20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍

Dr. Mohammed Haneef M
HOD, Emergency Department SUT Hospital, Pattom
May 19, 2022 5:47 pm

രാവിലെ പത്രം വായിക്കുവാന്‍ എടുത്തപ്പോള്‍ തന്നെ തിരുവനന്തപുരം നഗരത്തില്‍ സംഭവിച്ച അതിദാരുണമായ ഒരു വാഹനാപകടത്തെക്കുറിച്ച് വായിക്കാനിടയായി. അമിതവേഗത്തില്‍ യുവാക്കള്‍ യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനം ഒരു കാറിനെ മറികടക്കുന്നതിനിടെ കാര്‍ വെട്ടി തിരിക്കുകയും നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും കാറിലുണ്ടായിരുന്ന അമ്മയും അച്ഛനും കൈക്കുഞ്ഞും മുത്തശ്ശിയും അടങ്ങുന്ന കുടുംബം അപകടത്തില്‍പ്പെടുകയുമുണ്ടായി. പിന്നീട് കൈക്കുഞ്ഞ് മരണപ്പെടുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിലൂടെ ഞാന്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണുവാനിടയായി. അപകടത്തെ തുടര്‍ന്ന് ആ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എമര്‍ജന്‍സി വിഭാഗത്തില്‍ അവരെ ചികിത്സിച്ച ഡോക്ടര്‍ എന്ന നിലയ്ക്ക് ഞാന്‍ ആഗ്രഹിച്ചു പോയി ആ യുവാക്കള്‍ ഇത്തരത്തിലുള്ള സാഹസികയാത്ര ഒഴിവാക്കിയിരുന്നെങ്കിലോ കാറിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിരുന്നെങ്കിലോ ഇത്തരത്തിലുള്ള ഒരു വലിയ അപകടം ഒഴിവാക്കാമായിരുന്നു.

എമര്‍ജന്‍സി വിഭാഗത്തില്‍ പലപ്പോഴും നമ്മള്‍ ഇത്തരത്തില്‍ ഗുരുതര പരിക്കുകളോടെ രോഗികള്‍ വരുമ്പോള്‍ ആഗ്രഹിച്ചു പോയിട്ടുണ്ട് ശരിയായ ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അതായത് ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കില്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു അത്യാഹിതം ഒഴിവാക്കാമായിരുന്നു എന്നുള്ളത്. മിക്കവാറും ചെറുപ്പക്കാരാണ് വാഹനാപകടങ്ങളില്‍ ഗുരുതര പരിക്കുകളോടെ എത്തുന്നത്.

ഇന്ന് കേരളം ആരോഗ്യ മേഖലയില്‍ മുന്‍പന്തിയിലാണ് എന്നിരുന്നാലും റോഡപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. മലയാളികള്‍ പലപ്പോഴും തിരക്കുപിടിച്ച ജീവിതത്തില്‍ ഓടുമ്പോള്‍ പല സുരക്ഷാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് യാത്ര ചെയ്യുക. നമ്മുടെ റോഡുകള്‍ വളരെയധികം തിരക്ക് നിറഞ്ഞതാണ് അതുമാത്രമല്ല മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍ക്കിടയിലൂടെയുള്ള യാത്ര അപകടസാധ്യത കൂട്ടുന്നു.

ഒരു റോഡ് അപകടം ഉണ്ടായാല്‍ അപകടത്തില്‍പ്പെട്ട വ്യക്തിയെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാണിക്കുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുന്നതിനു വേണ്ടി മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്ന ആള്‍ക്ക് സമ്മാനത്തുക നല്‍കുന്നതാണ്. ഈ നിയമം നല്ല മാറ്റത്തിലേക്ക് വഴിയൊരുക്കും എന്നതില്‍ യാതൊരു സംശയവുമില്ല. ഒരു അപകടം നടന്നാല്‍ അപകടത്തില്‍പ്പെട്ട ആളുകളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിലൂടെ അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നു. അല്ലാത്തപക്ഷം പല സങ്കീര്‍ണ്ണതകളിലേക്ക് നയിക്കും.

രോഗിയെ എത്തിക്കുന്നതിനായി ഉചിതമായ ആശുപത്രി തിരഞ്ഞെടുക്കുക. ‘എമര്‍ജന്‍സി വിഭാഗം’ കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളിലും സജ്ജമാണ്. എമര്‍ജന്‍സി വിഭാഗത്തില്‍ തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തലത്തിലുള്ള ചികിത്സ നല്‍കാന്‍ പ്രാപ്തമായ ഡോക്ടര്‍മാരും സജ്ജീകരണങ്ങളുമുള്ള ആശുപത്രി തിരഞ്ഞെടുക്കുന്നതു വഴി അപകടത്തില്‍പ്പെട്ട ആളുടെ ആരോഗ്യ നില മെച്ചപ്പെടുത്താനും ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും സാധിക്കുന്നു.

റോഡപകടങ്ങള്‍ ആര്‍ക്കു വേണമെങ്കിലും സംഭവിക്കാം, എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ തീവ്രത കുറയ്ക്കാന്‍ സാധിക്കും. ഇതിനായി പാലിക്കേണ്ട കാര്യങ്ങള്‍:

1. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക.

ഇരുചക്ര വാഹന അപകടങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്ത പക്ഷം വ്യക്തിയുടെ മസ്തിഷ്‌കത്തെ സാരമായി പരിക്കേല്‍ക്കാന്‍ സാദ്ധ്യത ഏറെയാണ്. മരണത്തിലേക്ക് നയിക്കും വിധം ഗുരുതരമായ പരിക്കുകളേല്‍ക്കാതിരിക്കാന്‍ ഹെല്‍മറ്റ് എന്ന സുരക്ഷാകവചം സഹായിക്കുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റാല്‍ ‘കോമ’ എന്ന അവസ്ഥയിലേക്കോ ശരീരം തളര്‍ന്ന അവസ്ഥയിലേക്കോ മരണത്തിലേക്കോ എത്തിക്കാം. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ കൃത്യമായി സ്ട്രാപ് ചെയ്തു തന്നെ ഉപയോഗിക്കുക.

2. കാറില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കുക.

പോലീസ് പരിശോധനയോ, പരിശോധന ക്യാമറകളോ ഭയന്ന് മാത്രമാണ് മിക്കവാറും യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത്. എന്നാല്‍ പോലും വാഹനം ഓടിക്കുന്ന ആള്‍ മാത്രമായിരിക്കും കൃത്യമായി സീറ്റ്‌ബെല്‍റ്റ് ഉപയോഗിച്ചിട്ടുള്ളത്. ഈ പ്രവണത തീര്‍ത്തും തെറ്റാണ്. ഓരോ ജീവനും വിലയുള്ളതാണ്. അപകടം എപ്പോള്‍ ആര്‍ക്ക് സംഭവിക്കും എന്ന് ആര്‍ക്കും മുന്‍കൂട്ടി പറയുവാന്‍ സാധിക്കില്ല. അതിനാല്‍ വാഹനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. പെട്ടെന്ന് വാഹനം ബ്രേക്ക് ഇടുകയാണെങ്കില്‍ യാത്രക്കാര്‍ മുന്നോട്ട്
തെറിച്ചു പോകാന്‍ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സീറ്റ്‌ബെല്‍റ്റ് ഇട്ടില്ല എന്നുണ്ടെങ്കില്‍ മുന്നിലെ ചില്ല് തകര്‍ന്ന് പുറത്തേക്ക് പോകുവാനും ഗുരുതരപരിക്കേല്‍ക്കുവാനും സാദ്ധ്യത ഏറെയാണ്. നമുക്ക് ഒഴിവാക്കാന്‍ സാധിക്കുന്ന ഇത്തരം സാഹചര്യങ്ങളെ ചെറിയ ഒരു പ്രവര്‍ത്തിയിലൂടെ തന്നെ ഒഴിവാക്കുക.

3. കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികളുടെ ചലനം നിയന്ത്രിക്കുന്ന സംവിധാനം (Child restraint sys­tem) നിര്‍ബന്ധമായും ഉപയോഗിക്കുക.

കാറില്‍ യാത്ര ചെയ്യുമ്പോള്‍ നവജാതശിശുക്കള്‍ മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ സുരക്ഷാ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ ഭാരത്തിനനുസരിച്ചുള്ള ‘Child safe­ty seat’ ഉപയോഗിക്കുകയും സീറ്റ് ബെല്‍റ്റ് ഇടുകയും വേണം. ഈ രീതിയില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തുന്നതാണ് അഭികാമ്യം. യാതൊരു കാരണവശാലും കുട്ടികളെ മടിയില്‍ ഇരുത്തിയോ കുഞ്ഞുങ്ങളെ കയ്യില്‍ എടുത്തോ കാറില്‍ യാത്ര ചെയ്യരുത്. ഇത് അവരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. നമ്മള്‍ ആദ്യം പറഞ്ഞ അപകടത്തില്‍ മരണപ്പെടാന്‍ പ്രധാനമായും കാരണമായത്, കൃത്യമായ സുരക്ഷാ മാര്‍ഗ്ഗം (സീറ്റ് ബെല്‍റ്റ്) സ്വീകരിക്കാത്തതാണ്. കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ ഈ സുരക്ഷാ മാനദണ്ഡങ്ങളെ പറ്റി അവരിലും അവബോധം വളര്‍ത്തിയെടുക്കുക. നമ്മള്‍ കുട്ടികളെ ശീലിപ്പിക്കുന്നത് അവര്‍ തുടര്‍ന്ന് പോകും. പുതുതലമുറയില്‍ അവബോധം സൃഷ്ടിക്കുവാനും അതിലുപരി നമ്മുടെ കുട്ടികളുടെ ജീവന്‍ സുരക്ഷിതമാക്കുവാനും നമ്മള്‍ തന്നെ മുന്‍കൈയെടുക്കണം.

4. മദ്യപിച്ച് വാഹനം ഓടിക്കരുത്.

മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. എന്നാല്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് വ്യക്തിയുടെയും സഹയാത്രികരുടെയും അതുപോലെതന്നെ സമൂഹത്തിന്റെയും ജീവന് ഭീഷണിയാണ്. മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ റോഡ് അപകടങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള കഴിവ് കുറയുന്നു. ഇത് മുഖാന്തരം എല്ലാ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പാലിക്കുന്ന മറ്റുള്ളവര്‍ക്കും അപകട സാദ്ധ്യത കൂടുന്നു. നിയന്ത്രിതമായി മദ്യപിച്ചാല്‍ അപകടസാധ്യത ഉണ്ടാകില്ല എന്നാണ് ‘Per­mit­ted Alco­hol Lev­el’ എന്ന് പലരും തെറ്റിദ്ധരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുമ്പോഴുള്ള നമ്മുടെ കണക്കുകൂട്ടലുകള്‍ (Dri­ving judge­ment) തെറ്റുകയും അപകടം ഉണ്ടാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
5. അമിതവേഗത്തില്‍ വാഹനം ഓടിക്കരുത്.

യുവാക്കള്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടം വരുത്തി വെക്കുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. മാനസിക വൈകല്യമായിട്ടാണ് ഇതിനെ മനോരോഗ വിദഗ്ധര്‍ പറയുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് ശേഷം തന്റെ അശ്രദ്ധമൂലമാണല്ലോ ഇത്തരത്തില്‍ സംഭവിച്ചതെന്ന ആകുലത അവരില്‍ ഉണ്ടാകുന്നു. അഥവാ ഇത്തരത്തിലുള്ള അപകടങ്ങളില്‍ മറ്റുള്ളവര്‍ക്കോ ആ വ്യക്തിക്കോ സാരമായി പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ആണെങ്കില്‍ ആ കുറ്റബോധം ജീവിതമുടനീളം അയാളെ വേട്ടയാടുന്നു. ഇത് അവരുടെ മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. 

ഒരു നല്ല പൗരന്‍ അല്ലെങ്കില്‍ വ്യക്തി എന്ന നിലയില്‍ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് റോഡ് സുരക്ഷ നിയമങ്ങള്‍ കൃത്യമായി പാലിച്ചാല്‍ റോഡ് അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.

Eng­lish Summary:Basic things to look out for to avoid road accidents
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.