ഗുജറാത്തില്‍ ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായി മാറുന്നു. കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമെന്ന നിലയില്‍ നിന്നും പിന്നോട്ട് പോകുകയാണ്. ആ സ്ഥാനത്തേക്ക് ആംആദ്മി പാര്‍ട്ടി കടന്നു വന്നതോടെ ബിജെപികൂടുതല്‍ ആശങ്കയിലാണ്. ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിക്ക് ബദല്‍ സംവിധാനം ആഗ്രഹിച്ചിരുന്നു.
ഭരണമാറ്റം ജനങ്ങള്‍ക്ക് ആവശ്യമായി വന്നിരിക്കുന്നു. ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ കാണുന്നുമില്ല. കോണ്‍ഗ്രസിനു വേണ്ടി വിജയിക്കുന്നവര്‍ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപി അധികാരവും, സമ്പത്തുംകാട്ടി കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധികളെ വിലക്കെടുക്കുകയാണ്. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1995 മുതൽ ഭരണം കൈയ്യാളുന്ന ബിജെപി ഇക്കുറി തങ്ങളുടെ സീറ്റ് നില ഉയർത്താനുള്ള തീവ്ര ശ്രമത്തിലാണ്.എന്നാല്‍ ആംഅദ്മിയുടെ സ്വാധീനം ബിജെപിയെ തെല്ലൊന്നുമല്ല കുഴയ്കക്കുന്നത്. രാജ്യത്ത് ബിജെപിക്കും, കോണ്‍ഗ്രസിനും ബദല്‍ സംവിധാനം ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. 2019 ൽ 99 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്.
ഇത്തവണ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടാനാണ് പാർട്ടിയുടെ ശ്രമം.എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തകിടം മറിയുന്ന രാഷട്രീയ സാഹചര്യമാണ് ഇവിടെയുള്ളത്. ബി ജെ പിയും കോൺഗ്രസും പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനമായിരുന്നു ഗുജറാത്ത്. എന്നാല്‍ പക്ഷേ ഇത്തവണ ആം ആദ്മിയും തിരഞ്ഞെടുപ്പ് പോരാട്ടത്തിനുണ്ട്. കനത്ത വെല്ലുവിളിയാണ് ആം ആദ്മി ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയാണ് ബി ജെ പി. ബിജെപി ആവനാഴിയിലെ അസ്ത്രമെല്ലാം എടുക്കാന്‍ ശ്രമിക്കുകയാണ്.
തീവ്രഹിന്ദുത്വ നിലപാടില്‍ ഉറച്ചുനിന്നു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ സജീവമായി നടക്കുകയാണ്. സ്ഥാനാർത്ഥിയാകാൻ യോഗ്യതയുള്ള നേതാക്കളുടെ പട്ടിക നൽകാൻ മുതിർന്ന നേതാക്കളോട് നിർദ്ദേശിച്ചിരിക്കുകയാണ് ബിജെപി. മാത്രമല്ല സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള നേതാക്കളോട് ഏറ്റവും അടുത്ത് നിൽക്കുന്ന നേതാക്കളുടെ മറ്റൊരു പട്ടികയും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് നിഷേധിക്കപ്പെട്ടാൽ കൂടുമാറ്റങ്ങൾക്കുള്ള സാധ്യത തടയുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് നേതാക്കൾ പറയുന്നു.ടിക്കറ്റ് നിഷേധിക്കപ്പെട്ടവർ പ്രതിപക്ഷ പാളയത്തിലേക്ക് ചേക്കേറുന്നത് പതിവ് സംഭവമാണ്. ഇക്കുറി ബിജെപിയിലുള്ള അസ്വാരസ്യങ്ങൾ മുതലെടുക്കാൻ അവസരം കാത്ത് നിൽക്കുകയാണ് ആം ആദ്മി.
സീറ്റ് നിഷേധിക്കപ്പെടുന്ന നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരു സാധ്യത ലിസ്റ്റും പാർട്ടി തയ്യാറാക്കുന്നത്’, ബിജെപി നേതാവ് പറഞ്ഞു. കൂടുമാറ്റം ഉണ്ടായാൽ അടുത്ത സ്ഥാനാർത്ഥിയെ കണ്ടെത്താൻ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഈ നിർദ്ദേശമെന്നും നേതാവ് പറയുന്നുയ2017‑ൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് നിരവധി പേർ സ്വതന്ത്രരായും മറ്റ് പാർട്ടി ടിക്കറ്റുകളിലും മത്സരിച്ചിരുന്നു. ഇക്കൂട്ടരെ ബിജെപി പിന്നീട് സസ്പെന്റ് ചെയ്തെങ്കിലും ചില മണ്ഡലങ്ങളിൽ ഈ നേതാക്കളുടെ സാന്നിധ്യം ബിജെപി സ്ഥാനാർത്ഥികളുടെ പരാജയത്തിന് കാരണമായിരുന്നു. ഇത്തവണ ആം ആദ്മി പാർട്ടിയുടെ വളർച്ചബിജെപിക്ക് വെല്ലുവിളി തീർക്കുന്നുണ്ട്.
ഇത് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ബി ജെ പിയുടെ പ്രവർത്തനങ്ങൾ. താഴെതട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായുള്ള ‘ഒരു ദിവസം ഒരു ജില്ല എന്ന’ പദ്ധതി പുരോഗമിക്കുകയാണ്. ജില്ലയിൽ 8–10 വോട്ടർമാരെ ലക്ഷ്യം വെച്ചുള്ള ബോധവത്കരണ പരിപാടികളാണ് ഇതിലൂടെ നടപ്പാക്കുന്നത്. ചെറു യോഗങ്ങൾ, കേന്ദ്ര സർക്കാരുകളുടെ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയുക, ആനുകൂല്യങ്ങളെ കുറിച്ച് ഇവരെ കൂടുതൽ ബോധവത്കരിക്കുക എന്നിവയാകും പ്രധാനമായും നടപ്പാക്കുകയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സിആർ പട്ടീൽ പറഞ്ഞു.അതേസമയം ആം ആദ്മി സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.
19 സ്ഥാനാർത്ഥികളെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസും സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. അതിനിടെ സപ്റ്റംബര്‍ 23-ഓടെ പട്ടിക പൂര്‍ത്തിയാക്കി എ ഐ സി സിക്ക് സമർപ്പിക്കുമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് നഷ്ടമാകുന്നത് ബിജെപി സംബന്ധിച്ച് രാഷ്ട്രീയമായി ഇല്ലാതാകുന്നതിനു തുല്യമായിരിക്കുകയാണ്.
English Summary: Gujarat Assembly Elections; A test by fire for BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.