സ്വകാര്യ മേഖലയെ കൊഴുപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചില്ലറ വില്പനശാലകളെ തകർക്കാൻ കേന്ദ്ര നീക്കം. ആവശ്യത്തിന് ഇന്ധനം ലഭിക്കാതായതോടെ പൊതുമേഖലയുടെ പമ്പുകളിൽ വലിയൊരു ശതമാനം നാല് മാസത്തിലേറെയായി അടഞ്ഞു കിടക്കുകയാണ്.
പൊതുമേഖലയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ) തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകളിലാണ് പ്രതിസന്ധി. മൊത്തം പമ്പുകളിൽ 35 ശതമാനവും എച്ച്പിസിഎല്ലിന്റേതാണ്. അവിടങ്ങളിലാണ് പ്രതിസന്ധി കൂടുതൽ. അതേസമയം, സ്വകാര്യ എണ്ണക്കമ്പനികളായ റിലയൻസ്, എസ്സാർ, ബ്രിട്ടീഷ് പെട്രോളിയം തുടങ്ങിയവയുടെ പമ്പുകൾ സുഗമമായി പ്രവർത്തിക്കുന്നു. അവിടങ്ങളിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല.
ഭാരത് പെട്രോളിയത്തിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ റിഫൈനറിയാണ് പൊതുമേഖലയിലെ എച്ച്പിസിഎല്ലിന് ഇന്ധനം നൽകുന്നത്. മതിയായ കാരണമില്ലാതെ ഏതാനും നാളുകളായി റിഫൈനറി എച്ച്പിസിഎല്ലിനു നൽകിയിരുന്ന ഇന്ധനത്തിന്റെ അളവ് വെട്ടിക്കുറച്ചതാണ് അവരുടെ പമ്പുകളിലെ പ്രതിസന്ധിക്ക് കാരണം. പ്രതിദിനം 450 ലോഡ് ഇന്ധനം ആവശ്യമുള്ളിടത്ത് റിഫൈനറി 250 ലോഡു പോലും നൽകുന്നില്ല. ഐഒസിഎൽ പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കുകയാണെന്ന പരാതിയാണ് കമ്പനിയുടെ വില്പനശാലകൾക്കുള്ളത്. കൂടുതൽ പ്രീമിയം ഉല്പന്നങ്ങൾ വാങ്ങാൻ തയാറായാലേ പതിവുള്ള പെട്രോളും ഡീസലും തുടർന്ന് നൽകൂ എന്നാണ് ഐഒസിഎല്ലിന്റെ പിടിവാശി. ഇതുമൂലം, കൂടുതൽ വില നൽകി ആവശ്യമില്ലാതെ പ്രീമിയം ഉല്പന്നങ്ങൾ വാങ്ങേണ്ട ഗതികേടിലാണ് ഡീലർമാർ. എന്നാൽ, ഒരു വിധത്തിലുള്ള റേഷനിങ്ങും കമ്പനി നടത്തുന്നില്ലെന്നാണ് ഐഒസിഎല്ലിന്റെ വാദം. പ്രീമിയം പെട്രോൾ വാങ്ങാൻ നിർബന്ധിക്കുന്നതിനെക്കുറിച്ച് മിണ്ടുന്നുമില്ല.
ബിപിസിഎല്ലിന്റെ വകയായുമുണ്ട് ഡീലർമാരുടെ മുമ്പിൽ കടമ്പകൾ. ആവശ്യത്തിലധികം ലൂബ്രിക്കന്റുകൾ തങ്ങളുടെ മേൽ കെട്ടിയേൽപ്പിച്ച് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് കമ്പനി ചെയ്യുന്നതെന്നാണ് പരാതി. പൊതു ഒഴിവ് ദിവസങ്ങളിൽ സപ്ലൈ നൽകാതെ കമ്പനികൾ വില്പനശാലകളെ ബുദ്ധിമുട്ടിക്കുന്നതും പതിവ്. കമ്പനികളും ഔട്ട്‌ലെറ്റ് ഉടമകളും ഉരസലിലേക്ക് നീങ്ങാൻ ഇതും കാരണമാകുന്നു.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചില്ലറ വില്പനശാലകളിൽ ഇന്ധനം ലഭിക്കാത്ത സ്ഥിതിയുണ്ടാകുമ്പോൾ ആവശ്യക്കാർ സ്വകാര്യ കമ്പനികളുടെ പമ്പുകൾ തേടിപ്പോകും. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാനാണ് സ്വകാര്യ എണ്ണക്കമ്പനികൾ ആഗ്രഹിക്കുന്നതും, പൊതുമേഖലയുടെ ഔട്ട്‌ലെറ്റുകളിൽ ബോധപൂർവം ഇന്ധന ക്ഷാമമുണ്ടാക്കുന്നതും.
English Summary: Fuel shortage in public sector pumps
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.