22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022
October 25, 2022
October 20, 2022

പാഠമാകേണ്ട ശ്രീലങ്കയുടെ സാമ്പത്തിക ദുരിതം

അബ് ദുൾ ഗഫൂർ
March 25, 2022 6:00 am

യുദ്ധം ഉക്രെയ്‌നിൽ നിന്ന് ഒരു കോടിയിലധികം പേരുടെ പലായനത്തിന് കാരണമായെങ്കിൽ നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ നിന്ന് വിലക്കയറ്റവും പട്ടിണിയും കാരണം ജനങ്ങൾ പലായനം ചെയ്തു തുടങ്ങിയിരിക്കുന്നു. 16 പേരാണ് ആദ്യഘട്ടത്തിൽ അഭയാർത്ഥികളായി ഇന്ത്യൻ തീരമണഞ്ഞതെങ്കിൽ വരുംദിവസങ്ങളിൽ അത് വർധിക്കുമെന്നാണ് നിഗമനം. അടുത്തയാഴ്ചയോടെ രണ്ടായിരം പേരെങ്കിലും സംസ്ഥാനത്തെത്തുമെന്നാണ് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം കണക്കാക്കുന്നത്. വംശീയ കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളുംകൊണ്ട് എപ്പോഴും വാർത്തകളിൽ ഇടംനേടിയ രാജ്യമായിരുന്നു ശ്രീലങ്ക. തമിഴ് വംശജരുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ അനുരണനങ്ങൾ ഇന്ത്യയിലേക്ക് കൂടി പടരുകയും നമ്മുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഉൾപ്പെടെയുള്ളവരുടെ ജീവഹാനിക്കു കാരണമാകുകയും ചെയ്തതാണ്. അതിനുശേഷം ശ്രീലങ്ക സാധാരണ നില കൈവരിച്ചുവരികയായിരുന്നു. ആഭ്യന്തര വിനോദ സഞ്ചാരം, തേയിലയുടെയും അരിയുടെയും കയറ്റുമതി, മറ്റു കാർഷിക വിളകൾ, വസ്ത്രം, തുണിത്തരങ്ങൾ, കടൽ സമ്പത്ത് എന്നിവയായിരുന്നു രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്. മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 21 ശതമാനവും കൃഷിയുടെ പങ്കായിരുന്നു. 38 ശതമാനം തൊഴിൽ ശക്തിയും ഈ മേഖലയിലാണ്. എങ്കിലും ആഗോള സാമ്പത്തിക ക്രമത്തിലുണ്ടായ പ്രതിസന്ധികൾ ദ്വീപ് രാഷ്ട്രത്തിലെ സമ്പദ്ഘടനയിലും പ്രതിഫലനങ്ങളുണ്ടാക്കി. 2019ൽ അധികാരത്തിലെത്തിയ പ്രസ‍ിഡന്റ് ഗോതബയ രാജപക്സെയുടെ നടപടികൾ പ്രതിസന്ധിയുടെ രൂക്ഷത വർധിപ്പിക്കുന്നതായിരുന്നു. വിപണിയിൽ പണമൊഴുക്കുണ്ടാക്കുന്നതിനെന്ന പേരിൽ നികുതി പകുതിയായി കുറച്ചുവെങ്കിലും അത് ദോഷമായി മാറുകയായിരുന്നു. കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധി കൂടിയായപ്പോൾ ഉപഭോക്താക്കളുടെ കയ്യിൽ പണമില്ലാതാക്കിയ ഈ തീരുമാനം പൂർണ പരാജയമാകുന്നതിനും കാരണമായി. 2019 ഏപ്രിൽ മാസം ഉണ്ടായ സ്ഫോടനത്തിൽ മുന്നൂറോളം പേർ കൊല്ലപ്പെടാനിടയായ സംഭവവും കോവിഡും കൂടി ചേർന്നപ്പോൾ പ്രധാന വരുമാന മാർഗമായ വിനോദ സഞ്ചാര മേഖലയിലേക്ക് ഇതര രാജ്യങ്ങളിൽ നിന്നുള്ള ഒഴുക്ക് നിലക്കുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളും അടുത്തടുത്ത വർഷങ്ങളിൽ സംഭവിച്ചപ്പോൾ പല യൂറോപ്യൻ രാജ്യങ്ങളും ശ്രീലങ്കയെ അപകടസാധ്യതാ രാഷ്ട്രമായി പ്രഖ്യാപിച്ചു. 2019ന് മുമ്പ് 23 ലക്ഷം വരെ വിനോദ സഞ്ചാരികളെത്തിയ രാജ്യത്ത് 2019ൽ 19 ലക്ഷമായി കുറഞ്ഞു. കോവിഡ് കൂടി വന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം 2020ൽ അഞ്ചുലക്ഷവും അടുത്തവർഷം അരലക്ഷത്തിനു താഴെയുമായി കൂപ്പുകുത്തി.


ഇതുകൂടി വായിക്കാം; ശ്രീലങ്കയുടെ പ്രതിസന്ധി


സമ്പദ്ഘടനയെ സഹായിച്ച കാർഷിക വിളകൾ അരിയും തേങ്ങയുമായിരുന്നു. 2018ലും 19ലുമുണ്ടായ പ്രളയങ്ങൾ ഈ വിളകളുടെ ഉല്പാദനത്തിലും ഇടിവുണ്ടാക്കി. കാർഷിക മേഖലയിൽ വൻ പ്രതിസന്ധിക്കു കാരണമായത് അശാസ്ത്രീയമായും ആസൂത്രണമില്ലാതെയും നടപ്പിലാക്കുവാൻ ശ്രമിച്ച ജൈവ കാർഷിക രീതിയിലേക്കുള്ള മാറ്റമായിരുന്നു. പ്രാദേശിക ഉല്പാദനം കൂട്ടുന്നതിനുള്ള മാർഗങ്ങൾ ഏർപ്പെടുത്താതെ ജൈവരീതി നടപ്പിലാക്കുന്നതിന് പ്രഖ്യാപിച്ച്, വളവും കീടനാശിനികളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. അതിന്റെ ഫലമായി ഉല്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി. ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടി ജൈവകാർഷിക രീതിയാണ് ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന കുപ്രചരണം നടക്കുന്നുണ്ട്. എന്നാൽ ജൈവ കാർഷിക രീതി നടപ്പിലാക്കിയതിലെ എടുത്തുചാട്ടവും ആസൂത്രണമില്ലായ്മയും അശാസ്ത്രീയതയുമാണ് ശ്രീലങ്കയെ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇതോടൊപ്പം വിദേശ നാണ്യശേഖരത്തിൽ കുറവുമുണ്ടായി. ഇതിനൊപ്പം തന്നെ വിദേശ കരുതൽ ശേഖരം ഗണ്യമായി ഇടിയുകയും ചെയ്തു. 2004ൽ 54.91 കോടി യുഎസ് ഡോളറായിരുന്നു കരുതൽ ധനമെങ്കിൽ 2019ൽ അത് 99.35 കോ‍ടി ഡോളറായി ഉയർന്നതാണ്. എന്നാൽ കഴിഞ്ഞവർഷം ഡിസംബറിൽ 27.71 ഡോളറും ജനുവരിയിൽ 20. 78 ഡോളറുമായി കുറ‍ഞ്ഞു. ഇപ്പോഴത് 3.50 കോടി ഡോളർ മാത്രമാണ്. ഇറക്കുമതിയിലും കയറ്റുമതിയിലുമുണ്ടായ അന്തരമാണ് വിദേശ കരുതൽ ധനം ഗണ്യമായി കുറയുന്നതിനു കാരണമായത്. ഇങ്ങനെ പല കാരണങ്ങളാൽ ആരംഭിച്ച പ്രതിസന്ധിയോടൊപ്പം ഉയർന്ന കടക്കെണിയും പ്രതിസന്ധിയുടെ ആഴംകൂട്ടി. ഇത് രാജ്യത്തുണ്ടാക്കിയിരിക്കുന്ന ദുരിതങ്ങൾ പറ‍ഞ്ഞറിയിക്കുവാനാകാത്ത വിധം ദുരിതപൂർണമാണെന്നാണ് അവിടെ നിന്നുള്ള വാർത്തകളും ചിത്രങ്ങളും വ്യക്തമാക്കുന്നത്. അവശ്യസാധനങ്ങൾക്കുവേണ്ടി മണിക്കൂറുകളോളം വരിയിൽ നില്ക്കേണ്ടിവന്ന മൂന്നുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ധന വില്പന ശാലകളിൽ കൊള്ളയും കുഴപ്പങ്ങളും ഉണ്ടാകാതെ നോക്കുന്നതിന് സൈന്യത്തെ കാവൽ നിർത്തിയിരിക്കുകയാണ്. ഇവിടെ നാം നോട്ടുനിരോധന കാലത്തെ ഇന്ത്യയെ ഓർത്തെടുക്കണം. അശാസ്ത്രീയമായും പൊടുന്നനെയും പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നോട്ടുനിരോധനം നൂറോളം പേരുടെ മരണത്തിനിടയാക്കിയതും എടിഎമ്മുകൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തേണ്ടിവന്നതും അപ്പോൾ നമ്മുടെ മുന്നിലെത്തും. സാധന വിലകളെല്ലാം റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. ഒരു കപ്പ് ചായക്ക് നൂറു രൂപ കടന്നു. അരിക്ക് 455 രൂപയായെന്നു മാത്രമല്ല കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഒരു ലിറ്റർ പാലിന് 265, പെട്രോൾ ലിറ്ററിന് 287, ഡീസൽ 176 ശ്രീലങ്കൻ രൂപയാണ് വില. 12.5 കിലോ ഭാരമുള്ള പാചകവാതക സിലിണ്ടറിന് 1400 രൂപയോളമായി.


ഇതുകൂടി വായിക്കാം; വരുന്നു, മറ്റൊരു സാമ്പത്തിക കൊടുങ്കാറ്റ്


രാജ്യത്തെ എണ്ണ ശുദ്ധീകരണശാല അടച്ചിട്ടു. ഡോളറുമായുള്ള ശ്രീലങ്കൻ രൂപയുടെ വിനിമയ നിരക്ക് ഗണ്യമായി ഇടിയുകയും ചെയ്തു. അച്ചടി മഷിയും കടലാസും വാങ്ങാനില്ലാതെ പരീക്ഷകള്‍ അനിശ്ചിതമായി മാറ്റിവയ്ക്കേണ്ടിവന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ആ രാജ്യം സമീപ ലോക ചരിത്രത്തിലെ അസാധാരണമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നത്. ഗുരുതര പ്രതിസന്ധിയിലായ ശ്രീലങ്കയെ സഹായിക്കുന്നതിന് വായ്പ നല്കിയും അല്ലാതെയും പല രാജ്യങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയും ചൈനയും ബംഗ്ലാദേശുമെല്ലാം അവയിൽപ്പെടും. ഇതിൽ ഭൂരിപക്ഷവും വായ്പയാണെന്നത് ശ്രദ്ധേയമാണ്. അതുവഴി ഇനിയും രാജ്യത്തിന്റെ കടബാധ്യത ഉയരുകയാണ് ചെയ്യുന്നത്. അത് സമീപകാലത്തൊന്നും കരകയറാനാകാത്ത സ്ഥിതിയിലേക്ക് രാജ്യത്തെ നയിക്കുമെങ്കിലും താല്കാലിക ആശ്വാസമാണ്. പ്രതിസന്ധി ശ്രീലങ്കയിലെ ഒരുവിഭാഗത്തെ അഭയാര്‍ത്ഥികളും വലിയൊരു വിഭാഗത്തെ പ്രക്ഷോഭകരുമാക്കിയിരിക്കുകയാണ്. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് വരികളില്‍ നില്ക്കുവാന്‍ മാത്രമല്ല, പ്രക്ഷോഭത്തിനും ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്. ജീവിത ദുരിതത്തിന്റെ കണ്ണീര്‍ക്കഥകള്‍ക്കിടയില്‍ ആ പോരാട്ടം ഉയര്‍ത്തിക്കാട്ടപ്പെടുന്നില്ലെന്നേയുള്ളൂ. ഭരണാധികാരികള്‍ രാജിവയ്ക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ പ്രധാനമായും ഉന്നയിക്കുന്നത്. മുതലാളിത്ത വികസന പാതയിൽ ആസൂത്രണമില്ലാതെയും അശാസ്ത്രീയമായും നയസമീപനങ്ങളെടുക്കുന്ന ഏത് രാജ്യത്തിനും സംഭവിക്കാവുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രീലങ്കയിലെ പ്രതിസന്ധി. സ്വകാര്യവല്ക്കരണവും വിദേശിവല്ക്കരണവും സമ്പദ്ഘടനയ്ക്കുണ്ടാക്കുന്ന ആഘാതത്തിന്റെ തീവ്രത ശ്രീലങ്ക വിളിച്ചോതുന്നുണ്ട്. മുന്നൊരുക്കങ്ങളോ ദീർഘ വീക്ഷണമോ ഇല്ലാതെ കൈക്കൊള്ളുന്ന നടപടികൾ എത്രമേൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ അധികം വൈകാതെ ഉണ്ടാക്കുമെന്ന് ശ്രീലങ്കയുടെ അനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നുമുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷിചെയ്യുന്നതിന് കൃഷിയിടങ്ങൾ തുറന്നുകൊടുക്കുവാൻ ഒത്താശ ചെയ്യുന്ന ഇന്ത്യയിലെ ഭരണാധികാരികൾക്ക്, മുന്നൊരുക്കങ്ങളേതുമില്ലാതെ ജൈവകൃഷിരീതി പ്രഖ്യാപിച്ച് വളവും കീടനാശിനികളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച ശ്രീലങ്കയിൽ നിന്ന് പഠിക്കാനുണ്ട്. ഏതു വികസന പാതയാണ് സ്വീകരിക്കേണ്ടതെന്ന് പുനർവിചിന്തനം നടത്തുവാനുള്ള അവസരം കൂടിയാണ് ശ്രീലങ്കയിലെ അനുഭവങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.