30 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024
September 21, 2024
September 20, 2024
September 20, 2024
September 19, 2024

രാജ്യത്തെ നാണംകെടുത്തുന്ന ബിജെപി

സുരേന്ദ്രന്‍ കുത്തനൂര്‍
June 7, 2022 7:00 am

രണ്ട് ബിജെപി നേതാക്കളുടെ പ്രസ്താവന രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കത്തിലാണ് ഇന്ത്യൻ ഭരണകൂടം. നൂപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ നേതാക്കളുടെ പ്രവാചക നിന്ദയിൽ ഇന്ത്യക്കെതിരെ വിദേശ രാഷ്ട്രങ്ങളിൽ നിന്ന് മുമ്പെങ്ങുമില്ലാത്തവിധം പ്രതിഷേധമുയരുകയാണ്. ഇന്ത്യൻ സ്ഥാനപതികളെ വിളിച്ചുവരുത്തി ഖത്തറും കുവൈറ്റും പ്രതിഷേധമറിയിച്ചപ്പോൾ ഒമാൻ ഗ്രാന്റ് മുഫ്തിയും ശക്തമായി അപലപിച്ചു. പാകിസ്ഥാനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഗൾഫ് സഹകരണ കൗൺസിലും പ്രസ്താവന പുറത്തിറക്കി. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യക്കെതിരെ പാർലമെന്റിൽ പ്രമേയം കൊണ്ടുവന്നു. 57 ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒഐസി) ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഖത്തർ സന്ദർശനം നടത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായുള്ള ചർച്ച അന്നാട്ടിലെ മുതിർന്ന നേതാക്കൾ ഉപേക്ഷിച്ചുവെന്ന വാർത്തയും വരുന്നുണ്ട്. ഇസ്‍ലാമിക രാഷ്ട്രങ്ങളുടെ സംഘടന നടത്തിയ അഭിപ്രായപ്രകടനം ചിലരുടെ പ്രേരണകൊണ്ടാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടുണ്ടെങ്കിലും അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ നീക്കം. രണ്ടു വ്യക്തികളുടെ നിലപാട് രാജ്യത്തിന്റെ നിലപാടല്ലെന്നും ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. കാര്യമെന്തായാലും അന്താരാഷ്ട്രതലത്തിൽ ഇന്ത്യ നാണം കെടുകയാണ്. ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിർത്തുന്ന രാജ്യങ്ങളടങ്ങിയ ഗൾഫ് മേഖലയില്‍ ഇന്ത്യക്കെതിരായ പ്രതിഷേധങ്ങൾ അപൂർവമായേ ഉണ്ടാകാറുള്ളു. എന്നാൽ ബിജെപി നേതാക്കളുടെ പ്രതികരണത്തോടെ കാര്യങ്ങൾ തകിടംമറിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ ഉല്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് സോഷ്യൽ മീഡിയാ പ്രചരണം അന്നാട്ടില്‍ ശക്തമാണ്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. ഇന്ത്യൻ ഉല്പന്നങ്ങളുടെ ഇറക്കുമതി അവർ നിരോധിച്ചാൽ കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് സുഹൃദ് രാജ്യങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം നയതന്ത്ര പ്രതിനിധികൾക്ക് നിർദേശം നല്കിയിരിക്കുന്നത്. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തന്നെ നിലവിലെ സംഭവങ്ങൾ വലിയ സമ്മർദമാകുമെന്ന് തീര്‍ച്ചയാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉപജീവനം തേടുന്ന ഗൾഫിൽ ഇന്ത്യാവിരുദ്ധ പ്രതികരണമുണ്ടാകുന്നത് പ്രവാസികൾക്കും വലിയ തിരിച്ചടിയാണ്.


ഇതുകൂടി വായിക്കാം; ഗ്യാൻവാപി ഉയർത്തുന്ന ചോദ്യങ്ങൾ


ഗൾഫിലെ ആറ് രാജ്യങ്ങളിലായി 90 ലക്ഷത്തോളം ഇന്ത്യക്കാരാണുള്ളത്. ഇതിൽ 25 ലക്ഷത്തിൽ കൂടുതൽ മലയാളികളാണ്. ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ യുഎഇയിലാണ്; 34,20,000 പേർ. സൗദി അറേബ്യയിൽ 26 ലക്ഷം ഇന്ത്യക്കാരാണുള്ളത്. കുവൈത്തിൽ 10 ലക്ഷവും ഖത്തറിൽ 7.5 ലക്ഷവും ഒമാനിൽ എട്ട് ലക്ഷവും ബഹ്റൈനിൽ മുന്നേകാൽ ലക്ഷവുമാണ് പ്രവാസി ഇന്ത്യക്കാരുടെ എണ്ണം. അറബ് ലോകം കർശന നടപടിയിലേക്ക് നീങ്ങിയാൽ അത് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് മനസിലാക്കിയാണ് ബിജെപി നൂപുർ ശർമയെയും നവീൻ കുമാറിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ഇത്തരം പ്രസ്താവനകളോട് ബിജെപിക്ക് യോജിപ്പില്ലെന്ന് അറിയിക്കുകയും ചെയ്തത്. ഒരു സ്വകാര്യ ചാനലിൽ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ചർച്ചയിലാണ് നൂപുർ ശർമ പ്രവാചക നിന്ദ നടത്തിയത്. സമാനമായ പ്രതികരണം തുടർച്ചയായി ട്വീറ്റ് ചെയ്യുകയായിരുന്നു നവീൻ കുമാർ ജിൻഡാൽ. ഇതിൽ ഒരാൾ ബിജെപിയുടെ വക്താവും മറ്റേയാൾ മാധ്യമ വിഭാഗം മേധാവിയുമാണ്. എന്നിട്ടും അവരുടെ പ്രസ്താവനകൾ വ്യക്തിപരമാണ് എന്ന നുണ ആവർത്തിക്കുകയാണ് ഇപ്പോഴും ബിജെപി നേതൃത്വം. നൂപുർ ശർമ്മയുടെ പ്രസ്താവനയെത്തുടര്‍ന്ന് കാൺപൂരിൽ സംഘർഷം ശക്തമായപ്പോൾ മിണ്ടാതിരുന്ന നേതൃത്വം അറബ് രാജ്യങ്ങളുടെ പ്രതികരണം വന്നപ്പോൾ മാത്രമാണ് നടപടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാൺപൂരിൽ ഒരു പ്രാദേശിക മുസ്‍ലിം സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കടകളടപ്പിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയും നിരവധി പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ബറേലിയിലും നൂപുർ ശർമക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനമുണ്ടായതോടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മറ്റിടങ്ങളിലും പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് ഗൾഫ് രാജ്യമായ ഖത്തർ നയതന്ത്രതലത്തിൽ പ്രതിഷേധിച്ചത്. അപ്പോൾ മാത്രമാണ് ബിജെപി സ്വന്തം നേതാക്കളെ തള്ളിപ്പറഞ്ഞത്. അഭിഭാഷകയായ നൂപുർ ശർമ ബിജെപിയുടെ പ്രമുഖനേതാവും ദേശീയ വക്താവുമാണ്. കോളജ് കാലം മുതൽ ആർഎസ്എസ്-ബിജെപി പ്രവർത്തനങ്ങളിൽ സജീവമാണ്. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു. യുവമോർച്ചയുടെ ദേശീയ നിർവാഹക സമിതി അംഗവും ദേശീയ മാധ്യമ വിഭാഗം അധ്യക്ഷയുമായിരുന്നു. ബിജെപിയുടെ ഡൽഹി സംസ്ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. അടുത്തിടെയാണ് ദേശീയ വക്താവായി മാറിയത്. ചാനൽ ചർച്ചകളിലെ ബിജെപി സാന്നിധ്യമാണ്. ഡൽഹി സർവകലാശാല മുൻ പ്രൊഫസറും മനുഷ്യാവകാശ പ്രവർത്തകനുമായ സയ്യിദ് അബ്ദുറഹ്‌മാൻ ഗിലാനിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതു വഴിയും മാധ്യമങ്ങളിൽ ശ്രദ്ധേയയായിരുന്നു. വിവാദ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് രാജ്യത്ത് പ്രതിഷേധം വ്യാപിച്ചത്. മുംബൈയിലെ റാസ അക്കാദമിയുടെ പരാതിയില്‍ സൗത്ത് മുംബൈയില്‍ കേസെടുത്തു.


ഇതുകൂടി വായിക്കാം; മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചോ! ആര്?


പിന്നീട് പൂനെയിലും ഹൈദരാബാദിലും കേസെടുത്തു. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ സുബൈർ ആണ് വീഡിയോ പോസ്റ്റ് ചെയ്യുകയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഇതോടെ തനിക്ക് ബലാത്സംഗ ഭീഷണിയുണ്ടെന്ന് നുപുർ ശർമ പരാതിപ്പെടുകയും സുബൈറിനെതിരെ ഡൽഹി പൊലീസ് കേസെടുക്കുകയും ചെയ്തു. പാർട്ടി വക്താക്കളുയർത്തിയ മതനിന്ദയിൽ കേന്ദ്ര സർക്കാരും ഒരര്‍ത്ഥത്തില്‍ ബിജെപിയും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. വിദേശരാജ്യങ്ങൾ നിലപാട് കടുപ്പിച്ചത് ഉഭയകക്ഷി ബന്ധം ഉലയ്ക്കുമെന്നായപ്പോഴാണ് വക്താക്കൾക്കെതിരെ നടപടിയെടുക്കേണ്ടി വന്നത്. സ്വന്തം ഭരണ നേട്ടങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാനായി അടുത്തിടെ മോഡിയും സംഘവും തുടങ്ങിയ ബിജെപിയെ അറിയുക എന്ന പ്രചാരണ പരിപാടിക്കും തിരിച്ചടിയാണ്. വിദേശ രാജ്യ പ്രതിനിധികളുമായി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ചർച്ച നടത്തി വരുമ്പോഴാണ് രാജ്യത്തിനു തന്നെ അപമാനമുണ്ടാക്കുന്ന തരത്തിൽ പാർട്ടി വക്താക്കളുടെ വർഗീയ പരാമർശങ്ങള്‍. മോഡിയുടെ എട്ടു വർഷത്തെ ഭരണത്തിൽ ഭാരതമാതാവ് അപമാനഭാരത്താൽ തലകുനിച്ചെന്ന് മുൻ ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി തന്നെ വിമർശിച്ചു. അതിർത്തി വിഷയത്തിൽ ചൈനയ്ക്കും, ഉക്രെയ്ൻ വിഷയത്തിൽ റഷ്യക്കും ക്വാഡിൽ അമേരിക്കയ്ക്കും ഇപ്പോഴിതാ ചെറിയ രാജ്യമായ ഖത്തറിനു മുന്നിലും മോഡി ദണ്ഡനമസ്കാരം നടത്തിയിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ആരുടെയും മത വിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നടപടി നേരിട്ട നേതാക്കളും ബിജെപിയും ഏറ്റുപറഞ്ഞുവെങ്കിലും അന്താരാഷ്ട്ര രംഗത്തെ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കറുത്ത പാട് മായ്ക്കാൻ അതിന് കഴിയില്ല. ഇരുവർക്കുമെതിരായ നിയമ നടപടികളിലെ തുടർനീക്കങ്ങളും അന്താരാഷ്ട്ര തലത്തിൽ നിർണായകമാകും. മോഡി അധികാരത്തിലെത്തിയതിനു ശേഷം വംശീയ വിദ്വേഷങ്ങളുടെയും ന്യൂനപക്ഷ പീഡനത്തിന്റെയും പേരിൽ നിരവധി അന്താരാഷ്ട്ര ഏജൻസികൾ കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും കൊലപാതകങ്ങളും കഴിഞ്ഞ വർഷങ്ങളില്‍ വ്യാപകമായതായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഗോസംരക്ഷണത്തിന്റെ പേരിൽ മുസ്‍ലിം ജനതയ്ക്കും മത സ്ഥാപനങ്ങൾക്കും സ്വത്തുക്കൾക്കും നേരെയുള്ള ആക്രമണങ്ങൾ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ എന്നിവയുൾപ്പെടെ ന്യൂനപക്ഷപീഡനം വർധിച്ചുവരികയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇന്ത്യയെ ‘ചുവപ്പുപട്ടിക’യിൽ ഉൾപ്പെടുത്തണമെന്ന് യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അമേരിക്കൻ ഭരണകൂടത്തോട് ശുപാർശ ചെയ്തത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. തുടർച്ചയായ മൂന്നാം വർഷമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം ലംഘിച്ചതിന് ഇന്ത്യയെ ‘പ്രത്യേകം കരുതിയിരിക്കേണ്ട രാജ്യം’ ആയി പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്യുന്നത്. ഇങ്ങനെ ലോകത്തിനു മുമ്പില്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും തുടര്‍ച്ചയായി നാണം കെടുത്തുകയാണ് ബിജെപി-ആര്‍എസ്എസ് ഭരണകൂടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.