22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 27, 2024
August 17, 2024
August 8, 2024
July 22, 2024
July 16, 2024
July 15, 2024
July 3, 2024
July 2, 2024
July 1, 2024

വാക്കിന് വിലങ്ങിടുന്ന ഫാസിസ്റ്റ് ഭീരുത്വം

Janayugom Webdesk
July 17, 2022 5:15 am

വാക്കിന്റെ വില ആയുധത്തെക്കാൾ മഹത്തരമാണ്. ആക്രമിച്ച് കീഴ്‌പെടുത്താൻ വരുന്ന വ്യക്തിയെയും വ്യക്തികളെയും ആയുധത്തിന്റെ പിൻബലമില്ലാതെ വിറപ്പിച്ച് നിർത്താൻ തക്ക പ്രഹരശേഷി മൂർച്ചയേറിയ വാക്കുകൾക്കുണ്ട്. അധികാരവർഗത്തിന്റെ തെറ്റായ നയങ്ങൾമൂലം ഒരു പൗരന് തന്റെ അസ്തിത്വവും നിലനില്പും അപകടത്തിലാകുമ്പോൾ നട്ടെല്ല് നിവർത്തി അതിനെ ചോദ്യം ചെയ്യാൻ തക്ക ആത്മബലം നല്കുന്നത് അനുയോജ്യമായ വാക്കുകളും പദപ്രയോഗങ്ങളുമാണ്. അനുയോജ്യമായ അവസരങ്ങളിൽ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും അത് പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇതുവരെ കവർന്നെടുക്കപ്പെട്ടിരുന്നില്ല. അത്തരമൊരു സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. എന്നാൽ ഭരണഘടനയെ നോക്കുകുത്തിയാക്കി ഇതെല്ലാം നിഷേധിക്കുന്ന വികലമായ മാനസികാവസ്ഥയിലാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാർ എത്തിയിരിക്കുന്നത്. ഫാസിസ്റ്റ് കടന്നാക്രമണം എന്നതിനെക്കാൾ ഫാസിസ്റ്റ് ഭീരുത്വം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.
നാളിതുവരെ പാർലമെന്റിൽ ഭരണകൂടത്തെ വിമർശിക്കാൻ ജനപ്രതിനിധികൾ ഉപയോഗിച്ചിരുന്ന വാക്കുകൾക്ക് വിലക്കേർപ്പെടുത്തിയ മോഡി സർക്കാരിന്റെ നടപടി ഭരണഘടനയ്ക്കും ജനാധിപത്യവ്യവസ്ഥിതിക്കും വിരുദ്ധമാണ്. കേന്ദ്ര സർക്കാർ വിലക്കിയ വാക്കുകൾ അമാന്യമാണെന്ന് നാളിതുവരെ ആരും പറഞ്ഞിട്ടില്ല. സ്വാഭാവികമായ പ്രതിഷേധങ്ങൾക്ക് ചേർന്ന വാക്പ്രയോഗങ്ങളാണ് പാർലമെന്റിൽ ഇത്രയും കാലം ഉന്നയിക്കപ്പെട്ടത്. പെട്ടെന്നൊരു ദിവസം ഇതിനൊക്കെ മാറ്റം സംഭവിച്ചിരിക്കുന്നു. അഴിമതി, മുതലക്കണ്ണീർ, നിയമവിരുദ്ധം തുടങ്ങി നിരവധി വാക്കുകൾക്ക് പാർലമെന്റിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നിലെ ഗൂഢതാല്പര്യം വളരെ വ്യക്തമാണ്. സർക്കാരിനെ വിമർശിക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ തടയുകയെന്നതാണ് ലക്ഷ്യം. പാർലമെന്റിൽ സർക്കാരിനെ വിമർശിക്കുന്നതിന് പ്രതിപക്ഷാംഗങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒട്ടേറെ വാക്കുകളാണ് പട്ടികയിലുള്ളത്. ഇതെല്ലാം വിലക്കിയാൽ വിമർശിക്കാൻ പിന്നെ വാക്കുകൾ കിട്ടാത്ത സ്ഥിതിയാണുണ്ടാവുക.


ഇതുകൂടി വായിക്കൂ: മോഡിഭരണത്തില്‍ ട്വിറ്റര്‍ വിലക്ക് പരിധികടന്നു


കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിച്ച് യുഎപിഎ ചുമത്തി ജയിലിലടയ്ക്കുന്ന പ്രവണതയാണ് പൊതുവെ കണ്ടുവരുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യംപോലും രാജ്യദ്രോഹത്തിന്റെ പട്ടികയിൽ ചുമത്തി കലാകാരന്മാരെയും എഴുത്തുകാരെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു. അങ്ങനെ എല്ലായിടത്തും വാക്കുകൾക്ക് വിലങ്ങിടുന്ന ഫാസിസ്റ്റ് ക്രൂരത ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ വിമർശിക്കാൻ നിഘണ്ടുവിലെ ഒരു വാക്കുപോലും ഉപയോഗിക്കരുതെന്ന നിർദ്ദേശം ഏകാധിപത്യത്തിന്റെ തിട്ടൂരം തന്നെയാണ്. നിങ്ങൾ ഒന്നും പറയേണ്ട ഞങ്ങൾ പറയുന്നത് നിങ്ങളങ്ങോട്ട് കേട്ടാൽ മതിയെന്ന ഫാസിസ്റ്റ് ഭാഷ്യം ജനാധിപത്യത്തിലെ സകല പൗരാവകാശങ്ങളെയും ഹനിക്കുന്നതിന് തുല്യമാണ്. ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളുടെയും ന്യൂനപക്ഷങ്ങൾക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന സംഘടിത ആക്രമണങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളെ കോർപറേറ്റുകൾക്ക് തീറെഴുതുന്നതിന്റെയും പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരായ വിമർശനാത്മകമായ വാക്കുകളെ ഹനിക്കാനുള്ള നീക്കങ്ങളെയും ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്.
പൗരന്മാരെ വേട്ടയാടുകയും നിരന്തരമായ നീതിനിഷേധം നടത്തുകയും അധികാരഗർവിൽ രാജ്യത്തെ കൊള്ളയടിക്കുകയും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്ന ഭരണകൂടം തങ്ങളുടെ നെറികേടുകളെ ചോദ്യംചെയ്യുന്ന വാക്കുകളെ ഭയപ്പെടുന്നത് സ്വാഭാവികം. പ്രകീർത്തനങ്ങൾ മാത്രമാണ് അവർക്ക് വേണ്ടത്. ജർമ്മൻ ഭരണാധികാരിയായിരുന്ന ഹിറ്റ്ലർ തന്റെ ക്രൂരമായ ചെയ്തികളെ വിമർശിക്കുന്നവരെ നിഷ്ഠുരമായി കൊലപ്പെടുത്തുകയാണ് ചെയ്തത്. ഇന്ത്യയിൽ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലുള്ള ജനപ്രതിനിധികളെയും പൗരന്മാരെയും പൂർണമായും നിശബ്ദരാക്കുന്നതിന് വേണ്ടി വാക്കുകളെ ശ്വാസം മുട്ടിച്ചുകൊന്ന് പ്രതികരണശേഷിയെ ദുർബലമാക്കുകയെന്ന തന്ത്രമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.


ഇതുകൂടി വായിക്കൂ: തടവിലാക്കപ്പെടുന്ന സ്വാതന്ത്ര്യത്തെ മോചിപ്പിക്കുവാനുള്ള ഉത്തമശബ്ദം


വിമർശനപരമായ ആശയവിനിമയങ്ങളെ പോലും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന പ്രവണത പാർലമെന്റിൽ പ്രകടമാകുന്നത് നമ്മൾ നാളിതുവരെ കാത്തുസംരക്ഷിച്ചിരുന്ന പാർലമെന്ററി ജനാധിപത്യമൂല്യങ്ങളെയാണ് ഇല്ലാതാക്കുന്നത്. പാർലമെന്റിൽ ഭരണപക്ഷത്തിന്റെ ശബ്ദം മാത്രം മതിയെങ്കിൽ പിന്നെ പ്രതിപക്ഷത്തിന്റെ പ്രസക്തിയെന്താണ് എന്ന ചോദ്യം ഉയർന്നുവരും.
ജനാധിപത്യരാജ്യം എന്ന് വിലയിരുത്തപ്പെടുന്ന ഇന്ത്യയിൽ ബിജെപി ഭരണത്തിലേറിയ കാലംമുതൽക്കു തന്നെ അരങ്ങേറിക്കൊണ്ടിരിക്കുന്നത് ജനാധിപത്യ ധ്വംസനങ്ങളുടെ ആഘോഷമാണ്. രാജ്യത്തെ പൗരാവകാശങ്ങളെ ഇല്ലാതാക്കുന്ന നയങ്ങൾക്കെതിരെ നടത്തുന്ന സമരങ്ങളെപ്പോലും നിർദാക്ഷിണ്യം അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ഇനി വാക്കുകൊണ്ടുപോലും പ്രതികരിക്കരുതെന്നാണ് കേന്ദ്രം പറയാതെ പറയുന്നത്. കേന്ദ്രത്തോട് അരുത് എന്ന് പോലും പറയാനുള്ള ആർജ്ജവമില്ലാത്ത രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ദൗർബല്യമാണ് ബിജെപിയുടെ ഇത്തരത്തിലുള്ള കടുംകൈകൾക്ക് ധൈര്യം പകർന്നുനല്കുന്നത്. രാജ്യം അത്യധികം സങ്കീർണമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുമ്പോൾ ലോകരാജ്യങ്ങളിൽ ടൂറടിക്കുന്ന രാഹുൽഗാന്ധിയുടെ അഴകൊഴമ്പൻ സമീപനം പ്രതിപക്ഷം എന്ന നിലയ്ക്കുള്ള സ്വാഭാവിക കടമപോലും നിറവേറ്റാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് കോൺഗ്രസിനെ എത്തിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് ശൈലിയിലുള്ള ഭരണത്തിനെതിരെ തിരുത്തൽ ശക്തിയായി ഇടതുപക്ഷം നിലകൊള്ളുമ്പോൾ മൃദുഹിന്ദുത്വരീതി സ്വീകരിച്ചുകൊണ്ട് കോൺഗ്രസ് തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.