23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 2, 2023
November 18, 2023
November 9, 2023
October 28, 2023
October 22, 2023
October 12, 2023
October 11, 2023
October 8, 2023
October 7, 2023
May 16, 2023

വീണ്ടും ഏറ്റുമുട്ടല്‍; അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ 49 സൈനികര്‍ കൊല്ലപ്പെട്ടതായി അര്‍മേനിയ

Janayugom Webdesk
യെരേവന്‍
September 13, 2022 10:29 pm

കഴിഞ്ഞ ദിവസം രാത്രിയില്‍ അസര്‍ബൈജാനുമായുണ്ടായ ഏറ്റുമുട്ടലില്‍ അര്‍മേനിയയിലെ 49 സൈനികര്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി നികോള്‍ പഷിന്യന്‍. പാര്‍ലമെന്റിലാണ് നികോള്‍ ഇക്കാര്യം അറിയിച്ചത്. നഗോര്‍ണോ കാരാബാക് മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ജെര്‍മുക്, ഗോറിസ്, കപാന്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ ഷെല്ലാക്രമണമുണ്ടായതായി അര്‍മേനിയ പറയുന്നു. എന്നാല്‍ അര്‍മേനിയ തന്നെയാണ് ആക്രമണം നടത്തിയതെന്ന് അസര്‍ബൈജാന്‍ ആരോപിച്ചു.
നൂറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയതാണ് നഗോര്‍ണോ കാരാബാക് മേഖലയിലെ സംഘര്‍ഷം. ക്രിസ്ത്യന്‍ അര്‍മേനിയക്കാരും തുര്‍ക്കി അസറികളുമാണ് കരാബാകിലെ താമസക്കാര്‍. 19ാം നൂറ്റാണ്ടില്‍ ഇത് റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ബോള്‍ഷെവിക് വിപ്ലവത്തിലൂടെ സോവിയറ്റ് യൂണിയനില്‍ പുതിയ മേധാവികള്‍ വന്നപ്പോള്‍ അവര്‍ നഗോര്‍ണോ കാരാബാക് സ്വയംഭരണാധികാര പ്രദേശമാക്കി.
നഗോര്‍ണോ കാരാബാക് മേഖല അസര്‍ബൈജാന്റെ ഭൂമിയാണ്. ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും അര്‍മേനിയക്കാരാണ്. അര്‍മേനിയയുടെ പിന്തുണ അവര്‍ക്കുണ്ട്. സോവിയറ്റ് ശക്തി കുറഞ്ഞതോടെ അര്‍മേനിയക്കാരും തുര്‍ക്കി അസറി വംശജരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രാദേശിക ഹിതപരിശോധനയില്‍ ഇവിടത്തുകാര്‍ അര്‍മേനിയയുടെ ഭാഗമാകാന്‍ താല്പര്യമറിയിച്ചു. ഇതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
അര്‍മേനിയക്കാര്‍ക്കാണ് ഈ മേഖലയില്‍ നിയന്ത്രണം കിട്ടിയത്. കരാബാക്കിന് പുറത്തുള്ള അസര്‍ബൈജാന്റെ പ്രദേശവും അവര്‍ പിടിച്ചെടുത്തു. 1991 ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ കാരാബാക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാല്‍, അര്‍മേനിയയുടെ സൈനികസഹായത്തോടെ പിന്നെയും യുദ്ധം നടന്നു. തുടര്‍ന്നാണ് റഷ്യയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ ഇടയ്ക്കിടെ ഇരു കൂട്ടരും ലംഘിക്കാറുണ്ട്. ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നിവരുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. പക്ഷേ ജിയോപൊളിറ്റിക്കല്‍ താല്പര്യങ്ങളും മറ്റനേകം ഘടകങ്ങളും സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നു. അസര്‍ബൈജാന് തുര്‍ക്കിയുടെയും അര്‍മേനിയയ്ക്ക് റഷ്യയുടെയും പിന്തുണയുണ്ട്. പക്ഷേ റഷ്യയുടെ നിലപാടിന് പല തലങ്ങളുണ്ട്. അര്‍മേനിയയില്‍ റഷ്യയുടെ സൈനികത്താവളമുണ്ട്. എന്നാല്‍, അത് നഗോര്‍ണോ കാരാബാക് മേഖലയ്ക്ക് ബാധകമല്ല. കാരണം, റഷ്യ ആ മേഖല അസര്‍ബൈജാന് വിട്ടുകൊടുത്തതാണ്. റഷ്യ രണ്ടുരാജ്യങ്ങള്‍ക്കും ആയുധം വില്‍ക്കാറുണ്ട്. സമാധാനചര്‍ച്ചകള്‍ നടക്കുന്നതും റഷ്യയുടെ മധ്യസ്ഥതയിലാണ്. 

Eng­lish Sum­ma­ry: Re-encounter; Arme­nia says 49 sol­diers killed on Azer­bai­jan border

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.