10 November 2024, Sunday
KSFE Galaxy Chits Banner 2

രണ്ടുവര്‍ഷത്തിനിടെ മണ്ണെണ്ണ വിലയില്‍ മൂന്നിരട്ടിയിലധികം വര്‍ധന

Janayugom Webdesk
തിരുവനന്തപുരം
April 3, 2022 8:27 pm

രണ്ടുവര്‍ഷത്തിനിടെ മണ്ണെണ്ണയ്ക്ക് കേന്ദ്രം വരുത്തിയത് മൂന്നിരട്ടിയിലധികം വര്‍ധന. 2020 ഏപ്രിലിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ അടിസ്ഥാന വില 22.26 രൂപ ആയിരുന്നു. 2021 ജൂലൈയിൽ 36.99 രൂപയിലെത്തി. തുടർന്ന് ഓഗസ്റ്റ് മാസത്തിൽ 38.32, നവംബറില്‍ 45.79, 2022 ഫെബ്രുവരി 49.55, മാർച്ചിൽ 56.17, ഏപ്രിലിൽ 70.40 രൂപ എന്നിങ്ങനെയായി ഉയര്‍ത്തി. നിലവിലെ അടിസ്ഥാന വിലയായ 70.40 രൂപയോടൊപ്പം സിജിഎസ്ടി (2.5 ശതമാനം), എസ്ജിഎസ്ടി (2.5 ശതമാനം), കടത്തുകൂലി, ഡീലർ കമ്മിഷൻ, റീടെയില്‍ കമ്മിഷൻ എന്നിവ ചേരുമ്പോഴാണ് 81 രൂപയാകുന്നത്.

മണ്ണെണ്ണയുടെ വിലയിലുണ്ടായ ക്രമാതീതമായ വർധന കാരണം പല സംസ്ഥാനങ്ങളും കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണ പൂർണമായും വിട്ടെടുക്കുന്നതിൽ വിമുഖത കാട്ടിയിരുന്നു. കൂടിയ വിലയ്ക്ക് മണ്ണെണ്ണ വാങ്ങാൻ ജനങ്ങൾ തയ്യാറല്ലാത്ത സാഹചര്യം മറ്റു സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. എന്നാൽ 2020–21, 2021 — 22 വർഷങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച മുഴുവൻ മണ്ണെണ്ണയും കൃത്യസമയത്തുതന്നെ വിട്ടെടുത്തിരുന്നു. ഈ സാഹചര്യത്തിൽ, 2022 — 23 ആദ്യപാദത്തിൽ കേരളത്തിന് അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ 40 ശതമാനം വെട്ടിക്കുറവ് വരുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

2021 – 22 ആദ്യപാദത്തില്‍ 6480 കിലോ മണ്ണെണ്ണ അനുവദിച്ചപ്പോള്‍ 2022–23 ആദ്യപാദം 3888 ലിറ്റര്‍ മാത്രമാണ് നല്കിയത്. 2016‑ന് ശേഷം കേരളത്തിന് അനുവദിക്കുന്ന പിഡിഎസ്, നോൺ — പിഡിഎസ് മണ്ണെണ്ണ വിഹിത്തിൽ 50 ശതമാനം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. പിഡിഎസ് മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിലാണ് കേരളത്തിലെ കാർഡുടമകൾക്ക് മാസംതോറും നൽകിവരുന്ന ഒരു ലിറ്റർ മണ്ണെണ്ണ മൂന്ന് മാസത്തിലൊരിക്കൽ 0.5 ലിറ്റർ എന്ന തോതിൽ കുറവുവരുത്തിയത്.

Eng­lish sum­ma­ry; Kerosene prices have more than tripled in two years

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.