20 April 2025, Sunday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ കറന്‍സി 75 വര്‍ഷംകൊണ്ട് ഇടിഞ്ഞത് 75 രൂപയിലധികം

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2022 9:52 pm

സ്വാതന്ത്ര്യ ലബ്ധിയില്‍ ഡോളറിനെതിരെ നാല് എന്ന മൂല്യമുണ്ടായിരുന്ന ഇന്ത്യന്‍ കറന്‍സി 75 വര്‍ഷത്തിനിപ്പുറം ഇടിഞ്ഞത് 75 രൂപയിലധികം. 1947 ല്‍ 13 രൂപയ്ക്ക് ഒരു പൗണ്ടോ അല്ലെങ്കില്‍ നാല് യുഎസ് ഡോളറോ വാങ്ങാമായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 80 രൂപയായി. 3100 കോടി ഡോളറായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന വ്യാപാരക്കമ്മിയാണ് രൂപയുടെ മൂല്യശോഷണത്തിന് പ്രധാന കാരണമായത്. എണ്ണ ഇറക്കുമതിയാണ് ഇതില്‍ ഏറിയ ഭാഗവും. സ്വാതന്ത്ര്യ ലബ്ധി മുതല്‍ 20 തവണ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. യുഎസ് ഡോളര്‍ ആഗോള കറന്‍സിയായി ഏറ്റെടുക്കുന്നതിനു മുമ്പ് 1966 വരെ ബ്രിട്ടീഷ് പൗണ്ടിലാണ് രൂപയുടെ മൂല്യം കണക്കാക്കിയിരുന്നത്. 60കളുടെ മധ്യത്തില്‍ വലിയ രീതിയിലുള്ള സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യ നേരിട്ടു. ചൈനയുമായും പാകിസ്ഥാനുമായും ഇന്ത്യ നടത്തിയ യുദ്ധങ്ങൾ കമ്മി വര്‍ധിപ്പിച്ചു.

പണപ്പെരുപ്പവും രൂക്ഷമായി. 1966 ജൂണ്‍ ആറിന് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്ത് രൂപയുടെ മൂല്യം ഡോളറിനെതിരെ 4.76ല്‍ നിന്നും 7.50ലേക്ക് പതിച്ചു. 1991 ജൂലൈ മാസം ഒന്നിന് പ്രധാന കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം ഒമ്പത് ശതമാനം ഇടിഞ്ഞു. അടുത്ത രണ്ട് ദിവസങ്ങള്‍ക്കകം ഇത് 11 ശതമാനമാവുകയും ചെയ്തു. 21.14ല്‍ നിന്ന് 23.04 ആയാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ജൂലൈ മൂന്നിനിത് 25.95 ആയി. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 18.5 ശതമാനം ഇടിഞ്ഞു. തുടര്‍ന്ന് തുടര്‍ച്ചയായി രൂപ താഴേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ മോഡി ഭരണത്തില്‍ രൂപയുടെ മൂല്യത്തില്‍ 16.08 രൂപ (25.39 ശതമാനം) യുടെ ഇടിവാണുണ്ടായത്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം 2014ല്‍ ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 63.33 ആയിരുന്നു.

Eng­lish Sum­ma­ry: In 75 years, the Indi­an cur­ren­cy has depre­ci­at­ed by more than 75 rupees

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.