27 April 2024, Saturday

Related news

April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

മോഡിഭരണത്തില്‍ ട്വിറ്റര്‍ വിലക്ക് പരിധികടന്നു

ഉള്ളടക്കം നീക്കുന്നതില്‍ 48,000 ശതമാനം വര്‍ധന
Janayugom Webdesk
July 11, 2022 11:09 pm

നരേന്ദ്ര മോഡി അധികാരത്തിലേറിയതിന് ശേഷം ട്വിറ്ററില്‍ നിന്ന് ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകളില്‍ 48,000 ശതമാനം വർധന. ഉള്ളടക്കത്തിന് വിലക്കേര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ട്വിറ്റര്‍ ഗവേഷണ വിഭാഗം പുറത്തുവിട്ട ആഗോള സുതാര്യതാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2014ല്‍ 471 ലിങ്കുകളാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നത്. 2020ല്‍ 9000 ഉത്തരവുകളിലൂടെ 12,373 പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് ട്വിറ്റര്‍ സുതാര്യതാ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെയും വിവിധ കോടതികളുടെയും ഉത്തരവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2.40 കോടി ആളുകളാണ് ഇന്ത്യയില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത്. 2014–2020 കാലയളവില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ എണ്ണത്തില്‍ ഏകദേശം 1991 ശതമാനം വര്‍ധനയുണ്ടായെന്ന് കേന്ദ്രസര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ല്‍ ഐടി നിയമത്തിലെ 69 എ പ്രകാരം 9849 ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഐടി വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്രെ നേരത്തെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തുന്നത് തടയാന്‍ 69എ പ്രകാരം കേന്ദ്രസര്‍ക്കാരിന് കഴിയും. ആഗോളതലത്തില്‍ തന്നെ ഉള്ളടക്കം നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതില്‍ 11 ശതമാനവും ഇന്ത്യയിലാണ്. ജപ്പാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി നാലാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതുകൂടാതെ അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്താ സ്ഥാപനങ്ങള്‍ക്കുമെതിരെ 89 നിയമനടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ ആറുമാസം മാത്രം 4900 ട്വീറ്റുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. 2020 നവംബറിൽ ആരംഭിച്ച കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമർശിച്ച നൂറുകണക്കിന് അക്കൗണ്ടുകൾ നീക്കം ചെയ്യാൻ 2021 ഫെബ്രുവരിയിൽ സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

ആദ്യം ട്വിറ്റര്‍ ഇതിന് വഴങ്ങിയിരുന്നില്ലെങ്കിലും നിരന്തരമായ ഭീഷണിയെ തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും കോവിഡ് ബാധിച്ച് ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ട്വീറ്റ് ചെയ്ത നിരവധി അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കേന്ദ്രത്തിന്റെ സെന്‍സര്‍ഷിപ്പില്‍ നിയമപോരാട്ടം ശക്തമാക്കാനാണ് ട്വിറ്ററിന്റെ നീക്കം. ഉള്ളടക്ക വിലക്ക് സംബന്ധിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നത് സംബന്ധിച്ചും ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

 

eng­lish sum­ma­ry:  48,000 per­cent increase in orders to remove con­tent from Twit­ter since Naren­dra Modi came to power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.