30 September 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ റാങ്ക് ഇടിയുമ്പോൾ

Janayugom Webdesk
June 11, 2022 5:29 am

യൂണിവേഴ്സിറ്റികളെയെല്ലാം ഫാസിസ്റ്റ് കക്ഷികൾ നോട്ടമിടുന്ന ഒരു രീതി ചരിത്രം പഠിച്ചാൽ മനസിലാകും, ആദ്യം പുറമെനിന്ന് ആക്രമിക്കും പിന്നീട് അധികാരം ലഭിച്ചാൽ അകമേ നിന്ന് നശിപ്പിക്കും. ജർമ്മനിയിലും ഇറ്റലിയിലും പുലര്‍ത്തുന്ന രീതികളാണ് ഇന്ത്യയിലും ആവർത്തിക്കപ്പെടുന്നത്. രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥ നേരിടുന്ന തകർച്ചയും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഫലമായി ഉണ്ടാകാൻ പോകുന്ന അപകടങ്ങളെയും കുറിച്ചു സൂചനകൾ നൽകുന്ന ഒരു റിപ്പോർട്ട് ഈയിടെ പുറത്തുവന്നു. അന്താരാഷ്ട്ര തലത്തിൽ സർവകലാശാലകൾക്ക് റേറ്റിങ് നൽകുന്ന ക്യൂഎസ് ലോക യൂണിവേഴ്സിറ്റി റാങ്കിങ്സ് എന്ന വാർഷിക റിപ്പോർട്ടിലാണ് ഈ സൂചനകൾ ഉള്ളത്. ജെഎൻയു, ജാമിയ മിലിയ, ഡൽഹി യൂണിവേഴ്സിറ്റി(ഡിയു), ജാദവ്പുർ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് തുടങ്ങി പല യൂണിവേഴ്സിറ്റികളും ഈ റാങ്കിങ് പട്ടികയിൽ താഴോട്ട് വീണു. റിപ്പോർട്ടിനെക്കുറിച്ചു ഞങ്ങൾ പഠിച്ചു വരികയാണെന്നാണ് ഡൽഹി യൂണിവേഴ്സിറ്റി വി സി യോഗേഷ് സിങ് പ്രതികരിച്ചത്. റാങ്കിങ് തയാറാക്കിയ രീതികളിൽ പിഴവുണ്ടെന്നും ചില സർവകലാശാലകൾ ആരോപിക്കുന്നുണ്ട്. ഈ റിപ്പോർട്ട് വിശദമായി പഠിക്കുമ്പോൾ നമുക്കു വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. അതിന് മുമ്പ് റിപ്പോർട്ട് തയാറാക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ പരിശോധിക്കാം. ആറ് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് റാങ്കിങ് തയാറാക്കുന്നത്. ഒന്നാമത്തേത്, അക്കാദമിക് പ്രശസ്തി (അക്കാദമിക് റെപ്യൂട്ടേഷന്‍), രണ്ട്- പഠിച്ചിറങ്ങുന്നവരുടെ പ്രാഗത്ഭ്യം (എംപ്ലോയര്‍ റെപ്യൂട്ടേഷന്‍), യൂണിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചിറങ്ങുന്നവരുടെ കരിയർ, മികവ് എന്നിവയെ പഠിച്ചുകൊണ്ട് തയാറാക്കുന്ന സൂചിക, മൂന്ന്- അധ്യാപക‑വിദ്യാർത്ഥി അനുപാതം (ഫാക്കല്‍റ്റി സ്റ്റുഡന്റ് റേഷ്യോ), നാല്- ഓരോ ഫാക്കൽറ്റികളെയും അവലംബിച്ചു പുറത്തുവരുന്ന ഗവേഷണ പേപ്പറുകൾ (സിറ്റേഷന്‍ പെര്‍ ഫാക്കല്‍റ്റി), അഞ്ച്- അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അനുപാതം. ആറാമത്തേത് അന്താരാഷ്ട്ര ഫാക്കൽറ്റികളുടെ അനുപാതം.


ഇതുകൂടി വായിക്കൂ: വിദ്യാഭ്യാസ ലക്ഷ്യങ്ങളെ വഴിതെറ്റിക്കുന്ന ദേശീയനയം


ജെഎൻയു, ജാമിയ മിലിയ അടക്കമുള്ള സർവകലാശാലകളെ കലാപകാരികളെയും ഹിന്ദുത്വ തീവ്രവാദികളെയും ഉപയോഗപ്പെടുത്തി കലുഷിതമാക്കാനും വലതുപക്ഷ മാധ്യമങ്ങളെ ചട്ടുകമാക്കി വ്യാജപ്രചാരണം നടത്തി നശിപ്പിക്കാനുമായിരുന്നു ആദ്യ ശ്രമം. എന്നാൽ വിദ്യാർത്ഥികളുടെ ചെറുത്തുനില്പിന്റെ മുന്നിൽ ഇതെല്ലാം പരാജയപ്പെട്ടു. ഈ വർഷം സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രുതി ശർമ്മ ജാമിയ മിലിയയിലെ സിവിൽ സർവീസ് പഠന വിങ് ആയ ആർസിഎയിൽ പഠിച്ച വ്യക്തിയാണ്. അതോടൊപ്പം ജെഎൻയു വിദ്യാർത്ഥി കൂടിയായിരുന്നു. നവലിബറൽ വിദ്യാഭ്യാസ നയങ്ങൾ ഏല്പിച്ച ക്ഷീണങ്ങൾക്ക് നടുവിലും മരുഭൂമിയിലെ മരുപ്പച്ചയെന്ന പോലെ പിടിച്ചു നിന്ന രണ്ട് സർവകലാശാലകളാണ് ജെഎൻയുവും ജാമിയയും. എന്നാൽ ബിജെപി അധികാരത്തിലേറിയതോടെ കാര്യങ്ങൾ മാറിത്തുടങ്ങി. തങ്ങൾക്ക് അനുകൂലമായ രീതിയിൽ കാര്യങ്ങൾ മാറ്റിമറയ്ക്കാൻ ഒരുപാട് അധ്യാപകരെ കുത്തിക്കയറ്റി യൂണിവേഴ്സിറ്റികളുടെ നിലവാരം നശിപ്പിച്ചു. അതോടൊപ്പം യൂണിവേഴ്സിറ്റികൾക്ക് നൽകി വരുന്ന ഫണ്ടുകൾ വെട്ടിച്ചുരുക്കി. പുതിയ റാങ്കിങ്ങിനോട് അഭിനവ ജെഎൻയു വി സിയായ ശാന്തിശ്രീ ദുലിപുദി പണ്ഡിറ്റ് പ്രതികരിക്കവേ ജെഎൻയുവിൽ ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ കുറവാണ് എന്ന് കുറ്റസമ്മതം നടത്തി.
ക്യൂഎസ് യൂണിവേഴ്സിറ്റി റാങ്കിങ്ങിന്റെ മാനദണ്ഡങ്ങളും ഇന്ത്യയിലെ സർവകലാശാലകളോട് താരതമ്യം ചെയ്യാം. അതോടൊപ്പം നവ വിദ്യാഭ്യാസ നയം യൂണിവേഴ്സിറ്റികളുടെ മികവിനെ എങ്ങനെ തകർക്കുമെന്നും വിശകലനം ചെയ്യാം.


ഇതുകൂടി വായിക്കൂ: ചാൻസലറല്ല; സ്വയം ഭരണമാണ് പ്രശ്നം


ഡൽഹി യൂണിവേഴ്സിറ്റിയിൽ അധ്യാപക വിദ്യാർത്ഥി അനുപാതം ആരോഗ്യകരമായ രീതിയിലല്ല എന്ന് 2021ലെ എന്‍ഐആര്‍എഫ് റിപ്പോർട്ട് പറയുന്നുണ്ട്. ആ സാഹചര്യത്തിൽ നിന്ന് ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. ഡൽഹി യൂണിവേഴ്സിറ്റി അധ്യാപക സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി വേണ്ടത്ര മികവില്ലാത്ത അധ്യാപകരെ നിയമിച്ചത് സിറ്റേഷന്‍ പെര്‍ ഫാക്കല്‍റ്റി സൂചികയിൽ ഇടിവ് വരാൻ കാരണമായി എന്നു അനുമാനിക്കാം. ദേശീയതലത്തിൽ ശ്രദ്ധേയരായ അധ്യാപകർ ഉണ്ടെങ്കിലും അവർക്ക് വേണ്ടത്ര വെയിറ്റേജ് കിട്ടുന്നില്ല എന്നും 2021 ലെ എന്‍ഐആര്‍എഫ് റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. 2019 മുതൽ ഡിയുവിന് സംഭവിക്കുന്ന പതനം വലുതാണ്. അധ്യാപക വിദ്യാർത്ഥി അനുപാതം കൂടാതെ കൃത്യമായ ഫണ്ടുകൾ ലഭിക്കാത്തതും ലഭിച്ച ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാത്തതും ഡൽഹി യൂണിവേഴ്സിറ്റിയുടെ പ്രധാന പ്രശ്നങ്ങളാണ്.
പ്രഗത്ഭരായ വ്യക്തികളെ സംഭാവന ചെയ്യുന്നതിൽ ജെ എൻയു, ജാമിയ, ഡൽഹി യൂണിവേഴ്സിറ്റി മുൻകാലങ്ങളിൽ പരസ്പര മത്സരത്തിലായിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കൾ മുതൽ ശാസ്ത്ര, സാമ്പത്തിക ഗവേഷണ മേഖലകളിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തിയ എത്രയോ പേർ ഈ യൂണിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. എന്നാൽ അ ത്തരം ഒരു ഭൂതകാലത്തിന്റെ പ്രേതം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. സിലബസിൽ കാവി പുരളുന്നതും മികച്ച അധ്യാപകരുടെ അഭാവവും ഉയർന്ന ഫീ നിരക്കും കൊണ്ട് വിഷലിപ്തമായ സർവകലാശാലകളിൽ എങ്ങനെയാണ് വ്യക്തിത്വ വികസനം സാധ്യമാകുക?

ദേശീയ വിദ്യാഭ്യാസ നയവും സർവകലാശാലകളുടെ ഭാവിയും

പ്രഗത്ഭരായ മികവുറ്റ വിദ്യാർത്ഥികൾ, അധ്യാപകർ, എന്നിവ ഉണ്ടാകണമെങ്കിൽ മികച്ച സിലബസ്, കൃത്യമായ ബജറ്റ് ഫണ്ടുകൾ സർവകലാശാലകൾക്ക് ലഭിക്കണം. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ടുകൾ വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ പരിഷ്കാരങ്ങൾ പ്രകാരം സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ ഏകീകൃത പരീക്ഷയ്ക്ക് കോച്ചിങ് നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾ കൂണുകൾ പോലെ മുളച്ചു പൊന്തിക്കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖല അതിവേഗം തന്നെ പരിപൂർണമായി വരേണ്യവല്ക്കരിക്കപ്പെടുമെന്നു ഉറപ്പായി.
ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയെന്ന നിലയിൽ ചില കാര്യങ്ങൾ കൂടി പറയട്ടെ. ഏതൊരു വലതുപക്ഷ വിദ്യാഭ്യാസ നയവും ആദ്യം പരീക്ഷിക്കപ്പെടുന്നത് ഡല്‍ഹി യൂണിവേഴ്സിറ്റിയിലാണ്. ഇപ്പോൾ ദേശീയ വിദ്യാഭ്യാസ നയത്തിനെ മുഴുവനായും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് യൂണിവേഴ്സിറ്റി. അതിന് സർക്കാരിന് മാർഗതടസമായിരുന്ന ഡൽഹി യൂണിവേഴ്സിറ്റി അധ്യാപക അസോസിയേഷൻ തെരഞ്ഞെടുപ്പ് അതിവിദഗ്‌ധമായി തങ്ങൾക്ക് അനുകൂലമാക്കി തീർത്തു. ഇടതുപക്ഷ ശബ്ദങ്ങളെ മുഖ്യധാരയിൽ നിന്ന് അരികുകളിലേക്ക് തള്ളിവിട്ടു. ഡൽഹി യൂണിവേഴ്സിറ്റിയിൽ പരീക്ഷിച്ച് പരാജയപ്പെട്ട് ഒടുവിൽ ആർഎസ്എസ് അനുകൂല സംഘടനകളുടെ അടക്കം സമരം ചെയ്തത് മൂലം റദ്ദാക്കപ്പെട്ട നാലു വർഷ ബിരുദ കോഴ്സിനെ ന്യായീകരിക്കുക എന്ന വ്യായാമത്തിലാണ് ഇവിടുത്തെ വലതുപക്ഷ ശക്തികൾ.
ജവഹർലാൽ നെഹ്രു സർവകലാശാല ഒരു വർഷം മുമ്പ് 561–570 റാങ്കിൽ ആയിരുന്നു. അവിടെ നിന്ന് 601–650 ബ്രാക്കറ്റിലേക്ക് താഴ്ന്നു. അക്കാദമിക് പ്രശസ്തി സ്കോർ 2022ൽ രേഖപ്പെടുത്തിയ 28.8 ൽ നിന്ന് 28.2 ആയി കുറഞ്ഞു.
ഡൽഹി സർവകലാശാലയുടെ 2023 റാങ്കിങ് 501–510ൽ നിന്ന് 521–530 ബ്രാക്കറ്റിലേക്ക് താഴ്ന്നു. അക്കാദമിക് പ്രശസ്തി സ്കോർ 35.3 ൽ നിന്ന് 34.2 ആയി കുറഞ്ഞു. ജാമിയ മിലിയ ഇസ്‌ലാമിയയുടെ ഈ വർഷത്തെ റാങ്കിങ് ഒരു വർഷം മുമ്പ് രേഖപ്പെടുത്തിയ 751–800 ൽ നിന്ന് 801‑1000 ബ്രാക്കറ്റിലേക്ക് താഴ്ന്നു. ഇവയൊന്നും ശുഭകരമായ സൂചനകൾ അല്ല. കേന്ദ്രസർക്കാരിന്റെ സർവകലാശാല നശീകരണ നയങ്ങൾക്ക് എതിരെ യോജിച്ച പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ട സമയമാണിത്.

(എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗവും ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.