23 December 2024, Monday
KSFE Galaxy Chits Banner 2

കളങ്കിതമായ ബസവശ്രീ പുരസ്കാരം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
September 15, 2022 5:15 am

ന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒരു ബഹുമതിയാണ് കർണാടകയിൽ നിന്നുള്ള ബസവശ്രീ പുരസ്കാരം. മേധാപട്ക്കർ, വന്ദനശിവ, ദലായ് ലാമ, സ്വാമി അഗ്നിവേശ്, ഗദ്ദർ, ശബ്ന ആശ്മി തുടങ്ങിയവരാണ് ഈ പുരസ്കാരത്താൽ ബഹുമാനിതരായിട്ടുള്ളത്. ഹിന്ദു വർഗീയവാദികളുടെ വെടിയേറ്റു മരിച്ച ഡോ. എം എം കൽബുർഗിക്ക് മരണാനന്തരം ഈ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. മലയാളിയായ പി ടി ഉഷയ്ക്കും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക.
പ്രമുഖ പത്രപ്രവർത്തകനായ പി സായ്‌നാഥിന് രണ്ടായിരത്തി പതിനേഴിൽ ഈ പുരസ്കാരം ലഭിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ ഈ പുരസ്കാരം, സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപയടക്കം തിരികെ കൊടുക്കുകയാണ്. അവാർഡ് നല്കിയ ചിത്രദുർഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ബാലികാ പീഡനത്തിന് ജയിലിലായതിനെ തുടർന്നാണ് ഈ തീരുമാനം ഉണ്ടായത്. പുരസ്കാരം ബസവേശ്വരന്റെ പേരിലാണ്. കന്നഡിഗരെ മനുഷ്യരാക്കിയ മഹാനായിരുന്നു ബസവേശ്വരൻ. ഭാരതീയകവിതയ്ക്ക് ബസവേശ്വരനോട് പ്രത്യേകിച്ചൊരു കടപ്പാടുണ്ട്. അത് വചനകവിതയെന്ന മഹാസമുദ്രത്തിലെ ആദ്യതുള്ളി ആയതാണ്.


ഇതുകൂടി വായിക്കൂ: കവിത (എഴുത്ത്) രാഷ്ട്രീയ പ്രവർത്തനമാകുന്നു


 

നാരായണഗുരുവിനു സംഭവിച്ചതുപോലെയുള്ള അപചയം മരണാനന്തരം ബസവേശ്വരനും സംഭവിച്ചു. മരണാനന്തരം ആകയാൽ ഈ അപചയത്തിനവർ ബാധ്യസ്ഥരുമല്ല. ആത്മീയതയുടെ ഏതെങ്കിലും ചില്ലകളുമായി കൂട്ടിക്കെട്ടിയിട്ടുള്ള സാമൂഹ്യപരിഷ്കരണചിന്തകൾക്കാണ് ഈ ദുർഗതി സംഭവിക്കുന്നത്. തമിഴ് ജനതയെ ഉണർത്തിയെടുത്ത പെരിയോർ ഇ വി രാമസ്വാമിയുടെ ചിന്തകൾ ഇപ്പോഴും കലർപ്പില്ലാതെ തുടരുന്നുണ്ട്. അനുയായികൾ അധഃപ്പതിച്ചുപോയതിന്റെ ചരിത്രം ബുദ്ധനിൽ നിന്നാണ് ആരംഭിക്കുന്നത്. അഹിംസ പൂർണമായും ഉപേക്ഷിച്ച ബുദ്ധമതവിശ്വാസികൾ ലോകത്ത് നടത്തിയ ഹിംസകൾക്ക് കണക്കില്ല. രണ്ടാം ലോകയുദ്ധകാലത്തെ ജപ്പാനീസ് ഹിംസയും ചൈനയിലെ ടിയാനൻമെൻ ഹിംസയും കംബോഡിയ കൊലനിലവും തമിഴർക്കെതിരെ സിംഹളർ നടത്തിയ കൊടും ഹിംസയും റോഹിങ്ക്യൻ നിരപരാധികൾക്കെതിരെ മ്യാന്മർ ഭരണകൂടം നടത്തിയ ആട്ടിപ്പുറത്താക്കലും ഒന്നും ചരിത്രം മറന്നിട്ടില്ല.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ബസവണ്ണ ആരംഭിച്ച സാമൂഹ്യപരിഷ്കരണം കർണാടകമാമൂലുകളെ പിടിച്ചുലച്ചു. നൂറ്റാണ്ടുകൾ കടന്നുപോയപ്പോൾ നമ്മൾ കാണുന്നത്, ഹിന്ദുമത തീവ്രവാദം പിടിമുറുക്കുന്ന കർണാടകമാണ്. ബസവണ്ണയുടെ അനുയായികളായ ലിംഗായത്തുകൾ പ്രത്യേക മതപദവിയും ആവശ്യപ്പെടുന്നുണ്ട്. എങ്കിലും എത്രയോ ഭേദമെന്ന് ആശ്വസിക്കാവുന്നതേയുള്ളൂ. കർണാടകത്തിൽ ഹൃദയപക്ഷ, ദളിത് മുന്നേറ്റങ്ങൾക്ക് ഇനിയും സാധ്യത അവശേഷിക്കുന്നുണ്ടെങ്കിൽ അതിൽ ബസവേശ്വര ചിന്തകള്‍ക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്.


ഇതുകൂടി വായിക്കൂ:  അടിയറവ് വയ്ക്കരുത്, മലയാളത്തെ


ലിംഗായത്തുകളുടെ കാണപ്പെട്ട ദൈവമാണ് ശിവമൂർത്തി മുറുഗ ശരണറു. ബസവേശ്വര സിദ്ധാന്തത്തിന്റെ ആധികാരികവക്താവ്. ആയിരങ്ങൾ ആരാധിക്കുന്ന പുരോഹിതപ്രമുഖൻ. ഈ ആൾദൈവമാണ് പൊലീസ് കസ്റ്റഡിയിലായത്. ദളിത് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് മഠാധിപതി ജയിലിലായത്. പോക്സോ നിയമപ്രകാരമുള്ള നടപടികളാണ് മഠാധിപതിക്കെതിരെ കൈക്കൊണ്ടിട്ടുള്ളത്. പ്രശസ്തമായ ഒരു പുരസ്കാരം അത് സമ്മാനിച്ച കൈകൾ കളങ്കമുള്ളതാണ് എന്നു തിരിച്ചറിയുമ്പോൾ ഉപേക്ഷിക്കുകയെന്ന മാർഗം മാത്രമേ നീതിമാന്മാരുടെ മുന്നിലുണ്ടാവുകയുള്ളൂ. അഴുക്കുള്ള കൈകൾ കൊണ്ട് തരുന്ന സമ്മാനവും അഴുക്കുപുരണ്ടതായിരിക്കും. ദേശീയ ബഹുമതി തിരിച്ചുകൊടുത്ത ശിവരാമകാരന്തിന്റെ പിൻതലമുറ ആശയദാർഢ്യത്തിൽ അഴുക്കു പുരട്ടിയിട്ടില്ലെന്നാണ് ഈ തിരസ്കാരത്തിലൂടെ നമ്മൾ തിരിച്ചറിയേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.