സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കുറഞ്ഞത് ഒരു വിനോദ സഞ്ചാരകേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര വകുപ്പ് തയാറാക്കിയ “ഡെസ്റ്റിനേഷൻ ചലഞ്ച്” പദ്ധതിക്ക് തുടക്കമാവുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എട്ടിന് തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കും.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എം വി ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുക.
സംസ്ഥാനത്താകെ പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി നേരത്തെ തന്നെ 50 കോടി രൂപയുടെ ഭരണാനുമതി സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതി തുകയുടെ 60 ശതമാനം, (പരമാവധി 50 ലക്ഷം രൂപ ) ടൂറിസം വകുപ്പ് വഹിക്കും. ബാക്കി തുക തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തനതു ഫണ്ടിൽനിന്നോ സ്‌പോൺസർഷിപ് വഴിയോ കണ്ടെത്തണം. ഇത്തരത്തിൽ ഒരു വർഷം നൂറു ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഡെസ്റ്റിനേഷനുകൾ ആക്കി മാറ്റാൻ സാധ്യതയുള്ള പ്രദേശങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ടൂറിസം വകുപ്പിന് ഓൺലൈൻ വഴിയായാണ് തദ്ദേശസ്ഥാപനങ്ങൾ സമർപ്പിക്കേണ്ടത്. ഇത് സംബന്ധിച്ച വിശദ പദ്ധതി രേഖ അതാത് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കി എസ്റ്റിമേറ്റ് സഹിതം സമർപ്പിക്കണം.
പദ്ധതി പ്രദേശത്തുനിന്ന് ലഭിക്കുന്ന വരുമാനം പൂർണമായി തദ്ദേശ സ്ഥാപനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈ തുക പദ്ധതി പരിപാലനത്തിന് ഉപയോഗിക്കണം. ഇതിനായി കൃത്യമായ ബിസിനസ് പ്ലാൻ തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കണം. പദ്ധതി നടപ്പാവുന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
English summary;Destination challenge develop the tourism sector
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.