21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 17, 2025
February 16, 2025
October 9, 2024
April 15, 2024
March 2, 2023
November 22, 2022
August 6, 2022
August 2, 2022
June 3, 2022
April 17, 2022

പ്ലസ്ടു തസ്തികമാറ്റത്തിലെ മെല്ലെപ്പോക്ക്

Janayugom Webdesk
കത്തുകള്‍
April 11, 2022 6:18 am

പൊതുവിദ്യാഭ്യാസ വകുപ്പിലെ നിയമനങ്ങൾ സംബന്ധിച്ച് മന്ത്രി കഴിഞ്ഞ മാസം അവതരിപ്പിച്ച കണക്കുകൾ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. പ്രൈമറി/ ഹൈസ്കൂൾ തലങ്ങളിൽ നൽകിയ നിയമന ശുപാർശകളുടെ എണ്ണമാണ് മന്ത്രി അവതരിപ്പിച്ചത്. അതിനിടയിൽ, പൊതുസമൂഹം ഒട്ടുംതന്നെ ശ്രദ്ധിക്കുകയോ അറിയുകയോ ചെയ്യാത്തതാണ് തസ്തികമാറ്റ നിയമനങ്ങൾ.

സർക്കാർ ഹയർസെക്കൻഡറിയിലെ 25 ശതമാനം സീനിയർ തസ്തിക യോഗ്യരായ ജൂനിയർമാരിൽ നിന്ന് തസ്തികമാറ്റ നിയമനം വഴി നികത്തണം എന്നാണ് 2001ലെ സ്പെഷ്യൽ റൂളിൽ പറയുന്നത്. ജൂനിയർമാരുടെ അഭാവത്തിൽ യോഗ്യരായ ഹൈസ്കൂൾ അധ്യാപകരിൽ നിന്നും അവരുടെയും അഭാവത്തിൽ പ്രൈമറി അധ്യാപകരിൽനിന്നും നികത്തണം എന്നാണ് ചട്ടം. അതുപോലെ ജൂനിയർ അധ്യാപക തസ്തികയുടെ 25 ശതമാനം യോഗ്യരായ ഹൈസ്കൂൾ അധ്യാപകരിൽ നിന്നും അവരുടെ അഭാവത്തിൽ പ്രൈമറി അധ്യാപകരിൽ നിന്നും നികത്തണം എന്നും ചട്ടത്തിൽ ഉണ്ട്. സീനിയർ ജൂനിയർ വിഭാഗങ്ങളിൽ 75 ശതമാനം ഒഴിവുകൾ നേരിട്ടുതന്നെ നികത്തണം. എന്നാൽ പിന്നീട് നടത്തിയ ചട്ട ഭേദഗതിയിലൂടെ നേരിട്ടുള്ള നിയമനം ജൂനിയർ തസ്തികയിലേക്കു മാത്രമായി നിജപ്പെടുത്തി. സീനിയർ നിയമനങ്ങൾ എല്ലാം ജൂനിയറിൽ നിന്ന് തസ്തികമാറ്റം വഴി നടത്തണമെന്നും ചട്ടമുണ്ടാക്കി.

ഹൈസ്കൂൾ പ്രൈമറിയിൽ നിന്ന് ഹയർസെക്കൻഡറി ജൂനിയറിലേക്ക് തസ്തികമാറ്റ നിയമനം നടന്നത് ഇതുവരെ മൂന്നു പ്രാവശ്യം മാത്രമാണ്. എന്നാൽ 2016 ജനുവരി മുതലുള്ള തസ്തികമാറ്റ നിയമനങ്ങളും ചട്ടം ഭേദഗതി ചെയ്തശേഷം പിഎസ്‌സി വഴി തന്നെ നടത്തണം എന്ന നിർദേശത്തോടെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 ഡിസംബർ ഒന്നിന് ഉത്തരവും ഇറക്കി. അതനുസരിച്ച് കുറെ ഒഴിവുകൾ അതതു സമയത്ത് പിഎസ്‌സിയിലേക്ക് അയച്ചുകൊണ്ടുമിരുന്നു. എന്നാൽ നിയമന ചുമതല നൽകിക്കൊണ്ടുള്ള ചട്ട ഭേദഗതി നടപ്പാക്കാത്തതിനാൽ പിഎസ്‌സി അതൊന്നും സ്വീകരിക്കുകയോ നടപടികൾ തുടങ്ങുകയോ ചെയ്തില്ല.

യോഗ്യരായ ഹൈസ്കൂൾ അധ്യാപകരുടെ അഭാവത്തിൽ മാത്രം നിയമനം എന്ന ചട്ടമുള്ളതിനാൽ പ്രൈമറി അധ്യാപകർക്ക് നിയമനം ലഭിക്കുന്നില്ല എന്ന പരാതി വന്നതിനാൽ തസ്തികമാറ്റ ഒഴിവിൽ പ്രൈമറിക്കാർക്കായി വിഹിതം മാറ്റിവയ്ക്കുമെന്ന് 2015ലെ ഉത്തരവിൽ പറഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഇതര ജീവനക്കാരുടെയും ലാബ് അസിസ്റ്റന്റുമാരുടെയും പരാതി കൂടി പരിഗണിച്ച് അവർക്കും വിഹിതം നൽകി. ആകെ തസ്തികമാറ്റ ഒഴിവ് ഓരോ വിഷയത്തിലും 70:20:5:5 അനുപാതത്തിൽ വിഭജിക്കുമെന്ന് കഴിഞ്ഞ ഇടതു സർക്കാരും ഉത്തരവിറക്കി. എന്നാൽ കേവലം സർക്കാർ ഉത്തരവുകൾ എന്നതിലുപരി നിയമസഭയിൽ ചട്ട ഭേദഗതി നടത്താൻ തയാറായില്ല എന്നത് ഇക്കാര്യത്തിലെ താല്പര്യമില്ലായ്മ വ്യക്തമാക്കുന്നു.

അതിനിടെ, വിദ്യാഭ്യാസ വകുപ്പിലെ ഇതര ജീവനക്കാർ എന്ന ഭാഗം മാറ്റി ഹയർസെക്കൻഡറി ഡയറക്ടറേറ്റിലെയും പ്രാദേശിക ഉപ ഡയറക്ടറേറ്റുകളിലെയും ജീവനക്കാർ മാത്രം എന്നാക്കി ഉത്തരവ് തിരുത്തി ഇറക്കുകയും ചെയ്തു. (ആ ജീവനക്കാരാണല്ലോ തസ്തിക മാറ്റ സംബന്ധിയായ എല്ലാ ജോലികളും ചെയ്യുന്നത്.) അതോടെ സ്കൂളുകളിലെയും മറ്റെല്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും അധ്യാപകേതര ജീവനക്കാർ പൂർണമായും കളത്തിനു പുറത്തായി.

ഹൈസ്കൂൾ പ്രൈമറിയിൽ അംഗത്വ ഫീസും വൻ പിരിവും നൽകുന്നവർ സ്ഥാനക്കയറ്റം ലഭിച്ചാൽ പിന്നെ തിരിഞ്ഞു പോലും നോക്കില്ല എന്നതിനാൽ വരുമാന നഷ്ടം ഉണ്ടാക്കുന്ന തസ്തികമാറ്റത്തിനായി സംഘടനകളും താല്പര്യപ്പെടുന്നില്ല എന്നു കണ്ട അധ്യാപകരും ചില മാധ്യമങ്ങളും നടത്തിയ ഇടപെടലുകളെത്തുടർന്ന് ‘വിശാലമായ അക്കാദമിക താല്പര്യം മാനിച്ച്’ 2020 ഡിസംബർ 28 വരെയുള്ള 589 ഒഴിവിലേക്ക് 2021 ഫെബ്രുവരിയിൽ അപേക്ഷ വിളിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. അടുത്ത ജൂണിലെങ്കിലും സ്കൂളുകളിൽ അധ്യാപകർ എത്തുംവിധം നടപടികൾ ഉണ്ടാകും എന്ന ചിന്തകളും പാളുകയാണ്. അതിനിടെ, ചട്ടഭേദഗതി ഇല്ലാതെയുള്ള ഉപ വിഹിതങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കുകയും ചെയ്തു.

 

ജോഷി ബി ജോൺ മണപ്പള്ളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.