനെയങ്ങ് ഊട്ടിയുറക്ക്’ന്ന്‍ കയര്‍ത്തു. പിന്നെ അനുനയത്തില്‍ പറഞ്ഞു, ‘ഇതിനല്ലേടാ ആദ്യം കൊടുക്കണ്ടേ, ഒന്നില്ലെങ്കീ ഇമ്മാതിരി തല്ലിച്ചതച്ചാല്ലേ, നോക്കടാ ചോരൊഴുകണേ, ചില്ലറ തല്ലാ നീ തല്ലീത്’ തുപ്രനൊന്നും മിണ്ടീല്ല്യ. ചോന്നമൂരീടെ നെറ്റീലും കുഞ്ചീലും തലോടി സാന്ത്വനിപ്പിച്ചോണ്ട് അപ്പന്‍ പറഞ്ഞു. ‘നിന്‍റെ കള്ളത്തരം കളഞ്ഞ് നടക്കാര്‍ന്നില്ലേ, അതല്ലേടാ ഇത്രേംഅടി കിട്ട്യേ, കണ്ടമുഴുതില്ലെങ്കീ എന്തേലും നടക്കോ, വിതച്ചും കൊയ്തും കിട്ട്യാലല്ലെടാ നമുക്ക് കഞ്ഞി കുടിക്കാന്‍ പറ്റൂ.’ അതുകേട്ടപ്പോള്‍ ചോന്നമൂരി തല കുടഞ്ഞു, അതുനോക്കിനിന്ന വെള്ളമൂരി അസൂയോടെ മുന്‍കാലുകള്‍ പൊക്കി ഒറ്റച്ചാട്ടം.! മനുഷ്യരോടെന്നപോലെ അപ്പന്‍ ചോന്നമൂര്യോട് വര്‍ത്ത്വാനം പറയണത് നോക്കി കുഞ്ഞമ്മിണി അകലേമാറിനിന്നു. മൂരീടടുത്തു പോണോന്നുണ്ട്, പക്ഷേ പേട്യാ. അത്വോല്ല, അമ്മ വഴക്കും പറയും. അപ്പനൊട്ട് പ്രോല്‍സാഹിപ്പിക്ക്യേല്ല്യ. ചോന്നമൂരിക്ക് തുപ്രന്‍ വെള്ളം കൊണ്ടുവന്നപ്പോ മൂരീ നെ തഴുകിക്കൊണ്ട് മൂരീടെ കാല്‍ക്കലിരുന്നു അപ്പന്‍. അമ്മ കൊറേ പച്ചിലയരച്ചുകൊണ്ടോന്നത്, അപ്പന്‍ മൂരീടെ മുറിവില്‍ തേച്ചപ്പോ വേദനോണ്ട് പുളഞ്ഞു മൂരി ചാടി. ഭാഗ്യം, കാല്‍ക്കലിരിക്കണ അപ്പനൊന്നും പറ്റീല്ല്യ.! അപ്പഴും അപ്പന്‍ തുപ്രനെ വഴക്കു പറഞ്ഞു. ‘അവനേനി ഒന്നും പറയണ്ട’ന്ന്‍ അമ്മ സ്വരംതാഴ്ത്തി പറഞ്ഞു. ‘ഒന്നും പറയണില്ല, മിണ്ടാപ്രാണീനെ തല്ലിനന്നാക്കാന്‍ പറ്റൂല്ലെന്ന് മനസ്സിലാക്ക്യാ നല്ലത്’ സങ്കടം തീരാതെ അപ്പന്‍. ‘മന്‍ഷ്യനാണേലും മൃഗാണേലും കള്ളത്തരോണ്ടാവാമോ… പണിയെടുക്കാണ്ട് അലസത കാട്ട്യാ കൊള്ളാമോ.’ മൂര്യോട് അമ്മേടേ ഉപദേശം.! അപ്പന്‍ കുലുങ്ങിചിരിച്ചോണ്ട് ‘അമ്മ പറേണത് കേട്ടോടാ’ന്നു മൂര്യോടും ‘ശരി, മൂരിക്കെല്ലാം മനസ്സിലായെ’ന്ന് അമ്മോടും പറഞ്ഞു.! ‘അപ്പനാ കാല്‍ച്ചോട്ടീന്ന്‍ എണീറ്റുപോയേ, മൂരീടെ ചവിട്ടുകൊള്ളാണ്ട്’ന്ന്‍ പറഞ്ഞ് അമ്മ ചമ്മല്‍ മറയ്ക്കാന്‍ വിഷയം മാറ്റി.
പാടത്തെ പണി തുടങ്ങ്യാ അടുക്കളേലും തിരക്കു കൂടും. പണിക്കാര്‍ക്ക് കഞ്ഞി കൊടുക്കണം, പഠിക്കാന്‍ പോണോര്‍ക്ക് ചോറ് കൊണ്ടോവണം. സഹായത്തിന് ആരുണ്ടായാലും അടുക്കളേലെ രാജാവ് അമ്മേണ്, അമ്മേടെ സന്തതസഹചാരിയായ വള്ളോത്തിപെലക്കിളിയാണ് പ്രധാനസഹായി. എട്ടരയാവുമ്പേക്കും കഞ്ഞി കൊണ്ടോവാന്‍ പാടത്തൂന്ന് തുപ്രന്‍ വരും. കഞ്ഞി കോരികുടിക്കാനുള്ള പ്ലാവിലകയില് ഉണ്ടാക്കും, ഉലത്തുകൂട്ടാന്‍ പൊതിയാനുള്ള വാഴയില വെട്ടി വാട്ടും, ചാറുകൂട്ടാന്‍ കൊണ്ടോവാനുള്ള കലത്തിനുമീതെ തൂക്കിപ്പിടിക്കാനുള്ള കയര്‍ കെട്ടും. തുപ്രന്‍റെ ഇമ്മാതിരി കലാപരിപാട്യൊക്കെ കുഞ്ഞമ്മിണി നോക്കിനില്‍ക്കും. രണ്ടുവശവും കെട്ടുകളിട്ട കയര്‍ കലത്തിന്‍റെ വക്കില് വച്ച് വേറൊരു കയര്‍ കൊണ്ട് ചുറ്റിക്കെട്ടി കലം തൂക്കിപ്പിടിക്കാന്‍ പാകത്തിലാക്കും. കഞ്ഞിക്കലം തലേലും കൂട്ടാന്‍കലവും ബാക്കിസമഗ്രികളും കയ്യിലുമായി തുപ്രന്‍ പോകുമ്പോള്‍ കുഞ്ഞമ്മിണിക്കും കൂടെ പോണോന്നുണ്ട്. ‘ഞാനും വര്ണണ്ട്..’ന്ന്‍ പറയുമ്പേ ‘അമ്മോട് ചോദിക്കെ’ന്ന മട്ടില്‍ അമ്മേലേക്ക് കണ്ണുപായിക്കും തുപ്രന്‍. ഒരു കാരണവശാലും പാടത്തു പോണ്ടെന്ന വാശീണ് അമ്മക്ക്. കരഞ്ഞാല് തല്ലുറപ്പാണ്. ‘അതു പൊക്കോട്ടെ’ന്ന് വള്ളോത്തിപെലക്കിളി വക്കാലത്ത് പറഞ്ഞാല്‍ ‘കണ്ടില്ലേ മൂക്കീന്നൊഴുകണേ, രാത്രി കിറി പൂട്ടാണ്ടാ ചൊമ, ഇപ്പഴും മേക്കാച്ചിലൂണ്ട്’ന്നൊക്കെ എന്തേലും കുണ്ടാമണ്ടി കാരണം പറയും അമ്മ.
വിത്ത് വിതച്ചും ഞാറ് പാകി പറിച്ചുനട്ടും രണ്ടുതരത്തിലാണ് കൃഷി ചെയ്യണത്. വിത്ത് വിതച്ചുകിട്ടണ വിളവേക്കാളും കൂടുതല്‍ വിളവ് ഞാറ് നടുമ്പോ കിട്ടൂത്രേ. ഞാറുപറിച്ചുനട്ട് വളര്ന്നുവരുമ്പേക്കും കതിരു വരാന്‍ കാലതാമസോണ്ടാവും. പക്ഷേ വിളവ് അധികോണ്ടാവും. വിത്ത് വിതച്ചാല്‍ വേഗം കതിര് വരൂങ്കിലും വിളവ് കുറയും. നടീലിന്‍റന്ന്‍ കൃഷിക്കാരും പണിക്കാരും പാടത്തിറങ്ങും. തലേന്ന് പറിച്ചുവെക്കുന്ന ഞാറ് പിറ്റേന്ന് വെളുക്കുമ്പഴേ നടാന്‍ തുടങ്ങും. അയല്‍ക്കണ്ടങ്ങളിലും അന്നുതന്നെ നടും. ഞാറു നട്ട് വേരുപിടിച്ചു വളരുമ്പോഴാണ് വളമിടുന്നത്. കതിരുവരണസമയത്തുണ്ടാകണ ചാഴി മുതലായ കീടങ്ങളെ വിഷമടിച്ചുതുരത്തും. നടീല്‍ കഴിഞ്ഞ് അഞ്ചുമാസാവുമ്പേക്കും കതിരാകും. ‘പാടോല്ലാം സ്വര്‍ണ്ണം വിതച്ചപോലെ എന്തുഭംഗ്യാന്നോ.!’ കൊയ്യാറായോന്ന് നോക്കാന്‍ പാടത്തുപോയ കൊച്ചേട്ടന്‍ പറഞ്ഞു.
കൊയ്ത്തിന് ഒരാഴ്ചമുമ്പേ തട്ടുമ്പൊറത്തൂന്ന് കൊട്ട, മുറം, കോരുകൊട്ട മുതലായ സാമഗ്രികളെടുത്ത് അമ്മ പുറത്തിടും. ഒഞ്ഞാടത്തീണ് അതെല്ലാം ചാണകം മെഴുകണത്. ഒഞ്ഞാടത്തി സാധുസ്ത്രീയാണ്,  ചെവി കേക്കില്ല, ബുദ്ധിമാന്ദ്യോമുണ്ട്. ഇഷ്ടോള്ള വീടുകളില്‍ രണ്ടൂന്നുമാസം താമസിക്കേം പണി ചെയ്യേമാണ് ഒഞ്ഞാടത്തീടെ ഒരു രീതി. കൊയ്ത്തായാല്‍ അയ്യപ്പറച്ചി പുതിയ കൊട്ടേം മൊറോം കൊണ്ടോരും, കൂടെ കുഞ്ഞമ്മിണിക്ക് ഒരു കുഞ്ഞിമൊറോം. വാല്‍സല്യത്തോടെ അത് തരുമ്പോ മനസ്സ് നിറയും. കുഞ്ഞിമൊറം തിരിച്ചും മറിച്ചുംനോക്കി ശേല് ആസ്വദിച്ച് ‘ഇതാരാ ഇണ്ടാക്ക്യേ’ന്ന്‍ ചോദിക്കുമ്പോ വെളുത്ത് കൊലുന്നനേള്ള അയ്യപ്പറച്ചി പല്ലില്ലാത്ത മോണ കാട്ടി കൊച്ചുകുഞ്ഞിനെപ്പോലെ ചിരിക്കും.
കൊയ്ത്തിന്‍റെ തലേന്ന്‍ മുറ്റത്തെ മണലെല്ലാം അടിച്ചുക്കളഞ്ഞ് ചാണകം മെഴുകും. കൊയ്ത്തിന്‍റന്ന് ഉച്ചയാവുമ്പേക്കും കറ്റ കൊണ്ടോരാന്‍ തൊടങ്ങും. വാഴവള്ളീല്‍ കെട്ടി തലേല് ചുമന്നാ കൊണ്ടോരണേ. എല്ലാരും അവരോരുടെ കറ്റകള്‍ വട്ടത്തില്‍ അടുക്കിവയ്ക്കും. കൊയ്ത്തായാല്‍ പെരുന്നാളാണ് കുഞ്ഞമ്മിണിക്ക്. മുറ്റോം തണ്ടികേം നിറയെ കറ്റകളും ആള്‍ക്കാരും.! കറ്റമെതിക്കലും വക്കോല് കൊടയലും കാറ്റത്തിടലും ചേറ്റലും കൊഴിക്കലും ആകെ ബഹളമയം.! മുറ്റത്തും തണ്ടികേലുമാണ് പിന്നെയവളുടെ വിഹാരരംഗം. അമ്മേടെ തല്ലിനോ വഴക്കിനോ അടക്കിനിര്‍ത്താന്‍ പറ്റാത്തൊരു ആവേശമാണ്. അവസാനം ‘എന്തേലും ചെയ്യ്’ന്ന്‍ അമ്മ തോറ്റ് പിന്മാറും. മെതിക്കണേന്‍റെടേക്കൂടി വട്ടം ചാടീം കറ്റക്കൂനേല്‍ കേറീരുന്നും വക്കോലില്‍ കെടന്നും കൊയ്ത്തുകാരുടെ വിശേഷം പറച്ചിലും പരദൂഷണോക്കെ കേട്ടും തേരാപാരാ നടക്കും.
കറ്റ മെതിച്ചുകഴിഞ്ഞാല്‍ പിന്നെ പൊടി കളഞ്ഞ് നെല്ലും പതിരും തിരിക്കലാണ്. അതിനേറ്റോം എളുപ്പമാര്‍ഗ്ഗം കാറ്റത്തിടലാണ്. മൊറത്തിലോ കോരുകൊട്ടേലൊ നെല്ലെടുത്ത് തലക്കുമേലേ പിടിച്ച് കൊറേശ്ശെയായി താഴേയ്ക്കിടുമ്പോ പൊടീം പതിരും പറന്നുപോകും. കാറ്റുണ്ടെങ്കില്‍ കാര്യെളുപ്പോണ്. കാറ്റില്ലെങ്കില്‍ മൊറം കൊണ്ട് വീശി കാറ്റുണ്ടാക്കണ പരിപാട്യൂണ്ട്. നല്ലകാറ്റുള്ള തെക്കേമുറ്റത്ത് പനമ്പിട്ടാണ് കാറ്റത്തിടല്‍. കാറ്റത്തിട്ടാലും പതിരും പൊടീം നല്ലോണം കളയാന്‍ ഒന്നൂടി ചേറ്റണം. അപ്പഴാ അവള്‍ കുഞ്ഞിമൊറോം കൊണ്ട് കണ്ണന്‍പെലേന്‍റേയോ പാറുച്ചോത്തീട്യോ കൂടെ കൂടണത്. കുഞ്ഞിമൊറത്തില്‍ നെല്ലുവാരലും കാറ്റത്തിടലും തകൃതിയാവുമ്പോ ‘പൊടിയടിക്കാതെ കേറിപ്പോയേ’ന്ന്‍ പാറുച്ചോത്തി പറയൂങ്കിലും കാര്യോല്ലെന്നായാ പിന്നെ ‘ദേ മൊറം ഇങ്ങനെ പിടിക്ക്… എന്നിട്ട് ദേ ഇങ്ങനെയാക്ക്’ന്നൊക്കെ കാണിച്ചുതരും. കണ്ണന്‍പെലേനാണെങ്കീ ഒന്നും മിണ്ടൂല്ല്യ. ഇടയ്ക്ക് അവള്‍ടെ തലേലെ പൊടി തൂത്തുകൊടുക്കും, പൊടിവീണതിന്‍റെ കുറ്റമേറ്റപോലെ. കഠിനധ്വാനിയും ശുദ്ധമനസ്ക്കനുമായ കണ്ണന്‍പെലേന്‍റെ മുഖം ഓര്‍മ്മകളില്‍ നിഷ്ക്കളങ്ക സ്നേഹത്തിന്‍റെ നിറവാണ്. എന്തായാലും കൊയ്ത്തോടുകൂടി കുഞ്ഞമ്മിണി അസ്സലായി ചേറ്റാനും കൊഴിക്കാനും പഠിച്ചു.
പതിരും പൊടിയും കളഞ്ഞ് നെല്ല് അകത്തേക്കിട്ടാല്‍ പിന്നെ അളവാണ്. അമ്മേണ് അളവിന് ചുക്കാന്‍ പിടിക്കണത്. നെല്ല് കോരുകൊട്ടേല്‍ വാരീണ് പറേലിടണേ. ആറുപറ നെല്ലിന് ഒരുപറ നെല്ലാണ് പതുമ്പ് (കൂലി). അളക്കുമ്പോള്‍ ‘ഒന്നേ..രണ്ടേ’ ന്ന്‍ നീട്ടിയെണ്ണും. അതിനെടേല്‍ ‘പൊലിച്ചു വാ പൊലീ’ന്നു ചങ്കിടിപ്പോടെ പറയും. ചെലോര്‍ക്ക് അഞ്ചും ആറും പറ നെല്ല് പതുമ്പ് കിട്ടും. അളവും പതുമ്പുകൊടുക്കലും കഴിഞ്ഞ് പിടികൊടുക്കണോരു ചടങ്ങുണ്ട്, രണ്ടുകൈനിറച്ചും രണ്ടൂന്നുതവണ നെല്ല് വാരിക്കൊടുക്ക ലാണത്. ‘അമ്മേടെ കയ്യോണ്ട് കിട്ട്യാ മനനിറവാണ്’ന്ന്‍ പറയും കുട്ടപ്പച്ചോന്‍. അദ്ധ്വാനത്തിന് ദൈവം തരുന്ന സമ്മാനോത്രേ വിളവുകള്‍. പുരയ്ക്കകം മാത്രോല്ല കൂടെയൊള്ളോര്ടെ മനസ്സും നിറയണം, എന്നാലേ കുടുംബത്തില്‍ ഐശ്വര്യോണ്ടാവുള്ളൂന്ന് പറയും അമ്മ. അളവ് കഴിഞ്ഞ് പതുമ്പുമായി അവസാനയാളും പൊയ്ക്കഴിഞ്ഞ് മുറ്റമൊഴിയുമ്പോള്‍ കുഞ്ഞമ്മിണിക്ക് വല്ലാത്ത സങ്കടോം നഷ്ടബോധോക്കേണ്. പിന്നെ അടുത്ത കൊയ്ത്തിനുള്ള കാത്തിരിപ്പാണ്, മുറ്റത്തെ നെല്‍ക്കൂനകള്‍ നിറക്കുന്ന മനനിറവിനുള്ള കാത്തിരിപ്പ്.!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.