22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
October 31, 2024
September 25, 2024
September 8, 2024
September 5, 2024
March 12, 2024
November 21, 2023
October 6, 2023
July 25, 2023
July 10, 2023

സിറോ മലബാർ സഭ തർക്കം; ബിഷപ്പ് രാജിവച്ചു

Janayugom Webdesk
കൊച്ചി
July 26, 2022 9:33 pm

എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്റണി കരിയിൽ രാജിവച്ചു. ആന്റണി കരിയിലിനെതിരായ നടപടി ചർച്ച ചെയ്യാൻ കൊച്ചിയിലെത്തിയ വത്തിക്കാൻ സ്ഥാനപതിക്കു സ്വന്തം കൈപ്പടയിൽ എഴുതിയ രാജിക്കത്ത് അദ്ദേഹം കൈമാറി. ബിഷപ്പ് കുര്യൻ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തിൽ ആയിരുന്നു വത്തിക്കാൻ സ്ഥാനപതിയും ബിഷപ്പ് ആന്റണി കരിയിലുമായുള്ള കൂടിക്കാഴ്ച്ച.

ബിഷപ്പിന്റെ രാജിയോടെ അതിരൂപതയിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചു. തീരുമാനങ്ങൾ സിറോ മലബാർ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആന്റണി കരിയിലിനെതിരെ ഉയർന്നത്.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമി വില്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു. മെത്രാപോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന് കഴിഞ്ഞ ആഴ്ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെ വരെ ബിഷപ്പ് മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാർ ആന്റണി കരിയിലിനെ നേരിൽ കാണുന്നതിന് വത്തിക്കാൻ സ്ഥാനപതി എത്തിയത്.

കർദ്ദിനാളിനെ മാറ്റണമെന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാനിലേക്ക് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതായിരുന്നു നടപടികൾ. ഭൂമി വില്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു. കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്.

ബിഷപ്പ് ആന്റണി കരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുന്നതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാൻ വത്തിക്കാൻ ആവശ്യപ്പെട്ടത്.

ചേർത്തല സ്വദേശിയായ ബിഷപ്പ് ആന്റണി കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽ നിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളജ് പ്രിൻസിപ്പൽ, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ൽ ആണ് ചുമതലയേറ്റത്.

Eng­lish summary;zero Mal­abar Church Dis­pute; The bish­op resigned

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.