18 October 2024, Friday
KSFE Galaxy Chits Banner 2

കാൽനൂറ്റാണ്ട് പിന്നിടുന്ന കേരള വനിതാ കമ്മിഷൻ

അഡ്വ. പി സതീദേവി
ചെയർപേഴ്സൺ കേരള വനിതാകമ്മിഷൻ
March 14, 2022 6:35 am

സ്ത്രീപക്ഷ നവകേരളം എന്ന മഹത്തായ ആശയം പ്രാവർത്തികമാക്കാൻ നമ്മുടെ സംസ്ഥാനം പ്രതിജ്ഞാബദ്ധമായിരിക്കുന്ന സാഹചര്യമാണിത്. ലിംഗനീതിയിലധിഷ്ഠിതമായ ഒരു ഭരണഘടന രാജ്യത്ത് നിലവിൽ വന്നിട്ട് ഏഴര പതിറ്റാണ്ടിലേക്ക് എത്തുമ്പോഴും സമത്വം ഇതുവരെ കൈവരിക്കപ്പെട്ടിട്ടില്ല. സ്ത്രീവിരുദ്ധ പ്രവണതകൾ സമൂഹത്തിൽ ശക്തമാവുന്നു. സമൂഹം സ്ത്രീപക്ഷമാവണം എന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടാണ്. സ്ത്രീവിരുദ്ധ പ്രവണതകൾ രൂഢമൂലമായിരുന്ന ഒരു ചുറ്റുപാടിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ സ്ത്രീ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഒരു അർധ ജുഡീഷ്യൽ സംവിധാനം എന്ന നിലയിലാണ് കേരള വനിതാകമ്മിഷൻ നിയമം നിലവിൽ വന്നത്. 1996 മാർച്ച് 14നാണ് നിയമം അനുശാസിക്കുന്ന വിധത്തിലുള്ള വനിതാകമ്മിഷൻ കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്. ദിവംഗതയായ, സുഗതകുമാരി ടീച്ചർ അധ്യക്ഷയായി രൂപീകൃതമായ പ്രഥമ വനിതാകമ്മിഷന് ഉണ്ടായിരുന്ന പരിമിതമായ അധികാരങ്ങളിലും ഭൗതിക പശ്ചാത്തലത്തിലുമാണ് കാൽനൂറ്റാണ്ടിനിപ്പുറവും കമ്മിഷന്റെ പ്രവർത്തനം തുടർന്നുപോരുന്നത്. ബോധവല്ക്കരണ പ്രവർത്തനങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന പ്രവർത്തനശൈലിയിലൂടെയാണ്, പരാതി പരിഹാര സംവിധാനമായും സ്ത്രീശാക്തീകരണ‑ബോധവല്ക്കരണ സംവിധാനമായും പ്രവർത്തനം മുന്നേറിയത്. സ്ത്രീകളുടെ നേർക്ക് നടക്കുന്ന നീതിരഹിതവും മാന്യതയ്ക്ക് നിരക്കാത്തതുമായ എല്ലാ പ്രവൃത്തികൾക്കെതിരെയും നാനാതരത്തിലുള്ള ചൂഷണങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും അസമത്വങ്ങളിൽ നിന്നും സ്ത്രീയെ മോചിതയാക്കാനും സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടു ത്തിയെടുക്കാനുള്ള നിർദേശങ്ങൾ അധികാരസ്ഥാനങ്ങളിൽ നിർദേശിക്കാനുമാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടുകാലമായി ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് കമ്മിഷൻ സ്വീകരിച്ചു വന്നിട്ടുള്ളത്. കേരളത്തിൽ വനിതാശിശു വികസന വകുപ്പിന്റെ കീഴിലാണ് കമ്മിഷൻ പ്രവർത്തിച്ചുവരുന്നത്. സർക്കാരിന്റെ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളിലും ലിംഗനീതി ഉറപ്പു വരുത്തുവാനും ആവശ്യമായ സന്ദർഭങ്ങളിൽ ഇടപെടാനും വനിതാ ശിശു സംരക്ഷണ നിയമങ്ങൾ എല്ലാ മേഖലയിലും നടപ്പിൽ വരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കഴിയേണ്ടതുണ്ട്. തൊഴിൽ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കലാസാംസ്കാരിക മേഖല, പൊലീസ്, എക്സൈസ്, ട്രാൻസ്പോർട്ട് തുടങ്ങി എല്ലാ സേവന മേഖലകളിലും ലിംഗനീതി ഉറപ്പുവരുത്താനും സ്ത്രീ സൗഹൃദ അന്തരീക്ഷമുണ്ടാക്കിയെടുക്കാനും കഴിഞ്ഞാലേ കേരളം സ്ത്രീ സൗഹൃദമായിയെന്ന് അഭിമാനത്തോടെ നമുക്ക് പറയാനാവൂ. സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്താനുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയുമെല്ലാം അനിവാര്യത വർധിച്ചുവരികയാണ്. വനിതാ വികസന, ശാക്തീകരണ പ്രവർത്തനങ്ങൾക്കും പഠന ഗവേഷണ പ്രവർത്തനങ്ങൾക്കും ഉതകുന്ന വിധത്തിൽ ജെൻഡർ പാർക്കും, കേരളത്തിലെ സർവകലാശാലകളിലെ സ്ത്രീപദവി മെച്ചപ്പെടുത്തുന്നതിന് പഠന വകുപ്പുകളെയാകെ കോർത്തിണക്കിക്കൊണ്ടുള്ള ഇടപെടലുകളും ശക്തമാക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കാം; കടന്നു പോയ വനിതാദിനം


ജനസംഖ്യയുടെ അൻപത് ശതമാനത്തിലേറെ വരുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളുടെയും വികസനവും സ്ത്രീപുരുഷസമത്വവും തുല്യനീതിയും ഭരണഘടനാ തത്ത്വങ്ങളുടെ നിർവഹണത്തിനുള്ള സാഹചര്യമൊരുക്കാൻ ഇനിയും നാം ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. അടിമുടി അസമത്വങ്ങൾ നിറഞ്ഞതും അതിസങ്കീർണമായ സാമ്പത്തിക‑സാമൂഹിക‑സാംസ്കാരിക‑കുടുംബാധികാര സമവാക്യങ്ങൾ നിറഞ്ഞ ഒരു സമൂഹത്തിന്റെ ബോധമണ്ഡലത്തിൽ മാറ്റങ്ങൾ ഉണ്ടാവാൻ നല്ല ദിശാബോധത്തോടെയുമുള്ള ഇടപെടലുകളാണ് ഇന്ന് അനിവാര്യമായിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രശ്നങ്ങളുടെ സങ്കീർണതകളെ അഭിസംബോധന ചെയ്യാനാവുംവിധം വനിതാകമ്മിഷൻ നിയമത്തിലും പ്രവർത്തനശൈലിയിലും കാലോചിതമായ മാറ്റങ്ങൾ വരേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന വാർഡ് തല ജാഗ്രതാ സമിതികൾ പരാതിപരിഹാര സംവിധാനങ്ങളാക്കിയാല്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന പല സാമൂഹിക പ്രശ്നങ്ങൾക്കും അവിടെ പരിഹാരമാകും. ജില്ലാതല ജാഗ്രതാ സമിതികളെ പ്രവർത്തനക്ഷമമാക്കണം. മൂന്നു മാസത്തിലൊരിക്കൽ വനിതാ കമ്മിഷന് റിപ്പോർട്ട് നൽകുന്നതിന് ഉതകുന്ന സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള സമിതികളായി ജാഗ്രതാ സമിതികൾ മാറണം. കമ്മിഷന്റെ സിറ്റിങ്ങുകളിൽ ഒത്തുതീർപ്പാക്കപ്പെടുന്ന പരാതികൾ കേരളാ ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള ലീഗൽ സർവീസ് അതോറിറ്റിയുടെ ഉത്തരവിലൂടെ പ്രാവർത്തികമാക്കാനും ഉള്ള സാഹചര്യംകൂടി ഒരുങ്ങിയാൽ സ്ത്രീകൾക്ക് നീതി ലഭ്യമാകുന്നതിനുള്ള മികവുറ്റ സാഹചര്യം സൃഷ്ടിക്കപ്പെടും. അതിന് സഹായകമായ തരത്തിൽ പരാതിക്കാരായ സ്ത്രീകൾക്ക് കമ്മിഷനെ കൂടുതൽ പ്രാപ്യമാക്കാനുതകുന്ന വിധത്തിൽ കോഴിക്കോട് കേന്ദ്രമാക്കി ഉത്തരമേഖലാ ഓഫീസും എറണാകുളം കേന്ദ്രമാക്കി മധ്യമേഖലാ ഓഫീസും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സജ്ജമാക്കാനായി. തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിനു പുറമേയാണ് ഈ ഓഫീസുകൾ. സാക്ഷരകേരളത്തിൽ സമസ്തമേഖലകളിലും ലിംഗനീതിയിലധിഷ്ഠിതവും സ്ത്രീശാക്തീകരണത്തിനുതകുന്നതുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളായി വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളായി പാർശ്വവല്ക്കരിക്കപ്പെട്ടിരുന്ന അന്തരീക്ഷത്തിൽനിന്ന് പടിപടിയായി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സ്ത്രീസമൂഹത്തിന് പുത്തനുണർവ് പകർന്നുനൽകുന്നതിന് പര്യാപ്തമാകുന്ന നടപടികൾ ശക്തിപ്പെടുത്താൻ അധികാര കേന്ദ്രങ്ങൾ ശ്രദ്ധചെലുത്തേണ്ടതുണ്ട്. സമൂഹത്തിന്റെ ബോധമണ്ഡലത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങൾക്ക് സ്ത്രീസമത്വ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാനാവുന്ന വിധത്തിലുള്ള ഒരു മാർഗരേഖയും, വനിതാ കമ്മിഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഉള്ള ഭേദഗതി നിർദേശങ്ങളും പ്രാവർത്തികമാക്കപ്പെടുമ്പോൾ മാത്രമേ അഭിമാനകരമായ രീതിയിൽ യഥാർത്ഥ സ്ത്രീപക്ഷ കേരളമായി നമ്മുടെ നാട് മാറുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.