22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022
October 25, 2022
October 20, 2022

അവഗണിക്കാനാവാത്ത ശ്രീലങ്കന്‍ അനുഭവങ്ങള്‍

Janayugom Webdesk
July 11, 2022 5:00 am

ഭൂതപൂർവമായ ജനരോഷത്തിൽ ശ്രീലങ്കയിലെ രാജപക്സെ കുടുംബവാഴ്ച നിലംപൊത്തി. ആർത്തലച്ചെത്തിയ ജനലക്ഷങ്ങൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറി. പ്രധാനമന്ത്രിയുടെ സ്വകാര്യവസതി അഗ്നിക്കിരയാക്കി. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ഉറപ്പുവരുത്തി. നേരത്തെതന്നെ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെയ്ക്ക് അധികാരം വെടിഞ്ഞു പലായനം ചെയ്യേണ്ടിവന്നിരുന്നു. ഫലത്തിൽ നിലനിന്നിരുന്ന നാമമാത്ര ഭരണകൂടവും നിയമവാഴ്ചയും തകർത്ത് ജനങ്ങൾതന്നെ അധികാരം സ്വയം ഏറ്റെടുക്കുകയായിരുന്നു. അതിലേക്കുനയിച്ച കാര്യകാരണങ്ങൾ ഇന്ന് ലോകത്തിനു മുൻപിൽ തുറന്ന പുസ്തകമാണ്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ രാജപക്സെ ഭരണകൂടത്തിന്റെ തകർച്ച അത് വിജയകരമായി പിന്തുടർന്നുപോന്ന ഭൂരിപക്ഷ ദേശീയതയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ പരാജയമാണ്.

രാജപക്സെ കുടുംബവാഴ്ചയും അടിമുതൽ മുടിവരെ അഴിമതിയിൽ മുങ്ങിയ സാമ്പത്തിക കെടുകാര്യസ്ഥതയും ഭൂരിപക്ഷ സിംഹള ജനതയുടെ സമ്പൂർണ വിധേയത്വത്തിലുള്ള അതിരുകടന്ന വിശ്വാസവുമായിരുന്നു ഭരണകൂടത്തിന്റെ സ്വഭാവസവിശേഷത. രാജ്യത്തെ അടക്കിഭരിച്ച രാജപക്സെ കുടുംബത്തിന് ഇച്ഛാനുസരണം ഭരണം എക്കാലത്തേക്കും തുടർന്നുപോകാമെന്നും അവർ കണക്കുകൂട്ടി. ജനപ്രീതി ലക്ഷ്യംവച്ചുള്ള നികുതിപരിഷ്കാരം രാജ്യത്തിന്റെ ഖജനാവ് കാലിയാക്കി. കടംവാങ്ങി നടപ്പാക്കിയതും സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രയോജനശൂന്യവുമായ വമ്പൻ വികസനപദ്ധതികൾ ദ്വീപുരാഷ്ട്രത്തെ രക്ഷപ്പെടാനാവാത്ത കടക്കെണിയിൽ വീഴ്ത്തി. പ്രതിസന്ധികളിൽനിന്നു കരകയറാൻ നടപ്പാക്കിയ പദ്ധതികൾ ഓരോന്നും രാജ്യത്തെ ആഴമേറിയ സാമ്പത്തിക കുഴപ്പങ്ങളിലേക്കാണ് തള്ളിവീഴ്ത്തിയത്. രാജപക്സെമാരും അവരുടെ സ്വേച്ഛാധിപത്യ വാഴ്ചയും ശ്രീലങ്കയെ അക്ഷരാർത്ഥത്തിൽ പാപ്പരാക്കി.


ഇതുകൂടി വായിക്കൂ: ശ്രീലങ്ക: കുടുംബ വാഴ്ചയുടെ പതനം: അഴിമതിയും കെടുകാര്യസ്ഥതയും വിനയായി


ശ്രീലങ്ക ആഗോള സമ്പദ്ഘടനയിൽ തീ­ർത്തും തുച്ഛമായ പങ്കുമാത്രം വഹിക്കുന്ന, എ­ന്നാൽ ആഗോള ഭൗമ‑രാഷ്ട്രീയ, സാമ്പത്തിക സംവിധാനത്തിൽ നി­ർണായക പ്രാധാന്യമുള്ള രാഷ്ട്രങ്ങളിൽ ഒന്നാണ്. അവിടെ തങ്ങളുടെ സ്വാധീനവും കാലുമുറപ്പിക്കാൻ ചൈന സമീപകാലത്തായി നടത്തിയ ശ്രമങ്ങൾ രാജ്യത്തെ ഇന്നത്തെ അവസ്ഥയിലേക്ക് നയിക്കുന്നതിൽ അപ്രധാനമല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. അത് രാജപക്സെ കുടുംബവാഴ്ച അഴിമതിക്കുള്ള അവസരമാക്കി മാറ്റിയെടുത്തു. ആഗോള ബഹുരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾക്കുപകരം ഉഭയകക്ഷി സ്രോതസുകൾ ആശ്രയിക്കുന്നത് അഴിമതിക്ക് തഴച്ചുവളരാൻ അവസരം നൽകുമെന്നാണ് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. കാലഹരണപ്പെട്ട സാങ്കേതിക വിദ്യകൾ, യന്ത്രോപകരണങ്ങൾ, അധിക മനുഷ്യ വിഭവശേഷി എന്നിവയുടെ വിപണികളായി ഉപഭോക്തൃരാഷ്ട്രങ്ങളും പദ്ധതികളും മാറുന്നതായും ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയടക്കം വികസ്വരരാഷ്ട്രങ്ങളെ ജപ്പാനും ചൈനയുമടക്കം ഇത്തരത്തിൽ ലക്ഷ്യംവയ്ക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ അതിവേഗ റയിൽവേ പദ്ധതിയുടെ മുഖ്യ ചുമതലക്കാരിൽ ഒരാൾ അഴിമതിക്കു പിടിക്കപ്പെട്ടു പുറത്തായത് അടുത്ത ദിവസങ്ങളിലാണ്. തീവ്ര ദേശീയതയുടെയും ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത വമ്പന്‍ ആഡംബര വികസന പദ്ധതികളുടെയും പേരിൽ അധികാരം കയ്യാളാനും അത് നിലനിർത്താനും നടക്കുന്ന ശ്രമങ്ങൾ ഓരോന്നും ശ്രീലങ്കൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പുനർവിചിന്തനത്തിന് വിധേയമാവേണ്ടതുണ്ട്. തമിഴ് ന്യൂനപക്ഷത്തിനെതിരായ ഉന്മൂലന രാഷ്ട്രീയമാണ് രാജപക്സെമാരെ ദേശീയ നായകരാക്കി അധികാരത്തിൽ അവരോധിച്ചത്. അതിന്റെ ദുരന്ത പരിണാമത്തിനാണ് ഇപ്പോൾ ലങ്കൻ ജനത ഇരകളായി മാറിയത്.


ഇതുകൂടി വായിക്കൂ: ശ്രീലങ്ക ഒരു പാഠമാണ്


ശ്രീലങ്ക ഇന്ത്യയെപ്പോലെ ഒരു ബൃഹദ്‌രാഷ്ട്രത്തിനു പാഠമോ മാതൃകയോ ആവേണ്ടതില്ല. എന്നാൽ ആ അനുഭവങ്ങൾ അപ്പാടെ നിരാകരിക്കുന്നത് ബുദ്ധിപൂർവമായിക്കൊള്ളണം എന്നുമില്ല. വംശീയ ന്യൂനപക്ഷമായ തമിഴർക്കെതിരെ അവിടെ അരങ്ങേറിയ ഉന്മൂലന രാഷ്ട്രീയത്തിന്റെ വേറിട്ട പതിപ്പ് ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തിൽ മതത്തിന്റെ പേരിൽ വ്യാപകമാകുന്നു. ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനതകളുടെമേൽ ദുർവഹമായ നികുതിഭാരവും വിലക്കയറ്റവും അടിച്ചേല്പിക്കുന്ന ഭരണകൂടം അതിസമ്പന്നർക്കും കുത്തക കോർപ­റേറ്റുകൾക്കും ഭീമമായ നികുതി ഇളവുകൾ നൽകുന്നു. അതുമൂലം ഉണ്ടാകുന്ന ഖജനാവിന്റെ നഷ്ടം നികത്താൻ രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖല വിറ്റുതുലയ്ക്കുന്നു. തൊഴിലില്ലായ്മയും ജീവിതദുരിതങ്ങളും അവര്‍ണനീയമാംവിധം പെരുകുന്നു. ജനങ്ങൾ ജീവിത പ്രാരാബ്ദത്തിന്റെ പടുകുഴിയിൽ നിപതിക്കുമ്പോൾ അവർക്ക് ആവശ്യമില്ലാത്ത ആഡംബര വികസനത്തിനും നിർമ്മിതികൾക്കുമായി പൊതുപണം ധൂർത്തടിക്കുന്നു. അളമുട്ടിയാൽ ചേരയും തിരിഞ്ഞുകടിക്കുമെന്നാണ് ശ്രീലങ്ക നൽകുന്ന പാഠം. അവിടെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും രാഷ്ട്രീയ അഭിപ്രായഭിന്നതകളുടെയും വേർതിരിവുകൾ അപ്രസക്തമാകും. അത് ജനങ്ങളുടെ നിലനില്പിനുവേണ്ടിയുള്ള അന്തിമ പോരാട്ടമായിരിക്കും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.