റഷ്യൻ ആക്രമണം പ്രതിരോധിക്കുന്നതിലെ വീഴ്ച കണക്കിലെടുത്ത് സുരക്ഷ മേധാവിയെയും പ്രോസിക്യൂട്ടർ ജനറലിനെയും പുറത്താക്കിയതായി ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി അറിയിച്ചു.
പ്രോസിക്യൂട്ടർ ജനറൽ ഇറിന വെനഡിക്ടോവയെയും സുരക്ഷ മേധാവി ഇവാൻ ബകാനോവിനെയുമാണ് പുറത്താക്കിയത്. ഉന്നത സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ രാജ്യദ്രോഹക്കുറ്റമുൾപ്പെടെയുള്ള നിരവധി കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇവരെ പുറത്താക്കിയത്.
സൈനികർ ഉക്രെയ്നെ സംരക്ഷിക്കാനുള്ള പോരാട്ടം നടത്തുമ്പോൾ ഈ ഉദ്യോഗസ്ഥർ റഷ്യക്ക് അനുകൂലമായി ചാരപ്പണി നടത്തുകയാണെന്നും സെലൻസ്കി പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയോടെ റഷ്യ‑ഉക്രെയ്നിൽ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് ഉന്നതതലങ്ങളിൽ ഇത്തരത്തിലൊരു നടപടിയുണ്ടാകുന്നത്.
ആക്രമണം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് യൂറോപ്യൻ യൂനിയൻ. തെക്കൻ ഉക്രെയ്നിലെ ജനവാസ മേഖലകളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഉക്രെയ്നിലെ സൈനീക നീക്കത്തിന്റെ ശക്തി വർധിപ്പിക്കുമെന്ന് റഷ്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണം.
അതേസമയം ഉക്രെയ്ൻ നഗരമായ ഡിനിപ്രോയിൽ കഴിഞ്ഞ ദിവസം റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഡിനിപ്രോയിലെ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തെ തെരുവിലുമാണ് മിസൈലുകൾ പതിച്ചത്.
കഴിഞ്ഞ ദിവസം സെർബിയയിൽ നിന്ന് ജോർദാനിലേക്ക് പോയ ഉക്രെയ്ൻ ചരക്കു വിമാനം വടക്കൻ ഗ്രീസിലെ കവാല നഗരത്തിനു സമീപം തകർന്നു വീണു. അന്റോനോവ് കാർഗോയുടെ എ എൻ-12 എന്ന വിമാനമാണ് തകർന്നു വീണത്. വിമാനത്തിൽ എട്ടുപേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
English summary;Zelensky fire the security chief and the prosecutor general
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.