21 December 2024, Saturday
KSFE Galaxy Chits Banner 2

രജത ജൂബിലി നിറവിൽ എകെഎസ്‌ടിയു

എൻ ശ്രീകുമാർ
പ്രസിഡന്റ്, എകെഎസ്‌സിയു സംസ്ഥാന കമ്മിറ്റി
May 6, 2022 6:00 am

ഇരുപത്തിയഞ്ച് വർഷം ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയ കാലയളവല്ല. എന്നാൽ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയ(എകെഎസ്‌ടിയു)ന് അനുഭവങ്ങളുടെ സഞ്ചയം സൃഷ്ടിച്ച കാലമായിരുന്നു കഴിഞ്ഞ കാൽ നൂറ്റാണ്ട്. സമരങ്ങളുടെ, ആശയ സംവാദങ്ങളുടെ, ലക്ഷ്യബോധമുള്ള പ്രവർത്തനങ്ങളുടെ, വ്യവസ്ഥിതികളെ മാറ്റിമറിക്കുന്ന മുന്നേറ്റങ്ങളുടെ കാലമായിരുന്നു അത്. അതുകൊണ്ടു തന്നെയാകണം കേരളീയ സമൂഹത്തിലും വിദ്യാഭ്യാസ മണ്ഡലത്തിലും വേറിട്ട ഒരു സംഘടനയായി എകെഎസ്‌ടിയു അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. കഴിഞ്ഞ കാലത്ത് സംഘടന ഏറ്റെടുത്ത പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി കൈക്കൊണ്ട നിലപാടുകളും പ്രക്ഷോഭങ്ങളുമാണത്. ഉത്തരം ലളിതമാകാമെങ്കിലും കേരളത്തിന്റെയും ലോകത്തിന്റെ തന്നെയും സാമൂഹിക മണ്ഡലത്തിൽ അത് വലിയൊരു രാഷ്ട്രീയ അജണ്ടയാണ്. വിദ്യാഭ്യാസം ഒരു കച്ചവട ഉല്പന്നമാണെന്ന മുതലാളിത്ത കാഴ്ചപ്പാടിനോടാണ് അതുകൊണ്ടു തന്നെ പടപൊരുതേണ്ടതായി വരുന്നത്. പണംമുടക്കി പണം കൊയ്യാൻ വൻകിട സ്ഥാപനങ്ങളും അവിടെ പുതിയ ശൈലിയിലുള്ള അധ്യാപനവും ലോക ഭാഷയെന്ന പേരിൽ ഇംഗ്ലീഷിനെ അടിച്ചേല്പിക്കാനുള്ള ശ്രമവും ഉൾപ്പെടെ പുതിയൊരു ലോകക്രമം സൃഷ്ടിക്കാനുള്ള പരിശ്രമമാണ് വിദ്യാഭ്യാസ മണ്ഡലത്തിൽ സമാന്തരമായി കഴിഞ്ഞ കുറെ ദശകങ്ങൾക്കുള്ളിൽ വളർന്നത്. അതിലേക്ക് കൂടുതൽ ജനങ്ങൾ ആകർഷിക്കപ്പെടുക സ്വാഭാവികം മാത്രം. മറുവശത്ത് ഭരണകൂടങ്ങൾ ഉൾപ്പെടെ കയ്യൊഴിഞ്ഞ് സാധാരണ പള്ളിക്കൂടങ്ങൾ! അവയ്ക്കുവേണ്ടി നിലകൊള്ളുന്നതും പോരാട്ടം നടത്തുന്നതും മടയൻ കാര്യമെന്ന് വിധിയെഴുതിയ സമൂഹത്തിൽ നിന്നാണ് ഞങ്ങൾ പൊതുവിദ്യാലയങ്ങൾക്കു വേണ്ടി അടിയുറച്ചു നിൽക്കുന്നവരാണെന്നും ഇവിടെ നൽകുന്ന വിദ്യാഭ്യാസമാണ് ശരിയെന്നും ഉറക്കെ പറയാൻ എകെഎസ്‌ടിയു തയാറായത്. ആഗോളവല്ക്കരണ കാലത്തെ മുതലാളിത്ത സാമ്പത്തിക നയത്തോടും നിലപാടുകളോടുമുള്ള മാതൃകാപരമായ പോരാട്ടമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന മുദ്രാവാക്യത്തിലൂടെ എകെഎസ്‌­ടിയു നിർവഹിച്ചത്. ദേശീയവും സാർവദേശീയവുമായ ഒരു പശ്ചാത്തലത്തിൽ വേണം ഈ മുദ്രാവാക്യത്തെയും പോരാട്ടങ്ങളെയും വിലയിരുത്തേണ്ടത്. ആഗോള ലോകക്രമം മറക്കാൻ ശ്രമിച്ച വൈവിധ്യങ്ങളും ഓരോ നാടിന്റെയും ഭാഷയും സംസ്കാരവും പൈതൃകവുമെല്ലാം തിരിച്ചു പിടിക്കാനായിരുന്നു, ഈ പരിശ്രമം. പുരോഗമന പ്രസ്ഥാനങ്ങൾ ലോകത്തെല്ലായിടത്തും വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, ഇതര സാമൂഹിക രംഗങ്ങളിലാകെ ചെയ്തുകൊണ്ടിരിക്കുന്ന ഉത്തരവാദിത്തമുള്ള പ്രവർത്തനത്തിന്റെ ഭാഗമാകാനാണ് എകെഎസ്‌ടിയുവും ഇതിലൂടെ പരിശ്രമിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ എകെഎസ്‌ടിയു മാത്രമല്ല ഈ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. മറ്റ് ഒട്ടേറെ സംഘടനകളുണ്ട്, അധ്യാപക പ്രസ്ഥാനങ്ങൾ ഉൾപ്പെടെ. എന്നാൽ, അവയിൽ പലതിനും പ്രകടിപ്പിക്കാനാവാത്തത്ര സത്യസന്ധതയും ദീർഘവീക്ഷണവും ഉറച്ച നിലപാടുകളും ഈ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നു. അതിന് ഉദാഹരണമാണ് ‘മുന്നേറ്റം’ പദ്ധതി. പൊതുവിദ്യാലയങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിന് നൂറു വിദ്യാലയങ്ങൾ സ്വയം സന്നദ്ധമായി ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ മികവിലേക്കുയർത്താനുള്ള പ്രവർത്തന പരിപാടികളാവിഷ്ക്കരിച്ച് നടപ്പാക്കുന്നതിനിടെയാണ്, കേരള സർക്കാർ തന്നെ ആ മാതൃക പിന്തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പദ്ധതിയിട്ടത്. ഇതൊരു മാതൃകാ പ്രവർത്തനമായി മാറി എന്നതിലുപരി, പ്രകടനവും മുദ്രാവാക്യം വിളികളും ആളുകളെ കൂട്ടലും മാത്രമല്ല സംഘടനാ പ്രവർത്തനമെന്നു കൂടി തെളിയിക്കാൻ കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങൾ ദത്തെടുത്ത മുന്നേറ്റം പദ്ധതിക്കായി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ കേരളത്തിലെ വലിയൊരു തൊഴിൽ മേഖലയുടെ നിലനില്പിനു കൂടിയാണ് അവസരം സൃഷ്ടിച്ചത്.


ഇതുകൂടി വായിക്കാം; ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഒരുമിച്ചൊന്നായ് പോരാടാം


കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയത് ആയിരക്കണക്കിന് അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും തസ്തികകളാണ്. പുതിയ തലമുറ ഈ തൊഴിൽ മേഖല ആശ്രയിക്കാനാവാത്തതെന്ന് വിധിയെഴുതി. സ്ഥിരവരുമാനവും സുരക്ഷിതത്വവുമുള്ള അധ്യാപകരാകാൻ ആഗ്രഹിച്ചവരെല്ലാം ഇതര മേഖലകളിലേക്ക് വഴിമാറി. പൊതുവിദ്യാലയങ്ങളെ ആശ്രയിച്ച് പഠിക്കുന്ന ദരിദ്രനാരായണന്മാരുടെ മക്കളെ പഠിപ്പിക്കാൻ പ്രതിഭാധനരായ അധ്യാപകരെ ലഭിക്കാത്ത സ്ഥിതിയും വന്നു. എന്നാൽ പൊതുവിദ്യാലയങ്ങൾ ശാക്തീകരിക്കപ്പെട്ടതോടെ അധ്യാപകർ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ തയാറായി. മികച്ച അധ്യാപകർ പുതിയ നിയമനം തേടി ഈ രംഗത്തേക്കെത്തുന്നതും മറ്റൊരു സവിശേഷതയാണ്. ഇന്ന് കേരളത്തിൽ ഈ മേഖലയുടെ പുഷ്കലകാലമാണെന്ന് നിസംശയം പറയാം. ഇടതുപക്ഷ ഭരണകാലമാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. പ്രളയവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച ദുരിതങ്ങളോട് സാമൂഹിക ബോധത്തോടെ പ്രതികരിച്ച സംഘടനയാണ് എകെഎസ്‌ടിയു. 2018, 19 വർഷങ്ങളിലെ പ്രളയക്കെടുതിയുടെ ദുരന്തങ്ങളെ മായ്ച്ചു കളയാൻ ആളുകൊണ്ടും അർത്ഥം കൊണ്ടും സംഘടന കേരള സർക്കാരിനൊപ്പംനിന്നു. പെരുമഴയത്ത് ചേറും ചെളിയും നിറഞ്ഞ് മലീമസമായ വിദ്യാലയങ്ങൾ പഠന സജ്ജമാക്കൽ, കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകൽ, ദുരിത ബാധിതർക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കൽ തുടങ്ങി ഏറ്റെടുത്ത ദൗത്യങ്ങൾ അഭിമാനകരമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കയ്യയച്ച് സംഭാവന നൽകി. കോവിഡ് പ്രതിരോധ സേനയിൽ സംഘടനയിലെ അംഗങ്ങൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സ്തുത്യർഹമായി പ്രവർത്തിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങളെയെല്ലാം മാനിച്ചു. സ്വമേധയാ സഹായങ്ങളും സമർപ്പിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ ഈ സാമൂഹിക ദൗത്യത്തിന് ലഭ്യമാകുന്നത്ര അംഗീകാരം മറ്റൊന്നിനും ലഭിക്കില്ലെന്ന് തീർച്ച. ദേശീയ തലത്തിൽ വിദ്യാഭ്യാസ മണ്ഡലത്തിൽ വലിയ പൊളിച്ചെഴുത്തിനാണ് ഒരുങ്ങുന്നത്. രാജ്യം കൈവരിച്ച വിദ്യാഭ്യാസ പുരോഗതികളെ അവ തകർക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിദ്യാഭ്യാസ രംഗത്തെ ശാസ്ത്രീയ കാഴ്ചപ്പാടുകളെ അത് നിരാകരിക്കുന്നു. സങ്കുചിത ദേശഭക്തിയും ഭാഷാ സ്നേഹവും മതബോധവും വളർത്താനാണ് പദ്ധതി. വിദ്യാഭ്യാസത്തെ കാവികൊണ്ട് മൂടാനുള്ള ശ്രമം. ഭരണഘടനാ മൂല്യങ്ങൾ തകർത്തെറിയുന്ന പാഠ്യപദ്ധതിയാണിത്. പാവപ്പെട്ടവരും സാധാരണക്കാരും ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്ന് തൂത്തെറിയപ്പെടാൻ ഈ നയം ഇടവരുത്തും. ഒരു വശത്ത് നോളഡ്ജ് ഇക്കണോമിയെക്കുറിച്ചു പറയുകയും മറുഭാഗത്ത് യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ അടിച്ചേല്പിക്കുകയും ചെയ്യുന്നു. ഈ നയം സൃഷ്ടിക്കുന്ന വിനാശങ്ങളെ പ്രതിരോധിക്കാൻ സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു. ഇടതുപക്ഷ സർക്കാർ രാജ്യത്തെ പല സംസ്ഥാനങ്ങളും കാട്ടുന്ന മാതൃക ഇക്കാര്യത്തിൽ പിന്തുടരണം. പണിയെടുക്കുന്നവരുടെ വിയർപ്പ് മുതലാളിമാർക്ക് ലാഭം കൊയ്യാൻ നൽകില്ലെന്ന് സർക്കാർ ഉറപ്പാക്കണം. പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്‍ഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്ക്കരണത്തിന് കേരളം തയാറാവുകയാണ്. മുൻ കാലങ്ങളെ പോലെ ആശയപരമായ പിന്തുണയുമായി സംഘടന ഒപ്പം ഉണ്ടാകുമെന്ന് തീർച്ച. ഈ മേഖലയിലെ തൊഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. വേഗത്തിൽ അത് പരിഹരിക്കാൻ തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.