ഭാരതത്തിന്റെ പതിനഞ്ചാമത് “രാഷ്ട്രപതി” ആയി ദ്രൗപദി മുർമു അധികാരമേൽക്കുന്ന ചടങ്ങ് ടെലിവിഷനിൽ വീക്ഷിച്ചുകൊണ്ടാണ് ഈ കുറിപ്പ് എഴുതിയത്. തീർച്ചയായും ഈ നാടിന്റെ അഭിമാന നിമിഷമാണിത്. ഒരു വനിത, അതും ആദിവാസി സമൂഹത്തിൽ നിന്നുള്ള വനിത രാജ്യത്തെ പ്രസിഡന്റായി അധികാരത്തിലെത്തുന്നു എന്നത് ലോകത്തിനു മുൻപിലും ഈ നാട്ടിലും അഭിമാനം ഉയർത്തുന്നതാണ്. മുർമു ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ്. നാടെങ്ങും ആഘോഷ തിമിർപ്പാണ്, പ്രത്യേകിച്ചും ആദിവാസി, ദളിത്, ഹരിജന വിഭാഗങ്ങളുടെ ഇടയിൽ. രണ്ട് പ്രാഥമിക ചിന്തകൾ സൂചിപ്പിക്കട്ടെ: ഒന്ന് — ഈ സ്ഥാനത്തെത്തുന്നത് ഒരു വനിത ആകുമ്പോൾ ആ വ്യക്തിയെ “രാഷ്ട്രപതി” എന്നാണോ സംബോധന ചെയ്യേണ്ടത് എന്നതാണ്. സംസ്കൃത പദത്തിൽ വേരുള്ള ഈ നാമപദത്തിന്റെ ഹിന്ദി രൂപമാണിത്. മലയാളത്തിലും ഇതുപയോഗിക്കുന്നുണ്ട്. ഇതൊരു പുല്ലിംഗ വാക്കുമാണ്. ഈ പുല്ലിംഗ വാക്ക് ഉപയോഗിച്ച് ഭാരതത്തിന്റെ പരമോന്നത സ്ഥാനത്തെത്തുന്ന ഒരു വനിതയെ വിശേഷിപ്പിക്കുന്നത് ശരിയാണോ എന്നതാണ് ചോദ്യം. മുൻ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ അവരോധിക്കപ്പെട്ടപ്പോൾ ഇതേ ചോദ്യം ഉന്നയിക്കപ്പെടുകയും അത് മതിയാകും എന്ന തീരുമാനം ഉണ്ടാവുകയും ചെയ്തതാണ്. ഇത് വളരാനും തിരുത്താനും വിസമ്മതിക്കുന്ന ഭാഷയുടെയും സംസ്കാരത്തിന്റെയും വിഷയമായി കാണേണ്ടതുണ്ട്. ‘പതി‘യുടെ സ്ത്രീലിംഗ രൂപമായ പത്നി എന്നാക്കിയാൽ ഭാരതാംബയുടെ സ്ത്രീ ഭാവത്തെ ആക്ഷേപിക്കലാവില്ലേ എന്ന ചോദ്യം ഉണ്ടാകാം. പകരം വാക്കന്വേഷിക്കാതെ, പുരുഷന്മാർ മാത്രമേ ഈ ചുമതലയിൽ വരൂ എന്ന പഴയൊരു മുൻവിധി ഉപേക്ഷിച്ച് ഇംഗ്ലീഷിലെ പ്രസിഡന്റ് എന്നതിന്റെ തർജമ ആയ “രാഷ്ട്രാധ്യക്ഷ” എന്നായാൽ പോരായ്മ ഉണ്ടോ എന്ന ചോദ്യമാണ് ഉയർത്തുന്നത്.
രണ്ടാമത്; മുർമു ആദിവാസി സമൂഹത്തിൽ നിന്നുള്ള വ്യക്തിയാണ് എന്ന് പറഞ്ഞാൽ ഈ ഭൂപ്രദേശത്തെ പ്രഥമവാസികൾ എന്നാണ് ഉദ്ദേശിക്കുന്നത്. അപ്പോൾ ആര്യന്മാരായിരുന്നു ഈ ഭൂപ്രദേശത്തെ മുൻഗാമികൾ എന്നും അവർ മറ്റിടങ്ങളിലേക്ക് കുടിയേറുകയായിരുന്നു എന്നും തുടർന്നാണ് ഇന്ന് ഇവിടെ കാണുന്ന വിവിധ വർഗങ്ങൾ ഇവിടേയ്ക്ക് വന്നതും താമസമുറപ്പിച്ചതും എന്നുമുള്ള ആർഎസ്എസിന്റെ വാദം പൊളിയുകയല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇവയെക്കാൾ ഗൗരവതരമായ മറ്റൊന്നാണ്, ഈ തെരഞ്ഞെടുപ്പും സ്ഥാനാരോഹണവും കൊണ്ട് ബിജെപി എന്താണുദ്ദേശിക്കുന്നത് എന്ന ചോദ്യം. സ്ഥാനത്തേറിയ മാന്യ വനിതയുടെയോ ആ സ്ഥാനത്തിന്റെയോ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ പറയട്ടെ, ഇത് പൊതുതെരഞ്ഞെടുപ്പ് ഗോദയിലെ മറ്റൊരു രാഷ്ട്രീയതന്ത്രം മാത്രമായേ ഇക്കാലത്തെ രാഷ്ട്രീയാന്തരീക്ഷം നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് കാണാൻ കഴിയു. ആർഎസ്എസിന്റെയോ സംഘ്പരിവാറിന്റെയോ ബിജെപിയുടെയോ സാംസ്കാരിക ദേശീയ നിലപാടിലോ സവർണ മേധാവിത്വരാഷ്ട്ര സ്ഥാപന പദ്ധതിയിലോ ഒരു വ്യതിയാനവും ഇതുകൊണ്ടുവരില്ല എന്നതാണ് സത്യം. 2020 നവംബറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇക്കാര്യം പ്രസ്താവിച്ചിരുന്നു. അറുപത് ലക്ഷം പട്ടികജാതി വിദ്യാർത്ഥികൾക്കായി പ്രഖ്യാപിക്കപ്പെട്ട സ്കോളർഷിപ്പ് പദ്ധതിക്കുള്ള കേന്ദ്ര സഹായം നിർത്തലാക്കിയതിനെ പരാമർശിച്ചാണ് അദ്ദേഹം ഇതു പറഞ്ഞത്. ഇതോട് ചേർന്നു വായിക്കേണ്ട അനേകം യാഥാർത്ഥ്യങ്ങളുണ്ട്. ഒരു ദളിത് വിഭാഗാംഗമായ ആർഎസ്എസ് കർസേവകന് ഭൻവാർ മേഖ്വൻഷിയുടെ “എനിക്കൊരു ഹിന്ദുവാകാൻ കഴിയില്ല: ആർഎസ്എസിലെ ഒരു ദളിതന്റെ കഥ” എന്ന ഗ്രന്ഥത്തിലെ സാക്ഷ്യംതന്നെ ഉദാഹരണം. ആ സംഘടനയിൽ ഒരു ദളിതൻ എന്ന നിലയിൽ അനുഭവിക്കേണ്ടിവന്ന വിവേചനവും അപമാനവും നിരാസവും അദ്ദേഹം ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. തന്റെ ഭവനത്തിൽ പാകംചെയ്ത ഭക്ഷണം ആരും ഭക്ഷിക്കാതെ പുറത്തെറിഞ്ഞ സംഭവം വേദനയോടെ അദ്ദേഹം വിവരിക്കുന്നു ഇതിൽ. സംഘികളുടെ കണ്ണിൽ താൻ “കറുത്ത പൂച്ച” ആയിരുന്നത്രെ. തന്റെ പ്രവർത്തനം അംഗീകരിച്ച് ഉയർന്ന സ്ഥാനം നൽകണമെന്നപേക്ഷിച്ചപ്പോൾ ജോഡ്പുർ ജില്ലാ പ്രചാരകനിൽ നിന്നും ലഭിച്ച മറുപടി, ‘ഇപ്പോൾ ആയിരിക്കുന്നിടത്ത് നിന്നുകൊണ്ട് പ്രവർത്തിച്ചാൽ മതി. നിങ്ങൾ നേരിടുന്ന അപമാനം സഹിച്ചുകൊണ്ട് രാഷ്ട്രത്തെ സേവിക്കുക’ എന്നായിരുന്നു. എന്നാൽ നേതാക്കൾ പറയുന്നതോ സംഘടനയിൽ ഒരു വിവേചനവും ഇല്ല എന്നും.
ഉത്തർപ്രദേശ് സംസ്ഥാന ജലവിഭവ സഹമന്ത്രി ദിനേശ് ഖാതിക്, തന്റെ മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് ഇക്കഴിഞ്ഞ നാലാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രിക്കയച്ച കത്തിലും പറയുന്നത് സമാന കാര്യങ്ങളാണ്. “എന്റെ കത്തുകൾക്ക് മറുപടി ലഭിക്കുന്നില്ല, ഞാൻ ഒരു ദളിതനായതിനാൽ യാതൊരധികാരവും നൽകുന്നില്ല” എന്നാണദ്ദേഹം പറയുന്നത്. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥർ പോലും തന്നെ അംഗീകരിക്കുന്നില്ല എന്ന് രണ്ട് വട്ടം തന്റെ മണ്ഡലത്തിൽ നിന്നും ജയിച്ചുവന്ന അദ്ദേഹം പരിതപിക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പിന്നാക്കക്കാരെ വേണ്ടുംവണ്ണം പരിഗണിക്കണം, ആദരിക്കണം എന്നാവർത്തിക്കുമ്പോഴും യഥാർത്ഥ പ്രവർത്തന തലത്തിലെ അവസ്ഥ ഇതാണ്. മന്ത്രിസഭയിൽ ദളിതനുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും അധികാരമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. വലിയ ചുമതലകളൊന്നുമില്ലാത്ത തലങ്ങളിൽ പേരിന് ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷാംഗങ്ങളെയും അവരോധിച്ച് വോട്ടുബാങ്കുറപ്പാക്കുന്ന തന്ത്രമാണോ ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നടപ്പാക്കിയത് എന്ന ചോദ്യം ഉയർത്താതിരിക്കാൻ പറ്റുന്നില്ല.
പോയ അഞ്ചു വർഷം പ്രസിഡന്റ് സ്ഥാനത്തിരുന്ന രാംനാഥ് കോവിന്ദ്, മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി ഒന്നും ചോദിക്കാതെ സിംഹഭൂരിപക്ഷത്തിന്റെ ധാർഷ്ഠ്യത്തിൽ പാർലമെന്റ് പാസാക്കി അയച്ച വിവാദമുയർത്തിയ പൗരത്വ ഭേദഗതി, കാർഷിക പരിഷ്കരണ ബില്ലുകൾ ഒപ്പിട്ട് അതേപടി പാസാക്കുകയായിരുന്നു. കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ദിനം നടത്തിയ പ്രസ്താവനയും ഇതാണ് ചൂണ്ടിക്കാണിക്കുന്നത്. ഇനി വരുന്ന പ്രസിഡന്റിൽ നിന്നും അതുതന്നെ ആയിരിക്കും ഭരണ നേതൃത്വം പ്രതീക്ഷിക്കുന്നത്.
ഈ വിഷയത്തിന് മറ്റൊരു തലം കൂടി ഉണ്ട്, അവകാശ നിഷേധത്തിന്റെയും ദളിത് പീഡനത്തിന്റെയും തലം. വി പി സിങ് 1980ൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ച് പിന്നാക്ക വിഭാഗങ്ങൾക്ക് ഉയർന്ന സംവരണം നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ ബാബരി മസ്ജിദ് രാമജന്മ ഭൂമി വിഷയം കലുഷിതമാക്കി ഭരണം അട്ടിമറിച്ച ചരിത്രമാണ് ബിജെപിക്കുള്ളത്. സമാന ശൈലി തന്നെയാണ് മുൻപ് പരാമർശിച്ച സ്കോളർഷിപ്പ് വിഷയത്തിലും നാം കാണുന്നത്. അക്കാലത്തെയും ഇക്കാലത്തെയും സമീപനം ഒന്നു തന്നെ എന്ന് സാരം. നിയമപ്രകാരം വിവിധ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട 15.7, 5.27 ശതമാനം വീതമുള്ള സംവരണം 2018 മാർച്ചിൽ യുജിസി ഇറക്കിയ അധ്യാപക നിയമന വിജ്ഞാപനത്തിൽ 2.5 ശതമാനം മാത്രമാക്കി കുറവുവരുത്തിയതായി കാണുകയുണ്ടായി. പശു രാഷ്ട്രീയവും ബീഫ് നിരോധനവും ഇതിന്റെ മറ്റൊരു പതിപ്പാണ്. മാംസ‑തുകൽ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നതിൽ ബഹുഭൂരിപക്ഷവും ദളിതരും മുസ്ലിങ്ങളുമാണ്. ഈ സവർണ പ്രീണന രാഷ്ട്രീയമാണ് ബിജെപിയെ അധികാരത്തിലേറ്റിയത്. ദളിതർക്കെതിരെ ഈ രാജ്യത്ത് നടക്കുന്ന ഭൂരിപക്ഷം അക്രമങ്ങളും സംഘ്പരിവാർ നിർമ്മിതിയാണ് എന്നത് വ്യക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി “അമേരിക്കൻ ഇന്റർനാഷണൽ ജേർണൽ ഇൻ ഹ്യുമാനിറ്റീസ്, ആർട്സ് ആന്റ് സോഷ്യൽ സയൻസ്” നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിൽ ദളിതർ രണ്ടാംകിട പൗരന്മാരാണ്. അവകാശങ്ങൾ ആവശ്യപ്പെട്ടാൽ ഗൗരവതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും തുടങ്ങിയവയാണ് അവരുടെ കണ്ടെത്തലുകളിൽ ചിലത്. നരേന്ദ്രമോഡി അധികാരത്തിലെത്തിയ 2014ൽ മുൻ വർഷത്തെക്കാൾ ആദിവാസികൾക്കെതിരെയുള്ള മുപ്പതിനായിരത്തിലധികം അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിലധികവും ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഭീമാ കൊറേഗാവ്, ശരൽപുർ, റോഹിത് വെമുലയുടെ ആത്മഹത്യ ഇതെല്ലാം ഈ വകുപ്പിൽപ്പെടുത്താവുന്നവ തന്നെയാണ്. ഇതിനിയും തുടരും എന്ന അവസ്ഥയാണുള്ളത്. ദളിതനോ ആദിവാസിയോ ആര് രാജ്യത്തിന്റെ തലപ്പത്തായിരുന്നാലും അവരെ അവിടിരുത്തിക്കൊണ്ട് ഹിന്ദുത്വ അജണ്ടയുടെ കറുത്ത കരങ്ങൾ നിർത്താതെ പ്രവർത്തിച്ചുകൊണ്ടേ ഇരിക്കും. അപ്പോഴും അവിടെ നിന്നും സാത്വിക സന്ദേശങ്ങൾ പുറപ്പെട്ടുകൊണ്ടുമിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.