22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 11, 2024
July 26, 2024
July 25, 2024
July 12, 2024
June 6, 2024
November 28, 2023
February 14, 2023
December 14, 2022
August 27, 2022
June 29, 2022

വിമുക്തഭട സ്നേഹം വ്യാജം

*സർക്കാർ ജോലിയിൽ എണ്ണം നാമമാത്രം 
*സംവരണം ചെയ്യപ്പെട്ട ഒഴിവുകളിലും നിയമനമില്ല
Janayugom Webdesk
June 20, 2022 9:15 pm

കേന്ദ്ര സായുധ പൊലീസ് സേനയിലും, പ്രതിരോധ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ‘അഗ്നിവീരൻ’മാർക്ക് 10 ശതമാനം സംവരണം എന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം പൊള്ളയാണെന്ന് കണക്കുകൾ. നിലവിലെ വിമുക്തഭടന്മാരിൽ നിന്ന് സർക്കാർ ജോലികളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്ന് ഔദ്യോഗിക രേഖകൾ കാണിക്കുന്നു. ഈ വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവുകളിലാണ് എണ്ണത്തിലെ കുറവ്.
പ്രതിരോധ മന്ത്രാലയത്തിലെ വിമുക്തഭടന്മാരുടെ ക്ഷേമ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റിൽ ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ ഇത് തെളിയിക്കുന്നു. കേന്ദ്ര സർക്കാർ വകുപ്പുകളിൽ 10 ശതമാനം ഗ്രൂപ്പ് സി പോസ്റ്റുകളും 20 ശതമാനം ഗ്രൂപ്പ് ഡി പോസ്റ്റുകളും വിമുക്തഭടന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ 77 വകുപ്പുകളിൽ ഗ്രൂപ്പ് സിയിലെ മൊത്തം അംഗബലത്തിന്റെ 1.29 ശതമാനവും ഗ്രൂപ്പ് ഡിയിൽ 2.66 ശതമാനവും മാത്രമാണ് വിമുക്തഭടൻമാർ.
34 വകുപ്പുകളിലെ 10, 84,705 ഗ്രൂപ്പ് സി ജീവനക്കാരിൽ 13,976 പേർ മാത്രമാണ് ഈ വിഭാഗം. 3,25,265 ഗ്രൂപ്പ് ഡി ജീവനക്കാരിൽ വിമുക്തഭടന്മാർ 8,642 പേർ മാത്രം. അർധസെെനിക വിഭാഗത്തിലെ അസിസ്റ്റന്റ് കമാൻഡന്റ് തലം വരെ നേരിട്ടുള്ള റിക്രൂട്ട്മെന്റിൽ വിമുക്തഭടന്മാർക്ക് 10 ശതമാനം സംവരണമുണ്ട്. എന്നാൽ 2021 ജൂൺ 30 ലെ കണക്കനുസരിച്ച് വിമുക്തഭടന്മാർ ഗ്രൂപ്പ് സി യിൽ 0. 47 ശതമാനം മാത്രമാണ്. ആകെയുള്ള 8,81,397 ൽ 4,146 മാത്രം. ഗ്രൂപ്പ് ബിയിൽ 0. 87 ശതമാനവും 61,650 ൽ വെറും 539 എണ്ണം. ഗ്രൂപ്പ് എയിൽ 2.20 ശതമാനം അഥവാ 76,681 ൽ 1,687.
റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ബിഎസ്എഫ്, സിആർപിഎഫ്, സശസ്ത്ര സീമാ ബൽ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, അസം റൈഫിൾസ് എന്നിവ നല്കിയ കണക്കുകളും കുറവ് കാണിക്കുന്നു. അതേസമയം ദേശീയ സുരക്ഷാ ഗാർഡ് 2021 മേയ് 15 വരെ റിപ്പോർട്ട് സമർപ്പിച്ചിട്ട് പോലുമില്ല.
പൊതുമേഖലാ സ്ഥാപനങ്ങളിൽ, വിമുക്തഭടന്മാരുടെ ക്വാട്ട ഗ്രൂപ്പ് സി തസ്തികകളിൽ 14.5,ഗ്രൂപ്പ് ഡി തസ്തികകളിൽ 24.5 ശതമാനം എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ആകെയുള്ള 170 പൊതുമേഖലാ സ്ഥാപനങ്ങളിൽ 94 എണ്ണത്തിലും വിമുക്തഭടന്മാർ ഗ്രൂപ്പ് സി യിൽ 1.15 ശതമാനവും ഡി യിൽ 0. 3 ശതമാനവും മാത്രമാണെന്ന് കണക്കുകള്‍ പറയുന്നു.
ഗ്രൂപ്പ് സിയിൽ നേരിട്ടുള്ള റിക്രൂട്ട്മെന്റിന് 14.5 ശതമാനവും ഗ്രൂപ്പ് ഡിയിൽ 24.5 ശതമാനവുമായി നിശ്ചയിച്ചിട്ടുള്ള പൊതുമേഖലാ ബാങ്കുകളിൽ സ്ഥിതി അല്പം മെച്ചമാണ്. 13 പൊതുമേഖലാ ബാങ്കുകളിൽ ഗ്രൂപ്പ് സിയിൽ 9.10 ഉം ഡി യിൽ 21.34 ഉം ശതമാനം വിമുക്തഭടന്മാരാണ്.

26 ലക്ഷം വിമുക്തഭടന്മാര്‍

2021 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ വിമുക്തഭടന്മാരുടെ എണ്ണം 26,39,020 ആണ്. കരസേനയിൽ നിന്ന് വിരമിച്ചവർ 22,93,378, നാവിക സേനയിൽ നിന്ന് 1,38,108, വ്യോമ സേനയിൽ നിന്ന് 2,07,534. വിമുക്തഭടന്മാരുടെ റിക്രൂട്ട്മെന്റിലെ കുറവ് സംബന്ധിച്ച് മുമ്പ് പല യോഗങ്ങളിലും ഉന്നയിച്ചിരുന്നു. മുൻ സൈനികർക്കുള്ള സംവരണം നടപ്പിലാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, മുതിർന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗം ജൂൺ രണ്ടിന് മുൻ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു.

Eng­lish summary;

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.