28 April 2024, Sunday

Related news

April 27, 2024
March 7, 2024
March 1, 2024
January 26, 2024
January 21, 2024
January 2, 2024
December 20, 2023
October 2, 2023
September 14, 2023
August 11, 2023

ഉപഭോക്താക്കളോട് വിവേചനം കാട്ടുന്നു; വാട്സ് ആപ്പിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 1, 2022 10:43 am

വിദേശത്തെയും ഇന്ത്യയിലേയും ഉപഭോക്താക്കളെ വാട്സ്ആപ്പ് തുല്യമായല്ല കാണുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജ്യത്തെ ഉപഭോക്താക്കളോട് വാട്സ്ആപ്പിന് വിവേചനം കാണിക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് റസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരുടെ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് വാട്സ്ആപ്പ് സ്വകാര്യതാ നയം കൊണ്ടുവന്നത്. ഇതനുസരിച്ച് മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കുമായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കിടാം. ശക്തമായ ഡാറ്റാ പരിരക്ഷണ സംവിധാനമില്ലാത്തതിനാല്‍ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം ഇന്ത്യയിൽ മാത്രമേ ബാധകമാകൂ. ഇന്ത്യയിലെ ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയര്‍ന്നതിനു പിന്നാലെ സ്വകാര്യതാ നയത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.

സര്‍ക്കാര്‍ സാഹചര്യം മനസിലാക്കുന്നുണ്ടെന്നും അത് പരിഹരിക്കാൻ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പറഞ്ഞു. നിയമം നിലവില്‍ വരുന്നതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യ അടക്കമുള്ള ഓരോ രാജ്യങ്ങളിലും വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം വ്യത്യസ്തമാണെന്ന് കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. 

ലോകത്തില്‍ ഏറ്റവും കൂടുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾ ഉള്ളത് ഇന്ത്യയിലായതിനാല്‍ വിഷയത്തിന്റെ ഗുണങ്ങള്‍ക്കും ദോഷങ്ങള്‍ക്കും ഇവിടെ കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് ബെഞ്ച് പറഞ്ഞു. എന്നാല്‍ ഉപഭോക്താക്കളുടെ എണ്ണമല്ല പ്രശ്നം, ഓരോ രാജ്യത്തെയും നിയമനിർമ്മാണ സഭ രൂപപ്പെടുത്തിയ നിയമത്തിലാണെന്നായിരുന്നു സിബലിന്റെ പ്രതികരണം. കേസില്‍ അടുത്ത ജനുവരി 17ന് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നറിയിച്ച കോടതി ഡിസംബര്‍ 15ന് മുമ്പ് വാദങ്ങള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.

Eng­lish Summary:discriminating against con­sumers; Cen­ter in Supreme Court against WhatsApp
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.