30 September 2024, Monday
KSFE Galaxy Chits Banner 2

ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി പതിനഞ്ചാം കോൺഗ്രസ്

Janayugom Webdesk
സി ആദികേശവന്‍
July 28, 2022 5:30 am

ക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(എസ്എസിപി)യുടെ 15-ാം പാർട്ടി കോൺഗ്രസ് കഴി‍ഞ്ഞയാഴ്ച രാജ്യതലസ്ഥാനമായ ജോഹനസ് ബർഗിന്റെ കിഴക്കൻ നഗരമായ ബോക്സ്ബർഗിൽ നടന്നു. ദക്ഷിണാഫ്രിക്കയിലെ ഭരണ മുന്നണിയിൽ ഉൾപ്പെടുന്ന സഖ്യകക്ഷിയെന്ന നിലയിൽ പാർട്ടിയുടെ സംഘടനാ വിഷയങ്ങളും ജനകീയാടിത്തറ വിപുലീകരിക്കുന്നതിനുള്ള തന്ത്രങ്ങളും ചർച്ചചെയ്തു തീരുമാനിക്കുന്നതിനൊപ്പം തന്നെ, ഭരണത്തെയും ഭാവി നയസമീപനങ്ങളെക്കുറിച്ചുമായിരുന്നു പ്രധാന പരിഗണനാ വിഷയങ്ങൾ. ഭരണ മുന്നണിയിലെ മറ്റൊരു സഖ്യകക്ഷിയായ സെൻട്രൽ യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്കൻ വർക്കേഴ്സ് (സിഒഎസ്എടിയു) പ്രസിഡന്റ് സിംഗ്വിസ്വ ലോസിയാണ് പാര്‍ട്ടി കോൺഗ്രസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ത്രികക്ഷി സഖ്യസർക്കാരിനെ നയിക്കുന്ന ആഫ്രിക്കൻ നാഷണൽ കോൺഫറൻസി(എഎൻസി)ന്റെ ചില തെറ്റായ പ്രവണതകളെ വിമർശിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച അഭിപ്രായങ്ങൾ തുറന്നു പറഞ്ഞുമായിരുന്നു ലോസിയുടെ പ്രസംഗം. സഖ്യത്തിലെ പങ്കാളികൾ, രാജ്യത്തെ പാവങ്ങളെ കവർച്ച ചെയ്യുന്ന ചൂഷകരെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്ന് വിമർശിച്ച ലോസി, എഎൻസിയെ ശുദ്ധീകരിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എഎൻസിയെ വിഭാഗീയതയുടെ ഭൂതം പിടികൂടിയിരിക്കുകയാണെന്നും അഴിമതി വ്യാപകമാണെന്നും ലോസി കുറ്റപ്പെടുത്തി.
ദക്ഷിണാഫ്രിക്കൻ നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ സെക്രട്ടറി ജനറലുമായ മോസസ് കോട്ടാനെയും കോൺഗ്രസിൽ സംസാരിച്ചു. ആഗോളതലത്തിൽ മുൻ വെനസ്വേലൻ പ്രസിഡന്റ് ഷാവേസിൽ നിന്നുൾപ്പെടെ പ്രശംസ നേടിയ നേതാവായിരുന്നു മോസസ് കോട്ടാനെ. ആഫ്രിക്കയുടെ സാഹചര്യങ്ങൾക്കനുസൃതമായി മാർക്സിസത്തെ പരിഷ്കരിക്കേണ്ടതുണ്ടെന്ന് കോട്ടാനെ കോൺഗ്രസ് പ്രതിനിധികളോട് പറഞ്ഞു. തൊഴിലാളി വർഗ പോരാട്ടങ്ങളിൽ നിന്നും യൂറോപ്പിലെ പാരീസ് കമ്മ്യൂണിൽ നിന്നും സത്ത ഉൾക്കൊണ്ടും ആഫ്രിക്കൻ പൂർവികർ തുടക്കം കുറിച്ച പ്രക്ഷോഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയും വേണം അതു സാധ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇതുകൂടി വായിക്കൂ: ക്യൂബയ്ക്കെതിരായ ഉപരോധത്തിന്റെ 60 വര്‍ഷങ്ങള്‍


വെനസ്വേല, ക്യൂബ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കമ്മ്യൂണിസ്റ്റ് — വർക്കേഴ്സ് പാർട്ടികളുടെ പ്രതിനിധികൾ എസ്എസിപി കോൺഗ്രസിൽ സൗഹാർദ പ്രതിനിധികളായെത്തിയിരുന്നു. വെനസ്വേലൻ പ്രതിനിധി സംഘം നേതാവ് ജീസസ് ഫറിയ പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്തു. നിലവിലുള്ള സെക്രട്ടറി ജനറലും സഖ്യ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായ ബ്ലേഡ് സിമാൻഡെ തന്റെ പ്രസംഗത്തിൽ പാർട്ടി സംഘടനാ സംവിധാനത്തെയും ഭരണ നടപടികളെയും കുറിച്ചാണ് വിശദമാക്കുവാൻ ശ്രമിച്ചത്. രാജ്യത്തെ തൊഴിലാളികളുടെയും പാർശ്വവല്കൃത ജനവിഭാഗങ്ങളുടെയും ഉന്നതിക്ക് സഹായകമാകുന്ന സാമൂഹിക — സഹകരണ സാമ്പത്തിക നയങ്ങൾക്കു പകരം നവ ഉദാരവല്കൃത സാമ്പത്തിക നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ലാഭത്തെയും വിപണിയെയും അടിസ്ഥാനമാക്കിയും മൂലധന ശക്തികളുടെയും കുത്തകളുടെയും നിയന്ത്രണത്തിലുള്ളതുമായ നവ ഉദാരീകരണ സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതേണ്ടതുണ്ടെന്നും അത്തരം നയങ്ങളിൽനിന്നു ഭിന്നമായ ദേശീയ സാമ്പത്തിക നയത്തിനുവേണ്ടി പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഹരിക്കമ്പോളത്തിലെ ചൂതാട്ടം, അസമത്വം, അഴിമതി, സാമ്പത്തിക പ്രഭുക്കന്മാർ എന്നിവ നിയന്ത്രിക്കുന്ന രാജ്യത്തെ സമ്പദ്ഘടന ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട്. സമ്പദ്ഘടന നിയന്ത്രിക്കുന്ന പ്രഭുവർഗമാണ് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ നിയന്ത്രിക്കുന്നതെന്നും പാർട്ടി സെക്രട്ടറി ജനറൽ കുറ്റപ്പെടുത്തി. സൗത്ത് ആഫ്രിക്കൻ പ്രസിഡന്റും എഎൻസി അധ്യക്ഷനുമായ സിറിൽ റാമഫോസ എസ്‍എസിപി പാർട്ടി കോൺഗ്രസിനെ അഭിസംബോധന ചെയ്തു.
ലാഭേച്ഛയ്ക്കപ്പുറം ജനങ്ങൾക്കും സ്വകാര്യ ചൂഷണത്തിനെതിരെ പരിസ്ഥിതിക്കും വേണ്ടി വർധിച്ചുകൊണ്ടിരിക്കുന്ന അസമത്വത്തിനും സാമ്രാജ്യത്വ സൈനികവല്ക്കരണത്തിനുമെതിരെ ആഗോള തലത്തിലുള്ള ഐക്യദാർഢ്യത്തിനായും നിലകൊള്ളുകയാണ് പുരോഗമന ജനാധിപത്യ ശക്തികളുടെ കടമയെന്ന് പാർട്ടി കോൺഗ്രസ് വിലയിരുത്തി.


ഇതുകൂടി വായിക്കൂ: ചരിത്രം കുറിച്ച ഒറ്റയാള്‍ പോരാട്ടം


ലോകത്ത് ജനാധിപത്യത്തിനും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിലനില്പിനും പുരോഗതിക്കും വേണ്ടി പോരാടുന്ന ജനങ്ങൾക്ക് പാർട്ടി കോൺഗ്രസ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വെനസ്വേല, ക്യൂബ പോലുള്ള രാജ്യങ്ങൾക്കെതിരെ പടിഞ്ഞാറൻ ശക്തികളുടെ നേതൃത്വത്തിൽ നടക്കുന്ന സാമ്രാജ്യത്ത കടന്നാക്രമണങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് പാർട്ടി കോൺഗ്രസ് ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരമാധികാരത്തെയും രാഷ്ട്രീയ സ്വയംനിർണയാവകാശങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ വിഭവങ്ങൾ കൊള്ളയടിക്കുവാനാണ് സാമ്രാജാത്യ — മൂലധന ശക്തികൾ ശ്രമിക്കുന്നത്. 2018ലും 2020ലും നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ്, 2021ലെ പ്രാദേശിക തെരഞ്ഞെടുപ്പു വിജയങ്ങൾ വെനസ്വേലയിലെ ജനങ്ങൾ അവിടെയുള്ള ഭരണാധികാരികൾക്കു നല്കിയ അംഗീകാരമായിരുന്നുവെങ്കിലും അത് സമ്മതിക്കാതെ യുഎസ് ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ശക്തികൾ ആ രാജ്യത്തെ ദ്രോഹിച്ചുകൊണ്ടേയിക്കുകയാണ്. ക്യൂബയോടും സമാന സമീപനമാണ് സ്വീകരിക്കുന്നത്. യുഎസിന്റെ എല്ലാ വെല്ലുവിളികളെയും കുത്തിത്തിരിപ്പുകളെയും അതിജീവിച്ച് സോഷ്യലിസ്റ്റ് പക്ഷത്തേക്ക് കൂടുതലായി കടന്നുവരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളെ സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി അഭിവാദ്യം ചെയ്തു.

africa

രാജ്യത്തെ ഭരണകക്ഷിയെന്ന നിലയിൽ സമ്പദ്ഘടനയുടെയും സാമൂഹ്യ പുരോഗതിയുടെയും സാഹചര്യങ്ങൾ പാർട്ടി കോൺഗ്രസ് സമഗ്രമായി വിലയിരുത്തുകയുണ്ടായി. ലോകത്തിനാകെ പ്രത്യേകിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിന് വെളിച്ചം നല്കുന്നതിൽ ദക്ഷിണാഫ്രിക്കൻ ഭൂ-രാഷ്ട്ര തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഭൂതന്ത്ര — സാമ്പത്തിക സഖ്യമായ ബ്രിക്സിൽ അംഗരാജ്യം കൂടിയാണ് ദക്ഷിണാഫ്രിക്ക. എങ്കിലും ഇന്ധനങ്ങളുടെയും അവശ്യ ഭക്ഷ്യ വസ്തുക്കളുടെയും വിലവർധനയെ തുടർന്ന് രാജ്യത്തിന്റെ സമ്പദ്ഘടന ദീർഘകാല സ്തംഭനാവസ്ഥ നേരിടുകയാണ്. ആഫ്രിക്കയിലെ ജനസംഖ്യയിൽ പകുതിയോളവും തൊഴിൽരഹിതരാണ്. 14 ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡ് വാക്സിനേഷൻ നിരക്ക് പത്തു ശതമാനത്തിൽ താഴെയാണ്. ഇത്തരത്തിൽ വലിയ വെല്ലുവിളി രാജ്യവും ഭൂഖണ്ഡ‍വും നേരിടുന്നുണ്ട്.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഭാവിയിലേക്കുള്ള വഴികൾ


അതുകൊണ്ടുതന്നെ ഭരണ പങ്കാളിയായിരിക്കുമ്പോഴും രാജ്യത്തിന്റെയും ഭൂഖണ്ഡത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസ് ഗൗരവത്തോടെ ചർച്ച ചെയ്തു. ഭരണമുന്നണിക്കകത്തും പുറത്തും പ്രശ്നപരിഹാരത്തിനായുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിന് കൂടുതൽ പ്രബലമായ പാർട്ടി സംഘടന കെട്ടിപ്പടുക്കണമെന്നും തീരുമാനിച്ചാണ് നാലുനാൾ നീണ്ട പാർട്ടി കോൺഗ്രസ് സമാപിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പോലും വർണ വിവേചനത്തിന്റെ ഇരുണ്ട കാലത്തെ നേരിടുകയും സ്വാതന്ത്ര്യപോരാട്ടം നടത്തുകയും ചെയ്യേണ്ടിവന്ന രാജ്യമായിരുന്നു സൗത്ത് ആഫ്രിക്ക. ആ നിലയിലും നിലവിൽ സഖ്യസർക്കാരിന്റെ ഭാഗമെന്ന നിലയിലും ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ലോകത്തിന് കൂടുതൽ പഠിക്കാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.