22 November 2024, Friday
KSFE Galaxy Chits Banner 2

പേരുപറയില്ല, തൊട്ടുകാണിക്കാം!

വാതില്‍പ്പഴുതിലൂടെ
Janayugom Webdesk
July 4, 2022 6:00 am

ണ്ടെങ്ങാണ്ട് സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണിന്റെ പേര്‍ പരസ്യമാക്കരുതെന്ന്. വേണമെങ്കില്‍ തൊട്ടുകാണിക്കാം, ചൂണ്ടിക്കാണിക്കാം, കണ്ണിറുക്കിക്കാണിക്കാം എന്നീ മൂന്ന് ഓപ്ഷനുകള്‍ കോടതി നല്കിയുമില്ല. ആകെ വെട്ടിലായ മാധ്യമങ്ങള്‍ ഇര, പീഡിത എന്നെല്ലാം മാനഭംഗം ചെയ്യപ്പെട്ടവള്‍ക്ക് വിശേഷണം നല്കി. കുറേക്കഴിഞ്ഞപ്പോള്‍ പീഡിതയ്ക്കു തേയ്മാനം വന്നു. ഇനി മറ്റൊരു പേരു കണ്ടുപിടിക്കാന്‍ മാധ്യമ ഗവേഷണശാലകളില്‍ തിരക്കിട്ട ചിന്തയായി. ഹായ് കിട്ടിപ്പോയി പുതിയ വാക്ക് അതിജീവിത. ആക്രമിക്കപ്പെട്ട നടിയെ ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയില്‍ കൊണ്ടുവന്ന് അവതരിപ്പിച്ചത് അതിജീവിതപോലുമല്ലാതായിട്ടും സദസ് അതിജീവിതയെന്ന് ആര്‍ത്തുവിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് അതിജീവിതത്തിന്റെ നൂറ് ഇരുള്‍ഗൃഹങ്ങള്‍ താണ്ടിയിട്ടും അതിജീവിത എന്ന വിശേഷണം ആ സ്വപ്നസുന്ദരിക്ക് ആരും നല്കുന്നുമില്ല, തനിക്ക് ആ വിശേഷണം വേണ്ടെന്ന് സ്വപ്ന പറയുകയും ചെയ്യുന്നു. അതിജീവനത്തിന്റെ സുഗന്ധവും മധുരവുമുളള നിമിഷങ്ങളുള്ളപ്പോള്‍ ആര്‍ക്കു വേണം ഈ അതിജീവിതപ്പട്ടം. ബ്രാ‍ന്‍ഡഡ് ന്യൂ അതിജീവിതയായി ഇതാ സോളാര്‍ തട്ടിപ്പുറാണിയും യവനിക പൊക്കി അരങ്ങത്തേക്ക്. തന്നെ പീഡിപ്പിച്ചു, തന്റെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വീഡിയോ ഒരു ഐജി തട്ടിയെടുത്തു എന്നിങ്ങനെ മൈക്കുവച്ച് വിലപിച്ച സ്ത്രീയുടെ പേര് ഇപ്പോള്‍ ഉരിയാടിയാല്‍ അകത്ത്. അതിജീവിത, പീഡനറാണി, പരാതിക്കാരി എന്നിങ്ങനെയേ ആകാവൂ. ഇതെല്ലാം കേട്ട ജനം പറയുന്നു, ‘ഞങ്ങളെയങ്ങ് ഇങ്ങനെ ആക്കരുത്!’

ഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു. മാനന്തവാടി പള്ളിക്കരയില്‍ മുഹമ്മദ് ജലാലിനെ അറസ്റ്റ് ചെയ്തെന്ന്. ആദ്യരാത്രിയില്‍ മണവാട്ടി ഉറക്കമായപ്പോള്‍ അവളുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിക്കൊണ്ടു കടന്ന കേസില്‍ 19 വര്‍ഷത്തിനുശേഷമുള്ള അറസ്റ്റ്. പണ്ടൊരു വിരുതന്‍ ഞങ്ങളുടെ കണിയാപുരത്തുണ്ടായിരുന്നു. ഓടുപൊളിച്ചും കൂരപൊക്കിയും അയാള്‍ നിരവധി പെണ്ണുങ്ങളെ അതിജീവിതകളാക്കി. ഒടുവില്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ആ വിരുതനെ പിടിച്ചു പെണ്ണുകെട്ടിച്ചു. ആദ്യരാത്രിയില്‍ മണവാട്ടി മണിയറവാതില്‍ തുറന്ന് കാത്തിരിപ്പായി. ‘അകലെയാ പാതിരാപ്പക്ഷിപോലും ചിറകുമൊതുക്കി ഉറക്കമായി.’ അപ്പോഴാണ് മണവാളന്‍ വിദ്വാന്റെ ഓടുപൊളിച്ച് കഴുക്കോലില്‍ തൂങ്ങിയിറങ്ങുന്ന രംഗപ്രവേശം. ഇതിനെയാണ് ജന്മവാസനയെന്നു പറയുന്നത്. ഇക്കഴിഞ്ഞ ദിവസം സോളാര്‍ക്കേസ് പ്രതിയായ സ്ത്രീ (സോറി അതിജീവിത) പി സി ജോര്‍ജിനെതിരെ ഒരു പീഡന പരാതി നല്കി. ഗസ്റ്റ് ഹൗസില്‍ വച്ച് തന്നെ പീഡ‍ിപ്പിച്ചെന്ന്. അതും അനന്തപുരിനാഥന്റെ നാമധേയത്തിലുള്ള ശ്രീപത്മനാഭ ഗസ്റ്റ് ഹൗസില്‍ വച്ച്. ഈ പരാതി കൊടുത്തതോടെ സോളാര്‍ റാണിക്ക് അതിജീവിതപ്പട്ടവും ലഭിച്ചു. ജോര്‍ജാകട്ടെ ആണയിട്ടു പറയുന്നു’ ഞാനാരെയും പീഡിപ്പിച്ചിട്ടില്ല എന്നെക്കൊണ്ട് അതൊട്ടും കഴിയുകയുമില്ല.’ ആറടി സാമൂഹ്യാകലം പാലിക്കുന്ന ഭീമന്‍ കുടവയറിനു പിന്നില്‍ നിന്ന ജോര്‍ജ് പറയുന്നതല്ലേ വിശ്വസിക്കേണ്ടത്. ഈ പെരുകുംഭയുടെ ആനുകൂല്യം നല്കിയെങ്കിലും പി സിയെ വെറുതേ വിടേണ്ടതല്ലേ!

ചില രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും ഓര്‍ത്തുപോയി. രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുല്‍ കലാം തനിക്ക് ഇന്ത്യയിലും വിദേശത്തുനിന്നും ലഭിച്ച സമ്മാനങ്ങള്‍ നിരത്തി ഒരു മ്യൂസിയമുണ്ടാക്കിയശേഷമാണ് റെയ്‌സിനാകുന്നുകളുടെ പടവുകളിറങ്ങിയത്. കയ്യില്‍ ആകെയുണ്ടായിരുന്നത് നാലു ജോഡി വസ്ത്രങ്ങളും ഒരു പേനയും മാത്രം. പ്രധാനമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍നന്ദ പടിയിറങ്ങിയത് കയ്യില്‍ ഒരു തുണിസഞ്ചിയിലെ പഴയ വസ്ത്രങ്ങളുമായി. തൊണ്ണൂറ്റി നാലാം വയസില്‍ അദ്ദേഹത്തെ താന്‍ താമസിച്ച വീട്ടില്‍ നിന്നും വാടകവൈകിപ്പോയതിനാല്‍ ഇറക്കിവിട്ടു. ഒരു സാധാരണ കുടിയൊഴിപ്പിക്കല്‍പോലെ ഒരു ലേഖകന്‍ ഇതേക്കുറിച്ച് ഒരു വാര്‍ത്ത എഴുതിനല്കി. മുന്‍ പ്രധാനമന്ത്രിയുടെ ചിത്രം കണ്ട് പകച്ചുപോയ പത്രാധിപര്‍ ആ വാര്‍ത്ത അടിമുടി മാറ്റിയെഴുതിച്ചു. ഇതിനിടെ തങ്ങളുടെ വാടകക്കാരന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്നറിഞ്ഞ് ആദരപൂര്‍വം ഒഴിപ്പിക്കല്‍ നടപടികള്‍ ഉപേക്ഷിച്ചുവെന്നാണ് വാര്‍ത്ത. പെന്‍ഷന്‍ കിട്ടിയയുടന്‍ വീട്ടുടമയ്ക്ക് ആ ഒറ്റമുറി വീട്ടിന്റെ വാടക നല്കി. ഇത് ഒരു മുന്‍പ്രധാനമന്ത്രിയുടെ കഥ. എന്നാല്‍ എല്ലാ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും ഇങ്ങനെയായിരുന്നില്ല. രാഷ്ട്രപതിമാരായ ആര്‍ വെങ്കട്ടരാമനും പ്രതിഭാപാട്ടീലും തങ്ങള്‍ക്കുകിട്ടിയ സമ്മാനങ്ങള്‍ മാത്രമല്ല രാഷ്ട്രപതിഭവനിലെ അലങ്കാര കട്ടിലുകളും കസേരകളും എന്തിന് ഉപ്പുചിരട്ടയടക്കം ലോഡുകണക്കിനു സാധനങ്ങളാണ് ചെന്നൈയിലും പൂനയിലുമുള്ള തങ്ങളുടെ വസതികളിലേക്ക് കടത്തിയത്. കഴിഞ്ഞ ദിവസം യുഎഇ പര്യടനത്തിനെത്തിയ പ്രധാനമന്ത്രി മോഡിക്ക് അവിടെ പ്രസിഡന്റ് ഷേഖ് അല്‍നഹ്യാന്‍ കഴുത്തിലണിയിച്ചു കൊടുത്തത് 200 പവന്റെ നെക്‌ലേസ്. നയതന്ത്ര ചാനലിലൂടെ ആ നെക്‌ലേസ് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ട്. ആ സ്വര്‍ണാഭരണത്തിനെന്തു സംഭവിക്കുമെന്ന് രണ്ടു വര്‍ഷം കഴിഞ്ഞ് മോഡി പടിയിറങ്ങുന്നതുവരെ നമുക്ക് കാത്തിരിക്കാം.

മ്മുടെ പൊലീസും കോടതികളും പരമരസികന്മാരല്ലെന്ന് എങ്ങനെ പറയാനാകും. രണ്ട് ദിവസം മുമ്പ് കണ്ണൂര്‍ മയ്യിലില്‍ ഭാസ്കരന്‍ എന്നയാള്‍‍ കൈവരിയില്ലാത്ത കലുങ്കിനിടയിലൂടെ ആയാസപ്പെട്ടു വാഹനമോടിക്കുന്നതിനിടെ വാഹനം മറിഞ്ഞ് തോട്ടില്‍വീണ് മരണമടഞ്ഞു. ചിതയാറും മുമ്പ് ഭാസ്കരന്റെ ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും നോട്ടീസ്. അശ്രദ്ധമായി വാഹനമോടിച്ച ഭാസ്കരന്റെ കുറ്റത്തിന് അരലക്ഷം രൂപ ഉടനടി പിഴയടയ്ക്കണം! എന്തൊരു ജാഗ്രത, എന്തൊരു കരുതല്‍, കേരളത്തില്‍ത്തന്നെ ഒരുമ്മയെ അവര്‍ വളര്‍ത്തിയ മുട്ടനാട് ഇടിച്ചുകൊന്നു. പൊലീസ് ആടിനെതിരെ കേസുമെടുത്തു. വധോദ്ദേശ്യത്തോടെ ഉമ്മയുടെ നെഞ്ചില്‍ കൂറ്റന്‍ കൊമ്പുകള്‍ കൊണ്ട് ഇടിച്ചുകൊന്നതിന് കൊലപാതകം, ഗൂ‍ഢാലോചന എന്നീ കാക്കത്തൊള്ളായിരം വകുപ്പുകളനുസരിച്ചാണ് എഫ്ഐആര്‍. മധ്യപ്രദേശിലെ കടുവാസങ്കേതത്തില്‍ നിന്നിറങ്ങിയ കടുവ ഒരു മനുഷ്യനെ കടിച്ചുവലിച്ച് കാട്ടിലേക്ക് കൊണ്ടുപോയി ഭക്ഷിച്ചതിന് കടുവയ്ക്കെതിരെ കേസെടുത്തതിന്റെ വാര്‍ത്ത മറ്റൊന്ന്. മധ്യധരണ്യാഴിയില്‍ ഒരു കൂറ്റന്‍ തിമിംഗല സ്രാവ് ബോട്ടിലിരുന്ന മീന്‍പിടിത്തക്കാരനെ വാല്‍കൊണ്ട് മര്‍ദ്ദിച്ചതിനും ഉളിപ്പല്ലുകള്‍ കൊണ്ട് കടിച്ചുതിന്നാന്‍ ശ്രമിച്ചതിനു മുണ്ട് തിമിംഗലത്തിനെതിരെ കേസ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ദമ്പതിമാരായ മൂത്തമ്മയും മൂപ്പിലാനുമെത്തി. കസ്റ്റംസ് പൊലീസിന് മുത്തശ്ശന്റെ ബാഗില്‍ എന്തെന്നറിയണം. ആവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് അരിശം പൂണ്ട വൃദ്ധന്‍ പറഞ്ഞു ബാഗില്‍ ബോംബെന്ന്. പൊലീസ് ബാഗ് അരിച്ചുപെറുക്കി പരിശോധിച്ചു. ബാഗില്‍ ബോംബുമില്ല, ചേമ്പുമില്ല. പക്ഷെ പൊലീസ് മൂപ്പിലാനെതിരെ കേസെടുത്തു; വിമാനത്താവളത്തില്‍ ബോംബു ഭീഷണിക്കുറ്റം ചുമത്തി. പൊലീസ് പരമരസികന്മാരും പരമോന്നത കാരുണ്യവാന്മാരും ആണെന്നതിന് ഇതില്പരം തെളിവുവേണോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.