30 September 2024, Monday
KSFE Galaxy Chits Banner 2

അനിശ്ചിതത്വത്തിലേക്കും അരക്ഷിതത്വത്തിലേക്കും കൂപ്പുകുത്തുന്ന ശ്രീലങ്ക

Janayugom Webdesk
July 14, 2022 6:00 am

കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിനു നടുവിൽ തികച്ചും നാടകീയ സംഭവവികാസങ്ങൾക്കാണ് ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനങ്ങൾ പ്രസിഡന്റിന്റെ കൊട്ടാരവും ഓഫീസും കയ്യേറിയതോടെ പലായനം ചെയ്ത ഗോതബയ രാജപക്സെ പത്നിക്കും രണ്ട് അംഗരക്ഷകർക്കുമൊപ്പം ഇന്നലെ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടു. നാടുവിട്ട പ്രസിഡന്റ് ഗോതബയ രാജിവച്ചതായി സ്ഥിരീകരണം ഇല്ലെങ്കിലും പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാൻ തന്നെ നിയോഗിച്ചതായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ, സ്പീക്കർ മഹിന്ദ യപ അബേയവർധനയുടെ ഓഫീസിനെ അറിയിച്ചതായി അന്തരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, തന്റെ രാജിക്കത്ത് ഇന്നലെതന്നെ നൽകുമെന്ന് ഗോതബയ സ്പീക്കറെ അറിയിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു. പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടു കൊളംബൊയിൽ തമ്പടിച്ചിരിക്കുന്ന ജനങ്ങൾ ഇപ്പോൾ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി വളഞ്ഞിരിക്കുകയാണ്. അദ്ദേഹം ശനിയാഴ്ച ജനങ്ങൾ വസതി വളഞ്ഞതിനെ തുടർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന നടപടി ആരംഭിച്ചിരിക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിന്റെ ചുമതലയേറ്റ റെനിൽ വിക്രമസിംഗെയുടെ നീക്കം വ്യാപകമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ജനങ്ങൾ പാർലമെന്റും പ്രധാനമന്ത്രിയുടെ വസതിയും വളയുകയും ഓഫീസ് കയ്യേറുകയും ചെയ്ത സാഹചര്യത്തിൽ ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും തുടരുകയാണ്. രോഷാകുലരായ ജനങ്ങൾ ശ്രീലങ്കന്‍ റേഡിയോ ആസ്ഥാനവും കയ്യേറി. സർക്കാർ ടിവി നിലയങ്ങൾ സംപ്രേഷണം നിർത്തിവച്ചു. പ്രതിപക്ഷ പാർട്ടിനേതാവ് സജിത് പ്രേമദാസ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള റെനിൽ വിക്രമസിംഗെയുടെ നീക്കത്തെ അപലപിച്ചും അതിനുള്ള അവകാശത്തെ ചോദ്യംചെയ്തും രംഗത്തുവന്നു. നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും പടിഞ്ഞാറൻ പ്രവിശ്യയിൽ കർഫ്യൂ ഏർപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ഗോതബയ രാജ്യംവിട്ടതോടെ പ്രധാനമന്ത്രിയുടെ രാജിയാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സുരക്ഷാസേനയുടെ ഇടപെടലോ അടിയന്തരാവസ്ഥ പ്രഖ്യാപനമോ അവരെ പിന്തിരിപ്പിക്കാൻ മതിയാവില്ലെന്ന അവസ്ഥയാണ് കൊളംബൊയിൽ നിലനിൽക്കുന്നത്. ജനക്കൂട്ടം പ്രസിഡന്റിന്റെ വസതിയും ഓഫീസും കയ്യേറിയതിനെ തുടർന്ന് പാർലമെന്റ് സ്പീക്കർ മഹിന്ദ യപ അബേയവർധനയുടെ നേതൃത്വത്തിൽ താല്ക്കാലിക സർക്കാർ രൂപീകരിക്കുന്നതിനെപ്പറ്റി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ജൂലൈ 15ന് പാർലമെന്റ് വിളിച്ചുചേർക്കാനും 19ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ നാമനിർദ്ദേശ പത്രിക സ്വീകരിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. അതിന്റെ ഭാവി എന്തായിരിക്കുമെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അവ്യക്തമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുഖ്യ പ്രതിപക്ഷ കക്ഷിയായ സാമഗി ജന ബലവേഗ (എസ്ജെബി)യുടെ നേതാവ് സജിത് പ്രേമദാസ മുന്നോട്ടുവന്നിരുന്നു. അത്തരം ഒരു സർക്കാരിനോട് സഭയിൽ ഭൂരിപക്ഷമുള്ള രാജപക്സെമാരുടെ പാർട്ടി ശ്രീലങ്ക പൊതുജന പെരുമുന (എസ്എൽപിപി)യും പ്രതിപക്ഷത്തെ ജനത വിമുക്തി പെരുമുന (ജെവിപി)യടക്കം മറ്റുപാർട്ടികളും എത്രത്തോളം സഹകരിക്കും എന്നതും വ്യക്തമായിരുന്നില്ല. പൊലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് അധികാരത്തിൽ തുടരാനുള്ള അവസാനത്തെ ശ്രമത്തിലാണ് റെനിൽ വിക്രമസിംഗെ. കടുത്ത അനിശ്ചിതത്വത്തിന്റെയും ആശയക്കുഴപ്പങ്ങളുടെയും നിയമവാഴ്ച തകർച്ചയുടെയും പശ്ചാത്തലത്തിൽ ശ്രീലങ്കൻ സൈന്യം എങ്ങിനെ ചിന്തിക്കുന്നുവെന്നും പ്രതികരിക്കുന്നുവെന്നും ലോകം ഉറ്റുനോക്കുന്നു.

 


ഇതുകൂടി വായിക്കു; ലോക വ്യാപാര സംഘടനയുടെ 12-ാം മന്ത്രിതല യോഗവും ഇന്ത്യയും


തികഞ്ഞ അനിശ്ചിതത്വങ്ങൾക്കു നടുവിൽ ആര് അധികാരം കയ്യാളിയാലും ഒരു സുസ്ഥിര ഭരണ സംവിധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തി സാമ്പത്തിക രംഗത്തെ പ്രശ്‍നങ്ങൾക്കു പരിഹാരം കണ്ടെത്തുക തികച്ചും ശ്രമകരമായിരിക്കും. ഭക്ഷ്യവസ്തുക്കളും ഇന്ധനവുമടക്കം എല്ലാ നിത്യോപയോഗ അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യേണ്ട ദ്വീപുരാഷ്ട്രത്തിന്റെ വിദേശനാണ്യശേഖരം വട്ടപൂജ്യമാണ്. 51,000 കോടി ഡോളറിന്റെ വിദേശവായ്പ തിരിച്ചടയ്ക്കേണ്ടതായുണ്ട്. ആര് അധികാരത്തിൽ വന്നാലും അടിയന്തരമായി ആവശ്യമായിവരുന്ന വിദേശനാണ്യ വായ്പകൾ ലഭ്യമാക്കാൻ ഏറെ സമയം വേണ്ടിവരും. ഇന്ത്യയടക്കം സുഹൃദ് രാജ്യങ്ങളുടെ സഹായമായിരിക്കും പരിമിതമായ തോതിലെങ്കിലും ഉടൻ ആശ്രയിക്കാവുന്നതായി ഉള്ളത്. അതുപോലും ഭരണകൂടത്തിന്റെ സ്വഭാവത്തെയും സ്ഥിരതയെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ഇതുവരെ നല്കിപ്പോന്ന സഹായങ്ങൾ ചില കേന്ദ്രങ്ങളിലെങ്കിലും സംശയങ്ങൾക്കും ആശങ്കകൾക്കും കാരണമായിട്ടുണ്ട്. ശ്രീലങ്കയുടെ വടക്കുകിഴക്കൻ ചെറുദ്വീപുകളിൽ ഊർജനിലയങ്ങൾ സ്ഥാപിക്കുന്നതിൽ അഡാനിമാർക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് ഇടപെടൽ നടത്തിയതായ വെളിപ്പെടുത്തൽ വിവാദമായി മാറിയത് അവഗണിക്കാവുന്നതല്ല. ശ്രീലങ്കയുടെ സമ്പദ്ഘടനയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതിൽ ചൈനയുടെ വായ്പകൾക്കും അവ ഉപയോഗിച്ചുള്ള ബൃഹത് വികസന പദ്ധതികൾക്കുമുള്ള പങ്കും കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. അത്തരം വായ്പകൾ തുടരുക പുതിയ ഭരണകൂടത്തിന് സുഗമമായിരിക്കില്ല. ബഹുരാഷ്ട്ര ഏജൻസികളുടെ സഹായങ്ങൾക്കും അത് പ്രതിബന്ധം സൃഷ്ടിച്ചേക്കാം. ഐഎംഎഫ് അടക്കമുള്ള ആഗോള ബഹുരാഷ്ട്ര ഏജൻസികൾ നടത്തിവന്നിരുന്ന ചർച്ചകളുടെ തുടർച്ചയും ആഭ്യന്തര രാഷ്ട്രീയത്തെ ആശ്രയിച്ചിരിക്കും. റഷ്യ‑ഉക്രെയ്ൻ സംഘർഷങ്ങളിൽ ആമഗ്നരായ വികസിത പാശ്ചാത്യ സമ്പദ്ഘടനകൾക്കു ശ്രീലങ്ക ഒരു മുൻഗണനാ വിഷയമേ അല്ലെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങൾ ബോധ്യപ്പെടുത്തുന്നത്.

പുതിയ ഭരണകൂടം ഏതായാലും അത് താല്ക്കാലിക പരിഹാരം മാത്രമായിരിക്കും. അനതിവിദൂര ഭാവിയിൽ രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്കും പുതിയ സർക്കാർ രൂപീകരണത്തിലേക്കും നീങ്ങേണ്ടിവരും. അങ്ങനെ ഒരു സർക്കാരിന് സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളെ നേരിടാൻ ഒരു പൊതു സമവായം അനിവാര്യമാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്രമേൽ സങ്കീർണമാണ്. തിരിച്ചുവരവിന് സമയം ഏറെ ആവശ്യമുള്ള പൊതു സമീപനം കൂടിയേതീരൂ. ശ്രീലങ്കയുടെ സുപ്രധാന വിദേശനാണ്യ സ്രോതസായ വിനോദസഞ്ചാരം തിരിച്ചുപിടിക്കാൻ ഇനിയും ഒഴിഞ്ഞുപോയിട്ടില്ലാത്ത കോവിഡ് ഭീഷണിക്കൊപ്പമോ അതിലധികമോ പ്രധാനപ്പെട്ടതാണ് വംശീയതയിലും വിഭാഗീയതയിലും വേരൂന്നിയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് വിരാമമിട്ട് നിയമവാഴ്ചയും സമാധാനാന്തരീക്ഷവും പുനഃസ്ഥാപിക്കുക എന്നത്. അത് പുതിയ സർക്കാരിന് കനത്ത വെല്ലുവിളിയായിരിക്കും. കാർഷിക രംഗത്തെ തിരിച്ചുവരവ് അതിനെക്കാൾ ശ്രമകരവും ഏറെ നിക്ഷേപം ആവശ്യപ്പെടുന്നതുമായിരിക്കും. വിദേശനാണ്യ ശോഷണമാണ് യഥാർത്ഥത്തിൽ ഏറെ കൊണ്ടാടപ്പെട്ട ജൈവകൃഷി പരീക്ഷണത്തിന് രാജ്യത്തെ നിർബന്ധിതമാക്കിയത്. രാസവള ഇറക്കുമതിക്ക് വേണ്ടിയുള്ള വിദേശ നാണയത്തിന്റെ അഭാവമായിരുന്നു അത്തരം ഒരു പരിഷ്കാരത്തിലേക്കുള്ള ചുവടുമാറ്റത്തിന് കാരണം. അത് കാർഷിക ഉല്പാദനത്തിൽ സുപ്രധാനമായ തേയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയടക്കം കാർഷികവിളകൾ നാല്പതുശതമാനത്തിലും താഴേക്ക് കൂപ്പുകുത്താനിടയാക്കി. അത് തിരിച്ചുപിടിക്കാൻ, രാസവള ലഭ്യത ഉറപ്പുവരുത്തിയാലും ഏതാനും വർഷങ്ങൾതന്നെ വേണ്ടിവരും. അവയെല്ലാം അന്താരാഷ്ട്ര ഏജൻസികളുടെയും ഇന്ത്യയടക്കം സുഹൃദ് രാജ്യങ്ങളുടെയും ഉദാര സമീപനത്തെ ആശ്രയിച്ചിരിക്കും. ഐഎംഎഫ് അടക്കം അന്താരാഷ്ട്ര ഏജൻസികളുടെയും സഹായഹസ്തം നീട്ടുന്ന രാജ്യങ്ങളുടെയും പിന്തുണ കർശന വ്യവസ്ഥകൾക്ക് വിധേയമാകും. സാധാരണ സ്ഥിതിയിലേക്ക് മടങ്ങുക ജനജീവിതത്തിന്റെ സഹനശേഷി കുറേക്കാലത്തേക്കുകൂടി ആവശ്യപ്പെടുന്നു. അത്തരമൊരു ദൗത്യം ഏറ്റെടുക്കാനുള്ള മെയ്‌വഴക്കമായിരിക്കും ശ്രീലങ്കയിലെ പുതിയ രാഷ്ടീയം നേരിടേണ്ടിവരുന്ന വെല്ലുവിളി.

 


ഇതുകൂടി വായിക്കു; അവഗണിക്കാനാവാത്ത ശ്രീലങ്കന്‍ അനുഭവങ്ങള്‍


ശ്രീലങ്കൻ ഭരണ വ്യവസ്ഥയിൽ ഘടനാപരമായ മാറ്റമാണ് പ്രതിപക്ഷവും ജനങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നത്. ശ്രീലങ്കയുടെ ഭരണഘടന ഭേദഗതി ചെയ്ത് അധികാരങ്ങൾ പ്രസിഡന്റിൽ കേന്ദ്രീകരിച്ച ഗോതബയ കുടുംബവാഴ്ചയുടെ നടപടി റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്. അതുകൂടാതെ മു;ന്നോട്ടുപോകാൻ ജനങ്ങൾ അനുവദിക്കണമെന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷം അത്തരമൊരു മാറ്റത്തിന് അനുകൂലവുമാണ്. എന്നാൽ രാജ്യത്തിന്റെ ഖജനാവ് കാലിയാക്കിയ നികുതിയിളവുകൾക്കുപകരം നികുതി ഉയർത്താനുള്ള ഏതു നീക്കവും ജനങ്ങളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തും. അതുകൂടാതെ ഐഎംഎഫ് അടക്കം അന്താരാഷ്ട്ര ഏജൻസികളുടെ സഹായം പ്രതീക്ഷിക്കാനുമാവില്ല. അത്തരം ഒരു മാറ്റത്തിന് ജനങ്ങളെ സജ്ജരാക്കുക എന്നത് പുതിയ സർക്കാരിന് ശ്രമകരമായ ദൗത്യമായിരിക്കും. ചുരുക്കത്തിൽ ഇന്ത്യയടക്കം വികസ്വര രാജ്യങ്ങളെ ആഴത്തിൽ സ്വാധീനിക്കേണ്ട രാഷ്ട്രീയ, സാമ്പത്തിക പരീക്ഷണങ്ങളുടെ വേദിയായി മാറുകയാണ് ശ്രീലങ്ക. താരതമ്യങ്ങൾ അസ്ഥാനത്താണെന്ന് തോന്നാമെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വ്യവഹാരങ്ങളിൽ അവഗണിക്കാനാവാത്ത പല സാദൃശ്യങ്ങളും സൂക്ഷ്മാവലോകനത്തിൽ ശ്രീലങ്കയില്‍ ദൃശ്യമാണ്. പാഠങ്ങൾ അവഗണിക്കാവുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.