കള്ളപ്പണവേട്ട, ഭീകരവാദം അടിച്ചമര്‍ത്തല്‍, നോട്ടുനിരോധനം, ചരക്കുസേവന നികുതി, കോവിഡ് മഹാമാരി, ലോക്‌ഡൗണ്‍, വാക്സിന്‍.… രാജ്യത്തിന്റെ സമ്പദ്ഘടന, സാമൂഹ്യാന്തരീക്ഷം, ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിന്റെ ജീവിത സാഹചര്യങ്ങള്‍ എന്നിവ അടിമുടി തകര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനങ്ങള്‍ പലതായിരുന്നു. ഒടുവില്‍ സമ്പദ്ഘടനയെയും ജനകോടികളുടെ ജീവിതത്തെയും ബാധിച്ചുകൊണ്ട് മറ്റൊരു പ്രഖ്യാപനം കൂടി പൊളിഞ്ഞടുങ്ങുകയാണ്, ലോകത്തിന് ആഹാരം നല്കുവാന്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുമെന്ന പ്രഖ്യാപനത്തിലൂടെ. വിശ്വഗുരുവിന്റെ ശബ്ദവിസ്ഫോടനമെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട മോഡിയുടെ മേനി നടിക്കല്‍ പ്രഖ്യാപനമാണ് ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും ബിജെപി സര്‍ക്കാരിന്റെ ഭരണ പരാജയം ഒരിക്കല്‍ കൂടി തുറന്നുകാട്ടുകയും ചെയ്യുന്നത്. കൃത്യം ഒരുമാസമെത്തും മുമ്പാണ് ലോകത്തെ മുഴുവന്‍ ഇന്ത്യ ഊട്ടുമെന്നും അതിനു മതിയായ ഗോതമ്പ് രാജ്യം കയറ്റുമതി ചെയ്യുമെന്നുമുള്ള മോഡി പ്രഖ്യാപനം വിലക്കയറ്റത്തിനും പട്ടിണിക്കും കാരണമായപ്പോള്‍ പിന്‍വലിക്കേണ്ടി വന്നിരിക്കുന്നത്. പക്ഷേ മുന്‍ പ്രഖ്യാപനങ്ങളില്‍ എല്ലാമുണ്ടായതുപോലെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. യാഥാര്‍ത്ഥ്യബോധമില്ലാതെയുള്ള പ്രഖ്യാപനം പിന്‍വലിക്കേണ്ടിവന്നുവെന്നു മാത്രമല്ല ലോകരാജ്യങ്ങളില്‍ നിന്ന് പഴി കേള്‍ക്കേണ്ടിയും വന്നു. ഏപ്രില്‍ 13 നാണ് ഇന്ത്യ ലോകത്തെ ഗോതമ്പ് നല്കി ഊട്ടുമെന്ന മോഡിയുടെ പ്രഖ്യാപനമുണ്ടായത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് നേരിട്ടും ജർമ്മനിയില്‍ ഇന്ത്യൻ പ്രവാസികളോട് സംസാരിക്കുമ്പോഴുമായിരുന്നു മോഡിയുടെ പ്രഖ്യാപനമുണ്ടായത്. സ്വതസിദ്ധമായ ശൈലിയില്‍ വൈകാരികമായി തന്നെയാണ് ഇക്കാര്യവും അദ്ദേഹം അവതരിപ്പിച്ചത്. പല രാജ്യങ്ങളും ജനങ്ങള്‍ക്ക് ഗോതമ്പ് വിതരണം ചെയ്യാൻ പാടുപെടുന്നുവെന്നും അതിനു പ്രതിവിധിയായി ഇന്ത്യൻ കർഷകർ ആഗോളവിപണിയിൽ ഗോതമ്പ് എത്തിക്കുമെന്നുമായിരുന്നു മോഡിയുടെ പ്രസ്താവന. കൃത്യം ഒരുമാസം പിന്നിടുന്ന ദിവസം കയറ്റുമതി നിരോധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങുകയും ചെയ്തു. രാജ്യത്തെ കാര്‍ഷിക കാലാവസ്ഥയിലുണ്ടായ വ്യതിയാനവും വളം, കീടനാശിനി എന്നിവയ്ക്കുണ്ടായ വിലക്കയറ്റവും കാരണം ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യോല്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ പുറത്തുവന്നിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗോതമ്പിന്റെ സംഭരണത്തില്‍ വന്‍ ഇടിവുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഏപ്രില്‍ ആദ്യവും ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. കൃഷിവകുപ്പില്‍ നിന്നുള്ള ഔദ്യോഗിക ഉറവിടങ്ങളെ ആസ്പദമാക്കിയായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. അടുത്ത നാലഞ്ച് മാസത്തിനുള്ളില്‍ ഇന്ത്യയിൽ ഗോതമ്പ് പ്രതിസന്ധി ആസന്നമാണെന്ന കാർഷിക പത്രപ്രവർത്തകൻ സയന്തൻ ബേരയുടെ നിരീക്ഷണം ഏപ്രില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ അതൊന്നും പ്രധാനമന്ത്രിയുടെ മേനി നടിക്കലിന് വിഘാതമായില്ല.
വേനല്‍ക്കാലം നേരത്തെ ആരംഭിച്ചതും വിളവിറക്കുന്ന വേളയില്‍ അസാധാരണമായ മഴ പെയ്തതും പ്രമുഖ ഗോതമ്പുല്പാദക സംസ്ഥാനങ്ങളില്‍ 35 ശതമാനം വരെ കുറവുണ്ടാക്കിയെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഉല്പാദനത്തില്‍ കുറവുണ്ടായത്. രാജ്യത്തുല്പാദിപ്പിക്കുന്ന ഗോതമ്പിന്റെ 30 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. കേന്ദ്ര ഏജന്‍സിയായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) 2020–21 വര്‍ഷം പഞ്ചാബില്‍ നിന്ന് 129.12 ലക്ഷം ടണ്‍ ഗോതമ്പിന്റെ സ്ഥാനത്ത് 2021–22ല്‍ 95 ലക്ഷത്തോളം ടണ്ണാണ് സംഭരിച്ചത്. ഇവിടെ മാത്രം 45 ലക്ഷത്തോളം ടണ്ണിന്റെ കുറവുണ്ടായി. ഹരിയാന 40.72, മധ്യപ്രദേശ് 40.35 ലക്ഷം ടണ്‍ വീതമായിരുന്നു സംഭരണം. മുന്‍ വര്‍ഷം ഹരിയാനയില്‍ നിന്ന് 93.2, മധ്യപ്രദേശില്‍ നിന്ന് 67.25 ലക്ഷം ടണ്‍ സംഭരിച്ച സ്ഥാനത്താണിത്. മുന്‍ വര്‍ഷം യുപിയില്‍ നിന്ന് 37 ലക്ഷം ടണ്‍ സംഭരിച്ചുവെങ്കില്‍ 2021–22ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പ് അനുസരിച്ച് 2.15 ലക്ഷം ടണ്‍ മാത്രമായി. രാജസ്ഥാനില്‍ മുന്‍ വര്‍ഷത്തെ 14.11 ലക്ഷം ടണ്‍ എന്ന സംഭരണ തോത് 2021–22ല്‍ 0.01 ലക്ഷം ടണ്‍ മാത്രമാണ്. ഇവിടെ വലിയതോതില്‍ സ്വകാര്യ സംഭരണം നടന്നുവെന്ന് ഊഹിക്കാമെങ്കിലും ഉല്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് വ്യക്തമാണ്. ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ കണക്കുകളിലും റിപ്പോര്‍ട്ടുകളിലും രാജ്യത്ത് ഭക്ഷ്യോല്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായെന്നോ കുറവുണ്ടാകുമെന്നോ ആണ് സൂചിപ്പിച്ചിരുന്നതെന്നര്‍ത്ഥം. എന്നിട്ടും റഷ്യ — ഉക്രെയ്‌ന്‍ യുദ്ധസാഹചര്യത്തില്‍ മറ്റൊന്നും നോക്കാതെ മോഡി പ്രഖ്യാപിക്കുകയായിരുന്നു, ഇന്ത്യ ലോകത്തെ ഊട്ടുമെന്ന്. ലോകത്തെ പ്രമുഖ ഗോതമ്പുല്പാദക രാജ്യങ്ങളില്‍ ഒന്നാമതുള്ള റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഗോതമ്പിന്റെ ലഭ്യത ലോകത്തിന്റെ പ്രശ്നമാണെന്നത് വസ്തുതയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഉല്പാദനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായ സാഹചര്യത്തിലും കയറ്റുമതി കൂടിയാല്‍ കര്‍ഷകര്‍ക്ക് കൂടിയ വില ലഭിക്കുമെന്നതിനാലും ആ പ്രഖ്യാപനത്തെ ചെറിയൊരു വിഭാഗം അനുകൂലിച്ചിരുന്നതുമാണ്. പക്ഷേ ഇതിന് മുമ്പ് മോഡി നടത്തിയ എല്ലാ പ്രഖ്യാപനങ്ങളുമെന്നതുപോലെ, 138 കോടിയിലധികം വരുന്ന ജനസംഖ്യയില്‍ മഹാഭൂരിപക്ഷം ഉപയോഗിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ ഉല്പാദന കണക്കുകളൊന്നും പരിഗണിക്കാതെയുള്ള പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ തിരിച്ചടിക്കുകയാണുണ്ടായത്. ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന ഇടനിലക്കാരും വ്യാപാരികളും അവസരം മുതലെടുത്ത് തങ്ങള്‍ സംഭരിച്ച ധാന്യങ്ങളുടെ കയറ്റുമതി തകൃതിയായി നടത്തുകയും ചെയ്തു. ആവശ്യത്തിന് സംഭരണമുണ്ടെന്നും കയറ്റുമതിയ്ക്ക് തടസമുണ്ടാകില്ലെന്നുമായിരുന്നു മോഡിയുടെ പ്രഖ്യാപനത്തിന് പിറകെ ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ അറിയിച്ചിരുന്നത്. പക്ഷെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുവേണ്ടി ആദ്യ നടപടിയെന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കേണ്ടിവന്നു.
വ്യാപാരികള്‍ക്കും ഇടനിലക്കാര്‍ക്കും ലാഭം കൊയ്യാനുള്ള അവസരമായി കയറ്റുമതി പ്രഖ്യാപനം മാറിയെങ്കില്‍ രാജ്യത്ത് ഗോതമ്പ് ക്ഷാമവും വിലക്കയറ്റവും സംഭവിച്ചു. അതുകൊണ്ടുതന്നെ ഒരുമാസമെത്തുന്നതിന് മുമ്പ് കയറ്റുമതി നിരോധിക്കേണ്ടിവന്നു. എന്നുമാത്രമല്ല ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ച് പാവപ്പെട്ടവര്‍ക്കുള്‍പ്പെടെ നല്കേണ്ട സംസ്ഥാനവിഹിതവും വെട്ടിക്കുറയ്ക്കേണ്ടിവന്നിരിക്കുകയാണ് ഇപ്പോള്‍. ഈ മാസം ആദ്യത്തെയാഴ്ച പാവപ്പെട്ടവര്‍ക്കുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം നല്കിവന്നിരുന്ന ഗോതമ്പ് വിഹിതം 12 സംസ്ഥാനങ്ങള്‍ക്കാണ് വെട്ടിക്കുറച്ചത്. ബിഹാര്‍, കേരളം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ഈയിനത്തിലുള്ള ഗോതമ്പ് വിഹിതം പൂര്‍ണമായി നിര്‍ത്തലാക്കി. ജീവിതശൈലീ രോഗങ്ങളുടെ പശ്ചാത്തലത്തില്‍ അരിയ്ക്കു പകരം കൂടുതലായി ഗോതമ്പിനെ ആശ്രയിക്കുന്ന സംസ്ഥാനമാണെന്നും ഉല്പാദനം തീരെയില്ലെന്നുമുള്ള പരിഗണനയില്ലാതെയാണ് കേരളത്തിനുള്ള വിഹിതം എടുത്തു കളഞ്ഞിരിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കുറവ് വരുത്തുകയും ചെയ്തു. 80 കോടി ജനങ്ങൾക്ക് മാസം അഞ്ചുകിലോഗ്രാം വീതം സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന പദ്ധതിയാണ് ഇതോടെ അവതാളത്തിലായത്. അവിടെയും അവസാനിച്ചില്ല. പാവപ്പെട്ടവര്‍ക്കുള്ള വിഹിതം വെട്ടിക്കറച്ചതിനു പിന്നാലെ മുന്‍ഗണനേതര വിഭാഗത്തിന് നല്കുന്നതിന് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഗോതമ്പ് വിഹിതം മേയ് 14 ന് വീണ്ടും എടുത്തുകളഞ്ഞു. ഇതിന്റെയും ഇരകളില്‍ ഒന്നായി കേരളം. ഇതുകൂടിയായപ്പോള്‍ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നിന്നും അതുവഴി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും തീന്‍മേശകളില്‍ നിന്നും ഗോതമ്പ് അപ്രത്യക്ഷമാകുന്ന സാഹചര്യമുണ്ടായി. രാജ്യം ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന യാഥാര്‍ത്ഥ്യം വൈകി കേന്ദ്രം തിരിച്ചറിഞ്ഞുവെങ്കിലും അതിന്റെയും ഫലം രാജ്യത്തെ ജനങ്ങള്‍ തന്നെയാണ് അനുഭവിക്കേണ്ടിവന്നതെന്നര്‍ത്ഥം. മാസങ്ങള്‍ക്ക് മുമ്പേ കാര്‍ഷിക വിദഗ്ധരും ഉദ്യോഗസ്ഥ പ്രമുഖരും ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്കിയിട്ടും യാഥാര്‍ത്ഥ്യബോധമില്ലാതെ പ്രഖ്യാപനം നടത്തിയ മോഡിയും മന്ത്രിമാരുമാണ് ഈ ദുരിതങ്ങള്‍ക്കും ലോകത്തിന് മുന്നില്‍ രാജ്യത്തിനുണ്ടായ നാണക്കേടിനും ഉത്തരവാദികള്‍. കൃഷിവകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടെങ്കിലും വായിച്ചിരുന്നുവെങ്കില്‍ മോഡി ഇത്തരത്തില്‍ പ്രഖ്യാപനം നടത്തില്ലെന്നായിരുന്നു ഒരു ദേശീയ മാധ്യമം ഇതേക്കുറിച്ചെഴുതിയത്. എന്നിട്ടും ഐക്യരാഷ്ട്രസഭയില്‍ ചെന്ന് മനസിലാകാത്ത ന്യായീകരണം നടത്തിയത് വിദേശകാര്യ സഹമന്ത്രി വി മുരളീധരനായിരുന്നു. ഇന്ത്യയുടെയും അയൽ രാജ്യങ്ങളുടെയും ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടിയാണ് നിരോധനമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. വാക്സിന്‍ കാലത്തെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വാക്സിനേഷന്റെ സ്ഥിതിയെന്താണെന്ന് പരിശോധിച്ചാല്‍ അതിന്റെയും പൊള്ളത്തരം പൊളിഞ്ഞുവീഴും. അങ്ങനെ മേനി നടിക്കല്‍ മാത്രം മുഖമുദ്രയാക്കിയ പ്രധാനമന്ത്രി നടത്തിയ മറ്റൊരു പ്രഖ്യാപനം കൂടി പൊളിഞ്ഞുവീഴുകയും അതിന്റെ ദുരിതം പട്ടിണിയും വിലക്കയറ്റവുമായി വലിയൊരു വിഭാഗം ജനങ്ങള്‍ അനുഭവിക്കുകയും ചെയ്യുകയാണിപ്പോള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.