22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022
October 25, 2022
October 20, 2022

ജനരോഷം: രാജിവച്ച് പ്രധാനമന്ത്രി

Janayugom Webdesk
July 9, 2022 11:20 pm

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ ജനകീയരോഷം അണപൊട്ടി. രാജിയാവശ്യപ്പെട്ട് ലക്ഷക്കണക്കിന് പ്രക്ഷോഭകര്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ വസതിയും ഓഫീസും പിടിച്ചെടുത്തു. അതേസമയം, ഗോതബയ രാജപക്സെ രാജ്യം വിട്ടതായി സൂചന. പ്രക്ഷോഭകര്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വീട് അഗ്നിക്കിരയാക്കി.
കൊളംബോയിലെ ഗല്ലെ ഫേസിലെ പ്രസിഡന്റിന്റെ വസതിയിലേക്കാണ് ജനക്കൂട്ടം ഇരച്ചുകയറിയത്. പ്രക്ഷോഭകരെ നേരിടാന്‍ പട്ടാളം നിരവധി തവണ ആകാശത്തേക്ക് വെടിവച്ചു. പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാനും പേരുടെ നില ഗുരുതരമാണ്.
പൊലീസ് ബാരിക്കേഡുകൾ ഉള്‍പ്പെടെ തകര്‍ത്ത് അകത്തുകയറിയ ജനക്കൂട്ടം വസതിക്കുള്ളിലെ മുറികളും നീന്തല്‍ക്കുളവും പുല്‍ത്തകിടിയും ഉള്‍പ്പെടെ കയ്യേറിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊളംബോ തീരത്തുനിന്ന് പുറപ്പെട്ട കപ്പലില്‍ ധൃതിയില്‍ സാധനസാമഗ്രികള്‍ കയറ്റുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതിനിടെ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകര്‍ തീയിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വാഹനങ്ങളും പ്രക്ഷോഭകര്‍ തകര്‍ത്തു.
പ്രതിഷേധറാലി നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ബാർ അസോസിയേഷനും പൊലീസിനെതിരെ രംഗത്തെത്തിയതോടെ കർഫ്യൂ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും തീവണ്ടികളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ കൊളംബോ ലക്ഷ്യമാക്കിയെത്തിയത്. രാജ്യത്തുടനീളം റോഡ്, റയിൽ ഗതാഗത നിയന്ത്രണം പ്രക്ഷോഭകർ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു.
പലയിടങ്ങളിലും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചും ആകാശത്തേക്ക് വെടിവച്ചും പിരിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും പ്രക്ഷോഭകര്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുകയായിരുന്നു. രാത്രി വെെകിയും പ്രക്ഷോഭകര്‍ തെരുവുകളില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ നേരിടുന്നത്.

 

ranil

ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ രാജിപ്രഖ്യാപനവുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. സ്പീക്കര്‍ മഹിന്ദ യപ അബെവര്‍ധന വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ നാല് ശുപാര്‍ശകള്‍ മുന്നോട്ടുവച്ചു.
കഴിയുന്നത്ര വേഗം പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായാണ് വിക്രമസിംഗെയുടെ പ്രഖ്യാപനം വന്നത്. സ്പീക്കര്‍ മഹിന്ദ യപ അബെവര്‍ധനയെ ആക്ടിങ് പ്രസിഡന്റായി നിയമിക്കുക, ഒരാഴ്ചയ്ക്കുള്ളില്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത് പാര്‍ലമെന്റ് ഭുരിപക്ഷം അനുസരിച്ച് പുതിയ പ്രസിഡന്റിനെ നിയമിക്കുക, ഇതേ കാലയളവില്‍ മുഴുവന്‍ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കുക. എന്നിവയാണ് മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

തമിഴ്‌നാട് തീരത്ത് സുരക്ഷ ശക്തമാക്കി

ചെന്നെെ: ശ്രീലങ്കയിൽ കലാപം പടരുന്ന സാഹചര്യത്തിൽ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി. അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ രാമേശ്വരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും എത്തിയേക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തമിഴ്‌നാട് ക്യു ബ്രാഞ്ചും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലായി നൂറിലേറെ ശ്രീലങ്കന്‍ തമിഴര്‍ അഭയം തേടി തമിഴ്‌നാട്ടിലെത്തിയിരുന്നു.
അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കുന്നവരെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയശേഷം മണ്ഡപം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയയിലേക്കും അഭയാര്‍ത്ഥി പ്രവാഹം പ്രതീക്ഷിക്കപ്പെടുന്നു.

Eng­lish Sum­ma­ry: Pub­lic out­rage: Prime Min­is­ter resigns

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.