കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, പീഡനം തുടങ്ങിയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന പദ്ധതി ആവിഷ്കരിച്ച് മൂന്ന് വര്‍ഷം കഴിയുമ്പോഴും ഒമ്പത് സംസ്ഥാനങ്ങളില്‍ ഇപ്പോഴും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. രണ്ട് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശവും ഇപ്പോഴും ഇതിനായുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ദ പ്രിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
തെലങ്കാന, ആന്ധ്രാപ്രദേശ്, ബിഹാര്‍, അസം, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഒഡിഷ, ഗോവ എന്നിവയാണ് അതിവേഗ പ്രത്യേക കോടതികള്‍ (എഫ്‌ടിഎസ്‌സി) സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍. പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവ അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര നിയമമന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നു.
കെട്ടിക്കിടക്കുന്ന ബലാത്സംഗം, പോക്സോ കേസുകള്‍ എന്നിവ ഉടന്‍ തീര്‍പ്പാക്കുന്നത് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എഫ്‌ടിഎസ്‌സികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി 60 ശതമാനം ഫണ്ട് കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. 40 ശതമാനം ചെലവ് വഹിക്കുന്നത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളാണ്. മലയോര സംസ്ഥാനങ്ങളായ സിക്കിം, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവയുടെ വിഹിതത്തിന്റെ അനുപാതം 90:10 ആണ്. പദ്ധതിക്കു കീഴില്‍ 123 അതിവേഗ പ്രത്യേക കോടതികളും 20 പ്രത്യേക കോടതികളുമാണ് ബംഗാളില്‍ സ്ഥാപിക്കേണ്ടത്. അരുണാചലിലെ കണക്ക് മൂന്നാണ്. 36 എണ്ണത്തിനു പകരം 34 എഫ്‌ടിഎസ്‌സികള്‍ മാത്രമാണ് തെലങ്കാനയിലുള്ളത്.
138ന്റെ സ്ഥാനത്ത് 33 എണ്ണം മാത്രമാണ് മഹാരാഷ്ട്രയിലുള്ളത്. കേരളത്തില്‍ 17 പോക്സോ കോടതികളാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വളരെ വലുതാണ്. 218 എഫ്‌ടിഎസ്‌സികളും 74 പ്രത്യേക പോക്സോ കോടതികളുമാണ് യുപിയിലുള്ളത്. എന്നാല്‍ മുക്കാല്‍ ലക്ഷത്തിലധികം കേസുകളും ഈ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. പൂര്‍ണമായും പ്രവർത്തിക്കുന്ന എഫ്‌ടിഎസ്‌സികളും പോക്സോ കോടതികളും മധ്യപ്രദേശിന് ഉണ്ടെങ്കിലും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 13,000 ത്തിലധികമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
English Summary: POCSO, fast track courts; states failure to implement this
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.